അടുത്ത നിമിഷം ആ ഉപകരണത്തിൽ നിന്നുമൊരു  പ്രകാശം ഞങ്ങൾ   നാലുപേരുടെയും മേൽ പതിച്ചു .

നീലയോട് വളരെയധികം സാമ്യമുള്ള ഒന്നായിരുന്നൂവത് മുകളിൽ നിന്നും താഴേക്ക് അതൊരു നാലഞ്ചാവർത്തി  സഞ്ചരിച്ചു  ബോഡി സ്കാനിങ്ങിനു സമാനമായൊരു പ്രോസെസ്സായാണ് എനിക്കത് തോന്നിയത് അതിലൂടെ ഞങ്ങളെ അവർ അനലൈസ് ചെയ്തെടുത്തതായിരിക്കണം.

ആ  സൈനീകൻ  ഉപകരണത്തിലെ ബട്ടണുകളിൽ വിരലുകൾ അമർത്തിക്കൊണ്ടിരുന്നു .

അടുത്ത നിമിഷം അതിൽ നിന്നും ചില വാക്കുകൾ പുറത്തേക്ക് വന്നു.

ദിക്കാ നാസ അക്കി.

അതിന്റെ മറുപടിയെന്നോണം ആ  സൈനീകൻ   ചോദിച്ചു .

 നാസ ക്കാ കാട്ടോമാ ?

അയാൾ ചോദിച്ചത് അതായിരുന്നുവെങ്കിലും അതിനു  മറുപടിയായി ആ ഉപകരണത്തിൽ നിന്നും   പുറത്തു വന്ന വാക്കുകൾ  കേട്ട്  ഞങ്ങൾ  ഞെട്ടിപ്പോയി .

ഞെട്ടിപ്പോയെന്നു  വെറുതെ പറഞ്ഞാൽ അത് ആ ഞെട്ടലിനെ നിസ്സാരവൽക്കരിക്കുന്നതിനു തുല്യമാകും , പക്ഷേ ആ ഞെട്ടലിനെ വലുതാക്കി കാണിക്കാവുന്നൊരു  ഭാഷ കൈവശമില്ലാത്തതു കൊണ്ട് , ഞെട്ടിപ്പോയി എന്നുള്ളത്  മാത്രമേ എനിക്കു കുറിക്കുവാനാകൂ  എങ്കിലും അതിന്റെ കാഠിന്യത്തെ വെളിവാക്കുന്നതിന് വലുതായി ഞെട്ടിപ്പോയെന്നോ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നോയൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം  എന്നിരുന്നാൽ കൂടി എത്രമാത്രം അതെല്ലാം  ആ  പ്രാധാന്യത്തെ ഉയർത്തിക്കാണിക്കുന്നുവെന്നുള്ളത് സംശയാസ്പദം തന്നെയാണ് .

നാസ,അത് എന്താണ് ? അതായിരുന്നു ആ വാക്കുകളുടെ സാരാംശം പക്ഷെ ആ ഭാഷയാണ് ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞത് കാരണം  ശുദ്ധ ഇംഗ്ലീഷ് ഭാഷയിലായിരുന്നുവത് 

ഓ ഗോഡ്  ഇംഗ്ലീഷോ ? നോ,  നെവർ എനിക്ക് തോന്നിയതാണ് 

അല്ല തോന്നിയതല്ല ഞാൻ കേട്ടതു  തന്നെ .

ഒരിക്കലുമല്ല ,എനിക്ക് തോന്നിയതു തന്നെ .
         
തീർച്ചയായുമല്ല എനിക്ക്   തോന്നിയതല്ല അതുറപ്പിക്കാൻ ഞാനെന്റെ സഹപ്രവർത്തകരെ  നോക്കി 

എന്നെക്കാളധികം ആശ്ചര്യം സൂചകങ്ങളാ മുഖങ്ങളിൽ ദൃശ്യമായിരുന്നത്  എന്റെ സംശയങ്ങളെ  സാധൂകരിക്കുന്നതിന് തുല്യമായിരുന്നു.

എന്നിട്ടുകൂടി സംശയമെന്നിൽ നിന്നും വിട്ടകലുന്നില്ല 

എന്റെ കാതുകളെയെനിക്ക് വിശ്വസിക്കാമെങ്കിൽ , 

എന്റെ ബുദ്ധിയെ എനിക്ക്  വിശ്വസിക്കാമെങ്കിൽ, 

എന്റെ ശാരീരിക അപചയ പ്രവർത്തനങ്ങൾ നേരായ തലത്തിലെന്ന് ഞാൻ വിശ്വസിക്കുന്നുവെങ്കിൽ  

ഞാൻ,  ഞാൻ തന്നെയെന്ന് എനിക്ക് വിശ്വസിക്കാമെങ്കിൽ 

ഇത് സത്യം തന്നെ 

ഞാനീ  കേട്ടത് ഇംഗ്ലീഷ് ഭാഷ  തന്നെയാണ്  .

എന്റെ ദൈവമേ അതെങ്ങനെ ? 

എന്റെ ബുദ്ധിയും,  എനിക്ക് ചുറ്റുമുള്ള സത്യങ്ങളും എന്നോട് പറയുന്നത്,  എനിക്കു കാണിച്ചു തരുന്നത്  ഞാനിപ്പോൾ ഒരു അന്യഗ്രഹത്തിലാണ് എന്നുള്ളതാണ്.

വിശ്വാസയോഗ്യമായി  ആ സത്യം മുന്നിൽ നിൽക്കുമ്പോഴും
അത് അടിവരയിട്ട് ഉറപ്പിക്കാൻ തന്നെ ഞാൻ വല്ലാതെ പാടുപെടുന്നു  ഭൂമിയിൽ നിന്നുകൊണ്ട് അന്യഗ്രഹത്തിലാണെന്ന് കരുതുവാൻ ആർക്കെങ്കിലും സാധിക്കുമോ  ? 

അങ്ങിനെയാരെങ്കിലും പറഞ്ഞാൽ തന്നെ അത് വിശ്വസിക്കാനൊക്കുമോ  ?,

ഇല്ല, പക്ഷേ എല്ലാ  അവിശ്വസനീയതകൾക്കും മേലെ ആ സത്യം തെളിഞ്ഞു നിൽക്കുമ്പോൾ മറ്റെന്താണ് ചെയ്യുവാനാകുക ?

എല്ലാം ശൂന്യമാകുന്നു

ഇത്രയൂം വലിയൊരു സാമ്യത്തെ ഒരു രീതിയിലും മനസ്സിന്  ഉൾക്കൊള്ളാനാകുന്നില്ല   

ആ ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ  എനിക്കു  ചുറ്റുമുള്ള ഘടകങ്ങൾ എന്നെ ആ തലത്തിലേക്കെത്തിച്ചു  എന്നുള്ളതായിരിക്കും കൂടുതൽ ശരി .

കണ്ടുകഴിഞ്ഞ സത്യങ്ങളെ ഒരുവിധത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴേക്കും  അതിനേക്കാളും വലിയ മറ്റൊരു സത്യം ഉയർന്നു വരുന്നു   .

ഇംഗ്ലീഷ് സംസാരിക്കുന്ന അന്യഗ്രഹം 

ഇംഗ്ലീഷെന്ന നമ്മുടെ ഭാഷയെ അന്യഗ്രഹ  ഭാഷയിലേക്ക് ഒറ്റ സെക്കന്റു കൊണ്ട് തർജ്ജമപ്പെടുത്തുന്നൊരു ഉപകരണം.

ഇവിടെ അത്യത്ഭുതമെന്ന കാഴ്ചപ്പാടിലൂടെ നോക്കിക്കാണുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമെന്നുള്ളത് ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെകിടക്കുന്ന ഒരു ഗ്രഹത്തിലെ ഭാഷയെ,  ജീവൻ നിലനിൽക്കുന്ന മറ്റൊരു ഗ്രഹമുണ്ടോ എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്തിടത്ത് അങ്ങിനെയൊന്നുണ്ടെന്ന് കണ്ടെത്തുകയും അവിടെ നമ്മുടെ ഭാഷയെ അവരിലേക്ക് തർജ്ജമ ചെയ്യപ്പെടുത്തുന്നത് കാണുകയും ചെയ്യുമ്പോൾ അതു തരുന്ന ഷോക്ക്, പല വിവരണങ്ങൾക്കും, വിശദീകരണങ്ങൾക്കും, വിശ്വാസങ്ങൾക്കും അപ്പുറത്തുള്ളൊരു തലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.  

എങ്ങിനെയാണത് സംഭവഭേദ്യമാകുന്നത്  ?

അതൊരു സംശയമായി എന്നോട് സ്വയം ചോദിക്കുവാൻ  പോലും എനിക്കിപ്പോളാകുന്നില്ല.

ചില അത്ഭുതങ്ങളിലൂടെ കടന്നുപോകുമ്പോൾ,  അത് അത്ഭുതം തന്നെയെന്ന വികാരമാണ് പകർന്നു തരുന്നതെങ്കിലും , ആ അത്ഭുതത്തെ പോലും അവിശ്വസനീയമാക്കുന്ന മഹാത്ഭുതം  എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു  മാനസീകവ്യാപാരത്തിലൂടെ കടന്നുപോവുകയാണ്  ഞങ്ങളിപ്പോൾ .

ഏതോ ഫിക്ഷൻ ലോകത്തിലെ കഥാപാത്രങ്ങളായി ഞങ്ങളെല്ലാം പരിണാമം ചെയ്യപ്പെട്ടിരിക്കുന്നതുപോലെ.

ആ അവിശ്വസനീയതയുടെ  ഏറ്റവും ഉന്നത മുഹൂർത്തത്തിലാണ്  ഞങ്ങളിപ്പോൾ നിലകൊള്ളുന്നത്  അതിന്റെ പ്രകമ്പനങ്ങളാണ് ഞങ്ങളുടെ കാതുകളിൽ  മുഴങ്ങിക്കൊണ്ടിരിക്കുന്നത്  .

മറ്റൊരു ഗ്രഹത്തിലെ ഭാഷ,  അതെങ്ങനെ ഇത്ര വ്യക്തതയോട് കൂടി കൈകാര്യം ചെയ്യുന്നു.

മറ്റൊരു ഗ്രഹത്തിലെ ഭാഷാ

ഞാനാ വാക്കിനെ വളരെ നിസ്സാരവൽക്കരിച്ചതുപോലെ എനിക്കു തോന്നുന്നു, അത് സത്യം തന്നെ ഞാനാ വാക്കിനെ വളരെയധികം  നിസ്സാരവൽക്കരിച്ചു തന്നെയാണ് പ്രയോഗിച്ചരിക്കുന്നത്  

അത്ഭുത കൊടുമുടിയുടെ ഈ ഉച്ചിയിൽ നിന്നുകൊണ്ട്  വേറെയെന്ത് വിശേഷണമാണ് ഇവിടെ നൽകേണ്ടതെന്നെനിക്കറിയില്ല.

ഈശ്വരാ എന്താണിത്  ? 

എങ്ങിനെയാണ് ഞാനെന്റെ  വികാരങ്ങളെ  വെളിവാക്കേണ്ടത് ? എങ്ങിനെയാണ് ഞാനതു  വിശദീകരിക്കേണ്ടത് ? എങ്ങിനെയാണ് ഞാനിത് ഉൾക്കൊള്ളേണ്ടത്? 

അത്ഭുത പരതന്ത്രനായിരിക്കുക,  അത്ഭുതത്തിന്റെ ഉച്ചകോടിയിൽ വിരാജിക്കുക എന്നുള്ള പഴഞ്ചൻ ചൊല്ലുകളെയെല്ലാം ഞാനിവിടെ വലിച്ചെറിയുകയാണ്  അല്ലെങ്കിൽ അതെല്ലാം ഉൾക്കാമ്പില്ലാത്ത  അർത്ഥരഹിതമായ  വാക്കുകൾ മാത്രമാണെന്ന് ഞാനിവിടെ തിരിച്ചറിയുന്നു .

എന്റെയുള്ളിലുള്ള വികാരങ്ങളെ അതേ ആഴത്തോടും , ആത്മാവോടും  മറ്റുള്ളവരിലേക്കും പകർന്നു നൽകുവാൻ കഴിയാവുന്ന ശക്തിയുള്ള  നെടുംതൂണുകളായ, അർത്ഥപൂരകങ്ങളായ  , നിർവ്വചനങ്ങളാണ്   ഈ വാക്കുകളുടെയും,വാചകങ്ങളുടേയും കാമ്പുകളിൽ ഞാൻ തേടുന്നത് . ഒരു വസ്തുവിനെ പൂർണ്ണതയിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി മാത്രം അതിനെ കണ്ടാൽ മതി .

എന്നാൽ വെറും ആശയവിനിമയമെന്ന  പ്രഹസനത്തെ സാധ്യമാക്കുക എന്നുള്ളതിൽ കവിഞ്ഞൊന്നും  ഈ വാക്കുകളുടെ ഉൾക്കാമ്പുകളിൽ  കാണുവാൻ കഴിയുന്നില്ലയെന്നുള്ളത് ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരം തേടുകയെന്ന പ്രഹസനത്തിന്റെ നിരർത്ഥക പര്യവസാനം മാത്രമായി മാറുന്നു .

ഉള്ളിൽ വികാരം നിറഞ്ഞു നിൽക്കുമ്പോൾ അതെങ്ങനെയാണ്  പ്രകടമായ രൂപത്തിൽ, അല്ലെങ്കിൽ  അതേ ഉൾക്കാമ്പോടുകൂടി മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിയുക ? 

ആചോദ്യത്തിനോ അല്ലെങ്കിൽ ചോദ്യരൂപത്തിലുള്ള സംശയത്തിനോ മുന്നിൽ ഞാൻ നിസ്സഹായനാകുന്നു 

ഇത്രയേ ഉള്ളോ നമ്മൾ കണ്ടെത്തിയ വാക്കുകൾക്കും അതുൾക്കൊള്ളുന്ന വാചകങ്ങൾക്കുമുള്ള മാസ്മരികത? അർത്ഥവ്യാപ്തി ? 

ശക്തമായ അടിത്തറയില്ലാതെ പണിതുയർത്തിയ ഉൾക്കാമ്പില്ലാത്ത പൊള്ളയായ വാക്കുകൾ 

അനുവാചകനിലേക്കും കേൾവിക്കാരിലെക്കും ചാട്ടുളി പോലെ തുളഞ്ഞു കയറുവാനുള്ള കെൽപ്പ് അവിക്കില്ലെന്നുള്ളതു തന്നെയാണതിനാധാരം  

ഇവിടെ പ്രയോഗിക്കപ്പെട്ട മാസ്മരികതയെന്ന വാക്കിന്റെ നിർവ്വചനം നമ്മുടെ  ബുദ്ധിയുടെ  അളവുകോലാൽ നിർവ്വചിക്കപ്പെടേണ്ടുന്ന ഒന്നാണോ? 

ഇനി ഇതൊന്നുമല്ല,  മാന്ത്രീകന്റെ കഴിവുകേടിന് മന്ത്രവടിയിൽ  കുറ്റം ചാരുകയെന്നുള്ള  സൈക്കളോജിക്കൽ മൂവാണോ എന്നിലൂടെ  ഇവിടെ തെളിയപ്പെടുന്നത്  ?

ആണോ   ?   

അറിയില്ല

ആയിരിക്കാം അല്ലെങ്കിൽ അല്ലായിരിക്കാം 

ചില സമയങ്ങളിൽ നമ്മുടെ അജ്ഞതയിൽ ക്ഷമ ചോദിച്ചു കൊണ്ട് സ്വയം  പിൻവാങ്ങുകയേ നിർവാഹമുള്ളൂ  അതിനെ മറ്റുള്ളവരുടെ തെറ്റുകളോ   കഴിവുകേടുകളോ ആയി വ്യാഖ്യാനിക്കേണ്ടതില്ല .

നമ്മൾ കണ്ടെത്തിയ ആയുധങ്ങളുടെ പോരായ്മ , നമ്മൾ ഉണ്ടാക്കിയെടുത്ത  വാക്കുകളുടെ മൂർച്ചക്കുറവ് 

അത്രമാത്രം  

കൈയ്യിലുള്ള കവടികൾ വെച്ചു കൊണ്ടു മാത്രമേ ഏതൊരു ജ്യോത്സ്യനും കളം  നിറക്കുവാനാകൂ  അതിലാരേയും കുറ്റപ്പെടുത്തുവാനാകില്ല . 

മുന്നിലുള്ള വാക്കുകളെ അവസരത്തിനൊത്ത് നിരത്തി വെച്ച്  ഒരു ആശയവിനിമയം  സാദ്ധ്യമാക്കുക എന്നുള്ളത് മാത്രമേ അതിനർത്ഥമുള്ളൂ എന്നിരുന്നാൽ കൂടി,  അതിലുപരിയായി  ഉള്ളിലുയരുന്ന വികാരങ്ങളെ അവയുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ  എങ്ങിനെ സ്വയം അനുഭവഭേദ്യമായോ അതേ  ഊർജ്ജത്തോടും പ്രാഭവത്തോടും ശക്തിയോടും മറ്റുള്ളവരിലേക്കും  പകർന്നു നൽകാൻ കഴിയുമ്പോഴാണ്   അതിനൊരു അർത്ഥവ്യാപ്തിയുണ്ടാകുന്നതും പൂർണ്ണത കൈവരുന്നതും അല്ലെങ്കിൽ സ്വയം നീതിപുലർത്തപ്പെടുന്നതും . 

അങ്ങനെവരുമ്പോൾ അവ അസ്ത്രം  പോലെ ലക്ഷ്യത്തിലേക്ക് തറച്ചു കയറുന്നു അത്തരത്തിലുള്ളൊരു ഊർജ്ജം പ്രതിഫലിപ്പിക്കുവാൻ കഴിയുന്നുവെങ്കിൽ അതാ വാക്കുകളുടെയോ അവ ചേർത്തുവെച്ച വാചകങ്ങളുടേയോ വിജയമാണെന്നുള്ളത് നിസ്സംശയം പറയാവുന്നതാണ് . 

തൊടുക്കാനറിയാത്തവന്റെ കൈയ്യിൽ ബ്രഹ്‌മാസ്‌ത്രം കിട്ടിയാൽ പോലും അതുകൊണ്ട് ഗുണമില്ലായെന്നുള്ളത് ഇതോടൊപ്പം എടുത്തുപറയേണ്ടുന്ന ഒന്നാണ്, എന്നുള്ളതാണ് സത്യം.

ഇവിടെ വാക്കുകൾ കൊണ്ട് മാസ്മരികത സൃഷ്ടിക്കാൻ കഴിയാത്ത  സൃഷ്ടാവിന്റെ മെയ്‌വഴക്ക ദാരിദ്ര്യമോ?  അതോ ബലഹീനമായ വാക്കുകളുടെ പൊള്ളയായ മൂല്യശോഷണത്തിന്റെ നേർക്കാഴ്ചയോ ആണ് വെളിവാക്കപ്പെടുന്നത്

അതെന്തെങ്കിലുമാകട്ടെ  അതിന്റെ ആഴങ്ങളിലേക്കൊന്നും  ഞാനിപ്പോൾ കടന്നുചെല്ലുന്നില്ല ഇതല്ല അതിനുള്ള സമയവും, സന്ദർഭവും

എങ്ങിനെയിതിവർ   അറിഞ്ഞുവെച്ചിരിക്കുന്നു എന്നുള്ളതാണ് ഏറെ അത്ഭുതം പകർന്നു തരുന്നത് .

അങ്ങിനെയെങ്കിൽ ? അങ്ങിനെയെങ്കിൽ ?

ഒരു പക്ഷേ  ഇംഗ്ലീഷായിരിക്കുമോ ഇവരുടേയും ഭാഷാ ?

എന്ത് വിഡ്ഢിത്തമാണ് ജോൺ താങ്കളീ ചിന്തിച്ചു കൂട്ടുന്നത് ? 

എന്നിൽ സ്വയം ഉയർന്ന ആ ചോദ്യത്തിന് ഉത്തരമില്ലാതെ അതിൽ നിന്നും രക്ഷപ്പെടാനെന്നവണ്ണം ഞാൻ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു

ഇനി അങ്ങനെത്തന്നെയാണോ ? 

അതെങ്ങനെ ?

യാദൃശ്ചികം?

അതെങ്ങനെ യാദൃശ്ചികമാകും ?

എന്തുകൊണ്ടായിക്കൂടാ ?

ഡോണ്ട് ബി എ ഫൂൾ 

ഇതിലെന്താണ് ഫൂളിഷ്നെസ് ?

നോ മാൻ , എങ്ങിനെ ഇത്ര ബാലിശമാകുവാൻ  കഴിയുന്നു ?

ബാലിശം? അങ്ങിനെയെങ്കിൽ എല്ലാം തന്നെ ബാലിശമല്ലേ ?

അറിഞ്ഞുകൂടാത്തത് അറിയുമ്പോഴാണോ  അത് ബാലിശമായി വിലയിരുത്തപ്പെടുന്നത്  ? അതോ നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാവുന്നതിലും അപ്പുറത്തുള്ള സത്യങ്ങളെ  തിരിച്ചറിയപ്പെടുമ്പോഴോ?

അതുമല്ലെങ്കിൽ  നമ്മുടെ കൺകോണുകളിലൂടെ നോക്കുമ്പോൾ അസംഭവ്യമെന്ന് നമ്മൾ തന്നെ വിലയിരുത്തുന്ന വസ്തുതകളെക്കുറിച്ചോ ?

ഇതെല്ലാം എന്റെതായ കാഴ്ചപ്പാടുകൾ മാത്രമാണ് മറ്റൊരു  കോണിലൂടെ നോക്കിക്കാണുമ്പോൾ  ഇതിനെല്ലാം തീർച്ചയായും മാറ്റങ്ങൾ വരാവുന്നതാണ്.

നമ്മൾ നേടിയെടുത്തീട്ടുള്ള പരിമിതമായ അറിവുകളുടെ വെളിച്ചത്തിൽകൂടി മാത്രമേ നിഗമനങ്ങളും സ്റ്റേറ്റ്മെന്റുകളും നമ്മുടേതായരീതിയിൽ  നടത്തുവാനാകുകയുള്ളൂ 

              ''ആചാര്യാത്പാദമാദത്തേ പാദം ശിഷ്യസ്വമേധയാ
                   പാദം സബ്രഹമ്യചാരിഭ്യ : പാദം കാലക്രിമേണ തു "

ഒരു വ്യക്തി,  ജീവിത കാലയളവിൽ നാലിലൊന്നറിവ്‌  ഗുരുവിൽ നിന്നും നാലിലൊന്ന് സ്വയമായും മറ്റ്  നാലിലൊന്ന് സഹപാഠികളിൽ നിന്നും അവസാന നാലിലൊന്ന് കാലക്രിമേണയും നേടുന്നു    -    

                                                                                                                         എന്ന് നീതിസാരം

ഓരോ  ജീവിത ഘട്ടങ്ങളും നമുക്ക് പകർന്നു തരുന്നത്  പുതിയ തരത്തിലുള്ള അറിവുകൾ തന്നെ എന്തിന്  അടുത്ത നിമിഷങ്ങൾ പോലും പുതിയ അറിവുകൾ തന്നെയാണ് നമുക്ക് പഠിപ്പിച്ചു തരുന്നത്  

 പക്ഷേ ഇതെല്ലാം  അറിവുകളുടെ ഗണത്തിൽ പെടുത്തപ്പെടേണ്ടവയാണോ ?

കാരണം ഓരോരുത്തർക്ക് തോന്നുന്നതെല്ലാം അവരവരുടെ  യുക്തിക്ക് ഇണങ്ങിയ വിധത്തിൽ പുറപ്പെടുവിക്കുന്ന പ്രസ്താവനകൾക്ക്  ആധികാരികത നൽകേണ്ടതുണ്ടോ ?

ഇത്തരം സംശയങ്ങളുടെ മറുപുറം എന്നുള്ളത് ആ പ്രസ്ഥാവനകളെല്ലാം രൂപം കൊണ്ടിട്ടുളളതും ഇത്തരം അറിവുകളിൽ നിന്നും തന്നെയാണെന്നുള്ളതാണ്  

അതുകൊണ്ട് തീർച്ചയായും ഇവക്കെല്ലാം ആധികാരികത  ഉണ്ടെന്നു തന്നെ പ്രതിപാദിക്കേണ്ടി വരും 

പുതിയതായി തിരിച്ചറിയപ്പെടുന്നതും , കാണപ്പെടുന്നതും അറിവെന്ന വ്യാഖ്യാനത്തിനു  കീഴിൽ വരുന്നത് തന്നെ കാരണം ഓരോ പുതിയ അനുഭവങ്ങളും പുതിയ പാഠങ്ങളാണ് നമുക്ക് പകർന്നുതരുന്നത്
 
ഇപ്പോൾ  എന്റെയുള്ളിലൊരു  ചേരിതിരിവ് നടക്കുകയാണ് 

അല്ലെങ്കിൽ  ചേരിതിരിവെന്നതിനെ വിളിക്കേണ്ടതില്ല.

സത്യവും, മിഥ്യയും തമ്മിലുള്ള വടംവലിയാണ്  

അതും ശരിയെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇവിടെ മിഥ്യയെന്നൊന്നില്ല  കാണുന്നതെല്ലാം സത്യം മാത്രം

ഒന്നുകൂടി വിശദീകരിക്കുകയാണെങ്കിൽ  പലപ്പോഴും നമുക്കുൾക്കൊള്ളാനാകാത്തത്  തിരിച്ചറിയപ്പെടുമ്പോൾ  അത് സത്യമാണെങ്കിൽ കൂടി , മിഥ്യയുടെ കൺകോണുകളിൽ കൂടി നാം നോക്കിക്കാണുന്നു എന്നുള്ളതാണ് അതിന്റെ ശരിയായ അർത്ഥം.

മിഥ്യയെന്നതിനേക്കാൾ അത്ഭുതം എന്ന് തിരുത്തുകയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു 

അതാണ് ശരി,  കാണുന്ന സത്യത്തെ, സത്യമായി  ഉൾക്കൊള്ളാനാകാതെ അത്ഭുതമായി നമ്മളതിനെ ഉള്ളിലേറ്റുന്നു എന്നുള്ളതാണ് 

സൈക്കോളജിക്കൽ തിയറി അത്രമാത്രം

ഞങ്ങൾ ഭൂമിയുടേതിനോട് സമാനമായൊരു ഗ്രഹത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്നുള്ളതാണ്  അതിലാദ്യത്തേത് .

മനുഷ്യരെപ്പോലെ തന്നെയുള്ള  മനുഷ്യർ ഇവിടെയുണ്ടെന്നുള്ളത് രണ്ടാമത്തേത് .

''മനുഷ്യരെപ്പോലെ തന്നെയുള്ള  മനുഷ്യർ''

എന്തൊരു നിരർത്ഥകമായ പദപ്രയോഗമാണിത്?

പക്ഷെ മറ്റു വഴിയില്ല , ചില സന്ദർഭങ്ങളെ  ലളിതമായി വ്യാഖാനിക്കുവാൻ  ഇത്തരം വാക്കുകളിലൂടെ കടന്നുപോകുമ്പോൾ അവിടെ പദപ്രയോഗങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾക്ക്  വലിയ പ്രസക്തിയില്ല എന്നുള്ളതാണ് സത്യം.

