മെമ്പറ് സുകേശന്റെ ബർത്തഡേയാ ഇന്ന് പാക്കരൻ ചേട്ടന്റെ ചായക്കടേല് വെച്ചാ അതിന്റെ ആഘോഷം പ്ലാൻ ചെയ്തിരിക്കുന്നത്  അതിനുവേണ്ടി വലിയൊരു കേക്കു തന്നെയാണ് സുകേശൻ വാങ്ങി വെച്ചിരിക്കുന്നത് ആർക്കും ഒരു കഷ്ണമെങ്കിലും കിട്ടാതെ പോകരുതെന്നുള്ളൊരു  നല്ലമനസ്സാണ് അതിനു പുറകിലെന്ന് വ്യക്തമെങ്കിലും സുകേശന് വേറൊരു ഗൂഢോദ്ദേശം കൂടിയുണ്ടെന്നാണ് സുകേശൻറെ മുഖ്യ എതിരാളിയായ ചന്തയിൽ വാസു ആരോപിക്കുന്നത്  

പഞ്ചായത്ത് ഇലക്ഷൻ വരാൻ ഇനി അധികം നാളില്ല കേക്കിന്റെ തുണ്ടു  കൊടുത്ത് അതിലൂടെ കുറച്ചു പേരെയെങ്കിലും ചാക്കിലാക്കാനുള്ള ഒരു അടവായിട്ടാണ് ഈ കേക്ക് മുറിക്കലെന്നാണ്  ചന്തയിൽ  വാസുവിന്റെ നിഗമനം 

ചന്തയിൽ വാസൂന് ഒരു കടയുള്ളതുകൊണ്ടും ഞങ്ങളുടെ ഗ്രാമത്തിൽ ഒരു പാടു വാസുമാർ ഉള്ളതുകൊണ്ടും പെട്ടെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആ ചന്തയിൽ എന്നുള്ള വാക്ക്  തന്റെ പേരിനു  മുന്നിൽ  വാസു പ്രതിഷ്ഠിച്ചതെങ്കിലും കാലക്രിമേണ അത് ലോപിച്ച് ലോപിച്ച് ചന്തയിൽ എന്നുള്ളത് ചന്തയായി ചുരുങ്ങുകയും വീണ്ടും അതിന് പരിവർത്തനം വന്ന്   ചന്ത എന്നുള്ള വാക്കിന് നാട്ടുകാരുടെ വക ഒരു വള്ളി കൂടി ചേർക്കപ്പെടുകയും അതിലൂടെയാണ് വാസുവിപ്പോൾ അറിയപ്പെടുന്നതും. 

തന്റെ പേരിനെ  തന്റെ അനുവാദമില്ലാതെ നാട്ടുകാർ ലോപിപ്പിച്ചതിൽ വാസൂന് യാതൊരു അനിഷ്ഠവുമില്ലെന്നുള്ളതാണ് സത്യം  അത് നമുക്കെല്ലാം വേണ്ടപ്പെട്ട ഒരു അവയവമല്ലേയെന്നൊരു മറുചോദ്യം കൊണ്ടാണ് വാസു അത്തരം ചോദ്യകർത്താക്കളുടെ വായടപ്പിക്കുന്നത്.  

അങ്ങനെ നോക്കുമ്പോൾ  വാസുവിന്റെ ആ കാഴ്‌ചപ്പാട് വളരെ ശരി തന്നെയെന്ന് സമ്മതിക്കേണ്ടി വരും

പഞ്ചായത്തിൽ എല്ലായ്‌പ്പോഴും സുകേശന് എതിരായിട്ട് നിൽക്കുമെങ്കിലും ഒരു പ്രാവശ്യം പോലും കെട്ടിവെച്ച കാശ്  വാസുവിന് കിട്ടിയിട്ടില്ല, കിട്ടാറുമില്ല  

അതിൽ വാസൂന് വിഷമമില്ല വിവരമില്ലാത്ത നാട്ടുകാർ എന്നാണ് വാസു പ്രതികരിക്കുക ഇലക്ഷൻ സമയമായാൽ ഞങ്ങളുടെ ഗ്രാമത്തിലെ ചുവരുകൾ വിവിധതരം ചന്തികളെ കൊണ്ട് നിറയും വാസുവിന്റെ എതിരാളികൾ ചെയ്യന്നതാണിത്.  