ഈ കാണുന്ന അത്ഭുതങ്ങളെല്ലാം യാഥാർഥ്യമാണെന്ന് തിരിച്ചറിയുമ്പോൾ   ഭാഷയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെ മാത്രം ബാലിശത്തിന്റെ മേമ്പൊടിയിലൂടെ നോക്കിക്കാണുന്നതിൽ അർത്ഥമില്ല  .

കേരളത്തിലെ എന്റെ കൊച്ചു വീട്ടിൽ അരക്കുന്ന മുളക് ചുട്ട  ചമ്മന്തി അങ്ങ്  ബേക്കിങ്ങ്ഹാം കൊട്ടാരത്തിൽ വെച്ചുകിട്ടിയാൽ പെട്ടെന്നെന്തു തോന്നും

അത്തരമൊരു ഫീലാണ് എന്നെയിപ്പോൾ മഥിക്കുന്നത് 

എങ്ങിനെയെന്നുള്ളതിനെക്കുറിച്ചോ, എന്തുകൊണ്ടെന്നുള്ളതിനെക്കുറിച്ചോ അല്ലെങ്കിൽ ഈ  കാണുന്ന അത്ഭുതങ്ങളെക്കുറിച്ചോ ഒന്നും തന്നെ  ഇപ്പോൾ തലപുകക്കേണ്ട കാര്യമില്ല .

കാണുന്നതെല്ലാം കാണുക , കേൾക്കുന്നതെല്ലാം കേൾക്കുക, ആ വഴികളിലൂടെ ഒരു തുറന്ന പുസ്തകം കണക്കെ സഞ്ചരിക്കുക അവസാനം  എല്ലാം മനസ്സിലായിത്തുടങ്ങുന്നൊരു  ഘട്ടത്തിൽ മനസ്സും,  ബുദ്ധിയും , ശരീരവും നേർരേഖയിൽ എത്തിച്ചേരുന്നൊരു  മുഹൂർത്തത്തിൽ  പതിയെ പതിയെ എല്ലാം ഉൾക്കൊള്ളുവാൻ  കഴിയുമെന്നു തന്നെ കരുതാം 

ഇപ്പോൾ വേണ്ടത്  അതുമായി സമരസപ്പെടുവാനുള്ള സമയമാണ് .

എങ്കിലും സംശയങ്ങൾ ഉള്ളിൽ നിന്നും എത്തി നോക്കിക്കൊണ്ടേയിരിക്കുന്നു

കാലചക്രങ്ങൾ തിരിയുന്നുണ്ടോ ഇല്ലയോ എന്നുള്ളത് സംശയത്തിന്റെ ഭാഗമല്ല കാരണം അതൊരു പ്രതിഭാസമാണ് , തിരിച്ചറിഞ്ഞ സത്യമാണ് , പ്രകൃതിയുടെ നൈസർഗ്ഗീഗമായ ചലനമാണ്.

എന്നാലിത് 

ഇവിടെ പുതിയതോരോന്ന്  തിരിച്ചറിയുമ്പോൾ, മനസ്സിലാക്കുമ്പോൾ , സത്യമോ സ്വപ്നമോ എന്ന മാനസീകാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ  പലതരത്തിലുള്ള സംശയങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി  ഉള്ളിൽ ചേക്കേറുമ്പോൾ,

അല്ലെങ്കിൽ സംശയങ്ങളെന്നുമൊന്നിതിനെ വിളിക്കേണ്ടതില്ല  ജിജ്ഞാസയെന്നതു  തിരുത്താം  

പുതിയതൊന്ന് കാണപ്പെടുമ്പോൾ  അതിന്റ ഉൾക്കാമ്പുകളിൽ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്നറിയുവാനുള്ളൊരു ത്വര, ജിജ്ഞാസയുടെ മേലെനിൽക്കുന്ന ഒന്ന് .

ഇതെല്ലാം മനുഷ്യ സഹജം തന്നെയെന്ന് തിരിച്ചറിയുന്നുവെങ്കിലും, ആ വഴികളിലൂടെയെല്ലാം കടന്നുപോകുമ്പോൾ ജിജ്ഞാസയേക്കാൾ  ഉപരി അത് വാതിൽ തുറക്കുന്നത് വലിയ തിരിച്ചറിവുകളിലേക്കാണ് .

അവിശ്വസനീയമായ ഒരു അത്ഭുതലോകത്തിലേക്ക് 

അവിശ്വസനീയമായത് എന്ന് എടുത്തു പറയുന്നതിനു കാരണം തന്നെ അത് അത്രയും വലിയൊരു അദ്ഭുതമെന്നുള്ളതുകൊണ്ട് തന്നെയാണ്  

ദാർശനീകമായ മുൻവിധികളെയെല്ലാം അഴിച്ചുവെച്ചു  കടന്നു ചെല്ലുമ്പോൾ കാണപ്പെടുന്ന വലിയൊരു തിരിച്ചറിവുണ്ട്  സത്യം സത്യം തന്നെയെന്നും സങ്കല്പങ്ങളെക്കാൾ വലിയ  യാഥാർഥ്യങ്ങളുണ്ടെന്നും

ഒരു ട്രാൻസ്‌ലേറ്റർ ഉപകരണമാകുമ്പോൾ  ആ ഭാഷയെക്കുറിച്ച് എല്ലാം തന്നെ  അതിൽ മുൻകൂട്ടി ഫീഡ്  ചെയ്തു വെക്കപ്പെടേണ്ടതല്ലേ  ? എന്റെ പരിമിതമായ അറിവിലൂടെയുള്ളൊരു  കാഴ്ചപ്പാടാണത്.

അങ്ങിനെ ഫീഡ് ചെയ്ത് വെക്കപ്പെടണമെങ്കിൽ അത്രയും ആഴത്തിലുള്ള അവഗാഹം ആ ഭാഷയെക്കുറിച്ച് അനിവാര്യമാണ് അതെങ്ങനെയിവർ  നേടിയെടുത്തിരിക്കുന്നു എന്നുള്ളതിന്റെ ഉത്തരം വെറുമൊരു ഊഹത്തിലൂടെ മാത്രം അടിവരയിടാനാകാവുന്നതല്ല .

എന്നാലിവിടെ  ആ ട്രാൻസ്‌ലേറ്ററിനോടൊപ്പം എന്നെ അത്ഭുതപ്പെടുത്തിയത്   കോടിക്കണക്കിന് കിലോമീറ്ററുകൾക്കകലെ സ്ഥിതിചെയ്യുന്ന  മനുഷ്യവാസമുള്ള ഭൂമിയെന്ന ഗ്രഹത്തെക്കുറിച്ച്  ഇവരെങ്ങനെ അറിഞ്ഞു വെച്ചിരിക്കുന്നു എന്നുള്ളതു കൂടിയാണ്   അതിലുപരി ആ ഗ്രഹത്തിൽ പ്രചാരത്തിലുള്ള   ഒരു ഭാഷക്കുള്ളിലേക്ക്, എങ്ങിനെ   ഇത്രയും ആഴത്തിൽ കടന്നു ചെന്നിരിക്കുന്നു?    അതിനെക്കുറിച്ച് എങ്ങിനെ  ഇത്രയും ആധികാരികമായി അറിഞ്ഞു വെച്ചിരിക്കുന്നു ?

ഒരു പക്ഷേ  ഭൂമിയെക്കുറിച്ച്  അറിഞ്ഞു വെച്ചിരിക്കാം എന്നു തന്നെ കരുതുക  പക്ഷേ  ഈ ഭാഷാ , അതെന്നെ  വല്ലാതെ മിസ് ലീഡ് ചെയ്യുന്നു  സിനിമകളിൽ കാണാം അല്ലെങ്കിൽ ഇമാജിൻ ചെയ്യാം പക്ഷേ  റിയലായി ഇത്തരം സത്യങ്ങളെ തിരിച്ചറിയുമ്പോൾ, നമ്മൾ ജീവിച്ചു വന്ന സാഹചര്യങ്ങളിലൂടെ ചുവടുപിടിച്ചുകൊണ്ട്  ഇതിനെ  അനലൈസ് ചെയ്തെടുക്കുമ്പോൾ  , അല്ലെങ്കിൽ നമ്മുടെ ശാസ്ത്ര കൺ കോണുകളിലൂടെ ഇതിനെ  നോക്കിക്കാണുമ്പോൾ തിരിച്ചറിയപ്പെടുന്ന ഈ സത്യങ്ങളെ  പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നതിനേക്കാൾ ഉപരി  അവിശ്വസിക്കുകയാണ് കൂടുതൽ എളുപ്പമെന്ന് തോന്നുന്നൊരു തലത്തിലേക്കാണ് അത് കൊണ്ടുചെന്നെത്തിക്കുന്നത്.

അതാണ് അത്തരം സത്യങ്ങളുടെ മാജിക്കൽ  ഇൻഫ്ലുവെൻസ്,  അത്തരം ഒരു തലത്തിലേക്ക് നമ്മുടെ വർത്തമാനകാലത്തിൽ നിന്നും എത്തിനോക്കുമ്പോൾ അത് ഉൾക്കൊള്ളാനുള്ള ക്യാപിബിലിറ്റി നമ്മുടെ ചിന്താധാരകൾക്ക് ഇല്ലാത്തതുകൊണ്ട് തന്നെയാണ്  ആ മാജിക്കൽ തലം  ഫീൽ ചെയ്യുന്നത് എന്നുള്ളത് നിസ്സംശയം തന്നെ പറയാവുന്നതാണ്  

നമ്മുടേതായ ശാസ്ത്ര വീക്ഷണങ്ങളിലൂടെ ഇതിനെ നോക്കിക്കാണുമ്പോൾ അതിന്റെ ചുവടു പിടിച്ചുകൊണ്ട്  പ്രാക്ടിക്കലായി ചിന്തിക്കുമ്പോൾ തീർത്തും  അസംഭാവ്യം എന്നുള്ളത് മാത്രമേ മുന്നിൽ തെളിയുന്നുള്ളൂ .

അത്ഭുതലോകത്തിൽ കാണുന്നതെല്ലാം അത്ഭുതങ്ങൾ തന്നെ , കാരണം ആ രീതിയിൽ നമ്മുടെ മനസ്സും ബുദ്ധിയും ചരിക്കുന്നു എന്നാൽ യാഥാർഥ്യത്തിലിരുന്നുകൊണ്ട് അത്ഭുതലോകത്തെ  നോക്കിക്കാണുമ്പോൾ നമ്മളെ ഉൾഭരിക്കുന്ന കാഴ്ചപ്പാടുകൾക്ക്  ഇതെല്ലാം  ഉൾക്കൊള്ളാനാകുന്നുമില്ലായെന്നുള്ളത്  നമ്മുടെ കഴിവുകേടിൻറെ ഭാഗമായി കാണേണ്ടതില്ല  എന്നുള്ളത് തന്നെയാണ് എന്റെ അഭിപ്രായം. 

നമ്മുടെ ശാസ്ത്രം , കണ്ടെത്തലുകൾ , അറിവുകൾ , രീതികൾ അതിലുപരി നമ്മുടെ ചിന്തകൾ, സ്വപ്നങ്ങൾ , ദീർഘ വീക്ഷണം ഏറ്റവും ഒടുവിലായി നമ്മുട മെച്യുരിറ്റി,   ഒന്നും ആ തലത്തിലേക്ക്   എത്തിച്ചേർന്നിട്ടില്ലെന്നുള്ളത് തന്നെയാണ്  ഇതിന്റെയെല്ലാം മൂലകാരണം

എന്നാലിപ്പോൾ അതേക്കുറിച്ചൊന്നും കൂടുതൽ തലപുകക്കേണ്ട കാര്യമില്ല .

അത്ഭുതങ്ങൾ കാണുന്നു, അറിയുന്നു  എന്നാൽ നമ്മുടെ മാനസീക തലത്തിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്തുള്ള അത്ഭുതങ്ങളെ  എന്ത് വിശേഷണം നൽകിയാണ് ഇവിടെ പ്രതിപാദിക്കേണ്ടത്  ?  

അത്കൊണ്ട് തന്നെയാണ് അവ  ഉൾക്കൊള്ളാനാകാത്തതും , വിശകലനം ചെയ്യപ്പെടാനാകാത്തതും. 

എന്റെയീ വിശദീകരണം വലിയൊരു ആശയക്കുഴപ്പം സൃഷിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ടു കൂടി തന്നെയാണ് എന്റെ ഈ പ്രതിപാദനവും

നമ്മുടെ സന്തതസഹചാരികളായിട്ടുള്ള വാക്കുകളെ അല്ലെങ്കിൽ  വാചകങ്ങളെ തീർത്തും അപരിചിതമായൊരു  തലത്തിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട്  അവതരിപ്പിക്കുന്നത് ചിലപ്പോൾ എന്റെതു മാത്രമായൊരു സവിശേഷതയോ അല്ലെങ്കിൽ വികലതയോ ആയി കണക്കാക്കിയാൽ മതി. 

എന്നിരുന്നാൽ കൂടി ഇവിടെ പ്രതിപാദിച്ചതിനെക്കുറിച്ച് ഒരു വിശദീകരണം നൽകുന്നത് നന്നായിരിക്കുമെന്ന് എനിക്കു തന്നെ ബോദ്ധ്യമുള്ളതിനാലും അതിനു കുറച്ചുകൂടി വിശാലമായൊരു ഉൾക്കാഴ്ച ലഭിക്കുമെന്നതിനാലും  മറ്റൊരു കോണിലൂടെ ഞാനതിനു  മുതിരുകയാണ്.

നമ്മുടെ ബുദ്ധിയുടെ കൺകോണുകളിലൂടെ നോക്കിക്കാണുന്ന അത്ഭുതങ്ങളെക്കാൾ ഉയർന്ന തലത്തിലുള്ള അത്ഭുതങ്ങൾ എന്നുള്ളത് വളരെ വിചിത്രമായൊരു വിശേഷണമായി പലർക്കും  തോന്നാം അതായത് നമ്മുടെ ഇമാജിനുകൾക്കും സ്വപ്നങ്ങൾക്കും ഒരു പരിധിയുണ്ടെന്നു ഞാൻ കരുതുന്നു അത്ഭുതങ്ങൾ എന്നുള്ളത് ഇവയോട് വളരെയധികം സാമ്യം പുലർത്തുന്നൊരു ഘടകമാണ്.   എന്നാൽ വളരെ അപൂർവ്വമായി നമ്മൾ  തിരിച്ചറിയുന്ന ചില സത്യങ്ങൾ നമ്മുടെ ബുദ്ധികൊണ്ട് നമുക്ക് അളക്കാവുന്നതിലും അപ്പുറത്തുള്ളൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു ആ ഒരു വിശദീകരണത്തെ ഒരു കവചത്തിനുള്ളിലേക്ക്  ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കുകയായിരുന്നു   മേല്പറഞ്ഞതിലൂടെ. 

നമ്മുടെ ചുറ്റുപാടുകൾ, വീക്ഷണങ്ങൾ , ശാസ്ത്ര ചിന്തകൾ  ഇതിന്റെയെല്ലാം ആകെത്തുകയിലൂടെ  നമ്മൾ  ഉണ്ടാക്കിയെടുത്തീട്ടുള്ളൊരു ലോകമുണ്ട് നമ്മുടെ കൺമുന്നിലുള്ള റിയൽ ലോകമെന്നതിനെ വിളിക്കാം .

ആ റിയൽ ലോകത്തിലിരുന്നുകൊണ്ട്  നമ്മുടെ ഭാവനയിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന മറ്റൊരു തലമാണ് ഭാവനാ ലോകം, സ്വപ്നലോകം , ഇമാജനറി വേൾഡ് , വിർച്യുൽ വേൾഡ് എന്നൊക്കെ വേണമെങ്കിൽ നമുക്കതിനെ വിശേഷിപ്പിക്കാം 

ആ ലോകത്തെ നമ്മൾ മെനഞ്ഞെടുക്കുന്നത് നമ്മുടെ ഇന്നത്തെ  സാഹചര്യങ്ങളിൽ നിന്നും ജീവിത ചുറ്റുപാടുകളിൽ  നിന്നുമാണ് .ആ ഭാവനക്ക് നമ്മൾ നിറം കൊടുക്കുന്നത് ഇന്നിൽ നിന്നുമാണ്.  ആ ഇന്നുകളാണ് നാളെയിലുള്ള  ഭാവനാലോകത്തിന് രൂപകൊടുക്കുന്നതിനുള്ള നമ്മുടെ കഴിവിന്റെ അടിത്തറ. 

എന്താണോ നമ്മളിന്ന് അതിൽ നിന്നുമാണ് നാളെയെ സ്വപ്നം കാണുന്നത്

ഒന്നുകൂടി വിശദമാക്കിയാൽ ഇന്നിൽ നിന്നുമാണ്  നാളെയെ മെനഞ്ഞെടുക്കുന്നത്  അതുകൊണ്ട് കൂടിയാണ് നമ്മുടെ ബുദ്ധിയുടെ കൺകോണുകളിലൂടെ കാണുന്ന അത്ഭുതങ്ങളെക്കാൾ വലിയ അത്ഭുതം എന്നുള്ളത് ഞാൻ വിശേഷിപ്പിച്ചത്. 

എന്നാൽ  നാളെയിൽ നിന്നുകൊണ്ടുമാണ് നാമാ ആ ഭാവനാ ലോകത്തെ  മെനഞ്ഞെടുക്കുന്നതെങ്കിലോ ഇന്നീ കാണുന്ന അത്ഭുതം ഒരു പക്ഷേ നമ്മൾ സ്വപ്നം കാണുന്ന ആ  അത്ഭുത ലോകത്തോട്  ചെറിയൊരു സമാനതയെങ്കിലും പുലർത്തുന്നതായിരിക്കാം. 

അതായത് നാളെയിൽ നിന്നുകൊണ്ട് നമ്മൾ സ്വപ്നം കാണുകയാണെങ്കിൽ മേൽപ്പറഞ്ഞ വാചകത്തിന്റെ അതായത് നമ്മുടെ ബുദ്ധിയുടെ കൺകോണുകളിലൂടെ കാണുന്ന അത്ഭുതങ്ങളെക്കാൾ വലിയ അത്ഭുതം എന്നുള്ളതിന് പ്രസക്തി നഷ്ട്ടപെടുന്നുവെന്ന് സാരം കാരണം നമുക്കത് ഉൾക്കൊള്ളൂവാനാകും എന്നുള്ളതു തന്നെയാണ് അതിന്റെ സാരാംശം . 

സ്വപ്നങ്ങൾ കാണേണ്ടത് ഇന്നിൽ നിന്നും  നാളെയെക്കുറിച്ചല്ല മറിച്ച്  നാളെയിൽ നിന്നും അടുത്ത നൂറു വർഷങ്ങൾക്കപ്പുറത്തേക്കുറിച്ചാണ് .

സ്വപ്നങ്ങൾ  ഇന്നിൽ നിന്നുമാകുമ്പോൾ അതു  പത്തുവർഷം മുന്നിലേക്ക്  കാണിച്ചുതരുന്നു , എന്നാലത് നാളെയിൽ നിന്നുമാകുമ്പോൾ  നൂറു വർഷമപ്പുറത്തുള്ള  ലോകത്തെ നമുക്കതിലൂടെ വരച്ചിടുവാനാകുന്നു.

ഇനിയും ഈ പ്രതിപാദനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ രണ്ടുമൂന്ന് ആവർത്തി വായിക്കുക കാരണം കഠിനമായ അവസ്ഥകളെ ഇതിലും ലളിതമായി ആഖ്യാനിക്കുവാൻ കഴിയുകയില്ല എന്നുള്ളത് മനസ്സിലാക്കിയാൽ മതി 

ഇത്രയൂം ആഴത്തിലുള്ള  ടെക്ക്നോളജികളുടെ  നേർസാക്ഷ്യങ്ങളാണ് ഈ കാണുന്നതെല്ലാമെങ്കിൽ ഇവരുടെ  ശാസ്ത്രലോകം  എന്തു മാത്രം വിശാലവും മുൻപന്തിയിലുള്ളതുമായിരിക്കും ?

വിശദീകരണങ്ങൾ സ്വയം നൽകി ബോധ്യപ്പെടുത്തിയാൽ തന്നേയും വീണ്ടും വീണ്ടും അതിനെ ഖണ്ഡിക്കുന്ന ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടേയിരിക്കുന്നു. 

ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പലയാവർത്തി കണ്ടെത്തിയതാണെങ്കിൽ കൂടി വീണ്ടും വീണ്ടും അതൊരു തരംഗമായി ഉള്ളിൽ കിടന്ന്  അലയടിച്ചുകൊണ്ടേയിരിക്കുന്നു   

ആവർത്തനങ്ങളുടെ പ്രതിഫലനങ്ങളാണിതെല്ലാം അതോ ഒരിക്കലും തീരാത്ത സംശയങ്ങളുടേയോ 

ഒന്ന് ഉൾക്കൊണ്ട് വരുമ്പോഴേക്കും അടുത്തത് ഉയർന്നുവരുന്നു  .

ഇവിടെ ഞാൻ നിസ്സഹായനാണ്

മനുഷ്യ ബുദ്ധിക്ക്  ഉൾക്കൊള്ളുവാൻ കഴിയാവുന്നതിലും വലിയൊരു സത്യത്തെ ആവാഹിച്ച്  വിശകലനം ചെയ്യുവാൻ ശ്രമിക്കേണ്ടി വരുമ്പോൾ  നേരിടേണ്ടി വരുന്നൊരു സ്തംഭനാവസ്ഥ,  അതാണ് ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഒന്നല്ല , ഒരായിരം സമുദ്രത്തെ മനുഷ്യമനസ്സിന് ആവാഹിക്കാനാകുമെങ്കിലും അതിനെടുക്കുന്ന സമയത്തിന്റെ ചടുലാത്മകത അതാണ് വിവേകത്തെ കുറച്ചു സമയത്തേക്ക് സ്തംഭിപ്പിക്കുന്നത് .

മനസ്സിനും ബുദ്ധിക്കും പെട്ടെന്ന് സംഭവിക്കുന്നൊരു ഷോക്ക്

ഇവിടെ അനുഭവപ്പെടുന്ന ആ ഷോക്കെന്നുള്ള വികാരം ഒരു അത്ഭുത വഴിയിലൂടെ ചരിക്കുന്നതാകുന്നു എന്നുള്ളത് മാത്രമാണതിനൊരു  അപവാദം  പതിയെ പതിയെ  നമുക്കത് ഉൾക്കൊള്ളാനാകും എന്നുള്ളതിൽ വിശ്വസിക്കാം
 
അതിനു വേണ്ടി വരുന്ന സമയത്തിന്റെ പരിമിതിയാണ് പലപ്പോഴും അങ്കലാപ്പ് സൃഷ്ടിക്കുന്നത് .

കാല്പനിക വേഗതയെ മനുഷ്യമനസ്സിന് എങ്ങിനെ ഉൾക്കൊള്ളുവാനാകുമെന്നുള്ളതിന് ഒരു വിശദീകരണം നൽകുവാനാകില്ല  കാരണം അതിനൊരു വിശദീകരണമില്ലെന്നുള്ളത് തന്നെ.

കോടിക്കണക്കിനു മൈലുകൾ അകലെയുള്ള ഭൂമിയെന്ന ഗ്രഹത്തെക്കുറിച്ച് വളരെയാഴത്തിൽ തന്നെ ഇവർ അറിഞ്ഞുവെച്ചിരിക്കുന്നു .

ഭൂമിയെന്ന ഗ്രഹത്തക്കുറിച്ചുമാത്രമല്ല അവിടെയുള്ള ഭാഷയെക്കുറിച്ച് പോലും വളരെ കൃത്യമായി മനസ്സിലാക്കിയിരിക്കുകയും ,  അപ്പപ്പോൾ തന്നെ  അവരുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്തെടുക്കാൻ  കഴിയാവുന്ന  തരത്തിലുള്ളതുമായ ഒരു  ഉപകരണം കൂടിയുമാണ്  അവർ  വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നോൺസെൻസ്, എവരി തിങ് ഈസ് നോൺസെൻസ് .

എനിക്ക് ചുറ്റും നടക്കുന്നതെല്ലാം തന്നെ വിഡ്ഡിത്തങ്ങളാണ് അല്ലെങ്കിലിതെല്ലാം എന്റെ തോന്നലുകൾ മാത്രമാണ് , എന്റെ സങ്കല്പങ്ങളാണ്.

ഞാൻ,  സ്വയമൊരു ഭാവനാ ലോകം  മെനഞ്ഞെടുത്തുകൊണ്ട് അതിലൂടെ സഞ്ചരിക്കുകയാണ്

ഈ ക്രാഷ് ലാൻഡിൽ എനിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടായിരിക്കുമോ ?

അല്ലെങ്കിൽ സ്‌പേസിലെ പ്രതികൂല സാഹചര്യങ്ങളാണോ എനന്റെ മാനസീക നില  തകരാറിലാക്കിയിരിക്കുന്നത് ? 

അതുമല്ലെങ്കിൽ മറ്റു ഗ്രഹത്തിലെ വിശദീകരിക്കപ്പെടുവാനാകാത്ത ശക്തികൾ എന്റെ മനസ്സിനെ സ്വാധീനിച്ചിരിക്കുന്നുവോ? 

അതുകൊണ്ടെല്ലാമാണോ എനിക്കിങ്ങനെയെല്ലാം തോന്നുന്നത് ? എന്റെ മനസ്സ്  അതീന്ദ്രീയമായ മേഖലകളിലൂടെ കൈവിട്ട പട്ടത്തെപ്പോലെ  സഞ്ചരിക്കുന്നത് ?

നോ , നെവർ ഒരിക്കലുമില്ല അങ്ങിനെയെങ്കിൽ എനിക്കെങ്ങനെ മറ്റുള്ള കാര്യങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നു ? അനലൈസ് ചെയ്തെടുക്കുവാൻ സാധിക്കുന്നു? 

ഞാൻ,  ഞാൻതന്നെയെന്നുള്ള തിരിച്ചറിവ്,   ഞങ്ങൾ  ഭൂമിയിൽ നിന്നുമാണ് വന്നിരിക്കുന്നതെന്നുള്ള തിരിച്ചറിവ് , ഞങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം പൂർത്തിയാക്കിയിരിക്കുന്നുവെന്നുള്ള തിരിച്ചറിവ്, ഇത് ഞങ്ങളുടെ ഭൂമിയിലേക്കുള്ള യാത്രയാണ് എന്നുള്ള തിരിച്ചറിവ്.

ഈ തിരിച്ചറിവുകളെല്ലാം നൽകുന്ന ആ വലിയ തിരിച്ചറിവു  തന്നെയാണ് ഞാനിപ്പോൾ സാധാരണ നിലയിൽ ആണെന്നെതിനുള്ള ഏറ്റവും വലിയ തെളിവും.

അങ്ങിനെയെങ്കിൽ എന്റെ  ഓർമ്മക്കും ബുദ്ധിക്കുമൊന്നും യാതൊരു തകരാറുമില്ല ഞാനീ  കാണുന്നതെല്ലാം സത്യം തന്നെയാണ് 

റിയൽ

പിന്നെയെങ്ങനെ ഇതെല്ലാം ഭാവനകളായി വ്യാഖ്യാനിക്കുവാനാകും ?

വീണ്ടും ഞാൻ തകിടം മറിയുന്നു

തലക്കകം ചൂടുപിടിക്കുകയാണ്  ഒന്നും തന്നെ  തിരിച്ചറിയാനാകുന്നില്ല  ബുദ്ധിയും ചിന്തകളുമെല്ലാം  മരവിച്ചുപോയിരിക്കുന്നു കാര്യങ്ങളെ അനലൈസ് ചെയ്ത് തീരുമാനങ്ങളെടുക്കുവാനുള്ള എന്റെ 
കഴിവുകൾ കൈമോശം വന്നിരിക്കുന്നു .

എന്താണെനിക്കു ചുറ്റും സംഭവിക്കുന്നത്  ? എനിക്കു ചുറ്റും സംഭവിക്കുന്നതോ  അതോ എനിക്കു തന്നെ സംഭവിക്കുന്നതോ ?

ഞാൻ തന്നെയാരാണ് ?

ഇതാണോ ബുദ്ധി ഭ്രമം?

ഞങ്ങൾ അന്യഗ്രഹത്തിൽ  എത്തിപ്പെട്ടിരിക്കുന്നുവെന്നുള്ളത് സത്യം തന്നെ പെട്ടെന്നത്  ഉൾക്കൊള്ളാനാകുന്നില്ലെങ്കിലും ഉൾക്കൊള്ളുന്നു എന്നാലിവിടെ  ഈ  കാണുന്നതും കേൾക്കുന്നതുമൊക്കെ എന്തൊക്കെയാണ്  ?

അവിശ്വസനീയം?

 അല്ല 

 പിന്നെയെന്താണ്  ?

ഇതെല്ലാം ഏതോ ഒരു സ്വപ്നത്തിന്റെ തുടർച്ചയാണ്  ഞാനേതോ സാങ്കല്പീക  ലോകത്തിലാണ്  എന്റെ മനസ്സ്  ശരീരത്തിൽ നിന്നും വേർപെട്ട്    എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു  കൈവിട്ട പട്ടം കണക്കെ അത് ലക്ഷ്യമില്ലാതെ പറക്കുന്നു

എനിക്കെന്താണ് സംഭവിച്ചത്?  സംഭവിച്ചു കൊണ്ടിരിക്കുന്നത് ? ചുറ്റിലും എന്റെ സഹപ്രവർത്തകരുണ്ട്  അന്യഗ്രഹ ജീവികളുണ്ട് .

ക്ഷമിക്കണം

അന്യഗ്രഹ ജീവികളെന്ന വാക്ക് ഞാനൊരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. 

അതെന്റെ അറിവുകേടായി മാത്രം കണക്കാക്കിയാൽ മതി വർഷങ്ങളോളം അനുവർത്തിച്ചു പോന്ന  ഭാഷ നാവിൻ തുമ്പിൽ നിന്ന് പുറത്തേക്ക് ചാടുന്ന വികടത്വം.   

മറ്റൊരു ഗ്രഹത്തിൽ വസിക്കുന്ന മനുഷ്യരാണിവർ .

ഈ പ്രപഞ്ചത്തിന്റെ മറുകോണിൽ സ്ഥിതിചെയ്യുന്ന  ഒരു ഗ്രഹത്തിലെ ഭാഷ  എങ്ങിനെയിവർക്ക്  ഇത്ര കൃത്യമായി മനസ്സിലാക്കുവാൻ കഴിഞ്ഞിരിക്കുന്നു ?

അതിന്റെ അർത്ഥമെന്താണ്  ?

മേൽവിവരിക്കപ്പെട്ടതു പോലെ ചോദ്യങ്ങൾ ആവർത്തങ്ങളുടെ  ബൂമറാങ്ങുകളായി എന്നിലേക്കു തന്നെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു .

വ്യക്തമായ ഉത്തരങ്ങളില്ലാത്ത  ഒരു പാട് എങ്ങിനെകൾ എന്റെ ഉള്ളിൽ  കിടന്ന് വീർപ്പുമുട്ടുന്നു ,

എന്റെയതേ  അവസ്ഥതന്നെയാണ് അപ്പോഴെന്റെ സഹപ്രവർത്തകരും അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരുടെ ഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
         
നാസ,  അമേരിക്കയിലെ ഒരു ശാസ്ത്ര പരീക്ഷണ ശാലയാണ്  

ഞാനാ ഉപകരണത്തോടായി മറുപടി പറഞ്ഞു .

അടുത്ത നിമിഷം തന്നെ അതവരുടെ ഭാഷയിലേക്കു  തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു  .

അങ്ങനെ ആ  ഉപകരണ സഹായത്തോടെ വളരെ വ്യക്തമായി  ഞങ്ങളുടെ ആശയ വിനിമയം പരസ്പരം തുടർന്നു കൊണ്ടിരുന്നു  .

ഓരോ നിമിഷം കഴിയും തോറും എല്ലാത്തിനും  കൂടുതൽ വ്യക്തത കൈവരുകയാണ്

അതൊരു തീർച്ചപ്പെടുത്തലാണ് , കാണുന്നത് വിശ്വസിക്കുമ്പോൾ പോലും  ഉള്ളിന്റെ ഉള്ളിൽ വിശ്വസിക്കാനാകാത്ത മനസ്സ് 

അന്യഗ്രഹം, അന്യഗ്രഹമെന്ന്  ഉരുവിട്ടുകൊണ്ടേയിരിക്കുന്നു

പറക്കും തളികകൾ കണ്ടില്ലായിരുന്നുവെങ്കിൽ ആരെന്തു പറഞ്ഞാലും ഇത് ഭൂമിയല്ലെന്ന് ഞങ്ങൾ വിശ്വസിക്കുകയില്ലായിരുന്നു  എന്നിട്ടുമത്  ഉൾക്കൊള്ളാൻ ബുദ്ധിക്ക് കഴിയുന്നില്ല.

ഇതാണ് അത്ഭുതം,  

ദൈവത്തിന്റെ മഹാത്ഭുതം,  

പ്രപഞ്ച സത്യം

മനസ്സിനുള്ളിലെ നിഴലുകൾ മായുന്നു , കെട്ടിപ്പൊക്കിയ കോട്ടകൾ തകരുന്നു  സൂര്യൻ ഉദിച്ചുയരുന്ന പ്രശോഭയോടെ വലിയൊരു സത്യം തെളിഞ്ഞുവരുന്നു  .

എന്റെ കണ്ണുകൾ നിറയുകയാണ്  ഞാൻ കരയട്ടെ, കരച്ചിലെന്നുള്ളത് എന്നെ സംബന്ധിച്ച്   ഉറച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയാണ് അതൊരു സിംബൽ കൂടിയാണ്  

അവനവൻ തന്നെയാണ് ഇതിനെല്ലാം മാനങ്ങൾ നൽകേണ്ടത്. 

മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഇതു ചിലപ്പോൾ  ബലഹീനന്റെ വികാരപ്രകടനങ്ങളായിരിക്കാം അവരങ്ങനെ കരുതട്ടെ  എന്റെ വിശ്വാസങ്ങളിലൂടെ ജീവിക്കുവാനാണ്  എനിക്കിഷ്ട്ടം.

ഈ കാണുന്ന അത്ഭുതങ്ങളുടെ സാക്ഷ്യ പത്രങ്ങളാണ്  ഞങ്ങൾ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ  എനിക്ക് വാക്കുക്കൾ കിട്ടുന്നില്ല  മനസ്സിനുള്ളിൽ  എന്തോ കിടന്ന് വിങ്ങുന്നു അത് സന്തോഷമാണോ ? അതോ മറ്റെന്തിങ്കിലുമാണോ  ?

സ്വയം പോലും തിരിച്ചറിയാനാകാത്ത വിധത്തിൽ ശരീരം ചിലപ്പോൾ സ്തംഭിച്ചു പോകുന്നു  അങ്ങിനെ വരുമ്പോൾ  ശരീരവും മനസ്സും രണ്ടു ധ്രുവങ്ങളിലാണെന്ന് തോന്നിപ്പോകും .

ഈശ്വരാ,  മനുഷ്യർ 

ഒരേ, ഒരേ,  ഞാനെന്താണ്  പറയുക? 

നമ്മുടെ ജനുസ്സിൽ പെട്ടവർ ഈ  പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ

വിശ്വാസങ്ങളേയും അവിശ്വാസങ്ങളേയും ഖണ്ഡിച്ചുകൊണ്ട് അതൊരു മഹാസത്യമായി മുന്നിൽ നിൽക്കുന്നു 

ഈ പ്രപഞ്ചത്തിലെ  എത്രയോ സൗരയൂഥങ്ങളിൽ  ഏത്രയോ ഭൂമികളുണ്ടാകാം അവിടെയെല്ലാം ജീവനുകളുമുണ്ടാകാം  , മനുഷ്യരുമുണ്ടാകാം 

ഒരേ രൂപവും ഭാവവും പേറുന്നവർ തന്നെ 

ആ വലിയ സത്യത്തെ മൂടിവെച്ചിരിക്കുന്ന നിഴലുകളാണ് ഇന്നത്തോടെ മാഞ്ഞു പോകുന്നത്

ഇത്രയും നാൾ കരുതിപ്പോന്നിരുന്ന ഏറ്റവും വലിയ വിഡ്ഢിത്തമൊന്നാണ് ഇവിടെ കൂലം കുത്തി ഒഴുകിപ്പോയിരിക്കുന്നത്  

നമ്മുടെ ഗ്രഹത്തിൽ നമ്മളെ മനുഷ്യരെന്നു വിളിക്കുന്നു  ഇവിടെയത് വേറെയാകാം,  എന്നല്ല അങ്ങെനെ തന്നെയാണ്, ജീവവാസമുള്ള  മറ്റൊരു  ഗ്രഹത്തിൽ അത് മറ്റൊരു പേരിലാകും അറിയപ്പെടുക 

അതിൽ വലിയ പുതുമയൊന്നും കാണേണ്ടതില്ല എങ്കിൽ കൂടി ഞാൻ പറഞ്ഞു വെച്ചുവെന്ന് മാത്രം     

ആത്യന്തികമായി എല്ലാവരും  ഒരേ വർഗ്ഗത്തിൽ  പെട്ടവർ തന്നെ .

ഇനിയിപ്പോൾ  സ്വർഗ്ഗമെന്ന് വിളിക്കുന്നത് ഇതിനെയാണോ  ?,  

നല്ലതു ചെയ്യുന്നവരെ സ്വർഗ്ഗത്തിലേക്കുയർപ്പിക്കുമെന്ന  വിശ്വാസ വഴിയിലൂടെ ചരിക്കുമ്പോൾ പ്രതിപാദിപ്പിക്കപ്പെടുന്ന സ്വർഗ്ഗം ഇതാണോ?

ഭൂമിയിൽ മരിച്ച്  ഇവിടെ പുനർജ്ജനിക്കുക ആ ഒരു രഹസ്യത്തിലേക്കാണോ ഞങ്ങൾ കാലുകുത്തിയിരിക്കുന്നത് 

അങ്ങിനെയെങ്കിൽ  ഈ പ്രപഞ്ചത്തിൽ തന്നെ നരകവും ഉണ്ടായിരിക്കുമല്ലോ ?

ഉണ്ടല്ലോ, നമ്മുടെ ഭൂമി 

ഞാൻ ഉള്ളിൽ പുഞ്ചിരിച്ചു,  തീർച്ചയായും ഒരു നരകം തന്നെയാണത് , നമ്മളാണത് നരകമാക്കിയത് അത് സ്വർഗ്ഗമാക്കുവാനും നമുക്ക് കഴിയും അതിന് മാറേണ്ടതുണ്ട് വലിയ മാറ്റങ്ങൾ അനുവർത്തിക്കേണ്ടതുണ്ട് അത് നമ്മിൽ നിന്നുമാണ് തുടങ്ങേണ്ടതും 

ഞാൻ വല്ലാത്ത ഭാവങ്ങളിലൂടെ സഞ്ചരിക്കുന്നു  അത് ചിലപ്പോൾ ഇവിടെ വന്നതിനു ശേഷമായിരിക്കും , 

തീർച്ചയായും  അങ്ങിനെതന്നെ, അത്ഭുതലോകത്തിൽ വന്നുപെട്ട ആലീസിന്റെ മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്  .

നാസക്ക് തെറ്റിയിട്ടില്ല,   ഞങ്ങൾ ഭൂമിയിലല്ല എന്നുള്ളത് സത്യം എന്നാൽ    ഭൂമിയുടേതിന്  സമാനമായ മറ്റൊരു ഗ്രഹമെന്ന അത്ഭുതത്തിലാണ് ഞങ്ങളിപ്പോൾ  .    

നമ്മെപ്പോലെ  സംസാരിക്കുന്ന , നമ്മെപ്പോലെ  ആകാരമുള്ള , നമ്മെപ്പോലെ  ചുള്ളൻമാരായ, നമ്മളെക്കാൾ ചുള്ളന്മാരായ , നമ്മേക്കാൾ  ബുദ്ധിമാന്മാരായ  മനുഷ്യർ ജീവിക്കുന്ന മറ്റൊരു ഭൂമി അതാണിത്  

അതിന്റെ നേർസാക്ഷ്യങ്ങളാണീ  കാണുന്നതെല്ലാം .

മനുഷ്യകുലത്തിന് ഇതുവരേക്കും  അനാവരണം ചെയ്യപ്പെടാതെ കിടന്ന രഹസ്യങ്ങളിൽ ഒന്നിതാ ഇവിടെ തെളിഞ്ഞു വരുകയാണ്   .

ഇതുവരേയുള്ള  കണ്ടു പിടുത്തങ്ങളിൽ വച്ചേറ്റവും  മഹത്തരമായിട്ടുള്ളത്.

എന്നാൽ ഞാൻ പറയുന്നു ..

ഇതൊരു കണ്ടുപിടുത്തമല്ല , കണ്ടുപിടുത്തമെന്ന അളവുകോൽ പ്രയോഗിക്കുമ്പോൾ  അത് മനുഷ്യ കഴിവിനെ ഉയർത്തിക്കാട്ടുകയും   അവനെ ആ തലത്തിലേക്കെത്തിച്ച  വലിയ കൈകളുടെ മഹത്വത്തെ  വിസ്മരിക്കുകയും കൂടിയാണ് ചെയ്യുന്നത്  .

സൃഷ്ട്ടാവിനെക്കാൾ വലുതായി സൃഷ്ടിയെ കാണുന്ന പാതകമാണത്  

ഞാനൊരിക്കലും ആ വഴിയിലൂടെ  സഞ്ചരിക്കുകയില്ല 

എന്റെ കഴിവിന്റെ പരിമിതികൾ എനിക്കറിയാം അതു മറച്ചുവെച്ച്  എന്റെ  കഴിവുകൾ അപരിമിതമെന്ന്  ഉയർത്തിക്കാട്ടിയാൽ ഞാൻ ചെയ്യുന്നത് ദൈവനിന്ദയാവും, ധാർഷ്ട്ട്യമാവും അഹങ്കാരമാകും ഞാനതു ചെയ്യില്ല  ഇത് ദൈവത്തിന്റെ  കാരുണ്യമെന്നുതന്നെ വിശ്വസിക്കുവാനാണ്  എനിക്കിഷ്ട്ടം  ഞാനൊരു  നിമിത്തം മാത്രം,  മറിച്ചു ചിന്തിക്കുന്നവർ ഉണ്ടാകാം 

അതവരുടെ സ്വാതന്ത്ര്യം 

അതവരുടെ വഴികൾ .

അതേക്കുറിച്ചു പറയുവാൻ ഞാനാളല്ല  ആ വഴികളുടെ ശരി തെറ്റുകൾ  അവർ തന്നെയാണ് തിരിച്ചറിയേണ്ടത്  എനിക്കതിൽ വലിയ റോളില്ല .

എന്റെ വഴികളിലൂടെ ഞാൻ സഞ്ചരിക്കുന്നു അതെന്റെ ശരിയാണ്‌, എന്റെ ശരികൾ ഞാനൊരിക്കലും  മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നില്ല  .

ഓരോരുത്തർക്കും അവരവരുടെതായ ശരി തെറ്റുകളുണ്ട് അത് തിരിച്ചറിയേണ്ടതും അവരവർ തന്നെ 

ഈ കണ്ടെത്തലുകൾ എന്റെ വ്യക്തിത്വത്തിന്റെ ഭാഗം മാത്രം .

എന്റെ നിലപാടുകൾ , എന്റെ കാഴ്ചപ്പാടുകൾ , എന്റെ വിശ്വാസങ്ങൾ   എന്റെ രീതികൾ ഇതെല്ലാമാണ് എന്റെ വ്യക്തിത്വത്തിന്റെ ആകെത്തുക അതിൽ നിന്നുമൊരു മാറ്റം ഞാൻ ആഗ്രഹിക്കുന്നില്ല, 

മറ്റുള്ളവർക്ക് അവരുടേതായ ദാർശനീകതകകൾ ഉണ്ടാകാം അതുമായി കൂട്ടിക്കുഴക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എനിക്കെന്റെ വഴി,  അവർക്ക് അവരുടേതും 

വ്യക്തിത്വമില്ലാത്ത മനസ്സ് കാമ്പില്ലാത്ത വൃക്ഷത്തിനു സമാനമാണ് 

ഏതുനിമിഷവും അത് നിലംപൊത്താം അങ്ങനെയുള്ളവർ നമുക്കുചുറ്റുമുണ്ട് അവരെ ശ്രദ്ധിക്കേണ്ടതില്ല അവർ ഇത്തിക്കണ്ണികളാണ് മറ്റുള്ളവരെ ചുറ്റിപ്പിണഞ്ഞു വളർന്നു വരുന്നവർ 

വ്യക്തിത്വല്ലാത്ത മനസ്സ് നിലനില്പില്ലാത്ത വാക്കുകളുടെ കൂടാരവും  കൂടിയാണ്.

അവർ വാ തുറന്ന് കീറിക്കൊണ്ടേയിരിക്കും കാമ്പില്ലാത്ത വാക്കുകളുടെ പർവ്വതീകരണം അവർ നടത്തും, കാര്യമാക്കേണ്ടതില്ല 

ഇതൊരു കണ്ടുപിടുത്തമല്ല മറിച്ച് ഈശ്വരന്റെ അനുകമ്പയാണ്, ഈശ്വരന്റെ കാരുണ്യമാണ്,  ഈശ്വരൻ  സൃഷ്ടിച്ച  പ്രപഞ്ചത്തിന്റെ  അത്ഭുതങ്ങളിലേക്കുള്ള  ഒരു ചെറിയ വെളിച്ചം നമുക്ക് കാണുവാനായി നമ്മളെ തയ്യാറാക്കിയതാണ്  

അതുതന്നെയാണ് സത്യം,  

ഞാൻ അങ്ങിനെയേ കരുതുന്നുള്ളൂ.  

അല്ലാതെ  മനുഷ്യബുദ്ധിക്കും  അപ്പുറത്തുള്ള സത്യങ്ങളെ എങ്ങിനെയാണ്  വിശദമാക്കുവാനാവുക  ? അത് അജ്ഞതയെ നിഴൽ കൊണ്ട് മറക്കുന്നതിനു തുല്യമാവും 

നിഴൽ മാറുമ്പോൾ ആ അജ്ഞത മറനീക്കി പുറത്തു വരുക തന്നെ ചെയ്യും  .

അറിവില്ലാത്ത കാര്യങ്ങൾ അറിയില്ലെന്നു പറയുന്നതു തന്നെയാണ് ഉചിതം അതിനെ  തോൽവിയുടെ ലക്ഷണമായി കാണേണ്ടതില്ല  , മറിച്ച്  തന്നെക്കുറിച്ച് തനിക്കു തന്നെയുള്ള  വ്യക്തമായൊരു  അവബോധത്തെയാണ്   അതിലൂടെ വെളിവാക്കപ്പെടുന്നത്.

എത്രയോ കാലങ്ങളായി നാസയും , ലോകവും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഇവിടെ അനാവാരണമാകുന്നത്  എങ്കിൽ  പോലും ഇത്രയും വലിയൊരു ഉത്തരം നമ്മുടെയെല്ലാം സ്വപ്‍നത്തിൽ  പോലും ഉണ്ടായിരുന്നിരുന്നില്ലെന്നുള്ളതാണ് സത്യം .

ഒന്നുകൂടി ലളിതമായി പറഞ്ഞാൽ അങ്ങ് വിദൂരതയിൽ പോലും  ഇത്തരമൊരു പ്രതീക്ഷയുടെ നാളം പോലും ഉണ്ടായിരുന്നില്ല.
 
ഭൂമിയിൽ നിന്നുകൊണ്ട് വിണ്ണിൽ  തൊടാൻ കഴിയുമോ  എന്നുള്ളത് ഭാവനയിൽ പോലും വരേണ്ടതില്ലല്ലോ  .

ഇത്രയും വലിയൊരു  സത്യത്തെ അല്ലെങ്കിൽ തിരിച്ചറിവിനെ സങ്കല്പിക്കുവാൻ പോലും നമ്മൾ മടിക്കുന്നു എന്നുള്ളതാണ് ഇതിലൂടെ  അടിവരയിടപ്പെടുന്നത് മടിക്കുന്നു എന്നുള്ള വിശേഷണത്തേക്കാൾ ഉപരി കഴിയുന്നില്ല എന്നുള്ളതാണ് ശരിയായ വിശേഷണം 

അത്രയും ആഴത്തിൽ ചിന്തിക്കാനുള്ള ആർജ്ജവം നമുക്കായിട്ടില്ല, 

അതാണ് ശരി  

അത്രക്കും അൺ ഇമാജിനബിൾ ആയിട്ടുള്ള ഒന്നുതന്നെയാണിത് .

മറ്റു ഗ്രഹങ്ങളിൽ ജീവന്റെ ഉറവിടം തേടി നമ്മൾ നടത്താത്ത  പര്യവേക്ഷണങ്ങളില്ല,  പരീക്ഷണങ്ങളില്ല  എന്നിട്ടും ഇക്കാലമത്രയും അതൊരു സമസ്യയായി,   ഉത്തരമില്ലാത്ത ചോദ്യമായി നമ്മുടെ മുന്നിൽ ഉയർന്നു നിന്നിരുന്നു .

പരിമിതമായ നമ്മുടെ ശാസ്ത്ര, സാങ്കേതിക  വിദ്യകളെ ആശ്രയിച്ചു കൊണ്ട് പരിമിതമായ അറിവുകളെ നേടാൻ മാത്രമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നുള്ളതാണ് യാഥാർത്ഥം. 

ഒരു പക്ഷെ  അതുപോലും അപൂർണ്ണങ്ങളായ പരിവേഷണങ്ങളായിരുന്നുവെന്നുള്ളത്  എടുത്തുകാണിക്കുന്നത് നമ്മുടെ ശാസ്ത്രത്തിന്റെ ബാലാവസ്ഥയെ തന്നെയാണ്.

വെറും ടെലസ്കോപ്പുകളിൽകൂടി  അന്യഗ്രഹങ്ങളിൽ ജീവസാന്നിദ്ധ്യം തിരയുന്ന ശൈശവാവസ്ഥയിലുള്ളൊരു ശാസ്ത്രമാണ് നമ്മുടേത് പക്ഷെ നമ്മളതിനെ വീർപ്പിച്ച് വലിയൊരു ബലൂണാക്കി  വെച്ചിരിക്കുകയായിരുന്നു എന്നാലിപ്പോഴാണ് അതൊരു  കുമിളയായിരുന്നുവെന്ന്  തിരിച്ചറിയുന്നത് .

മൂക്കില്ലാ രാജ്യത്ത് ഒരു  മുറിമൂക്കൻ  രാജവാഴ്ചക്ക് ചുക്കാൻ പിടിക്കുന്നത് പോൽ   

ഇവിടെയിത്  തീർത്തും നിരർത്ഥകമായൊരു സ്റ്റേറ്റ്മെന്റ് ആണെങ്കിൽ കൂടി അതിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുമ്പോൾ അത് സത്യമാണെന്ന് തിരിച്ചറിയുവാനാകുന്നു നമ്മൾ കണ്ടെത്തുന്നതിനേക്കാൾ ഉപരി അല്ലെങ്കിൽ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനേക്കാൾ മുൻപേ പുറത്തിറക്കുന്ന പല ഭാവനാപൂർണ്ണമായ പ്രവചനങ്ങൾക്കും വല്ലാതെ പ്രാധാന്യം കൊടുക്കുന്നുവെന്നുള്ളത് നാസയടക്കം പിന്തുടരുന്ന വലിയൊരു പിഴവായി ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ വിലയിരുത്താവുന്നതാണ്. 

അന്യഗ്രഹങ്ങളിൽ  ജീവനുണ്ടായിരിക്കാം എന്നു കരുതുമ്പോൾ പോലും  ജീവന്റെ ഒരു അംശത്തെയായിരുന്നു അല്ലെങ്കിൽ അതിനുള്ള സാധ്യതകളെയായിരിന്നു നാം ഇതുവരേക്കും തേടിക്കൊണ്ടിരുന്നത് അല്ലാതെ ഇത്രയൂം വലിയൊരു അത്ഭുതത്തെ സ്വപ്നത്തിൽ കാണുവാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല എന്നുള്ളതാണ് വാസ്തവം .

ചില ഗ്രഹങ്ങളിൽ ജീവന് അനുയോജ്യമായ സൂക്ഷ്മാണുക്കൾ ഉണ്ടായിരുന്നിരിക്കാം  അല്ലെങ്കിൽ അതിന്  അനുയോജ്യമായ ഘടകങ്ങൾ നിലനിന്നിരിക്കാം എന്നുള്ള അനുമാനങ്ങൾ മാത്രമേ  നമുക്കിതുവരെ നടത്തുവാൻ കഴിഞ്ഞിട്ടുള്ളൂ  അത് പോലും നിരവധി സംശയങ്ങളുടെ ചുവടു പിടിച്ചു കൊണ്ട്  മാത്രം 

പറയുന്നത് സത്യമല്ലെങ്കിലോയെന്നുള്ളൊരു മുൻവിധിയെ  മുന്നിലിട്ട്  ഉണ്ടായിരിക്കാം എന്നുള്ള നിഷ്പക്ഷതയെ കൂട്ടുപിടിച്ച്  തികച്ചും ന്യൂട്രലായ പാതയിലൂടെയുള്ളൊരു സഞ്ചാരമായിരുന്നു ഇതുവരേക്കും നമ്മൾ അനുവർത്തിച്ചു കൊണ്ടിരുന്നത്  .

അതിലാരേയും കുറ്റക്കാരായി കാണേണ്ടതില്ല,  നമ്മുടെ കഴിവിന്റെ പരിമിതികൾ,  നമ്മുടെ ശാസ്ത്രലോകത്തിന്റെ വിശാലതക്കുറവ് അതുമാത്രം കണക്കാക്കിയാൽ മതി   

എക്സ്പ്ലോസീവായിട്ടുള്ളൊരു ശാസ്ത്ര നിലവാരത്തിലേക്ക് നമ്മൾ ഇനിയും  എത്തിച്ചേരേണ്ടതുണ്ട്  എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.