സുകേശന്റെ ബർത്ത് ഡേ യുടെ സന്തോഷം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു അതിലുപരി കേക്ക് എപ്പോൾ മുറിക്കും എന്നുള്ള ആകാംഷയിലായിരുന്നു എല്ലാവരും.  റോമുവാണെങ്കി സന്തോഷം കൊണ്ട് തുള്ളിച്ചാടിയാണ് നിൽക്കുന്നത് ആദ്യമായിട്ടാണ്  അവൻ കേക്ക് കഴിക്കാൻ പോകുന്നത്  ആ  സന്തോഷത്തില് ചായക്കടയിൽ വരുന്നവരെ എല്ലോരേം മുഖം പോലും നോക്കാതെ നക്കോട് നക്ക് .

ചായ കുടിക്കാൻ വന്ന തമിഴൻ മുരുകനെ ഓടിച്ചെന്ന്  ഒരു നക്ക് അത് കഴിഞ്ഞിട്ടാ റോമു മുഖത്തോട്ട് നോക്കിയത്  

അയ്യേ മുരുകൻ .. റോമൂന് ആകെ  ചമ്മലായി മുരുകനും ചമ്മല്

അല്ലെങ്കി മുരുകൻ വരുമ്പോ നിറുത്താതെ കുരക്കുന്നോനാ 

റോമു നക്കാനായി ഓടി വന്നപ്പോ മുരുകൻ ആദ്യമൊന്ന് പേടിച്ചു കടിക്കാൻ വരുകയാന്നാ മുരുകൻ കരുതിയത്  

ആ സന്തോഷത്തില് റോമുനേ കെട്ടിപ്പിടിച്ച് മുരുകൻ ഒരുമ്മ കൊടുത്തു അതോടെ  റോമൂന്റെ കണ്ണീന്ന് വെള്ളം വന്നു  ഇത്രേം...   സ്നേഹം ഉള്ളോനായിരുന്നോ ഈ  മുരുകൻ ? 
 
ഇനിയൊരിക്കലും മുരുകനെ കാണുമ്പോ കുരക്കത്തേയില്ലായെന്ന് അവൻ മനസ്സിൽ പ്രതിജ്ഞയെടുത്തു .

പാക്കരൻ ചേട്ടനാണെങ്കീ അതിലും വല്യ സന്തോഷത്തിലാ നിൽക്കുന്നത് 

തന്റെ എല്ലാ  പിറന്ന നാളിലും  ഇതുപോലെ കേക്ക് മുറിക്കാറുണ്ടെന്നാ പാക്കരൻ ചേട്ടൻ പറഞ്ഞത്  

അത് കേട്ട്  ഒരു ഫോട്ടോയായി ചുവരിൽ  തൂങ്ങിക്കിടക്കുന്ന പാക്കരൻ ചേട്ടന്റെ അപ്പൻ അന്തോണിചേട്ടന്റെ തല ചുറ്റികയും  കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആ ശരീരം  എന്റെ കർത്താവേ യെന്നുള്ള മുഴുനീള നിലവിളിയോടെ അവിടെ വീഴുകയും ചെയ്തു

തന്റെ ജീവിത കാലത്ത് പിറന്നാൾ  കേക്ക് പോയിട്ട് കൊട്ട കേക്ക് പോലും കണ്ടിട്ടില്ലാന്നായിരുന്നു ആ പാവം മനസ്സിലോർത്തത് .