ശാസ്ത്രമെന്നുള്ളത് ശരിക്കും സ്ഫോടനാത്മകം ആയിരിക്കണം കണ്ടെത്തലുകളിൽ കൂടി, അതിനെ  കൂടുതൽ കൂടുതൽ  എക്സ്പ്ലോസ് ചെയ്യിക്കണം  ഒന്നിൽ നിന്ന് അടുത്തതിലേക്കും അടുത്തതിൽ നിന്ന് അതിനടുത്തത്തിലേക്കും  അതങ്ങനെ പരന്ന് വ്യാപിക്കണം  ബൗണ്ടറികളില്ലാതെ വിശാലമായൊരു തലത്തിലേക്ക് പുതു പുതു തന്ത്രങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും  മുന്നേറണം . അതിന് ആർജ്ജവവും , ധൈര്യവും , ഭാവനയും, ഉൾക്കാഴ്ചയും സമന്വയിക്കണം അപ്പോളത് പൂർണ്ണമാകുന്നു കരുത്തുറ്റതാകുന്നു.

ഇന്നിൽ നിന്നുകൊണ്ട് നാളെയെ നോക്കിക്കാണണം ആ കാഴ്ചപ്പാടുകളെ ബുദ്ധിയുടെ അകത്തളങ്ങളിൽ കോറിയിടണം  അടുത്ത ജന്മത്തിൽ എന്ത് സംഭവിക്കുമെന്ന് ഭാവനയിൽ കാണണം ഒന്നിൽ നിന്നും അടുത്തത്തിലേക്കും അതിനടുത്തത്തിലേക്കും   മുന്നേറിക്കൊണ്ടേയിരിക്കണം 

പക്ഷെ അത്രയും വിശാലമായി ചിന്തിക്കുവാനും നോക്കിക്കാണുവാനുമുള്ള  ആർജ്ജവവും,വിശ്വാസവും, ധൈര്യവുമൊന്നും  നമുക്കിപ്പോഴുമില്ല എന്നുള്ളതാണ് സത്യം .

എങ്ങിനെയാണത് നേടുവാൻ കഴിയുക  ?

സത്യത്തിൽ  എങ്ങിനെയാണത്  നേടേണ്ടതെന്ന് ഒരു ഗൈഡും പറഞ്ഞു തരുന്നില്ല, ഒരു കാവ്യങ്ങളിലും അത് പ്രതിപാദിക്കുന്നുമില്ല അത്തരത്തിലൊരു തിയറിയില്ല  

പക്ഷേ പ്രപഞ്ച പുസ്തകത്തിൽ അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നു  

തേടണം , തേടുമ്പോൾ തിരിച്ചറിയപ്പെടുന്നു  ആ തിരിച്ചറിവിന്റെ ആഴങ്ങളിലേക്ക് ഊളയിടുക  അപ്പോൾ മുതൽ മനസ്സിലാക്കുവാൻ തുടങ്ങുന്നു അതിനെ വിശകലനം ചെയ്യുക അപ്പോൾ പുതിയത് തെളിഞ്ഞു വരുന്നു അവസാനം കണ്ടെത്തുന്നു .

പ്രപഞ്ചം പകർന്നു തരുന്ന പാഠമാണത് 

ഈ യാത്രയുടെ അവസാനം ഇത്തരത്തിലുള്ളതല്ലായിരുന്നുവെങ്കിൽ  ഈയൊരു  സത്യം എങ്ങിനെയാണ്  അനാവരണം ചെയ്യപ്പെടുക ? 

ഇതൊരു നിമിത്തമാണ് പ്രപഞ്ചം അനുവർത്തിക്കുന്ന അലിഖിത നിയമം,  അത് മറ നീക്കി പുറത്തുവന്നേ തീരു 

ഭൂമിയിൽ നിന്നും ദശലക്ഷക്കാണക്കിന് കിലോമീറ്ററുകൾക്കകലെ  മറ്റൊരു ഗ്രഹം,  മറ്റൊരു ഭൂമി , അതിലും മനുഷ്യർ .

എന്റെ ദൈവമേ , അങ്ങീ പ്രപഞ്ചത്തിൽ എന്തെല്ലാം രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നു ? ഇതിൽ ഞങ്ങളെയൊരു ഭാഗമാക്കി മാറ്റിയതിൽ ഞങ്ങൾ നന്ദി പറയുന്നു.

എങ്കിലും ഞങ്ങളുടെ നേർക്കാഴ്ചയിലുള്ള അത്ഭുതത്തെ ആരാണ് വിശ്വസിക്കുക ? 

ഈ സത്യത്തെ കണ്മുന്നിൽ കാണുന്ന ഞങ്ങൾക്കു പോലും വലിയൊരു അവിശ്വസനീയതയാണ് ഇതുളവാക്കുന്നതെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയുവാനുണ്ടോ ?

നാസ പോലും ഇതിനെ തള്ളിക്കളഞ്ഞേക്കാം 

അതങ്ങനെയാണ് 

സ്പേസിൽ പോയി തിരിച്ചു വന്നപ്പോൾ നിങ്ങൾക്ക് വട്ടു പിടിച്ചുവോയെന്ന്   ലോകം ചോദിച്ചേക്കാം 

 മനുഷ്യന്റെ ബുദ്ധിക്കും കഴിവിനും  ഭാവനക്കുമപ്പുറത്തുള്ളൊരു   അത്ഭുതത്തെ എങ്ങിനെയാണ് വിശ്വസിക്കുവാൻ കഴിയുക .?

മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ ജീസസ്സിന്റെ ജീവനുള്ള  ശരീരത്തിൽ തൊട്ടല്ലതെ താനീ സത്യം വിശ്വസിക്കുകയില്ലെന്ന്  ആണയിട്ട തോമാസിന്റെ മനോവ്യാപരത്തോട് തുല്യം  വലിയ വലിയ അത്ഭുതങ്ങൾക്കു പോലും സാക്ഷിയായിട്ടുള്ള   തോമാസു  പോലും  അവിടെ  അവിശ്വാസിയായിട്ടുണ്ടെങ്കിൽ  അത്ഭുതങ്ങൾ അനുഭവിച്ചറിയാത്ത  മറ്റുള്ളവരുടെ കാര്യം പറയുവാനുണ്ടോ  ?

അല്ലെങ്കിലും ചിലതങ്ങിനെയാണ് വിശ്വാസത്തിനും മേലെയുള്ളത്  അവിശ്വസനീയം എന്ന ഒറ്റവാക്കിൽ തന്നെ അവയെ ഒതുക്കേണ്ടിവരും.

ഞങ്ങളുടെ  വിശദീകരണങ്ങൾ കൊണ്ടൊന്നും ഒരിക്കലുമിത് ലോകത്തിന്  ഉൾക്കൊള്ളാനാകില്ല .

ഈ അത്ഭുതങ്ങൾക്കെല്ലാം നേർക്കാഴ്ചയായിട്ടുള്ള  ഞങ്ങൾ പോലും ഇതെല്ലാം  വിശ്വസിക്കണമോ വേണ്ടയോ എന്നുള്ളതിൽ കിടന്ന് ഉഴലുകയാണ്

സത്യമോ മിഥ്യയോ എന്നൊന്നും വിവേചിച്ചറിയുവാനാകാത്തൊരു   അവസ്ഥാ വിശേഷം .

 കടംകഥക്ക് ഉത്തരം തേടുന്നപോലെ  കാണുന്നതെല്ലാം ഭൂമിയിലുള്ളത്    പക്ഷേ ഭൂമിയല്ല .

പരിചയമില്ലാത്ത ഏതോ ഒരു  ദേശത്ത് എത്തിപ്പെട്ടത് പോലെ മാത്രം തോന്നുന്നു 

ചില സത്യങ്ങൾ അങ്ങിനെയാണ്

Truth is stranger than fiction.

അതേ അതാണ് സത്യം ചില സമസ്യകൾക്ക് ഒരിക്കലും വിശദീകരണം നല്കുവാനാകില്ല 

വിശ്വസിക്കുക അത്രമാത്രം  

ഇത്രയും പ്രതികൂല ഘടകങ്ങൾ  പിന്നിട്ട് ഈ ഒരു സത്യം തിരിച്ചറിഞ്ഞതിനെ നിയോഗം മാത്രമെന്നു വിളിക്കാം

Sometimes hardest way is better than easiest way

It will teach you ,  that

what  you are ? 

and 

who you are?

ചില സമയങ്ങളിൽ എളുപ്പമുള്ള വഴികളേക്കാൾ  നല്ലത് കഠിനമായ വഴികളാണ് 

അതു നമ്മളെ  പഠിപ്പിക്കുന്നു 

ആരാണ് നമ്മളെന്നും എന്താണ് നമ്മളെന്നും

നമ്മുടെയുള്ളിലുള്ള  കഴിവുകളെ അത് വെളിവാക്കിത്തരുന്നു  

വലിയ പാഠമാണത്, തിരിച്ചറിവാണ് 

നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുന്ന വലിയ പാഠം, നമുക്ക് ,  നമ്മളെത്തന്നെ വെളിവാക്കിത്തരുന്ന പ്രകൃതിയുടെ  പാഠം

 Lesson from the nature

മനുഷ്യർ ബുദ്ധിമാൻമാരെന്ന് സ്വയം അഹങ്കരിച്ചു  സ്വന്തം  കഴിവുകളെക്കുറിച്ച്  മനക്കോട്ടകൾ കെട്ടി പക്ഷെ അതെല്ലാം വെറും മനക്കോട്ടകൾ മാത്രമായിരുന്നു എന്നുള്ളതാണ് സത്യം 

ഈ പ്രപഞ്ചത്തിൽ തന്നെയുള്ള  മറ്റൊരു ഗ്രഹത്തിലെ  ജീവ സാന്നിദ്ധ്യം തിരിച്ചറിയാൻ പോലും നമ്മുടെ  ബുദ്ധികൊണ്ടും  വൈഭവം കൊണ്ടും  വികസിപ്പിച്ചെടുത്തീട്ടുള്ള ശാസ്ത്രശാഖകൾക്ക് കഴിഞ്ഞില്ല,

അതെന്തുകൊണ്ട് എന്ന ചോദ്യത്തിനിവിടെ  പ്രസക്തിയില്ല ആ തലത്തിലേക്ക് നമ്മൾ എത്തിച്ചേർന്നിട്ടില്ല അത്രതന്നെ.

എന്നാൽ ഇവരോ നമ്മുടെ ഭാഷയെ പോലും അവരിലേക്ക് പരിഭാഷപ്പെടുത്തിയെടുത്തിരിക്കുന്നു  .

 അന്യഗ്രഹങ്ങളെ കുറിച്ചുള്ള സങ്കൽപങ്ങളും , കാല്പനീകതകളും , ഭാവനകളും എല്ലാം തന്നെ പൊളിച്ചെഴുതപ്പെടേണ്ടിയിരിക്കുന്നു.

എത്ര വികലമായ ഭാവനകളും സങ്കൽപങ്ങളുമായിരുന്നു നമ്മളിതുവരേക്കും ഉള്ളിലേറ്റി കൊണ്ട് നടന്നിരുന്നത് ?
  
നമ്മൾ, നമ്മളെ മാത്രമേ ബുദ്ധിമാൻമാരായി കണ്ടിരുന്നുള്ളൂ  

നമ്മൾ , നമ്മളെ മാത്രമേ  കഴിവുള്ളവരായി തീർച്ചപ്പെടുത്തിയിരുന്നുള്ളൂ

നമ്മൾ നമ്മളെ മാത്രമേ മനുഷ്യരായി കരുതിയിരുന്നുള്ളൂ .

അതാണ് ബുദ്ധിശൂന്യതയുടെ ആദ്യ ലക്ഷണം .

എന്തൊക്കെയോ കോമാളി രൂപങ്ങളാണ് നമ്മൾ അവരുടെ മേൽ വരച്ചു വെച്ചത്  .

സത്യത്തിൽ നമ്മളാണ്  കോമാളികൾ .

വെറും കേട്ടറിവുകൾ കൊണ്ടും ഭാവനകൾ കൊണ്ടും ചിത്രങ്ങൾ മെനഞ്ഞവർ?  ബുദ്ധി രാക്ഷസ്സൻമാർ എന്നഭിമാനിക്കുന്ന പടുവിഡ്ഢികളായിരുന്നു നാം 

അല്ലെങ്കിലും നമ്മൾ എപ്പോഴും  മുന്നേ എറിയുന്നവർ തന്നേ  

വികലമാണെങ്കിൽ  കൂടി അതുതന്നെ ആവർത്തിച്ചു കൊണ്ടുമിരിക്കുന്നു.

കണ്മുന്നിൽ കാണുന്ന ഈ സത്യങ്ങളെ ഇനിയും ഉൾക്കൊള്ളാൻ മനസ്സിനാകുന്നില്ല , 

ഇത് ഭൂമി തന്നെയെന്ന്  ഞങ്ങൾ കരുതുന്നു  ഈ സാഹചര്യങ്ങൾ  ഞങ്ങളെ അങ്ങനെത്തന്നെ ചിന്തിപ്പിക്കാൻ നിർബന്ധിതരാകുന്നു
 
വ്യത്യസ്ഥങ്ങളായ സാഹചര്യങ്ങൾ എപ്പോഴും വ്യത്യസ്ഥതതകളെയും സമാന സാഹചര്യങ്ങൾ എപ്പോഴും അതേ സമാനതകളെയുമാണ് നമ്മിലുണർത്തുക 

അത് മനുഷ്യമനസ്സിന്റെ  അവിഭാജ്യഘടകം തന്നെയാണ് 

ആയതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ വ്യത്യസ്ഥമായി ചിന്തിക്കുവാൻ  ശ്രമിക്കുന്നുവെങ്കിലും അതുൾക്കൊള്ളുവാൻ ബുദ്ധിയും , മനസ്സും മടിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല   

ഈ ഭൂമിയിൽ നിന്നുകൊണ്ട്  ഇത് മറ്റൊരു ഗ്രഹമാണെന്ന് ഇവിടത്തെ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട്  യുക്തിയും ബുദ്ധിയും  അടിവരയിടുന്നുവെങ്കിലും അതിലും പൂർണ്ണതക്കുറവ് അനുഭവപ്പെടുന്നതിനുള്ള കാരണവും ആ സമാനതകളുടെ വലിയ സാമ്യം തന്നെയാണ് 

ഞാൻ തുടർന്നൂ 

അമേരിക്ക എന്നുള്ളത് ഒരു  രാജ്യത്തിന്റെ പേരാണ്  ഭൂമിയെന്ന ഞങ്ങളുടെ ഗ്രഹത്തിലുള്ളത്.

ഇവിടെ നിന്നും ഏകദേശം അറുന്നൂറ്റി നാൽപത് മില്യൺ  കിലോ മീറ്ററുകൾ  അകലെ സ്ഥിതിചെയ്യുന്ന ഭൂമിയെന്ന ഞങ്ങളുടെ മാതൃഗ്രഹത്തിലെക്കുള്ള തിരിച്ചുപോക്കിൽ  സോളാർ സൈക്ലോണിൽ  അകപ്പെട്ട്  യാദൃശ്ചികമായാണ് ഞങ്ങളിവിടെ  എത്തിപ്പെട്ടത് 

അടുത്ത സെക്കന്ററിൽ തന്നെ  ഞാൻ പറഞ്ഞതിന്റെ പൊരുൾ  ആ ഉപകരണസഹായത്താൽ അവർ മനസ്സിലാക്കിയെടുത്തു. 

ആ സൈനീകൻ  ആരോടൊക്കെയോ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു  കുറച്ചു നേരം അത് നീണ്ടുപോയി .

ഏതാനും നിമിഷത്തെ ആ  സംഭാഷണങ്ങൾക്കൊടുവിൽ അയാൾ എന്റെ അടുത്തു വന്ന് സാവധാനം  കുനിഞ്ഞ്  എന്റെ നെഞ്ചിൽ അയാളുടെ ശിരസ്സ് മുട്ടിച്ചു കൊണ്ട് ഹാർദ്ധവമായി പറഞ്ഞൂ .

തടപ്പി എസ്തിയാ ..(welcome to esthiya) 

ഞങ്ങളുടെ ഗ്രഹമായ എസ്തിയയിലേക്ക് നിങ്ങൾക്ക് ഹാർദ്ധവമായ സ്വാഗതം .

ഉസ്തു മിക്കിയ അസതോ എടിസ്താ എഫ്രോഫ്രീയൻ  (ഈ ഗാലക്സിയുടെ  അപ്പുറത്തുള്ള  നിങ്ങളുടെ ഗ്രഹത്തെ ഞങ്ങൾ വിളിക്കുന്നത്‌  എഫ്രോഫ്രിയൻ  എന്നാണ് )

അതായത് നമ്മുടെ ഭൂമി അവർക്ക് എഫ്രോഫ്രിയൻ ആണ് .

ഞങ്ങളുടെ ലോകത്തിലേക്ക്  നിങ്ങൾക്ക് ഹാർദ്ദവമായ  സ്വാഗതം .
  
ആ സ്വാഗതം ഞങ്ങളുടെ മനസ്സുനിറച്ചു,

 ആശങ്കകളെല്ലാം ഒഴിഞ്ഞു പോയി         

അതേ , ഇതാണ് സത്യം അതല്ലാതെ സിനിമകളിൽ കാണുന്നത്  പോലെ  അന്യഗ്രഹ ജീവികൾ നമ്മളെ ആക്രമിക്കാൻ വരുന്നു , ലേസർ തോക്കുകൾ കൊണ്ട് അവർ നമ്മളെ കരിച്ചു കളയുന്നു , അമേരിക്കൻ പ്രസിഡണ്ടിനേപ്പോലും ചാമ്പലാക്കിക്കളയുന്നു  .

 എന്തൊക്കെയായിരുന്നു നമ്മുടെ ഭാവനകൾ ?, 

ഒരു ലോജിക്കും ഇല്ലാത്ത ശുദ്ധവിഡ്ഢിത്തങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ വന്ന ക്രിയേഷൻസ്  .

സത്യത്തിൽ ആ ക്രിയേറ്റിവിറ്റികളെയൊന്നും കുറ്റം പറയുവാൻ സാധിക്കുകയില്ല കാരണം അതെല്ലാം ക്രിയേറ്റിവിറ്റികൾ മാത്രമാണെന്നുള്ളതു കൊണ്ട് തന്നെ   

 ഇതെല്ലം ഓരോരുത്തരുടേയും ഭാവനകളിൽ വിരിയുന്ന  വ്യത്യസ്തങ്ങളായ  തലങ്ങൾ മാത്രം 

ഈ ഒരു സത്യം തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കിൽ നമ്മുടെ ഉള്ളിലുള്ള  ചിത്രവും ഇതൊക്കെത്തന്നെയായിരിക്കുമല്ലോ  .

പറക്കും തളിക പോലെയുള്ള ആ കൊച്ചു വീമാനത്തിനകത്തെക്ക് ആ സൈനികൻ ഞങ്ങളെ നാലു പേരേയും ആനയിച്ചു .

പുറത്തേക്ക് ചെറുതെന്ന് തോന്നിപ്പിച്ചെങ്കിലും ഉള്ളിൽ വിശാലമായ സൌകര്യങ്ങളോട് കൂടിയ ഒരു വ്യോമയാനം തന്നെയായിരുന്നൂവത് .

ഞങ്ങൾ നാലുപേർക്കും  മൌത്ത് പീസ്‌ പോലെയുള്ള  ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ട്  ആ സൈനികൻ ഞങ്ങളോടായി  പറഞ്ഞു  .

ഇതീ  ട്രാൻസ്ലേറ്ററിന്റെ ചെറിയൊരു പതിപ്പാണ്‌

ഈ ടെക്നോളജി എന്താണ് അതിനെ  വിളിക്കേണ്ടത്?  

അത്ഭുതാവഹം,  അവിശ്വസനീയം 

ഇത്തരത്തിലുള്ള വാക്കുകൾ ഒരുപാടെടുത്ത് പ്രയോഗിച്ചാൽ പോലും അതിനെ ഉൾക്കൊള്ളുവാനുള്ള ശേഷി  ലഭിക്കുകയില്ല എന്നുള്ളതാണ് സത്യം.

ഇവിടെ വന്നുചേർന്നതിനു ശേഷം കണ്ടുകഴിഞ്ഞത് ഞങ്ങളെ ഇത്രക്കധികം അത്ഭുതപ്പെടുത്തിയുട്ടുണ്ടെങ്കിൽ  ഇനി കാണാനുള്ളതു കൂടിയാകുമ്പോൾ എന്തായിരിക്കും  അവസ്ഥ  ?

അതിനെക്കുറിച്ചൊന്നും ഘട്ടത്തിൽ ചിന്തിക്കാതിരിക്കുകയാണ് നല്ലത് കാരണം അത് ഞങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല എന്നതുകൊണ്ട് തന്നെ . 
       
അന്യഭാഷയെ , 

അന്യഗ്രഹത്തിലൊരു ഭാഷയെ , ആ ഭാഷ സംസാരിക്കുന്ന  അതേ സമയത്തു തന്നെ അനലൈസ് ചെയ്ത് പരിവർത്തനം ചെയ്യുന്നത് അതിവ നൂതനവും വിശാലവുമായ  ഒരു ശാസ്ത്ര  ശാഖയുടെ  നേർ സാക്ഷ്യമായിത്തന്നെ വിലയിരുത്തേണ്ടി വരും.

നമ്മളെക്കുറിച്ച് അവർക്ക് വളരെ വ്യക്തമായ ധാരണയുണ്ടെന്നുള്ളതിന്റെ തെളിവുതന്നെയാണത്  .

തീർച്ചയായും അങ്ങിനെത്തന്നെ.

പതിയെ പതിയെ എല്ലാം വളരെ വിശദമായിത്തന്നെ ഞങ്ങൾക്കുമുന്നിൽ   അനാവരണമാക്കപ്പെടുമെന്നു പ്രതീക്ഷിക്കാം .

 ഞങ്ങൾ നാലുപേരും പരസ്പരം നോക്കി

ഒരേ വികാരങ്ങളും വിചാരങ്ങളും മഥിച്ചുകൊണ്ടിരിക്കുന്ന നാലു മുഖങ്ങൾ

അതു  കൃത്യമാണുതാനും  

ചില സമയങ്ങളിൽ മൗനം,  ഭാഷയുടെ അതിർവരമ്പുകളെ  ഭേദിച്ചുകൊണ്ട് നിശബ്ദമായി ആശയവിനിമയം നടത്തുന്നുവെന്നുള്ളതാണ്   .

പറക്കും തളിക,  ഈ വിമാനത്തെ ഞാൻ അങ്ങിനെത്തന്നെ വിളിക്കട്ടെ .

അതല്ലാതെ പിന്നെ വേറെയെന്തു പറഞ്ഞാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് എനിക്കറിയത്തില്ല 

പറക്കും തളികകളെ ,  പറക്കും തളികകൾ എന്നുതന്നെ വിളിക്കുന്നതാണ് ഉചിതം.

ഭൂമിയിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പറക്കും തളികകൾ തന്നെയാണോ ഇതും ?

അങ്ങിനെയെങ്കിൽ, അങ്ങിനെയെങ്കിൽ ?

മിഥ്യകളെന്ന് അല്ലെങ്കിൽ ഭാവനകൾ മാത്രമെന്ന്  നമ്മൾ കരുതിപ്പോന്നിരുന്ന  പറക്കും തളികകൾ സത്യമായിരുന്നുവോ ? പറക്കും തളികകൾ അവിടെ പ്രത്യക്ഷപ്പെട്ടു , ഇവിടെ പ്രത്യക്ഷപ്പെട്ടു എന്ന് പ്രചരിച്ചു കൊണ്ടിരുന്നത് ഊഹാപോഹങ്ങൾ മാത്രമല്ലായിരുന്നുവോ ?

 എങ്കിൽ ?

ആ എങ്കിൽ  വലിയൊരു ചോദ്യമാണ് എന്റെ മുന്നിലുയർത്തിയത് .

നമ്മുടെ ഭൂമിയിലെ സ്ഥിരം സന്ദർശകരായിരുന്നുവോ ഇവർ ?

ആയിരുന്നുവോ? 

വിശ്വസിക്കുവാനാകാതെ ഞാൻ എന്നോട് തന്നെ ആ ചോദ്യം ആവർത്തിച്ചു.

ഇങ്ങനെ ഒരുപാടൊരുപാട് സംശയങ്ങൾ  എന്റെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടുന്നു   ഒരുപാട് സമസ്യകൾ അതിനുള്ളിൽ  ഒളിഞ്ഞിരിക്കുന്നു  കടംകഥയുടെ കണ്ണികൾ ഓരോന്നായി  അഴിയുമ്പോൾ അതിലൂടെ തെളിയുന്നത് ,  വിചിത്രമായിരുന്നു എന്ന്  നമ്മൾ കരുതിപ്പോന്നിരുന്ന ചില സത്യങ്ങളുടേയോ,  അല്ലെങ്കിൽ  മിഥ്യയെന്ന സങ്കല്പത്തിലൂടെ നമ്മൾ നോക്കിക്കണ്ടിരുന്ന ചില സത്യങ്ങളുടേയോ  ഉള്ളറകളിലേക്കാണ്  .

ആയിരിക്കാം,  പറക്കും തളികകൾ എന്ന് വിളിക്കാവുന്ന ഈ വ്യോമയാനങ്ങൾ ആ തെളിവുകൾ തന്നെയല്ലേ ഇപ്പോൾ മുന്നിൽ നിരത്തുന്നത്

അല്ലെങ്കിൽ നമ്മുടെ ഭാവന അത്രക്കും വിശാലമായ രീതിയിൽ ഉണ്ടാക്കിയെടുത്ത ക്രിയേറ്റിവിറ്റിക്കും,  ഈ പറക്കും തളികകൾക്കും  ഒരേ സാമ്യം തന്നെ കൈവന്നിരിക്കുന്നത്  വെറുമൊരു  യാദൃച്ഛികതയുടെ ഭാഗമെന്നു മാത്രം കരുതേണ്ടി വരുമോ ?

അങ്ങിനെയെങ്കിൽ?  

ആദ്യത്തെ ചോദ്യങ്ങളേയും ഉത്തരങ്ങളെയും  ഖണ്ഡിച്ചുകൊണ്ട്  മറുചോദ്യം  ഉയർന്നു വരുന്നു . 

നമ്മെളെക്കുറിച്ച് വളരെ  ആഴത്തിലുള്ളൊരറിവ്‌  ഇവർക്കില്ലായിരുന്നുവെങ്കിൽ  നമ്മുടെയൊരു ഭാഷയെ എങ്ങിനെയിത്ര ലാളിത്യത്തോടു കൂടി ഇവർ   കൈകാര്യം ചെയ്യുന്നു?

അപ്പോൾ ഇവർ നമ്മുടെ ഗ്രഹത്തിലെ സ്ഥിരം സന്ദർശകർ തന്നെയായിരുന്നു പറക്കും തളികകൾ സത്യമായിരുന്നു 

ചോദിച്ചാലോ ? 

എന്താണ് ചോദിക്കേണ്ടത്

നിങ്ങൾ,  ഞങ്ങളുടെ ഗൃഹത്തിലെ  സ്ഥിരം സന്ദർശകർ ആയിരുന്നുവെന്നോ?

നിങ്ങളുടെ ഗ്രഹത്തിലെ  ഭാഷ ഞങ്ങൾ കൈകാര്യം ചെയ്യുന്നത് കണ്ടിട്ട് എന്ത് തോന്നി എന്നുള്ളൊരു  മറുചോദ്യം അവരെന്നോട് തിരിച്ചു ചോദിച്ചാലോ 

വേണ്ട , ഇപ്പോഴൊന്നും  വേണ്ട  ഇനിയും സമയമുണ്ടല്ലോ 

സംശയങ്ങൾ വിട്ടൊഴിയാത്ത മനസ്സുമായി ഞാൻ പുറത്തേക്ക് നോക്കി . 

ആ ആകാശയാനം ഞങ്ങളേയും വഹിച്ചു കൊണ്ട് പറക്കുകയാണ് 

വയർലെസ്സ്  പോലെയുള്ള ഉപകരണത്തിൽ കൂടി സൈനികൻ എന്തൊക്കെയോ  സംസാരിക്കുന്നു  .

ആരും തന്നെ ആ പറക്കും യാനത്തെ നിയന്ത്രിക്കുന്നില്ല , ഓട്ടോ പൈലറ്റ് സംവിധാനം പോലെ അതങ്ങനെ അന്തരീക്ഷത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു .

വിശാലമായ  സ്ക്രീനിൽ താഴെയുള്ള   ഭൂമിയുടെ ചിത്രങ്ങൾ 

ഭൂമി തന്നെയെന്ന്  ഞാൻ വിളിക്കട്ടെ ,

അവർക്കിത് ''എസ്തിയ''  

ഞാൻ താഴോട്ട്  നോക്കി തറനിരപ്പിൽ  നിന്നും ഏകദേശം ഇരുന്നൂറ് അടി ഉയരത്തിൽ കൂടി മാത്രമാണ്  ഈ ആകാശയാനം  പറന്നു കൊണ്ടിരിക്കുന്നത് അതോടൊപ്പം  സമാനമായ പറക്കും തളികകളും ഞങ്ങളെ അനുഗമിച്ചുകൊണ്ടിരുന്നു .

ഇത്രയും താഴ്ന്നു പറന്നാൽ  ഇത് എവിടെയെങ്കിലും ഇടിക്കുകയില്ലേ ? കെട്ടിടങ്ങളിൽ  , മരങ്ങളിൽ ,  അല്ലെങ്കിൽ  ഉയരമുള്ള മറ്റെന്തെങ്കിലും വസ്തുക്കളിൽ  ?

പക്ഷേ ഞാനത് ചോദിച്ചില്ല 

എന്തുകൊണ്ട് ചോദിച്ചില്ല എന്നുള്ളതിന് ചോദിക്കാൻ തോന്നിയില്ല അത്രതന്നെ 

സംശയനിവാരണത്തിന് ചോദ്യങ്ങൾ അനിവാര്യമാണ്

പക്ഷേ  എന്റെ ചില സംശയങ്ങൾ ഇവിടെ  ചോദിക്കുവാൻ എനിക്ക്  വിമുഖത തോന്നുന്നു 

എന്താണതിന്റെ  കാരണമെന്ന് എനിക്കു വിശദീകരിക്കുവാനാകുന്നുമില്ല .

അല്ലെങ്കിൽ തന്നെ  ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്താണർത്ഥം  ?

ബാലിശമെന്നുളത് എന്റെ ചോദ്യത്തിന് ഞാൻ നൽകുന്നൊരു കാഴ്ചപ്പാടാണ് അല്ലെങ്കിൽ ആ ചോദ്യത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച്  എനിക്ക് സ്വയം തോന്നുന്നൊരു സംശയമാണ്.  

എന്നിരുന്നാൽ കൂടി എനിക്ക് ഉത്തരം കിട്ടേണ്ട ഒരു ചോദ്യം തന്നെയാണിത്  പക്ഷേ കേൾക്കുന്ന അവർക്ക് അതൊരുപക്ഷേ  ബാലിശമായി തോന്നുകയാണെങ്കിലോ എന്നുള്ള സംശയമാണ്  എന്നെ പിന്തിരിപ്പിക്കുന്നത്
 
ശാസ്ത്രജ്ഞനായ ഞാൻ ഒരു വിഡ്ഢിയുടെ മേലാപ്പണിഞ്ഞുകൊണ്ട്  അനാവശ്യ ചോദ്യങ്ങൾ ഇവരുടെ മുന്നിൽ ഉന്നയിക്കണമോ?

എന്റെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവർ   ഭൂമിയെക്കുറിച്ച് വിലയിരുത്തുക  ഇത്ര നിസ്സാര സംശയങ്ങളും പേറി നടക്കുന്ന ഇയാളാണോ ശാസ്ത്രജ്ഞൻ ? 

ഇങ്ങനെയുള്ളവരാണോ ഭൂമിയിലുള്ളത്? എങ്കിൽ ഭൂമിയുടെ കാര്യം പരിതാപകരം തന്നെയെന്നിവർ ധരിച്ചു വശായാലോ ?

മനുഷ്യ മനസ്സ്  നേരിടേണ്ടി വരുന്ന വലിയൊരു സങ്കീർണ്ണത തന്നെയാണിത് പലപ്പോഴും മറ്റുള്ളവരുടെ ആശയങ്ങളെക്കാളും വീക്ഷണങ്ങളെക്കാളും ഉന്നതിയിലാണ് നമ്മുടെ സ്ഥാനമെങ്കിലും പലപ്പോഴും അത് തുറന്നു പറയുന്നതിൽ നമുക്കൊരു വിമുഖത തോന്നുന്നു അതു അനാവശ്യമായി നമ്മളെ പിന്തിരിപ്പിക്കുകയോ പുറകോട്ട് വലിക്കുകയോ ചെയ്യുന്നു 

ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒരു അവസ്ഥാന്തരമാണത് മറ്റുള്ളവർക്ക് എങ്ങിനെയാണെന്ന് എനിക്കറിയില്ല

ഞാൻ ഭൂമിയിലുള്ള കാര്യമാണ് പറഞ്ഞത് 

ദിസ് ഈസ് നോട്ട് ആപ്പ്ളിക്കബിൾ ഹിയർ  

 ഭൂമിയിലെ പ്രശസ്തരും  പ്രഗത്ഭരുമായിട്ടുള്ളവരുടെ നിലവാരത്തിന്റെ തോത് എന്റെ വിഡ്ഢിച്ചോദ്യം കൊണ്ട് ഇവർ അളന്നെടുക്കുമോ ?

ചില സമയങ്ങളിൽ  ഞാനെന്തിനാണ്  ഇത്രയും ആഴങ്ങളിലേക്ക് അനാവശ്യമായി  കൂപ്പു കുത്തുന്നത്  എന്നുള്ളത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു

വിഡ്ഢി ചോദ്യങ്ങൾ എന്നൊന്നില്ല 

ഇത്തരം ചോദ്യങ്ങളെ വിഡ്ഢിത്തത്തിന്റെ ലക്ഷണങ്ങളുമായി   കണക്കാക്കേണ്ടതുമില്ല ഒരു വസ്തുതയെ മറ്റൊരു കോണിൽ നിന്നും നോക്കിക്കാണുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചില സംശയങ്ങളെ ദൂരീകരിക്കുവാനുള്ള മാനദണ്ഡത്തിന്റെ തലമായി മാത്രമതിനെ കണ്ടാൽ മതി എന്നുള്ളതാണ് എന്റെ പക്ഷം  

മറ്റൊരു  തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ  ഉയർന്നു വരുന്ന സംശയങ്ങളെ അനലൈസ് ചെയ്തെടുക്കൽ കൂടിയാണിത്.

പലപ്പോഴും ഇത്തരത്തിലുള്ള  വിഡ്ഢിച്ചോദ്യങ്ങളിൽ നിന്നുമാണ്  മഹത്തായ പല ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്ന തത്വാദിഷ്ഠിധമായ  വിശദീകരണവും ഇതിന് പിൻബലമേകുന്നു.

ഒരു വശത്തുനിന്നും നോക്കുമ്പോൾ കാണപ്പെടുന്ന രൂപം തന്നെയാണ് ആ വസ്തുവിന്റെ  മറുവശത്തുമെന്ന്  വെറും ഊഹത്തിലൂടെ  തീർച്ചപ്പെടുത്തുന്നതാണോ യുക്തിപരം ? അതോ ആ  സത്യാവസ്ഥ മനസ്സിലാക്കുന്നതിനായി അതിന്റെ മറുവശത്തും പോയി നോക്കുന്നതാണോ   ഉചിതമായിട്ടുള്ളത് ?

തീർച്ചയായും അതു തന്നെയാണ് ഉചിതമായിട്ടുമുള്ളത് അല്ലാതെ നമ്മൾ ഒരുവശത്തുനിന്നും നോക്കുമ്പോൾ കാണുന്ന രൂപം തന്നെയാണ് അതിന്റെ മറുവശത്തുമെന്ന് ഒരു ഇമാജിനേഷനിലൂടെ തീർച്ചപ്പെടുത്തുന്നത് വിവേകപരമല്ല 

 ഞാൻ വല്ലാതെ ചിന്തിച്ചു കൂട്ടുന്നു  ഒരു കണക്കിനത് വളരെ നല്ലതാണ് ചിന്തകൾ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നു ബുദ്ധിയുടെ  ഉത്തേജനം പുതിയ തലങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും  അവയെ വിശകലനം ചെയ്യുന്നതിനും നമ്മളെ പ്രാപ്തരാക്കുന്നു .  

ഒരു പക്ഷേ എന്റെ ചോദ്യങ്ങളൊട് അവരങ്ങിനെയൊന്നും പ്രതികരിക്കില്ലായിരിക്കാം

 തീർച്ചയായും അങ്ങിനെത്തന്നെയാകണം  എന്നു തന്നെയാണെന്റെ വിശ്വാസം  കാരണം പെരുമാറ്റത്തിലെ കുലീനത്വം വ്യക്തിത്വ മഹത്വത്തെ  എടുത്തുകാണിക്കുന്നു .

പിന്നെ അങ്ങനെ ചിന്തിക്കാൻ അവരാരും മനുഷ്യരല്ലല്ലോ ?  .

 മനുഷ്യരല്ല എന്നുള്ളതുകൊണ്ട് ഞാൻ അർത്ഥമാക്കിയത്, 

ഭൂമിയെന്ന  ഗ്രഹത്തിൽ മാത്രമാണ് മനുഷ്യരെന്ന വാക്കിലൂടെ (humans)  നമ്മളെന്ന വർഗ്ഗത്തെ  അഭിസംബോധന ചെയ്യുന്നത്. ഇവിടെയത് മറ്റേതെങ്കിലും വാക്കുകളോ വാചകങ്ങളോ ആയിരിക്കാം.

വല്ലാത്തൊരു വിശദീകരണം തന്നെയാണത് കുറച്ചു മുമ്പു വരേയ്ക്കും മനുഷ്യരെന്നു പറഞ്ഞാൽ മാത്രം മതിയായിരുന്നു എന്നാലിപ്പോൾ ആ മനുഷ്യരെ കൃത്യമായും ഫോക്കസ് ചെയ്യുവാൻ ഭൂമിയെന്ന അടിസ്ഥാനം കൂടി എടുത്ത് ഉപയോഗിക്കേണ്ടി വരുന്നു 

കാരണം മനുഷ്യകുലം മറ്റു ഗ്രഹത്തിലും ഉണ്ടെന്നുള്ളതു കൊണ്ട് തന്നെ ഇനി ഇവരെ എന്താണ് വിളിക്കുന്നതെന്ന് തീർച്ചപ്പെടുത്തുന്നിടത്തു വരെ അതങ്ങനെ തന്നെ മുന്നോട്ട് പോവുകയും ചെയ്യും 

ഞാൻ കൂടി ഉൾപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ വീക്ഷണത്തിലൂടെ ചിന്തിക്കുന്നത് കൊണ്ടായിരിക്കണം ഒരുപക്ഷേ  എനിക്കിങ്ങനെയെല്ലാം   തോന്നുന്നത് എന്നാലിവിടെയിവർ എന്നെക്കാൾ ഉയർന്ന രീതിയിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ  എന്റെ ചിന്തകൾ യുക്തിരഹിതവും  സാങ്കല്പീകവും എന്റെ വീക്ഷണങ്ങൾ നിലവാരമില്ലാത്തതുമായി മാറുന്നു  .

എന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഞാനവരുടെ വീക്ഷണങ്ങളെ അനലൈസ് ചെയ്തെടുക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ അതൊരു വിഡ്ഢിത്തമാണ് എന്നു തന്നെ ഞാൻ എന്റെത്തന്നെ നിഗമനങ്ങളെ വിലയിരുത്തുകയാണ് .

മനുഷ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട് എന്നുള്ളത് കൊണ്ട് ഞാൻ അർത്ഥമാക്കുന്നത് അല്ലെങ്കിൽ ആ സ്റ്റേറ്റ്മെന്റിന്  അടിവരയിടുന്നത് നമ്മുടെ സംസ്കാരത്തിന്റെയും , ജീവിത ശൈലികളുടേയും , പെരുമാറ്റ രീതികളുടേയും ആകെത്തുകയിലൂടെ ഉരുത്തിരിഞ്ഞു വന്ന  പൊതു സ്വഭാവത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടുമാണ് 

ഞാനുൾപ്പെടുന്ന മനുഷ്യസമൂഹത്തിന്റെ പൊതുസ്വഭാവത്തെ എന്റേതായ  കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ തന്നെ  അത്ര നല്ലൊരു മതിപ്പ് ആ വർഗ്ഗത്തിൽ നിന്നുള്ളവനായിട്ട് കൂടി എനിക്ക് തോന്നുന്നില്ലയെന്നുള്ളത് മനുഷ്യകുലത്തിന്റെ, നമ്മൾ അനുവർത്തിച്ചു പോരുന്ന സംസ്കാരത്തിന്റെ ആകെയുള്ള ഒരു വിലയിരുത്തലായി മാത്രം കണ്ടാൽ മതി  .

ഇത് മനുഷ്യകുലത്തെ മൊത്തം അടിവരയിട്ടുകൊണ്ടുള്ള ഒരു വിലയിരുത്തലല്ല  എന്നുള്ളതും ഞാനിവിടെ അടയാളപ്പെടുത്തുകയാണ്

വ്യത്യസ്തമായ ശൈലികൾ വെച്ചുപുലർത്തുന്നവരും ധാരളമുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ടതില്ല 

ഇത്തരം വിഷയങ്ങളെല്ലാം അനലൈസ് ചെയ്യേണ്ടുന്ന സന്ദർഭം ഇതൊന്നുമല്ലായെങ്കിലും,  ചില വസ്തുതകളിലൂടെ  കടന്നുപോകുമ്പോൾ   അനുബന്ധമായി ഇതിലേക്കും എത്തിനോക്കിയേ തീരു എന്നുള്ളതാണ് സത്യം അല്ലെങ്കിലാ  വിശദീകരണങ്ങളിൽ  പൂർണ്ണതക്കുറവ് അനുഭവപ്പെടുമെന്നുള്ളത്  എന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നുള്ളതുകൊണ്ട് മാത്രമാണ് അനവസരത്തിലാണെങ്കിൽ കൂടി  ഇത്തരം  വിശദീകരണങ്ങൾക്ക് ഞാൻ മുതിരുന്നതും .

അനുയോജ്യമല്ലാത്ത സമയത്ത് അനുയോജ്യമല്ലാത്ത കാര്യങ്ങൾ പറയുന്നത്   അനുചിതമല്ലെന്നുള്ളത്  ശരിതന്നെയെങ്കിലും , ചില സമയങ്ങളിൽ അതിന്റെ  പ്രായോഗികമായ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഇത്തരത്തിലുള്ള പ്രിക്രിയകളിൽ തെറ്റില്ലെന്ന് തന്നെ  ഞാൻ ഉറച്ചു വിശ്വസിക്കുന്നു .

സത്യത്തിൽ എന്റെയീ  സംശയങ്ങളിൽ  യാതൊരു വിഡ്ഢിത്തവുമില്ല 

വീമാനങ്ങൾ സാധാരണ ഉയരത്തിലാണ് പറക്കാറുള്ളതും,  പറക്കേണ്ടതും പിന്നെ,   എന്ത് കൊണ്ട് ഇവിടെ  ഇത്ര താഴ്ന്നു പറക്കുന്നുവെന്നുള്ളത് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് .

പക്ഷേ,  ആ സംശയത്തെക്കുറിച്ച്  എനിക്കിപ്പോൾ ചോദിക്കുവാൻ  തോന്നുന്നില്ല ചിലപ്പോൾ  ഈ യാത്രയിൽ തന്നെ എനിക്കതിനുള്ള ഉത്തരവും  ലഭ്യമാകുമായിരിക്കാം  

അല്ലെങ്കിൽ അനുയോജ്യമായൊരു സന്ദർഭത്തിൽ അതാവാം .

ഞാൻ വീണ്ടും താഴോട്ട് നോക്കി .

എങ്ങും പച്ചപ്പു നിറഞ്ഞ പ്രദേശങ്ങൾ  ചെറിയ ചെറിയ അരുവികൾ,   കുന്നുകൾ,  വിശാലമായ സമതലങ്ങൾ  വയലുകൾ  ചില വലിയ  നദികൾ അങ്ങിനെ മനോഹരമായ കാഴ്ചകളാണ് എനിക്കത് പ്രധാനം ചെയ്തത്  .

ശരിക്കും ഭൂമിയിലൂടെ യാത്ര ചെയ്യുന്ന പ്രതീതി .

ഭൂമിയുടെതിനോട് സമാനമായെന്ന്  പറയുന്നതിൽ യാതൊരു അർത്ഥമില്ല  ശരിക്കും ഭൂമി തന്നെയെന്നുള്ള വിശേഷണമായിരിക്കും ഉചിതവും സത്യവും.

നമ്മളെപ്പോലെ മനുഷ്യരുള്ള, ജീവിത സാഹചര്യങ്ങളുള്ള ,  കാലാവസ്ഥയുള്ള  മറ്റൊരു ഗ്രഹം,  ഭൂമിയിൽ നിന്നും കോടിക്കണക്കിനു കിലോ മീറ്ററുകൾക്കപ്പുറത്ത് .

എസ്തിയ 

ജീവിത സംസ്കാരത്തിലും ഭാഷയിലുമുള്ള അന്തരങ്ങൾ മാത്രം അതിൽ കൂടുതലുള്ള  അത്ഭുതങ്ങൾ എന്തൊക്കെയെന്ന്  ഇനി കാണാനിരിക്കുന്നതേയുള്ളൂ .

കാത്തിരുന്നു കാണുക .

 ചെറിയ വീടുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള  എന്തോ  ചിലത്  അവക്കിടയിൽ  മുതിർന്നവർ, കുട്ടികൾ , സ്ത്രീകൾ , അതോടൊപ്പം നാൽക്കാലികളും 

ഗ്രാമം.  

വാഹനങ്ങൾ പോലെ എന്തൊക്കെയോ നിരത്തുകളിലൂടെ നീങ്ങുന്നു പക്ഷേ  യാതൊരു ധാരാളിത്തവുമില്ല  ഒന്നോ രണ്ടോ  അത്രമാത്രം.

ആകെ നിശബ്ദത നിറഞ്ഞു നിൽക്കുന്നു ഇത്രയും ദൂരത്തിനിടയിൽ ഒരിടത്തും  തിരക്കിന്റെതായ യാതൊരു വിധ  ലക്ഷണങ്ങളും കാണുവാൻ എനിക്ക്  കഴിഞ്ഞില്ല .

നഗരങ്ങളുടെ തിരക്കാണ് ഞാൻ ഉദ്ദേശിച്ചത് 

 ഒരു പക്ഷെ  ഞങ്ങളുടെ യാത്രാ പഥമെന്നുള്ളത്  നഗരങ്ങളുടെതിനു മുകളിൽ കൂടി ആയിരിക്കുകയില്ല .

ഏകദേശം അര മണിക്കൂറോളമെടുത്ത ആ യാത്രക്കു  ശേഷം  ഞങ്ങൾ സമതലം പോലെയുള്ള  വിശാലമായൊരു  പ്രദേശത്തു ലാൻഡ് ചെയ്തു 
പ്രത്യേകമിതെടുത്തു പറയുവാൻ കാരണം ഒരു എയർപോർട്ട് എന്നുള്ള കോൺസെപ്റ്റിനോട് ഒരിക്കലും അനുയോജ്യമെന്ന് കരുതാവുന്ന യാതൊരു വിധ സംവീധാനങ്ങളും അവിടെയുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു .

ലാൻഡ് ചെയ്യുമ്പോഴും എന്റെ പല സംശങ്ങളും സംശയങ്ങളായി തന്നെ അവശേഷിച്ചിരുന്നു .  

ടെന്റുകളെ അനുസ്മരിക്കും പോലെയുള്ള  കെട്ടിടങ്ങൾ ചുറ്റിലും  .

കെട്ടിടങ്ങൾ എന്നൊന്നും തന്നെ അവയെ  വിളിക്കുവാനാകില്ല  കൂടാരങ്ങളെന്നും കരുതുവാനാകില്ല,  ടെന്റുകളുടെ വലുപ്പവും രൂപവും ആകൃതിയും പേറുന്ന അവക്കൊന്നും തന്നെ  അധികം ഉയരമില്ല .

ഒരു നിര ബിൽഡിംഗുകളുടെ ഉയരം മാത്രമാണ് അവക്കെല്ലാം ഉണ്ടായിരുന്നത് 

ആ സൈനീകൻ  അവിടെയുള്ള കൂടാരം എന്നു തന്നെ ഞാൻ വിളിക്കട്ടെ, അതിനുള്ളിലേക്ക്   ഞങ്ങളെ 
കൂട്ടിക്കൊണ്ട് പോയി .

വിശാലമായ ആ ഹാളിനുള്ളിൽ കുറച്ചു പേർ നിരന്നു നിന്നിരുന്നു .

എല്ലാവരും തന്നെ  നെടുങ്കൻ കുപ്പായങ്ങളാണ് ധരിച്ചിട്ടുണ്ടായിരുന്നത്  അറബി വസ്ത്രങ്ങളോട് (thobe ) വളരെയധികം സാമ്യം പുലർത്തുന്ന തരത്തിലാണ് അവയെന്നാണ് എനിക്ക് ഒറ്റ നോട്ടത്തിൽ തോന്നിയത് 

ആ കൂട്ടത്തിൽ നിന്നുമൊരു വ്യക്തി  മുന്നോട്ട് വന്ന് അയാളുടെ ശിരസ്സ് എന്റെ  നെഞ്ചിൽ മുട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് സ്വാഗതമോതി  

ഞങ്ങളുടെ ഗ്രഹമായ  എസ്തിയയിലേക്ക് , എഫ്രോഫ്രിയയിൽ നിന്നുമുള്ളവർക്ക് സ്വാഗതം .

അദ്ദേഹം അനുവർത്തിച്ചത് പോലെ മറ്റുള്ളവരും ഞങ്ങൾക്ക് സ്വാഗതമോതി .

ഞങ്ങളും അവരോട് നന്ദി രേഖപ്പെടുത്തി .

ആ കൂട്ടത്തിൽ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു

നീണ്ടൊരു  യാത്രയുടെ അപ്രതീക്ഷിത ട്വിസ്റ്റ് അല്ലേ ? 

എനിക്ക് സ്വാഗതമോതിയ വ്യക്തിയിൽ നിന്നുമായിരുന്നു അതുയർന്നത് 

 ചുരുങ്ങിയ വാക്കുകളിൽ  ഞാനെല്ലാം തന്നെ അവരോട്  വിശദീകരിച്ചു .

ആ ഉപകരണം അപ്പപ്പോൾ തന്നെയതു  പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു ,

എന്നെക്കാൾ ഭാഷാപരമായ ചടുലത ആ ഉപകരണം പലപ്പോഴും  പ്രകടിപ്പിക്കുന്നുണ്ടോയെന്ന് പോലും എനിക്കതു കേട്ട്  സംശയം തോന്നി .

ഭൂമിയിലേക്കുള്ള യാത്രയിൽ  സ്ഫോടന ഫലമായി രൂപം കൊണ്ട ആ   സൈക്ലോണിൽ അകപ്പെട്ടാണ് ഞങ്ങൾ ഇവിടെയെത്തിയത്,   സത്യത്തിൽ ലാൻഡ്‌ ചെയ്യുമ്പോൾ പോലും ഇത് ഭൂമിയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ .

ഈ നിമിഷത്തിൽ പോലും ഞങ്ങൾക്കതിൽ നിന്നും  മാറി  ചിന്തിക്കുവാൻ  കഴിയുന്നില്ല . 

ഞങ്ങളുടെ വിശ്വാസം ഇത് ഭൂമി തന്നെയെന്ന് പക്ഷേ സത്യം മറ്റൊരു തരത്തിലും കോടിക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്  ഭൂമിയിടെതിനു  സമാനമായൊരു  ഗ്രഹം ഞങ്ങളുടെ വിദൂര ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല .

ചില സത്യങ്ങൾ സത്യങ്ങളാണെന്ന് തിരിച്ചറിയുന്നിടത്താണ് ഏറ്റവും അവിശ്വസനീയത തോന്നുക (എഹോക്യ എഹോക്യയാൻ വാരത്തണ്ടു നിസഹമാസു വേരെയാണ് )

അദ്ദേഹം തുടർന്നു 

നിങ്ങളുടെ ഗ്രഹമായ  എഫ്രോഫ്രിയയെക്കുറിച്ച് (ഭൂമി )  നൂറ്റാണ്ടുകൾക്ക് മുന്നേ എല്ലാം ഞങ്ങൾ  മനസ്സിലാക്കിയിരുന്നു  ഒരു പക്ഷേ നിങ്ങളെക്കാൾ അധികമായി 

ആശ്ച്യര്യത്താൽ ഞങ്ങളുടെ വാ  തുറന്നുപോയി 

ഇത്രയും ആധികാരികമായി  ഞങ്ങളെക്കുറിച്ച് എങ്ങിനെ ?

നിങ്ങളെക്കുറിച്ച് മാത്രമല്ല,കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്ന  ഈ പ്രപഞ്ചസമുച്ചയത്തിൽ അനേകായിരം ഭൂമികളുണ്ട്  ''വാസ്തോ'' (എസ്തിയയിൽ വളരെയധികം ബഹുമാനത്തോടെ മറ്റുള്ളവരെ  അഭിസംബോധന ചെയ്യുവാൻ ഉപയോഗിക്കുന്ന  ഒരു പദമാണ് ''വാസ്തോ'' ) അങ്ങിനെയുള്ളതിൽ  ഒട്ടുമിക്കതിനെക്കുറിച്ചും ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു  അതിൽ എഫ്രോഫിയ എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ഗ്രഹമാണ് ആദ്യത്തേത് , ആയതിനാൽ നിങ്ങളെക്കുറിച്ച് എസ്തിയ പോലെ തന്നെ ഞങ്ങൾക്ക് സുപരിചിതമാണ് .

നമ്മളുടേതിനോട് സമാനമായ ജീവിത സാഹചര്യങ്ങളുള്ള , ഘടകങ്ങളുള്ള    ജീവ സമൂഹങ്ങളുള്ള ധാരാളം ഭൂമികൾ അല്ലെങ്കിൽ എസ്തിയകൾ ഈ പ്രപഞ്ചത്തിലുണ്ട് വാസ്തോ .

എന്നുള്ളതിന് അർത്ഥം എല്ലാ  ഗാലക്സികളിലും സമാനമായ ഗ്രഹങ്ങളുണ്ട്   എന്നുള്ളതുമല്ല.

സമാനമായ ഗ്രഹങ്ങൾ ഒരേ ഗാലക്സിയിൽ തന്നെ കാണപ്പെടുന്നുണ്ടോ ? 