പണിയെടുക്കാൻ ശരിക്കും മടിയനായ അന്തോണിച്ചേട്ടനെ  അല്ലറ ചില്ലറ  പാപങ്ങളുടെ കണക്കായിട്ട് മുന്തിരി തോട്ടത്തിലാണ് ജോലിക്ക് നിയോഗിച്ചെങ്കിലും മുന്തിരി പറിച്ചു തിന്നുന്നതിലുപരി ആ മനുഷ്യനെക്കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്ന് കർത്താവിന് പിന്നീടാണ് മനസ്സിലായത് 

എന്റെ പിറന്നാളിനും ഇതുപോലെ കേക്ക് മുറിക്കാറുണ്ട്  

പാക്കരൻ ചേട്ടൻ പറഞ്ഞതു കേട്ട് താനും ഒട്ടും കുറക്കേണ്ടന്നു കരുതിയാ  അന്നമ്മച്ചേടത്തിയും ആ കേക്ക് കഥ വിളിച്ചു  പറഞ്ഞത് .

അത് കേട്ട് പാക്കരൻ ചേട്ടനൊന്ന്  ഞെട്ടി... താനറിയാതെ ഇവൾ എപ്പോഴാണ് കേക്ക് മുറിക്കുന്നത് ? 

ഇവളുടെ പിറന്ന നാള് തന്നെ എന്നാണ് ? 

ഇനി തനിക്കു തരാതെ ഇവൾ ഒറ്റക്കെങ്ങാനും കേക്ക് മുറിക്കുന്നുണ്ടോ ?

ഇതുപോലെ ഒരുപാടൊരുപാട് സംശയങ്ങൾ ആ ഒറ്റ നിമിഷത്തിനുള്ളിൽ പാക്കരൻ ചേട്ടന്റെ മനസ്സിനുള്ളിലൂടെ വെടിച്ചില്ലു പോലെ കടന്നുപോയെങ്കിലും 
ചോദിക്കാതിരിക്കുകയാണ് തന്റെ  ആരോഗ്യത്തിന് നല്ലതെന്ന തിരിച്ചറിവ്  പാക്കരൻ ചേട്ടന് മുന്നേ ഉള്ളതുകൊണ്ട്  നിശബ്ദത പാലിക്കുകയും വെറുതേ തലയാട്ടുകയും ചെയ്തു . 

അങ്ങനെ കേക്ക് മുറിക്കേണ്ട  സമയായി എല്ലാവർക്കും കേക്കിന്റെ വിചാരം മാത്രേയുള്ളൂ ചായ കുടിക്കാൻ വന്ന മുരുകൻ ആ  ചായ ഒരിക്കലും കഴിയാത്ത പോലെയാണ് കുടിച്ചു കൊണ്ടിരിക്കുന്നത്  എങ്ങിനെയെങ്കിലും കേക്ക് മുറിക്കുന്നവരേക്കും  ഈ ചായയും കുടിച്ചോണ്ട്  അവിടെത്തന്നെയിരിക്കണം  എന്നാലേ കേക്ക് കിട്ടത്തുള്ളൂവെന്ന് മുരുകന് നന്നായറിയാം 
 
ചൂടില്ലാത്ത ആ ചായ എത്ര ഊതി ഊതി കുടിച്ചിട്ടും മുരുകനെയാരും  വിളിച്ചില്ല  ഇനി വിളിക്കുവാനും പോകുന്നില്ല 

വീണ്ടുമൊരു  ചായ കുടിച്ച് കേക്ക് മുറിക്കുന്നവരേക്കും അവിടെയിരിക്കാമെന്നു വെച്ചാൽ തന്നെ ചൂടുവെള്ളത്തിനുള്ള കാശുപോലും  കൈയ്യിലുമില്ല , ചായക്കടയിൽ വെറുതെയിരിക്കാൻ പാക്കരൻ ചേട്ടനോട്ട് സമ്മതിക്കത്തുമില്ല 