എനിക്കപ്പോൾ തോന്നിയ സംശയം ഞാനവിടെ ഉന്നയിച്ചു.

ഇതല്ല അതിനുള്ള സന്ദർഭമെന്ന് തിരിച്ചറിയുന്നുവെങ്കിലും വന്നു കേറിയ ഉടനെ വലിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടാൻ ശ്രമിക്കുന്നത് എന്റെ അജണ്ടയിൽ ഇല്ലെങ്കിലും ,  മനസ്സിൽ വിങ്ങിക്കൊണ്ടരുന്നതിനോട്  അനുബന്ധമായൊരു ചോദ്യം ഉയർന്നുവന്നപ്പോൾ അതിനുള്ളിലേക്ക് കടന്നുചെല്ലുന്നതിൽ തെറ്റില്ലെന്ന് കരുതിയതു കൊണ്ടു കൂടിയാണ് ഞാനാ ഉദ്യമത്തിനു മുതിർന്നത് 

എപ്പോഴാണെങ്കിലും ചോദ്യങ്ങൾ ചോദിക്കുവാനുള്ളതാണ്  ഉള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന സംശയങ്ങളുടെ നിവാരണങ്ങൾക്ക് അതല്ലാതെ മറ്റു മാർഗ്ഗമില്ല 

എന്നു  കരുതി ഇതൊരു ചോദ്യോത്തര വേള കൂടിയായി മാറരുത് 

അതിനുള്ള സമയം ഇനിയും ധാരാളമുണ്ട് 

ഈ പ്രപഞ്ചം ഉൾക്കൊള്ളുന്ന  ഓരോ ഗാലക്സിയിലും, എന്തിന് ഈ പ്രപഞ്ചത്തിലുള്ള ഓരോ അണുവിൽ പോലും പ്രപഞ്ചം രൂപം കൊടുത്ത ഒരു  ചെയിൻ സിസ്റ്റമുണ്ട്  അതാണ് ഈ പ്രപഞ്ചത്തിലെ എല്ലാത്തിനേയും  ഇണക്കി നിറുത്തുന്നതും അതിന്റെ ആധികാരികമായ അടിത്തറയും.

ഈ ചെയിൻ സിസ്റ്റത്തെ  അദ്രശ്യമായൊരു ശക്തിയുടെ കരവിരുതെന്നോ  , അല്ലെങ്കിൽ പ്രപഞ്ചം തന്നെ അതിന്റെ അതിജീവനത്തിനായി രൂപം കൊടുത്ത ഒരു മാസ്റ്റർ പ്ലാനെന്നൊ കരുതാം

എമ്മിസിനോം, ഓ ക്ഷമിക്കണം നിങ്ങളുടെ ഭാഷയിൽ എന്താണ് നിങ്ങളെ കുറിച്ച് [പറയുക ?

മനുഷ്യർ (humans ) ഡേവിഡാണതിനു  മറുപടി പറഞ്ഞത്

ഞങ്ങൾ എമ്മിസിനോം എന്നാണ് പറയുക , ആ എമ്മിസിനോം (മനുഷ്യൻ) എങ്ങിനെയാണ് അല്ലെങ്കിൽ  എമ്മിസിനോമിന്റെ ഘടകങ്ങൾ എങ്ങിനെയാണ് ഒന്ന് ചേർന്ന് വർത്തിക്കുന്നത് ? അത് പോലെ ഈ പ്രപഞ്ചത്തിൽ രൂപം കൊണ്ട എല്ലാത്തിനും പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന അതിജീവനത്തിന്റെ കണ്ണികളുണ്ട് അതില്ലെങ്കിൽ ഒന്നിനും നിലനിൽപ്പില്ല .

മാഫ്രിയാൻ (സൂര്യൻ ) ഡിഫ്രിയാൻ (മൂൺ) മീമറാസ് (ഗ്രഹങ്ങൾ)അങ്ങിനെ പലതും  അത്കൊണ്ട്തന്നെയാണ് അവ നിലനിൽക്കുന്നതും ഒരു ഗാലക്സി കൂട്ടായ്മായിലും രണ്ട് മാഫ്രിയാൻ (സൂര്യൻ) ഉണ്ടാകുന്നില്ല  , രണ്ട് ഡിഫ്രിയാൻ (മൂൺ) ഉണ്ടാകുന്നില്ല. അങ്ങിനെയെങ്കിൽ ആ ചെയിൻ സിസ്റ്റത്തിൽ വിള്ളലുകൾ സംഭവിക്കുന്നു .

 ഊർജ്ജദാതാവായ സൂര്യനു (മാഫ്രിയാന് ) ചുറ്റും മീമറാസ് (ഗ്രഹങ്ങൾ ) ഭ്രമണം നടത്തുന്നു ഒരു സർക്കിളിനുള്ളിൽ രണ്ടു കേന്ദ്ര ബിന്ദുക്കൾ ഉണ്ടെങ്കിൽ എന്തു സംഭവിക്കും ?

വിഷ്തോ മാറ്റിയ ഇസ്തി  ( ഇറ്റ്സ് വെരി സിമ്പിൾ) അതായത് ഒരു ഗാലക്സിയുടെ കേന്ദ്രബിന്ദുവായ സൂര്യന്റെ (മഫ്രിയാൻ )ആകർഷണ വലയം എന്നുള്ളത്  , ഓരോ ഗ്രഹത്തിന്റെയും  ഇന്റേണൽ  ഗ്രാവിറ്റിയോട്  ലോക്കിങ് ചെയ്തു കിടക്കുന്നു , ഒരേ തരത്തിലുള്ള ആകർഷണ ബലം തന്നെ  രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളിൽ നിന്നും ഒരു വസ്തുവിനു മേൽ പതിക്കുമ്പോൾ  അതായത് രണ്ടു ധ്രുവങ്ങളിൽ നിന്നും ഒരേ  മർദ്ധം മെയിൻ  ഒബ്ജെക്റ്റിലേക്ക് കടന്നുകയറുകയും തന്മൂലം അതിശക്തമായ  പരസ്പരമുള്ള  ആകർഷണത്തിനോ വികർഷണത്തിനോ ഹേതുവായിത്തീരുന്നതിന് കാരണമായിത്തീരുകയും ചെയ്യപ്പെടുന്നു .
   
ഇത്തരത്തിലുള്ള പ്രതിഭാസം ഗുരുതരമായ ഘടനാ വ്യത്യാസങ്ങൾക്കോ  ഒരു ചാക്രീക ചലനം പോലെ നടക്കപ്പെടേണ്ട,  പരിക്രമണ പാതകളിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾക്കോ അത് കാരണമായിത്തീരുകയും  സോളാർ ഘടനയുടെ പരിച്ഛേദനത്തിനും നിലനിൽപിന് ആധാരമായി വർത്തിക്കേണ്ട  കണക്റ്റിംഗ്‌ സംവിധാനത്തിൽ വിള്ളലുകൾ വരുത്തുകയും ചെയ്യപ്പെടുത്തുന്നു   .

ഇതിനെ പ്രപഞ്ചത്തിന്റെ പെർഫെക്ട് സിസ്റ്റം എന്നു തന്നെ വിളിക്കാം  തന്മൂലം ഏതെങ്കിലും ഗാലക്സിയുടെ രൂപീകരണ വേളയിൽ രണ്ടു കേന്ദ്രബിന്ദുക്കൾ ഒരിക്കലൂം  രൂപം കൊള്ളപ്പെടുന്നില്ല, അങ്ങിനെ വന്നാൽ അവക്ക് നിലനിൽപ്പില്ല  എന്നുള്ളതാണ് അതിന്റെ ശാസ്ത്രീയ അടിത്തറ  

അവ പര്സപരമുള്ള  ആകർഷണ വലയത്തിൽ  അകപ്പെട്ടുകൊണ്ട് ചക്രീകമായി അനുവർത്തിച്ചു കൊണ്ടിരിക്കുന്ന സഞ്ചാരപഥങ്ങളിൽ  നിന്നും വ്യതിചലിച്ച് ഒന്ന് മറ്റൊന്നിലേക്ക് കടന്നുകയറുകയോ അല്ലെങ്കിൽ പരസ്പരം കൂട്ടിയിടിച്ചു കൊണ്ട് ആ ഗാലക്സിയുടെ ഉന്മൂലനത്തിനു തന്നെ കാരണമായിത്തീരുകയും ചെയ്തേക്കാം  

ഗാലക്സിയെന്നുള്ളത് ഒരു കൂട്ടായ്മയാണ് അതിൽ ഉൾച്ചേർന്നു നിൽക്കുന്ന എല്ലാത്തിനും ഓരോ ദൗത്യമുണ്ട് അവയുടെ സൃഷ്ടികൾക്കു പുറകിൽ ഓരോ കാരണങ്ങളുണ്ട് ഒരു ഗ്രഹം അനുവർത്തിക്കുന്ന ജീവ സ്വഭാവം ആയിരിക്കുകയില്ല മറ്റൊന്നിന്   

ഇതാ നോക്കൂ എന്നു പറഞ്ഞുകൊണ്ട്  അദ്ദേഹം തന്റെ കൈയ്യിലുള്ള  ഉപകരണത്തിലൊന്ന്  വിരലമർത്തി , ഞങ്ങൾ നിന്നിരുന്നതിൽ നിന്നും ഏകദേശം പത്തടി അകലത്തിലായി ഒരു വെളിച്ചം പരന്നു സത്യത്തിൽ അതൊരു വലിയ സ്‌ക്രീൻ പോലെ തോന്നിച്ചു അങ്ങനെയൊന്ന്  അവിടെ  ഞങ്ങൾ കണ്ടിരുന്നില്ല ഏതാണ്ട് ശൂന്യതയിൽ നിന്നൊരു  സ്‌ക്രീൻ ഉയർന്നു വന്നതു പോലെ  

അതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല ഇത്തരത്തിലുള്ള ഇല്ല്യൂഷനറി ചാറ്റുകൾ നമ്മളും നടത്തിക്കഴിഞ്ഞിട്ടുണ്ട് 

പതുക്കെ, പതുക്കെ ഞങ്ങൾക്കു മുന്നിൽ  കുറെ ചിത്രങ്ങൾ തെളിയുവാൻ തുടങ്ങി അതുകണ്ട് ഞങ്ങൾ വിസമയഭരിതരായി 

നമ്മുടെ  ഭൂമി,  മനുഷ്യർ എല്ലാം തന്നെ ഇതാ തൊട്ടടുത്ത് .

ശൂന്യതയിൽ നിന്നുമാണ്  ആ ചിത്രങ്ങൾ പ്ലേ ആയിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷേ ഞങ്ങൾക്കങ്ങനെ തോന്നുന്നതാവം  കാരണം വിസിബിൾ ആയിട്ടുള്ള യാതൊന്നും  ഞങ്ങൾക്കവിടെ  കാണുവാൻ കഴിയുന്നില്ല എവിടെ നിന്നാണ് ആ ട്രാൻസ്മിഷന്റെ സോഴ്‌സെന്നും  ഞങ്ങൾക്ക് കണ്ടെത്താനാകുന്നില്ല  .

നമ്മുടെ ഭൂമി  

നിക്കോളാസ് പിറുപിറുത്തു 

അദ്ദേഹം  ചിരിച്ചുകൊണ്ട്  മറുപടി പറഞ്ഞു 

ഇത് നിങ്ങളുടെ ഭൂമിയല്ല വാസ്തോ 

പിന്നെ?

നാലു കണ്ഠങ്ങളിൽ നിന്ന് ഒരേ സമയം തന്നെയാണ് ആ ആശ്ച്യര്യ സൂചക ശബ്ദങ്ങൾ ഉയർന്നത്

ഇത് മാഫ്രിയ,  എസ്തിയയിൽ നിന്നും  മോൺസ്‌തൊക്ക (100 light years)  അകലെ സ്ഥിതി ചെയ്യുന്ന മെറൂൺ എന്ന്  ഞങ്ങൾ വിളിക്കുന്ന ഗാലക്സിയിലുള്ളൊരു   ഗ്രഹം ആ കാഴ്ചകളാണ് നിങ്ങളിപ്പോൾ കണ്ടത് എമ്മിസോനോം, ഇഷ്താമിയോസ്  (മനുഷ്യരും  ജീവജാലങ്ങളും ) വസിക്കുന്ന ഗ്രഹം  

മറ്റൊരു ഭൂമി അല്ലെങ്കിൽ മറ്റൊരു എസ്തിയ

കുറച്ചു നിമിഷ നേരത്തേക്ക്  ബുദ്ധി ശരീരത്തിൽ നിന്നും അകന്നു പോയി ഈ കാണുന്നത് എന്താണ് കേൾക്കുന്നത് എന്താണ്? 

വാക്കുകളില്ല 

ഞങ്ങൾ എവിടെയാണ് ? എന്താണ് ഞങ്ങൾ ? ആരാണ് ഞങ്ങൾ ?

ഇതൊരു സ്വപ്നം അത്രമാത്രം 

ഞങ്ങളാ സ്വപ്നത്തിലെ കളിപ്പാവകൾ 

ഞാൻ കരയും , ചിരിക്കും,  അല്ലെങ്കിൽ ഓടും, എന്താണിതൊക്കെ 

ഞാൻ കണ്ട യാഥാർഥ്യങ്ങളെ , അപ്പോഴുള്ള എന്റെ മാനസീകാവസ്ഥയിൽ കൂടി ഇവിടെ വിവരിക്കുവാൻ എനിക്ക് കഴിയുന്നില്ല അതാണ് ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ പോലെ ഞാൻ എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നത് അത്തരമൊരു തലത്തിലേക്ക് നിങ്ങൾ നിങ്ങളെ സന്നിവേശിപ്പിക്കൂ എന്നിട്ട് അത്തരമൊരു അവസ്ഥാന്തരത്തിലൂടെ നിങ്ങളൊന്ന് സഞ്ചരിച്ചു നോക്കുമ്പോൾ എന്റെ മാനസീക പ്രെഹേളികയുടെ ഉത്തരം നിങ്ങൾക്കും അനുഭവഭേദ്യമാകുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു    

നോ വേ

നിക്കിന്റെ മറുപടിക്കുത്തരമായി അദ്ദേഹം തുടർന്നു

ദിൽമ ( ട്രൂ ) ഈ പ്രപഞ്ചത്തിൽ, നമ്മുടെ കൺ വെട്ടത്തുനിന്നും  ഒളിഞ്ഞിരിക്കുന്ന അനേകായിരം  അത്ഭുതങ്ങൾ ഇനിയുമുണ്ട് വാസ്തോ 

അനന്തമില്ലാത്ത അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്ന ഈ പ്രപഞ്ചത്തിൽ നമ്മൾ കണ്ടെത്തുന്നത് വെറും നിസ്സാരങ്ങളായ വസ്തുതകൾ മാത്രം 

അതൊന്നും കണ്ടെത്തുവാൻ മനുഷ്യകുലത്തിനോ കുലങ്ങൾക്കോ സാധ്യമല്ല പ്രപഞ്ചം അതിന്റെ യാത്രയിൽ  അതിലെ ചില സത്യങ്ങൾ കാലാനുസ്രതമായി ഇതുപോലെ നമുക്ക് വെളിവാക്കിത്തരുന്നു അത്രമാത്രം

പ്രപഞ്ചത്തെ ചൂഴ്ന്നു വിശകലനം ചെയ്യുവാനോ അതിനെ വിശദീകരിക്കുവാനോ ഈ ജീവസമൂഹം അപ്രാപ്യമാണ്  

ഇത്രയൂം വലിയ കണ്ടുപിടുത്തങ്ങളെ വെറും  നിസ്സാരങ്ങളെന്നു  വിശേഷിപ്പിക്കുകയാണെങ്കിൽ, ഇവരുമായുള്ള ഒരു താരതമ്യത്തിൽ നമ്മുടെ  സ്ഥാനം എവിടെയാണ് ? 

എന്റെ ഉള്ളിൽ കിടന്ന് വട്ടം കറങ്ങിയതേയുള്ളൂ  ആ ചോദ്യം
     
പക്ഷേ നിങ്ങൾക്കൊരു  പ്രത്യേകതയുണ്ട് വാസ്തോ 

എന്താണത് ? 

വളരെ ആകാംഷയോട് കൂടിയായിരുന്നു എന്റെയാ  ചോദ്യം 

പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സത്യത്തെ ഒളിച്ചു വെക്കുന്നതിൽ അർത്ഥമില്ല അതുകൊണ്ട് ആ സത്യം ഇല്ലാതാകുന്നുമില്ല 

ആ വാക്കുകൾ ഞങ്ങളുടെ ആകാംഷയെ അതിന്റെ ഉന്നതിയിലേക്കെത്തിച്ചു                                
എഫ്രോഫ്രിയ എന്ന് ഞങ്ങൾ വിളിക്കുന്ന നിങ്ങളുടെ ഭൂമിയുടെ ആയുസ്സ് ഇനി വെറും ഇരുന്നൂറ്  വർഷം മാത്രം അതായത് നിങ്ങളുടെ ഗ്രഹം അതിന്റെ അവസാന ഘട്ടത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നുവെന്നു സാരം. 

ഭൂമിയെന്ന ഗ്രഹത്തിന്റെ ആയുസ്സ്  ഈ പ്രപഞ്ചത്തിൽ ഇനി കുറച്ചു നാൾകൾ  കൂടി മാത്രം  .

 ഭൂമി ഉൾപ്പെടുന്ന ഫെറൂൺ ഗാലക്സി (മിൽക്കി വേ ക്ക് അവർ നൽകിയിരിക്കുന്ന പേര് )യും അതിനോടനുബന്ധമായി സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം തന്നെ ഈ  പ്രപഞ്ചത്തിൽ നിന്നും  എന്നന്നേക്കുമായി (നിസ്‌റ്റോ വാരിയമ്മേർ ) വാനിഷാകപ്പെടുവാൻ പോവുകയാണ്  .

ഒരു ഞെട്ടലോടെയാണ് ഞങ്ങളാ വാക്കുകൾ ശ്രവിച്ചത്

എങ്ങിനെ? 

അതിന്റെ ഉത്തരം ഒറ്റ വാക്കാൽ  ഒതുങ്ങുന്നതല്ല , ഒതുക്കാവുന്നതുമല്ല , അതിനുമുൻപ് നിങ്ങളുടെ സ്പേസിലേക്കുള്ള മിഷന്റെ ഉദ്ദേശം എന്തായിരുന്നു?

ഞാനത് ചുരുങ്ങിയ വാക്കുകളിൽ കൂടി  അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു , അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന താപത്തിന്റെ കാരണം തേടി നടത്തിയ അന്വേഷങ്ങൾക്കൊടുവിൽ  തിരിച്ചറിഞ്ഞ ആ ഘോര വിപത്ത്,   സൂര്യൻ ഞങ്ങളുടെ ഗ്രഹത്തോട് വളരെയധികം അടുത്തുകൊണ്ടിരിക്കുന്നുവെന്നുള്ള  സത്യം ഞാൻ വെളിവാക്കി 

ഭൂമി ചാമ്പലാകുമായിരുന്ന ആ വലിയ വിപത്തിനെ അതിജീവിക്കാൻ നടത്തിയ ഒരു പരീക്ഷണം, അതായിരുന്നു ഈ മിഷൻ 

സൂര്യൻ നിങ്ങളുടെ ഗ്രഹത്തോട് അടുത്തുകൊണ്ടിരിക്കുന്നുവെന്ന് എങ്ങിനെയാണ് നിങ്ങൾ തിരിച്ചറിഞ്ഞത്   ?, അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നായിരുന്നു  നിങ്ങൾ കണ്ടെത്തിയത് ?

സത്യത്തിൽ, എന്താണതിന്റെ കാരണങ്ങൾ എന്നുള്ളതിനെ കുറിച്ചുള്ള വിശദമായ പഠനങ്ങൾക്കൊന്നും തന്നെ ഞങ്ങളുടെ മുന്നിൽ സമയമുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം, ഒരു ഘോര  വിപത്ത് മുന്നിൽ വന്നപ്പോൾ  അതിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ ഞങ്ങളുടേതായ രീതിയിൽ അവലംബിച്ചുവെന്നു  മാത്രം .

എന്തൊക്കെയാണ് ഇതിനു പുറകിലുള്ള കാരണങ്ങൾ എന്നുള്ളതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയാണ് തുടങ്ങി വെക്കേണ്ടത്

വാസ്തോ,  നിങ്ങളുടെ ആ കണ്ടെത്തലുകൾ അപ്പാടെ തെറ്റാണ് സൂര്യനല്ല നിങ്ങളോട് അടുത്തുകൊണ്ടിരിക്കുന്നത്

പിന്നെ?

നിങ്ങളാണ് സൂര്യനോട് അടുത്തുകൊണ്ടിരുന്നത് 

എന്റെ ദൈവമേ എങ്ങിനെ ? 

അവിശ്വസനീയമായൊരു  വാർത്ത ശ്രവിച്ച ഞെട്ടലിലായിരുന്നു ഞങ്ങൾ

സൂര്യൻ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്നുള്ളതായിരുന്നു ഇതുവരേക്കും നമ്മൾ  ധരിച്ചു വെച്ചിരുന്നത്  

എന്നാൽ സത്യം അതിനു  കടകവിരുദ്ധമായ ഒന്നാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നത്. 

ഇത്രക്കും അടിസ്ഥാന രഹിതമായ തരത്തിൽ ഞങ്ങളുടെ അതായത്  നാസയുടെ നിഗമനങ്ങൾ മാറുകയാണോ ?

അദ്ദേഹം തുടർന്നൂ

ഇതേക്കുറിച്ച് ഒരു പാടു കണ്ടെത്തലുകൾ ഞങ്ങൾ    നടത്തിക്കഴിഞ്ഞിരിക്കുന്നു അതിലെല്ലാം തെളിഞ്ഞുവരുന്ന സത്യം എന്തെന്നുള്ളത്,  വളരെ ദുഃഖത്തോടു കൂടിത്തന്നെ ഞാനതു പറയട്ടെ  എഫ്രോഫിയ എന്ന നിങ്ങളുടെ ഗ്രഹം  അതിന്റെ അന്ത്യത്തോട്  അടുത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് അതിലേക്കുള്ള കാരണങ്ങളിൽ   ഒന്നിനെയാണ്  നിങ്ങളിപ്പോൾ അതിജീവിച്ചത് , ഇനിയും വിപത്തുകൾ വരാനിരിക്കുന്നു, അത് ഇതിനേക്കാൾ ഭീകരമായതായിരിക്കും , നിങ്ങളക്കൊണ്ടത്  അതിജീവിക്കാനാകില്ല ഒടുവിൽ ഭൂമിയെന്ന ഗ്രഹം ഈ പ്രപഞ്ചത്തിൽ നിന്നും തന്നെ അപ്രത്യക്ഷ്യമാകും .

ആ സത്യം ഞങ്ങളിൽ സൃഷ്ടിച്ച  ഞെട്ടൽ വളരെ വലുതായിരുന്നു

അടുത്ത  നൂറ്റമ്പത്,  ഇരുന്നൂറു വർഷങ്ങൾക്കുള്ളിൽ അതിശക്തമായ ഭൂമി കുലുക്കങ്ങൾ നിങ്ങളുടെ ഗ്രഹത്തെ പിടിച്ചു കുലുക്കും ഒരിഞ്ചു പോലും അതിൽ നിന്നും മുക്തമല്ല,  തുടർച്ചയായ  പ്രകമ്പനങ്ങൾ മൂലം ഭൂമി വിറക്കും  വിണ്ടുകീറും, അഗ്നി പർവ്വതങ്ങൾ ചിതറിത്തെറിക്കും ടെക്ടോണിക്ക് പ്ളേറ്റുകൾ ഉപരിതലത്തിലേക്ക് ഉയർന്നു വരും  അത് ഭൂമിയുടെ  ഗ്രാവിറ്റേഷണൽ ഫോഴ്സിൽ വലിയ വ്യതിയാനങ്ങൾ വരുത്തി തീർക്കും 

സൂര്യന്റെ അതിശക്ത കാന്തീക ആകർഷണത്തെ അതിജീവിക്കാൻ കഴിയാതെ  ഭൂമി അതിന്റെ സാങ്കല്പീക അച്ചുതണ്ടിൽ നിന്നും വ്യതിചലിച്ചു കൊണ്ട്  ദിശമാറി സഞ്ചരിക്കാൻ ആരംഭിക്കും  തന്മൂലം ഭ്രമണ പഥങ്ങൾ തകർക്കപ്പെടുകയും  വലിയ വ്യതിയാനങ്ങൾ സംഭവിക്കപ്പെടുകയും ചെയ്യപ്പെടും ചാക്രീക ചലന പാതകൾ നഷ്ടപ്പെട്ട ഗ്രഹങ്ങളും , നഷ്ടങ്ങളും ദിശാബോധമില്ലാതെ സഞ്ചരിക്കുകയും  തമ്മിൽ  കൂട്ടിയിടിക്കുകയോ ഒന്ന് മറ്റൊന്നിനുള്ളിലേക്ക് കടന്നുകയറുകയോ അല്ലെങ്കിൽ  ആവാഹിച്ചെടുക്കപ്പെടുകയോ ചെയ്യപ്പെടും അവസാനം എല്ലാം ചേർന്നുള്ള അതിശക്തമായൊരു സ്ഫോടനത്തിലേക്ക് ഗാലക്സി കൂപ്പുകുത്തുകയും അതിലൂടെ ഫെറൂണെന്ന,   മിൽക്കി വേ എന്ന് നിങ്ങൾ വിളിക്കുന്ന ഗാലക്സിയുടെ അന്ത്യത്തിനു വഴിയൊരുക്കുകയും ചെയ്യും .

എനിക്ക്  കാതുകൾ കൊട്ടിയടിക്കപ്പെട്ടതുപോലെ തോന്നി  ബുദ്ധി മരവിച്ചതു പോലെ , ഒന്നും മനസ്സിലാകുന്നില്ല എന്താണ് ഈ ആശയവിനിയമത്തിന്റെ കാതൽ ? ഞാൻ അപൂർണ്ണനാകുന്നു , ഞങ്ങൾ ഒരു വിപത്തിൽ നിന്നും ഒരു വിധത്തിൽ ഭൂമിയെ രക്ഷിച്ചിരിക്കുന്നു എന്നാൽ അതൊരു തുടക്കം മാത്രമോ ? ഇനിയും ഘോര വിപത്തുകൾ വരാനിരിക്കുന്നുവെന്നോ ? അതിനെ അതിജീവിക്കുവാൻ ഭൂമിക്ക് കഴിയില്ലെന്നോ ?

ഞാനെന്ന വ്യക്തി ഒന്നുമല്ലാതാവുകയാണോ , ഞാൻ വിക്കി വിക്കി ചോദിച്ചു

എന്താണതിനു കാരണം ? ഭൂമി അതിന്റെ കാലചക്രത്തിന്റെ അവസാന ഘട്ടത്തോട് അടുത്തിട്ടിരിക്കുന്നുവോ ?

ഇത് പ്രപഞ്ചത്തിന്റെ നൈസർഗ്ഗീക പ്രതിഭാസം മൂലം സംഭവിക്കുന്നതാണോ?

ഒരിക്കലുമല്ല 

പിന്നെ  എങ്ങിനെയാണിത് സംഭവിക്കുന്നത് ?

ഭൂമിക്ക് ഇനിയും ആയുസ്സുണ്ട് വാസ്തോ നിങ്ങളാണ് അതില്ലാതാക്കിയത് , നിങ്ങളാണ് നിങ്ങളുടെ അടിത്തറ തോണ്ടിയത് നിങ്ങളാണ് നിങ്ങളുടെ നാശത്തിന് ഉത്തരവാദികൾ 

Human error .. മനുഷ്യർ ചെയ്യുന്ന തെറ്റുകൾ   

നിങ്ങളാണിതിനു  കാരണക്കാർ , നിങ്ങൾ അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ജീവിതരീതികളുടെ പരിണിതഫലമാണിത് 

ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല  ഭൂമിയെന്ന ഗ്രഹത്തെ രക്ഷിക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത് , ആ  ഒരു രക്ഷാ ദൗത്യത്തിന്റെ പരിസമാപ്തിയിലാണ് ഇവിടെ എത്തിപ്പെട്ടിരിക്കുന്നത്, പക്ഷേ ഇദ്ദേഹം പറയുന്നതിന്റെ സാരാംശം ഞങ്ങളെ കുഴക്കുന്നു .

ഒന്നും മനസ്സിലാകുന്നില്ല  

നിരാശ നിറഞ്ഞ ഡേവിഡിന്റെ ശബ്ധമായിരുന്നൂവത്              

ഞങ്ങൾ നടന്നു തീർത്ത വഴികൾ നിങ്ങളിപ്പോൾ അനുഗമിച്ചു കൊണ്ടിരിക്കുന്നു 

എന്താണതിന്റെ അർത്ഥം ?

പ്രപഞ്ച രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ രൂപം കൊണ്ട സ്നോഫി എന്ന ഗാലക്സിയിൽ ഉള്ള എസ്തിയ എന്ന ഞങ്ങളുടെ  ഈ ഗ്രഹം നിങ്ങളുടേതിനേക്കാൾ  ആയിരം കോടി വർഷങ്ങൾക്കു  മുന്നേ രൂപം കൊള്ളപ്പെട്ടതാണ്. 

അതിന്റെ  തുടർച്ചയെന്നോണം എന്നിൽ നിന്നും ഉയർന്ന ചോദ്യത്തിനു മുന്നോടിയായി അദ്ദേഹം തുടർന്നു .

നിങ്ങൾ ആദ്യമൊന്ന് വിശ്രമിക്കൂ, നമുക്കിനിയും സമയമുണ്ട്  എല്ലാം വളരെ വിശദമായി തന്നെ നമുക്ക് ചർച്ചചെയ്യാം .

അതേ അതു തന്നെയാണതിന്റെ ശരി

പക്ഷേ കഴിയുന്നില്ല,  കേട്ടു കഴിഞ്ഞ ഭീതിതമായ  വാർത്തക്ക് മുന്നിൽ വിശ്രമം എങ്ങിനെ സാധ്യമാകും ? വലിയൊരു  ആപത്തിൽ നിന്നുമാണ് ഭൂമിയെ രക്ഷിച്ചത് എന്നായിരുന്നു ഇതുവരേക്കും ധരിച്ചു വെച്ചിരുന്നത്. എന്നാലത്  വരാനിരിക്കുന്ന അതി ഭീകര വിപത്തുകളുടെ തുടക്കം മാത്രമായിരുന്നുവോ  എന്നുള്ള തിരിച്ചറിവ് പകർന്നു തരുന്ന വികാരത്തിന്റെ കാഠിന്യം എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല.

എന്റെ ചിന്തകളെ മുറിച്ചു കൊണ്ട്  അദ്ദേഹം തുടർന്നു

എല്ലാത്തിനും മുൻപായി നിങ്ങളുടെ ആരോഗ്യസ്ഥിതിയൊന്ന് വിശകലനം ചെയ്യേണ്ടതുണ്ട്  ശൂന്യാകാശത്തിലൂടെള്ള വലിയൊരു യാത്രക്ക് ശേഷമുള്ളതായതുകൊണ്ട്  എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകളോ   മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടോയെന്ന് നമുക്കൊന്ന്  ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും.

അവിടെയുള്ളൊരു സൈനികൻ ഞങ്ങളെ മറ്റൊരു ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി .

വലിയൊരു മുറിയുടെ മധ്യ ഭാഗത്തായി  ഒരാൾ വലുപ്പത്തിലൊരു ഗ്ലാസ്സ് ക്യൂബ്  ഘടിപ്പിച്ചിരിക്കുന്നു  

ഡേവിഡാണ് അതിലേക്ക്  ആദ്യം  ആനയിക്കപ്പെട്ടത്  അല്പമൊരു ആശങ്കയോടുകൂടിയാണ് ഡേവിഡ് അതിനുള്ളിലേക്ക് കയറിയതു തന്നെ  .

 എല്ലാം വളരെ  വ്യക്തമായി തന്നെ ഞങ്ങൾക്ക് കാണാം

അദ്ദേഹം ആ ക്യൂബിനോട് ചേർന്നുള്ളൊരു ബട്ടണൽ വിരലമർത്തി  .

ഒരു മഹാ അത്ഭുതത്തിന് കൂടി ഞങ്ങൾ വീണ്ടും സാക്ഷ്യം വഹിക്കുകയാണ് .

അടുത്ത നിമിഷം  ഡേവിഡിന്റെ ശരീരത്തിന്റെ ട്രാൻസ്പെരന്റ് ആയിട്ടുള്ളൊരു രൂപം ആ ക്യൂബിനുള്ളിൽ തെളിഞ്ഞു വന്നു . 

സ്‌കാനിംഗ്‌ എന്നൊന്നുമിതിനെ വിളിക്കാനാകില്ല എന്നെനിക്കറിയാം പക്ഷേ എന്താണതിനെ വിളിക്കേണ്ടതെന്നറിയാത്തതുകൊണ്ട് സ്കാനിംഗിന്റെ  ഏറ്റവും അഡ്വാൻസ്‌ഡ് ആയിട്ടുള്ളൊരു  വകഭേദമെന്നു   മാത്രം ഞാൻ വിവക്ഷിച്ചു കൊള്ളട്ടെ .

ഒരു വ്യക്തിയുടെ ശരീരത്തിനകത്തുള്ള ഇന്റേണൽ ഓർഗൻസ് എല്ലാം തന്നെ  അതെ രൂപത്തിലും വലുപ്പത്തിലും ഒന്നുപോലും വിട്ടുപോകാതെ കാണാം   ഞരമ്പുകൾ ,  അതിലൂടെയുള്ള രക്ത ചംക്രമണം , ബോൺസ്, മസിൽസ് , ടിഷ്യൂസ്   , എങ്ങിനെ ഞാനത് വിശദമാക്കും ? എന്താണ് നമ്മൾ, എന്താണ് നമ്മുടെ ഇന്റേണൽ ബോഡി  എല്ലാം അതുപോലെ തന്നെ .

ക്യൂബിലുള്ളയാൾക്കും ഇതെല്ലാം  വ്യക്തമായി  കാണാവുന്ന തരത്തിൽ  അയാളുടെ കണ്ണുകൾക്കു മുന്നിൽ ഇതെല്ലാം തെളിഞ്ഞു കൊണ്ടിരിക്കുന്നു

ഒരു പച്ച പ്രകാശം ആ ക്യൂബിനുള്ളിലൂടെ  മുകളിലോട്ടും താഴോട്ടുമായി ചലിച്ചു കൊണ്ടിരിക്കുന്നു അതിനനുസരിച്ച് എന്തെക്കൊക്കെയോ  രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു  . 

ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തതയുടെ ആവശ്യകത വരുകയാണെങ്കിൽ ഒരു റീ അനലൈസിങ്  നടത്തപ്പെടുന്നു   

ഓരോ അവയവങ്ങളുടേയും  പേരെടുത്ത് പറയുന്നതിലുപരി  ഏത്  ഓർഗൻസിന്റെയും അറകൾക്കുള്ളിൽ പോലും എന്തിന് നെർവുകൾക്കുള്ളിൽ പോലും വളരെ  വ്യകതതയോടെ കാണാനാകാവുന്ന ആ  ഉപകരണത്തിന്റെ സാങ്കേതികത്വം എന്നെ മാത്രമല്ല എന്റെ കൂടെയുള്ളവരേയും അമ്പരപ്പിച്ചു കളഞ്ഞിരിക്കുന്നു 

ക്രിസ്റ്റൽ ക്ലിയറായി നമ്മുടെ ഉള്ളിലുള്ള, ഉള്ളിന്റെ ഉള്ളിലുള്ള എല്ലാം തന്നെ കാണുവാൻ  കഴിയുന്ന അതിനൂതനമായൊരു യന്ത്രമെന്നു മാത്രം ഞാനിവിടെ പരിചയപ്പെടുത്തട്ടെ  .

ഏകദേശം പത്തുമിനിറ്റിനുള്ളിൽ തന്നെ ആ പരിശോധനാ രീതി  പൂർത്തിയായി

ഡേവിഡിന്റെ  കൈകളിൽ ചില മുറിവുകൾ ഉണ്ടായിരുന്നു  അവിടെ മാത്രം ഒരു  പ്രകാശം ഫോക്കസ് ചെയ്യുകയും അതോടൊപ്പം ഒരു ചെറിയ സ്റ്റാമ്പ് പോലെയുള്ള എന്തോ ഒന്ന് ചേർന്നുവരുകയും ചെയ്തു

ജസ്റ്റൊരു ക്ലിക് ആ മുറിവുകൾ തേച്ച് മിനുക്കിയതു പോലെ മാറിയിരിക്കുന്നു അവിടെയൊരു പാടുപോലും ഇല്ലാതെ അതപ്രത്യക്ഷ്യമായിരിക്കുന്നു   .

 എങ്ങിനെയാണിത്  സംഭവിക്കുന്നത് ? 

ഞാനെന്റെ  അത്ഭുതം  മറച്ചു വെച്ചില്ല

മൂന്ന് രീതിയിലൂടെയാണ് ഈ പ്രോസസ്സ് പുരോഗമിക്കുന്നത് അദ്ദേഹം ഞങ്ങൾക്കതിന്റെ സാങ്കേതികത്വം വിശദീകരിച്ചു തന്നു.

ഓസോണിസെന്ന  ലായിനി രക്തത്തിലേക്ക്  കടത്തിവിടുന്നതിനോടൊപ്പം  നേരിയ ഇലക്ട്രിക്ക് വേവ്‌സും ഒന്നു ചേരുമ്പോൾ  ഈ രാസയാലിനി ശരീരത്തിനുള്ളിൽ നിന്നും തരംഗങ്ങളിലൂടെ വിവരണങ്ങൾ നൽകുകയും  ആ തരംഗങ്ങളെ ഡി കോഡ്  ചെയ്തെടുത്തുകൊണ്ട്  മോണിറ്ററിനുള്ളിലേക്ക്  കടത്തിവിടുകയും ചെയ്യുന്നു 

ഈ  ഉപകരണത്തിന്റെ അസാമാന്യ വൈദഗ്ദ്യം വെളിവാക്കുന്ന മറ്റൊന്നു കൂടി ഞാനിവിടെ വ്യക്തമാക്കട്ടെ ഇല്ലെങ്കിലത്‌ വല്ലാത്തൊരു പോരായ്മായായി എനിക്കു തോന്നുന്നു  

നിക്കിനു നടത്തിയ സമാന പരിശോധനയിൽ  രക്തത്തിൽ ഷുഗറിന്റെ അളവ് അല്പം കൂടുതലായിരുന്നുവെന്നുള്ളത് സൂചിപ്പിച്ചതിനു ശേഷം ആ  വൈദ്യപരിശോധകൻ ഉപകരണത്തിലുള്ള മറ്റൊരു ബട്ടണിൽ വിരലമർത്തി

അതേസമയം  നിക്കിന്റെ ശരീരത്തിനുള്ളിലെ രക്തം മുഴുവനും വൈബ്രെറ്റ് ചെയ്യപ്പെടുന്നത് നമുക്ക് വളരെ വ്യക്തമായി തന്നെ കാണാനാകുന്നു  .

ഡോണ്ട് വറി അതവസാനിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങളിൽ ഞെട്ടലുളവാക്കി 

ഒരിക്കലും പൂർണ്ണമായും മാറ്റാനാകാത്ത ഒന്ന് നിമിഷങ്ങൾക്കുള്ളിൽ ഇവിടെ  നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു, ഇനി ഇത് താൽക്കാലികമായുള്ളൊരു ശമനമാണോ എന്നുള്ള തീർച്ചപ്പെടുത്തൽ എനിക്ക് അനിവാര്യമായിരുന്നു അതെന്നെ ആ ചോദ്യത്തിലേക്ക് നയിച്ചു 

തുടർച്ചയായി എന്തെങ്കിലും ചികിത്സകൾ ഇതിന് ആവശ്യമുണ്ടോ 

എന്റെയാ സംശയം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയെന്നെനിക്ക് തോന്നി 

എന്തിന് ? ദാറ്റ് ഈസ് പാസ്ററ് 

വളരെ സിമ്പിൾ 

അതെങ്ങനെയാണ്  ഇൻസുലിന്റെ കുറവുകൊണ്ടല്ലേ ഷുഗർ  ഉണ്ടാകുന്നത് അതിനു ചികിത്സ വേണ്ടിവരുന്നത് പാൻക്രിയാസിനല്ലേ  മാത്രമല്ല ഷുഗർ എന്നുള്ളത് എങ്ങിനെ പൂർണ്ണമായും മാറ്റിയെടുക്കാനാകും?  അതിന്റെ അവസ്ഥയെ നിയന്ത്രിച്ചു കൊണ്ട്  മുന്നോട്ട് പോകുവാൻ മാത്രമല്ലേ കഴിയൂ ?

ഇവിടെ ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കുന്നതിനു  മുൻപേ ഞാൻ മനസ്സിലാക്കേണ്ടതായ  ഒരു കാര്യമുണ്ടായിരുന്നു ഞാൻ നമ്മുടെ ലോകത്തിലല്ലാ ഉള്ളതെന്ന സത്യം എന്നിരുന്നാൽ കൂടി ഇത്തരത്തിലുള്ള ബാലിശമായ പ്രവണതകൾ രൂപപ്പെടുന്നതിന്റെ കാരണവും മറ്റൊന്നുമല്ല അതായത് എന്റെ മനസ്സിനും ബുദ്ധിക്കും  ഈ കാണുന്നതൊന്നും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നുള്ളതിലേക്ക് തന്നെയാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത് .

ജീവിതത്തിലൊരിക്കലും  നിക്കിന് ഷുഗറിന്റെ  അസുഖം ഇനി  ഉണ്ടാവുകയില്ലെന്നു കൂടിയാണ് അത്ഭുതത്തിനു മേലെ മറ്റൊരു അത്ഭുതമായി  ആ പരിശോധകൻ ഞങ്ങളോട് വെളിപ്പെടുത്തിയത്  . രക്താണുക്കളുടെ ഉള്ളിലേക്ക് കടന്നു ചെന്ന് അവയുടെ  മൂലകോശങ്ങളെ ആ രോഗത്തിനെതിരെ പ്രാപ്തരാക്കി കൊണ്ടുള്ള ഒരു ചികിത്സാ രീതിയാണ് ഞങ്ങളുടെ കണ്മുന്നിൽ അവിടെ അനാവരണമാക്കപ്പെട്ടത്.

പ്രത്യേകമായ  ഇലക്ട്രോ മാഗ്നെറ്റുകളാണ്  അവരി ചികിത്സാ രീതിക്കായി ഉപയോഗപ്പെടുത്തുന്നത് 

അസുഖമുള്ളതിനെയാണ് ചികിൽസിക്കേണ്ടത് അല്ലാതെ ആ അസുഖത്തിനെ  നിയന്ത്രിച്ചു നിർത്തുന്നതിനെയല്ല

അദ്ദേഹം ആ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ലെങ്കിലും അതിനെ വിശകലനം ചെയ്‌താൽ,  അതിലൊരുത്തെരം കണ്ടെത്താൻ  കഴിയുമെന്നെനിക്ക്  തോന്നി

ഇവിടെ മാറ്റുവാൻ കഴിയാത്തതായി ഒന്നുമില്ല വാസ്‌തോ   

അവയവ മാറ്റം  ? ട്രാൻസ്പ്ലാന്റേഷൻ

ഏതോ ഒരു നിമിഷത്തിൽ  ഡേവിഡിന്റെ വായിൽ നിന്നുമായിരുന്നു ആ അബദ്ധം പുറത്തേക്കുതിർന്നത് ഇവിടെ എന്തുകൊണ്ട് ഡേവിഡ് ആ ചോദ്യം ആ സമയത്ത്  ചോദിച്ചുവന്നത്    ഞങ്ങളെപ്പോലെ ഡേവിഡിനും അജ്ഞാതമായിരുന്നു എന്നുള്ളത് ആ മുഖത്തുനിന്നും വായിച്ചെടുക്കുവാൻ ഞങ്ങൾക്കു കഴിഞ്ഞു . 

വിഡ്ഢിത്തരങ്ങൾ ചോദിക്കാതിരിക്കൂ  ഞാനത് പറഞ്ഞു തീരുന്നതിനു മുൻപേ  അദ്ദേഹത്തിന്റെ മറുപടി വന്നുകഴിഞ്ഞിരുന്നു

അവയവമാറ്റമോ ? എന്താണത് ? എന്തിനാണ് അവയവങ്ങൾ  മാറ്റിവെക്കുന്നത്?
എനിക്കു മനസ്സിലാകാത്തതുകൊണ്ട് താങ്കളതൊന്ന്  വിശദീകരിക്കാമോ  

തീർച്ചയായും 

ഞാൻ തുടർന്നു  

നമ്മുടെ ശരീരത്തിലെ ഏതെങ്കിലുമൊരു അവയവത്തിന് അതിന്റെ കർത്തവ്യങ്ങളെ ശരിയായ വിധം നിർവ്വഹിക്കാൻ സാധിക്കാതെ വരുമ്പോൾ ആ വ്യക്തിയുടെ ശാരീരിക  ഘടകങ്ങളുമായി ചേർന്നു നിൽക്കുന്ന മറ്റൊരാളിൽ നിന്നും അയാളുടെ ജീവിതകാലത്തോ മരണ ശേഷമോ  മാറ്റിവെക്കുന്ന രീതി എന്നുള്ളതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

അപ്പോൾ ഒരാൾക്ക് ഒന്ന് നഷ്ടപ്പെടും

തീർച്ചയായും

അങ്ങിനെയെങ്കിൽ  ഹൃദയമോ , ശ്വാസകോശമോ, ബ്രെയിനോ വേണ്ടിവരുന്ന  സന്ദർഭങ്ങളിൽ എന്തുചെയ്യും ?
 
അതാണ് ഞാൻ മുന്നേ വ്യക്തമാക്കിയത് ചിലത് മരണ ശേഷമെന്ന്  ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയങ്ങൾ അത്തരത്തിൽ  മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ  

ബ്രെയിൻ മാറ്റിവെക്കുവാൻ കഴിയുകയില്ല എന്നുള്ളതിനു പകരം  ബ്രെയിൻ മാറ്റി വെക്കാൻ പറ്റുമോ എന്നുള്ള  മറുചോദ്യമാണ്  എന്റെ പരിമിതികളെ മറികടക്കാൻ ഞാൻ  അദ്ദേഹത്തോടായി ചോദിച്ചത് .

അതിനു  മറുപടി പറയാതെ അദ്ദേഹം തുടർന്നു  നിങ്ങൾ പറയുന്നതെന്താണ്   ഒരാൾക്ക് ആവശ്യമുള്ളത് മറ്റൊരാളിൽ നിന്നും കടമെടുക്കുന്ന രീതി 

എന്താണ് അതിന്റെ പ്രായോഗികത എന്നെനിക്ക് അറിയില്ല  ഒരാളുടെ ശരീരത്തിലെ ഒരവയവം അതു മറ്റു  ശരീരത്തിൽ എങ്ങിനെ ചേരുന്നു  ?

ഒരാളുടെ രക്തഗ്രൂപ്പും അനുബന്ധ ഘടകങ്ങളും അനുയോജ്യമാകുന്ന ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള ട്രാൻസ്പ്ലാന്റേഷനുകൾ പ്രായോഗികമായി ഞങ്ങളുടെ ലോകത്ത് നടത്തപ്പെടുന്നുണ്ട് അതല്ലാതെ ഗുരുതരമായ വിഷമതകൾ നേരിടുന്ന ഘട്ടങ്ങളിൽ മറ്റു മാർഗ്ഗങ്ങളില്ല 

ഈ പ്രപഞ്ചത്തിൽ ഓരോ ശരീരങ്ങളും അതിലെ അവയവങ്ങളും  രൂപം കൊള്ളപ്പെട്ടിട്ടുള്ളത് അതിനോട് അനുയോജ്യമായ ഘടകങ്ങൾ കൊണ്ട് മാത്രമാണ്, ആ ശരീരത്തോട് ചേർന്നു നിൽക്കുന്ന വിധത്തിൽ മാത്രമാണ്  അത് പടുത്തുയർത്തിയിട്ടുള്ളതും  

മറ്റൊരാളിൽ നിന്നത്  കടമെടുക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്താൽ  അതൊരിക്കലും പ്രായോഗികമായി എനിക്ക് തോന്നുന്നില്ല വളരെ പ്രാകൃതമായ ഇത്തരത്തിലുള്ള ചികിത്സാ രീതികളാണോ നിങ്ങൾ വെച്ചു പുലർത്തുന്നത് ? 

ഇവിടെ എന്താണ് ഉത്തരം പറയേണ്ടതെന്നോ എങ്ങിനെയാണ് ഇതിനെ വിശദീകരിക്കേണ്ടതെന്നോ എനിക്കു നിശ്ചയമുണ്ടായിരുന്നില്ല 

ഇവിടെ ഒരാൾ ഒന്ന് നഷ്ട്ടപ്പെടുത്തുമ്പോൾ മറ്റൊരാൾ ഒന്ന് നേടുന്നു എന്നും പറയാനാകില്ല

സാക്രിഫൈസ്  ഞാൻ  ഇടയിൽ കയറി പറഞ്ഞു

സാക്രിഫൈസോ  ?  സയൻസിൽ  സാക്രിഫൈസിന് സ്ഥാനമുണ്ടോ ? ഇത് അപരിഷ്‌കൃതവും പ്രാകൃതവുമായി ഒരു ചികിത്സാ രീതിയെന്നു മാത്രമേ എനിക്ക് പറയുവാനാകൂ. ഒരു വ്യക്തിയുടെ അവയവം അയാളിൽ നിന്നും മുറിച്ചെടുത്ത് മറ്റൊരാളിൽ വെച്ചുപിടിപ്പിക്കുക 

നമ്മുടെ ശരീരത്തിലുള്ള  ഓരോ അവയവങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ടെന്നുള്ളത് നിങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്ന് എനിക്കറിയാം  അല്ലാതെ ശരീരത്തിന് ഭാരമാകുവാനോ വെറുതെ വെക്കുവാനോ അല്ല അവയവങ്ങൾ നമ്മുടെ ശരീരത്തിൽ രൂപപ്പെട്ടിട്ടുള്ളത്. ഒരേ ജോലി ചെയ്യുന്ന രണ്ട് അവയവങ്ങൾ ഉണ്ടെന്നു കരുതി അതിലൊന്ന് ധാനം ചെയ്യുവാനുള്ളതല്ല രണ്ട് അവയവങ്ങൾ അവിടെ കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെതായ ജോലിഭാരമോ, പ്രാധാന്യമോ അതിനുണ്ടെന്ന് മനസ്സിലാക്കാൻ പോലും നിങ്ങൾക്ക് കഴിയില്ലേ ? 

എന്തെങ്കിലും പ്രാധാന്യമില്ലാതെ ഒരേ തരത്തിലുള്ള രണ്ടു അവയവങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ 

ആ ചോദ്യത്തിന് മുന്നിൽ  ഞാൻ, ഞങ്ങൾ  മൂകരായി  ഇവിടെ നമ്മുടെ അറിവുകേടുകളെ മറക്കുവാൻ നിശബ്ദതയാണ് ഏറ്റവും നല്ലത് നമ്മുടെ ലോകത്തിൽ ഏറ്റവും നൂതനമായ ഒരു ചികിത്സാ രീതിയെ പ്രാകൃതവും അപരിഷ്‌കൃതവുമെന്നിവർ  വിളിച്ചരിക്കുന്നു. 

സാക്രിഫൈസെന്നുള്ളത് മറ്റൊന്നാണ് വാസ്‌തോ 

ഇവിടെയാ വാക്കിനു യാതൊരു അടിസ്ഥാനവുമില്ല 

ഇതൊരു ശാസ്ത്രമാണ് നമ്മൾ കണ്ടെത്തിയെടുക്കുന്നത്  വികസിപ്പിച്ചെടുക്കുന്നത്.  

ഓരോ തിരിച്ചറിവുകളും  പുതിയ കണ്ടെത്തലുകളിലേക്ക് നമ്മളെ നയിക്കുന്നു അടിസ്ഥാനപരമായി ഒന്നിന്റെ വിജയമെന്നു  കണക്കാക്കപ്പെടുന്നത് അതിന്റെ പൂർണ്ണതയാണ് .

സക്സസെന്നുള്ള തലത്തിലേക്ക് എത്തിപ്പെടുമ്പോൾ  അത് നൂറു ശതമാനവും വിജയവും ഉപയോഗപ്രദവുമായിരിക്കണം എന്നുള്ള പൂർണ്ണതയാണ് അവിടെയുണ്ടാകേണ്ടത് അതല്ലാതെ  ഭാഗ്യ നിർഭാഗ്യങ്ങൾക്കോ സാക്രിഫൈസിനോ യാതൊരു അടിസ്ഥാനവുമില്ല എന്നുള്ളതാണ് സത്യം 

ഞാൻ നിശ്ശബ്ദനായിരുന്നു കാരണം അതാണ് എനിക്കു ചേരുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

 ഇവിടെ ഞങ്ങൾ ഓരോ അവയവങ്ങളും റീപ്രൊഡ്യൂസ് ചെയ്‌തെടുക്കുന്നു  .

അതെങ്ങനെയെന്ന്  ഞങ്ങൾ ചോദിച്ചില്ല

മൂലകോശത്തിൽ നിന്നും അതേജനുസ്സിൽ പെട്ട മറ്റൊരു അവയവം ഉണ്ടാക്കിയെടുക്കുന്ന രീതി

ക്ലോണിംഗ്, ഞങ്ങളും ചെയ്യുന്നുണ്ട് അത്ര വിജയകരമായിട്ടല്ലെങ്കിൽ കൂടി

നിക്കായിരുന്നു അതിലുള്ള തന്റെ അറിവ് പ്രകടമാക്കിയത് 

എന്താണ് ക്ലോണിംഗ് ?

ഏതൊരു വസ്തുവിന്റെയും മൂലകോശമായ DNA യിൽ നിന്നും വേർതിരിച്ചെടുത്ത് ഉണ്ടാക്കിയെടുക്കുന്ന അതിന്റെ തന്നെ മറ്റൊരു പ്രതിരൂപം.

അതൊരു പ്രതിരൂപമല്ലേ വാസ്‌തോ ? യുവർ ഇമിറ്റേഷൻ , ട്വിൻസ്  ആകാരം കൊണ്ടും മുഖസാമ്യം കൊണ്ടും. പരസ്പരം  സാദൃശ്യം ഉണ്ടെങ്കിലും, ബുദ്ധികൊണ്ടും പ്രവർത്തികൾ കൊണ്ടും വീക്ഷണങ്ങൾ കൊണ്ടും  അത് രണ്ടും രണ്ട് വ്യക്തിത്വങ്ങൾ  തന്നെയല്ലേ ?

ക്ലോണിങ്ങിൽ കൂടിയെങ്ങിനെയാണ് അവയങ്ങൾ പ്രൊഡ്യൂസ് ചെയ്തെടുക്കുക ? 

സാധ്യമല്ല 

ഇവിടെ ഞങ്ങൾ ആരിൽ നിന്നും കടമെടുക്കുന്നില്ല മറിച്ച് റീ പ്രൊഡ്യൂസ് ചെയ്യുകയാണ്  അതായത് ഏതൊരു വ്യക്തിക്കാണോ ഇത്തരത്തിലുള്ളൊരു ആവശ്യം നേരിടുന്നത് ആ വ്യക്തിയുടെ മൂലകോശത്തിൽ നിന്നും ആവശ്യമുള്ള  അവയവത്തെ ക്രിയേറ്റ് ചെയ്തെടുക്കുന്ന രീതി  .

നിങ്ങൾ പറയുന്ന DNA  ഞങ്ങൾ വിളിക്കുന്ന എഡിസം  ആ മൂലകോശത്തിൽ നിന്നും അതിന്റെ മദർ ഘടകങ്ങളെ വേർതിരിച്ചെടുക്കുകയും അതിൽ നിന്നും വീണ്ടും വളർത്തിക്കൊണ്ടുവരുന്ന ഒരു രീതിയാണിത്  .

വളർച്ചയുടെ തലങ്ങൾ അനുസരിച്ച്   മൂലകോശം അതിന്റെ ബാല്യാവസ്ഥയിൽ നിന്നും വളർന്നു വരുവാൻ കാലതാമസം എടുക്കുകയില്ലേ അതായത് ഒരു ശിശു  രൂപം പ്രാപിച്ച് വളർന്ന് ഒരു പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ ആയി മാറുമ്പോഴാണ് എല്ലാ അവയവങ്ങളും പൂർണ്ണ വളർച്ചയെ  പ്രാപിക്കുന്നത് , അതിനു വേണ്ടി വരുന്ന കാലതാമസം ഇവിടെയും സംഭവിക്കുകയില്ലേ ? അത്രയും കാലം  ആ രോഗിക്ക് പിടിച്ചു നിൽക്കുവാൻ  കഴിയുമോ ?

എന്റെ ന്യായമായു സംശയമായിരുന്നുവത്

താങ്കൾ ഉന്നയിച്ചത്   തീർച്ചയായും ശരി തന്നെ സാധാരണ  ബീജത്തിൽ നിന്നും മൂലകോശത്തിൽ നിന്നും രൂപാന്തരം പ്രാപിച്ച് പൂർണ്ണ വളർച്ചയെത്തുന്ന പ്രിക്രിയ എന്നുള്ളത് ഒരു ജനിതക പ്രോസ്സസ്സ് ആണ് , എന്നാൽ ഇവിടെ പ്രകൃതി അനുവർത്തിക്കുന്ന എല്ലാ തരത്തിലുമുള്ള വളർച്ചയുടെ ഘടകങ്ങൾ ആവശ്യമില്ല

 ആയതിനാൽ ഞങ്ങളിവിടെ മസ്താക്‌ലോ എഡിസം എന്നുള്ള സാങ്കേതിക വിദ്യയിലൂടെ ഇത് പ്രവർത്തീകമാക്കുന്നു  അതായത് എന്താണോ,  അല്ലെങ്കിൽ ഏതാണോ ഒരു വ്യക്തിയുടെ  ശരീരഘടനയെന്നുള്ളത്‌  അത്  യന്ത്ര സഹായത്താൽ പുനർനിർമ്മിച്ചു കൊണ്ട്  ആ വ്യക്തിയുടെ ശരീരോക്ഷ്മാവ് , ജനിതക ഘടകങ്ങൾ,  അവയവങ്ങളുടെ ഘടന ബാഹ്യവും  ആന്തരികമായ എല്ലാ ഘടങ്ങളേയും അനുബന്ധ  സംവീധാനങ്ങളേയും  കൃത്രിമമായും കൃത്യമായും  ഒരുക്കിയെടുത്ത്  ഏത് അവയവമാണോ നിർമ്മിക്കേണ്ടത് അതിനോട് അനുബന്ധ മായ എല്ലാ ഘടകങ്ങളും എങ്ങിനെയാണോ അയാളുടെ  ശരീരത്തിലുള്ളത് ആ  രീതിയിലുള്ള സാഹചര്യങ്ങൾ അതേ അളവിലും സാഹചര്യത്തിലും യന്ത്ര സഹായത്താൽ പുനരാവിഷ്കരിച്ചു കൊണ്ട് ആ മൂലകോശ ഘടകങ്ങളെ വളർത്തിയെടുക്കുകയും അതാ ശരീരത്തിൽ വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നു .

ഒന്ന് കൂടി വിശദീകരിച്ചാൽ  ഏത് ഓർഗനാണോ ഒരു വ്യക്തിക്ക് ആവശ്യമായി വരുന്നത്  അതിന്റെ മൂലകോശത്തെ  മദർ കോശത്തിൽ നിന്നും വേർതിരിച്ചെടുത്തുകൊണ്ട് ആ വ്യക്തിയുടെ ശരീരത്തിന്റെ  അതെ ഊക്ഷ്മാവിലും സമാനമായ  ഘടകങ്ങളും ഒത്തു ചേർത്തു  വളർത്തിയെടുക്കുന്നു . പൂർണ്ണവളർച്ചയെത്തിയ ആ അവയവത്തിന്റെ  പ്രവർത്തനം യന്ത്രസഹായത്താൽ  ശരീരത്തോട് ചേർത്തുകൊണ്ട് അവസാന വട്ട വിശകലനം നടത്തുകയും ശരീരത്തിലേക്ക് മാറ്റുകയും  ശരീരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു .

കാലതാമസം ഒഴിവാക്കുന്നതിനായി  ഇൻക്യുബിലേറ്ററിനുള്ളിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന എൻസൈമുകൾ കൃത്യമായും സമയബന്ധിതമായും നൽകുന്നതോടെ ത്വരിതഗതിയിൽ ആ അവയവം വളർച്ചപ്രാപിക്കുന്നു 

ഇവിടെ യാതൊരു സംശയങ്ങൾക്കും, ആശങ്കകൾക്കും  അടിസ്ഥാനമുണ്ടാകുന്നില്ല  കാരണം സ്വന്തം മൂലകോശത്തിൽ നിന്നും  ആ അവയവത്തെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നതു കൊണ്ട് തന്നെ ജന്മനായുള്ള അവയവത്തിന്റെ അതേ ശേഷിയോടെയും കൃത്യതയോടെയും  അത് ശരീരത്തോട് ചേരുകയും പ്രവർത്തിക്കുകയും ചെയ്യുന്നു .

എല്ലാ അവയവങ്ങളേയും ഇങ്ങനെ വളർത്തിയെടുക്കുവാൻ പറ്റുമോ ?

തീർച്ചയായും , ബ്രെയിനടക്കം  

താങ്കൾക്ക് മുന്നേ തോന്നിയ സംശയത്തിനു കൂടി  ഇപ്പോൾ ഉത്തരമായെന്ന് ഞാൻ കരുതുന്നു.

അതെങ്ങനെ ? 

ബ്രെയിനെന്നുള്ളത്  അപ്പപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതും നമ്മുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ  എല്ലാത്തിനേയും  ഏകോപിപ്പിക്കുന്നതും,  സൂക്ഷിച്ചു വെക്കുന്നതും വികാരങ്ങളെ നിയന്ത്രിക്കുന്നതും , എന്താണോ നമ്മൾ? എതാണോ നമ്മൾ ? നമുക്ക് ചുറ്റുമുള്ളത് എങ്ങിനെ എന്നിങ്ങനെയുള്ള എല്ലാം നിയന്ത്രിക്കുന്നതും അതീവ  പ്രാധാന്യം അർഹിക്കുന്നതുമായ  ആ അവയവത്തിനു സംഭവിക്കുന്ന മാറ്റം അയാളുടെ ഭൂതകാലത്തെ മുഴുവനും എന്തിന് അയാളുടെ വ്യക്തിത്വത്തെ തന്നെ തുടച്ചു നീക്കപ്പെടുകയില്ലേ ?  

ആർട്ടിഫിഷ്യലായി ക്രിയേറ്റ് ചെയ്‌തെടുക്കുന്ന പുതിയ ബ്രെയിന് പുതിയൊരു വ്യക്തിത്വത്തെയല്ലേ രൂപപ്പെടുത്തുവാൻ കഴിയു ആ വ്യക്തിയുടെ പഴയ ബ്രെയിൻ അനുവർത്തിച്ചിരുന്ന ഡാറ്റകളെയും സ്വഭാവ സവിശേഷതകളെയും മറ്റൊന്നിലേക്ക് അതെപ്പോലെ തന്നെ സന്നിവേശിപ്പിക്കുവാൻ ഒരിക്കലും  കഴിയുകയില്ലല്ലോ അങ്ങനെ വരുമ്പോൾ അതൊരു പുതിയൊരു വ്യക്തിത്വമായല്ലേ കണക്കാക്കാനാകൂ ? 
  
ഇവിടെ മറ്റൊരാൾ,  മറ്റൊരു ബ്രെയിൻ എന്നൊന്നില്ല ഒരു വ്യക്തിയുടെ തന്നെ   ബ്രെയിനിന്റെ മൂലകോശങ്ങളെ ഉപയോഗിച്ച് വളർത്തിയെടുക്കുന്ന ബ്രെയിൻ അതിന്റെ മദർ കോശത്തിൽ നിന്നും എല്ലാ ഘടകങ്ങളേയും വിവരങ്ങളെയും, ആ വ്യക്തിത്വത്തെ അപ്പാടെ തന്നെ പുതിയതിലേക്കും ട്രാൻസ്ഫെർ ചെയ്യുന്നു .

ആരാണോ അയാൾ ? എന്താണോ അയാൾ ? അയാളുടെ ചേഷ്ട്ടകൾ , മാനസീക, വ്യാപാരങ്ങൾ, ചിന്തകൾ , ഇഷ്ട്ടങ്ങൾ , ഇഷ്ടക്കേടുകൾ ചുരുക്കിപ്പറഞ്ഞാൽ എല്ലാം തന്നെ അയാളിലേക്ക് ഫീഡ് ചെയ്യപ്പെട്ടുകൊണ്ട് അയാൾ ആരായിരുന്നുവോ അതുപോലെ തന്നെ തുടർന്നുകൊണ്ട് പോകുവാൻ അയാൾക്ക് കഴിയുന്നു  

മെമ്മറി ചിപ്പ് മാറുന്ന പോലെ ഞാൻ പോലും അറിയാതെയാണ് ആ വാക്കുകൾ  എന്നിൽ നിന്നും പുറത്തേക്ക് വന്നത് .

വിശദമായ പരിശോധനകൾക്കൊടുവിൽ  ഞങ്ങൾ നാലുപേർക്കും എടുത്തു പറയാവുന്ന തരത്തിലുള്ള യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് തീർച്ചപ്പെടുത്തുവാൻ കഴിഞ്ഞു  

ഞങ്ങളെ മറ്റൊരു കെട്ടിടത്തിനുള്ളിലേക്ക് അവർ നയിച്ചു
അവിടെ ശൂന്യമായ നാലു ക്യാബിനുകൾ അത്രമാത്രം
 
അവസാനമില്ലാത്ത അത്ഭുത കാഴ്ചകൾ ഒന്നിനുപുറകെ മറ്റൊന്നായി ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു   അദ്ദേഹം ഞങ്ങളുടെ കൈകളിലേക്ക്  ചെറിയ സ്ക്രീനുകളോട്  കൂടിയ ഓരോ ഉപകരണങ്ങൾ തന്നു 

സ്മാർട്ട്‌ ഫോണുകളുമായി വളരെ സാമ്യം 

അതിന്റെ പ്രവർത്തന രീതികൾ  അദ്ദേഹം  ഞങ്ങൾക്കായി വിശദീകരിച്ചു തന്നു .

ആ ഉപകരണം ഓൺ ചെയ്ത  ഉടൻ ക്യാബിന്റെ ഒരു വശത്തായി തരക്കേടില്ലാത്ത ഒരു വലിയ  സ്ക്രീൻ പ്രത്യക്ഷപ്പെട്ടു ഒരു പ്രൊജക്ടറിൽ നിന്നുമുള്ള പ്രെസന്റേഷൻ പോലെ തോന്നിപ്പിച്ചുവത്  

അതിൽ നിറയെ കോളങ്ങൾ  ഓരോന്നിലും  ഓരോന്നിന്റെ ചിത്രങ്ങൾ  .
വസ്ത്രങ്ങൾ , മേശ,  കസേര, പെൻ, ബുക്ക്,  ഭക്ഷണം, കട്ടിൽ  ബാത്ത്റൂം

ദൈന്യം ദിന ആവശ്യങ്ങൾക്കുള്ള എല്ലാ വസ്തുവകകളും അതുണ്ടായിരുന്നു  

അതിലൊന്നിൽ വിരലമർത്തിയപ്പോൾ അതിന്റെ  വകഭേദങ്ങളായി പിന്നേയും കുറേ ചിത്രങ്ങൾ ആ  സ്ക്രീനിൽ തെളിഞ്ഞു വരുന്നു  മൊബൈൽ ആപ്പുകളുടെ വിവരണം പോലെ

ഞാനൊരു കസേരയുടെ ചിത്രത്തിൽ വിരലമർത്തി .

അടുത്ത നിമിഷം  മാജിക്കുകാരൻ ശൂന്യതയിൽ നിന്നും  പൂവെടുത്ത് തരുന്നത് പോലെ അവിടയൊരു കസേര  പ്രത്യക്ഷപ്പെട്ടു 

ഞങ്ങൾ അത്ഭുതപൂർവ്വം പരസ്പരം നോക്കിയപ്പോൾ ഒന്ന്  പുഞ്ചിരിച്ചു കൊണ്ട്  ഞങ്ങൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു .

Magical Technology

ഡേവിഡ്‌ സാകൂതം പിറു പിറുത്തത്  ഞങ്ങളെല്ലാം  വ്യക്തമായി കേട്ടു .

ഐ ആം ഇൻ സനാഡു (Xanadu ) മാൻഡ്രേക്

Illusion? 

നോ 

അദ്ദേഹം തിരിഞ്ഞു കൊണ്ട്  ഞങ്ങളോട് പറഞ്ഞു

ഈ കാണുന്നതെല്ലാം റിയൽ ആണ് , കൃത്യതയോടെ അടുക്കി വെച്ചിരിക്കുന്നു എവെരിതിങ് ഈസ് ദേർ ബട്ട് വി ക്യാൻറ് സീ അദൃശ്യമായി എല്ലാം സ്റ്റോർ ചെയ്യപ്പെട്ടിരിക്കുന്നു , ആവശ്യമുള്ളത് നിങ്ങളുടെ കൈയ്യിലുള്ള ഉപകരണത്തിൽ കൂടി നിങ്ങൾ ആവശ്യപ്പെടുമ്പോൾ  ടെക്നോൾജിയിലൂടെ ആ ഉപകരണവുമായി സംവദിച്ച് അത് വിസിബിൾ ആക്കിമാറ്റുന്നു  .

ഞങ്ങൾ നാലുപേരും ഉള്ളിലേക്ക് നടന്നു വിശ്രമം അനിവാര്യമാണ് അതിനു മുൻപ് അല്പം ഭക്ഷണം ആകാം 

ഞാൻ ഭക്ഷണത്തിനായി ആ സ്ക്രീനിൽ വിരലമർത്തി ചിക്കനോട് സാമ്യമായ മാംസം  പേരറിയാത്ത വെജിറ്റബിൾസ് , ഫ്രൂട്ട്സ്  , എല്ലാം തന്നെ സ്വാദിഷ്ടമായവ പക്ഷേ ,  എന്തോ ഒരു പ്രത്യേക രുചിക്കൂട്ട് പോലെ എനിക്കവയെല്ലാം തോന്നിച്ചു.

ഒരു പക്ഷേ  ഞാനീ  ഭക്ഷണം  ഭൂമിയിൽ വെച്ചാണ് കഴിക്കുന്നതെങ്കിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നുകയില്ലായിരിക്കാം .

 സാംസ്കാരികമായും  ഭൂമിശാസ്ത്രപരമായും  പരസ്പരം വിഭജിക്കപ്പെട്ടു കിടക്കുന്ന  രാജ്യങ്ങളിലെ വ്യത്യസ്ഥങ്ങൾ ആയ രുചിഭേദങ്ങൾ  മാത്രമെന്നുള്ളൊരു നിഗമനത്തിലേക്ക് ഞാനെത്തിച്ചേർന്നേനേ .

എന്നാൽ,  ഒരു അന്യഗ്രഹത്തിലെ ഭക്ഷണം  അത് തീർത്തും വ്യത്യസ്ഥമാണെന്നുള്ള ചിന്ത അതുമാത്രമാണ് ഇതിനാധാരം

ടി വി പോലെ ഒന്ന് ഞാൻ അതൊന്ന് ഓൺ ചെയ്തു എന്തെക്കെയോ പരിപാടികൾ ഞാൻ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു 

അത്ഭുതം മിഥുൻ ചക്രവർത്തി ഐ ആം എ ഡിസ്കോ ഡാൻസർ പാടിക്കൊണ്ട് എന്റെ മുന്നിൽ 

കാണുന്നതെല്ലാം അത്ഭുതങ്ങൾ  നാട്ടിൽ ഒരു പാട് തവണ കേട്ടിട്ടുള്ളത് കൊണ്ട് ഡിസ്കോ ഡാൻസർ ഞാൻ ഓഫ് ചെയ്തു   

ഭിത്തിയുടെ ഒരു വശത്തായി രണ്ടു ചെറിയ ബട്ടണുകൾ  അതിലൊന്നിൽ വിരലമർത്തി .

പൊടുന്നനെ  ആ ഭിത്തി ഒരു വശത്തേക്ക് തെന്നി മാറി അതിനപ്പുറത്തെ ഹരിതാഭമായ  കാഴ്ച്ച  എന്നെ ഹരം കൊള്ളിച്ചു 

ഏറ്റവും മനോഹരമായ ഒരു ദ്രിശ്യ വിരുന്നു തന്നെയായിരുന്നൂവത്

വിശാലമായി ഒഴുകുന്ന  പുഴ  അതിന്റെ ഇരുവശത്തും ഉയർന്നു നിൽക്കുന്ന മലനിരകൾ അവിടെ മുഴുവൻ  പച്ചപ്പു നിറഞ്ഞു നിൽക്കുന്നു.

എന്റെ ഗ്രാമം എനിക്കോർമ്മ വന്നു 

 പുഴയുടെ മറുവശത്ത്‌ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന  നീല  പുഷ്പങ്ങളോട് കൂടിയ ചെടികൾ   ഒരു നീലക്കടൽ  പോലെ പരന്നു കിടക്കുന്നു .

മലനിരകൾക്ക് താഴെ കൊച്ചു കൊച്ചു ടെന്റുകൾ  അവിടെയെല്ലാം  ആളുകളുടെ സാന്നിദ്ധ്യം .

എത്ര കണ്ടാലും  മതി വരാത്ത ആ പ്രകൃതി സൌന്ദര്യത്തിലേക്ക് നോക്കി നിൽക്കുവാൻ ആഗ്രഹിച്ചെങ്കിലും ക്ഷീണം  അൽപനേരത്തെ വിശ്രമത്തിനായി മുറവിളി കൂട്ടുന്നു.

അതിലേറെ ശരീരത്തിന്റെ ബലഹീനത ശൂന്യാകാശത്തിലെ ഗ്രാവിറ്റിയിൽ നിന്ന്  ഗുരുത്വാകർഷണത്തിലേക്ക് ശരീരം കൂടുമാറുമ്പോൾ ഉണ്ടാകുന്ന അവസ്ഥാവിശേഷം .

സ്പേസിലൂടെ യാത്ര കഴിഞ്ഞെത്തുന്ന ഏവരും അഭിമുഖീകരിക്കുന്നത് .

ഞാൻ പതുക്കെ കട്ടിലിലേക്ക് ചാഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു  അപ്പോഴാണ്‌  ആ വലിയ അത്ഭുതം എന്നിൽ ഉടക്കിയത് ,

ചാടിയെഴുന്നേറ്റു പോയി ഞാൻ .

അത്ഭുതം ജിജ്ഞാസക്കു വഴിമാറിയപ്പോൾ ,ഞാൻ പതുക്കെ ഭിത്തിയുടെ നേർക്ക് നടന്നു  അവിടെ  മരം കൊണ്ടുള്ളൊരു കുരിശ് ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു .

അതിനപ്പുറത്ത്  മനോഹരമായ നയനങ്ങളോട് കൂടിയ ഒരു രൂപവും  .

ജീസ്സസ് 

ഓ നോ 

ഇത് ജീസ്സസ് തന്നെ 

ഈശ്വരാ  ജീസസ് ,ഇവിടേയുമോ ? 

ജീസസ്സിനെ മനസ്സിലാക്കാനാകാതെ ഞാൻ ജീസസ്സിനെ തന്നെ വിളിച്ചുപോയി 

അതെങ്ങനെ ?

ഒരുപാട് സംശയങ്ങൾ എന്റെ ഉള്ളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു .

എന്താണ്  ഈ കുരിശിന്റെ അര്ത്ഥം? 

ഭൂമിയിലാണെങ്കിൽ  അത്  ജീസസുമായി ബന്ധപ്പെട്ടു കിടക്കുന്ന സിംബലാണ്.

ഇവിടേയും അത് തന്നെയാണോ  അർത്ഥമാക്കേണ്ടത് ? അതിനു തൊട്ടടുത്ത് കാണപ്പെടുന്ന ഈ രൂപം ജീസസ്സിന്റേതു തന്നെയാണോ ?

അങ്ങിനെയെങ്കിൽ ജീസസ്സ് ഇവിടേയും ക്രൂസിഫൈ ചെയ്യപ്പെട്ടിരിക്കുന്നുവോ?

എനിക്കൊന്നും വിവേചിച്ചറിയുവാൻ കഴിയുന്നില്ല , സത്യവും , മിഥ്യയും കൂടിക്കലർന്നു എന്നെ ശൂന്യമാക്കുന്നു
  
ചില സമയത്ത് ഭൂമിയിൽ തന്നെയെന്ന് തോന്നുന്നു മറ്റുചിലപ്പോൾ  മായാലോകത്തും  .

എന്താണിത് .?

സത്യങ്ങൾക്ക് ഇങ്ങിനേയും സത്യങ്ങളാകാൻ കഴിയുമോ ?

അത്ഭുതങ്ങൾക്ക് ഇങ്ങനേയും 

ഞാനിപ്പോൾ ഭൂമിയെന്ന ഗ്രഹത്തിൽ നിന്നും കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ്  .

പക്ഷേ കാണുന്നതും അനുഭവിക്കുന്നതും 

എനിക്കൊന്നും വിശ്വസിക്കുവാൻ കഴിയുന്നില്ല 

എന്റെ ദൈവമേ അങ്ങേത്രെ നിഗൂഡമായാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത്  

മനുഷ്യരെന്ന അഹങ്കാരികൾ ഇതെല്ലാം കണ്ട്  നിൽക്കുകയാണ് .

അത്ഭുതങ്ങളുടെ ഓരോ കൂടാരങ്ങളും തുറക്കപ്പെടുമ്പോൾ   മഹാബുദ്ധിമാന്മാർ എന്നഹങ്കരിക്കുന്ന ഞങ്ങൾ  എത്ര ചെറുതാണെന്ന്  തിരിച്ചറിയുന്നു .

ഈ ഒരു തിരിച്ചറിവിനു വേണ്ടിയാണോ ഞങ്ങളെ ഇവിടെവരെക്ക് എത്തിച്ചത്? 

ഈ ചിത്രത്തിന് ആധാരം എന്താണ് ?

ഭൂമിയിലെ ജീസസ്സിന്റെ അതേ ജീവിത ചക്രം തന്നെയാണോ ഇവിടേയും അന്വർത്വമാക്കപ്പെട്ടിട്ടുള്ളത് ?  അതോ അതിൽ നിന്നും വ്യത്യസ്ഥമായതോ ?

അങ്ങിനെയാണെങ്കിൽ
  
എങ്കിൽ മനുഷ്യരുടെ ശാസ്ത്രനിഗമനങ്ങളെ അപ്പാടെ പൊളിച്ചെഴുതേണ്ടതായി വരും .

ഗ്രഹങ്ങളുടെ കൂട്ടിയിടിയിൽ നിന്ന് ഭൂമിയുണ്ടായി കുരങ്ങനിൽ നിന്ന് മനുഷ്യൻ രൂപം കൊണ്ടു 

എന്ത് വിഡ്ഢിത്തങ്ങളായ ശാസ്ത്രനിഗമനങ്ങളായിരുന്നുവിതെല്ലാം  ? 

ജീവനും, പ്രപഞ്ചവും എല്ലാം ഉടലെടുത്തത് ദൈവത്തിന്റെ മഹത്തായ കരവിരുതാൽ തന്നെയാണ അതിന്റെ ഉത്തമ ദ്രിഷ്ടാന്തങ്ങൾ  തന്നെയാണ് ഈ കാണുന്നതെല്ലാം. 

ഇനി തീർച്ചപ്പെടുത്തേണ്ടത് സംശയങ്ങളാണ്

ഇതിന്റെയെല്ലാം കൂടുതൽ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ , അതൊരു പക്ഷേ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കുള്ള വലിയൊരു  വെളിച്ചം വീശലായിരിക്കുമത് .

തങ്ങൾ ഇന്നുവരെ കണ്ടുപിടിച്ചതും അനുമാനിച്ചതും കണക്കു കൂട്ടിയതുമെല്ലാം തെറ്റായിരുന്നുവെന്നുള്ള  ശാസ്ത്രലോകത്തിന്റെ നിലവിളിയായിരിക്കും അതിലൂടെ ഉയരുക   .

ഇപ്പോൾ അല്പം വിശ്രമം  അനിവാര്യമാണ്  ശരീരത്തിനേയും മനസ്സിനേയും ഊർജ്ജസ്വലമാക്കാൻ അതുകൂടിയേ തീരു  

ഞാനാ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു എന്റെ കണ്ണുകൾ അപ്പോഴും  ജീസ്സസ്സിന്റെ ആ രൂപത്തിൽ തന്നെയായിരുന്നു .

അതിനു മുന്നിൽ കണ്ണുകൾ താനെ അടഞ്ഞുപോകുന്നു  .  

2 അഭിപ്രായങ്ങള്‍

വാസ്തോ...

എനിയ്ക്ക്‌ വട്ടായോയെന്ന് ചെറിയ സംശയം.

ഭയങ്കര ഇഷ്ടം.

ഭാവനയുടെ അങ്ങേയറ്റം ആണല്ലോ ബൈജുച്ചേട്ടാ?!?!?!?
വായിച്ചിരുന്നു ട്ടോ.