അങ്ങനെ ആരും വിളിക്കാത്തതു കൊണ്ടും, ഒരു ചായക്കുള്ള കാശ്  കൈവശമില്ലാത്തതുകൊണ്ടും കേക്കിനോടുള്ള ആർത്തികൊണ്ടും  അവസാനം മുരുകൻ..,മുരുകനെ  തന്നെ, ആ ബർത്തഡേക്ക്  വിളിച്ചു

മിസ്റ്റർ മുരുകൻ ഉങ്കളെ ബർത്ത് ഡേ വുക്ക് കൂപ്പിട്ടുറുക്ക് .. അത് സ്വയം പറഞ്ഞുകൊണ്ട്  ചുറ്റും നോക്കി മുരുകൻ ആശ്വാസം കൊണ്ടു 

അതുവരേക്കും വിളിക്കാത്തിടത്ത് വലിഞ്ഞുകേറിയതു പോലെയാണ് തോന്നിയതെങ്കിലും അതോടെ ആ സങ്കുചിതമായ ചമ്മൽ മുരുകനിൽ നിന്നും ഇറങ്ങിപ്പോയി.

ആരുടേയാണ്  ബർത്ത്ഡേന്ന് പോലും മുരുകന് അറിയത്തില്ല കേക്കിനു മുകളിൽ ഇംഗ്ലീഷിൽ ആണ് എഴുതിവെച്ചിരിക്കുന്നതെങ്കിലും മുരുകൻ കരുതിയത് അത് മലയാളമാണെന്നായിരുന്നു 

ഏന്തി വലിഞ്ഞും തലകുത്തി നിന്നും  വായിക്കാൻ പറ്റാഞ്ഞ മുരുകൻ    
ആ ബർത്ത് ഡേ പാക്കരൻ ചേട്ടന്റെയാണെന്നു തെറ്റിദ്ധരിക്കുകയും  ഓടിച്ചെന്ന്  പാക്കരൻ ചേട്ടന് കൈകൊടുത്ത് ഏവരേയും ഞെട്ടിക്കുകയും ചെയ്തു.   

ചായക്കടയിൽ  കേക്ക്  വെച്ചിരിക്കുന്ന  കാരണം അത്  പാക്കരൻ ചേട്ടന്റെ ബർത്ത്ഡേ ആയിരിക്കുമെന്ന മുരുകന്റെ ദീർഘവീക്ഷണത്തെ ഒരിക്കലും കുറ്റം പറയാൻ പറ്റത്തില്ല എന്നുള്ളത് മറ്റൊരു സത്യം തന്നെയായിരുന്നു.    

അപ്രതീക്ഷിതമായുള്ള ആ നീക്കത്തിൽ പാക്കരൻ ചേട്ടൻ ഞെട്ടിപ്പോയി

ഇതെന്താണിപ്പോ  പുതിയ സമ്പ്രദായം ? കടം പറയാനുള്ള മുരുകന്റെ അടവാണെന്നായിരുന്നു പാക്കരൻ ചേട്ടനാദ്യം കരുതിയത്.

ഹാപ്പി ബർത്ത്ഡേ ചേട്ടാ... 

അതുകേട്ട് പാക്കരൻ  ചേട്ടൻ ചമ്മിപ്പോയി, ഇനീപ്പോ സുകേശന്റെ  ബർത്ത് ഡേ മാറി തന്റെ ബർത്ത്ഡേ ആയോന്ന്  അതോടെ പാക്കരൻ ചേട്ടനൊരു സംശയം.

അതിന്റെ മറവിൽ പാക്കരൻ ചേട്ടൻ ആദ്യമൊന്ന് സന്തോഷിച്ചതായിരുന്നു ..,

ജീവിതത്തിൽ  ആദ്യായിട്ടാ  ഒരാള് തന്നോട് ബർത്ത്ഡേ പറയുന്നത്  

സത്യത്തിൽ, താനെന്നാണ്  പിറന്നതെന്ന് പോലും  പാക്കരൻ ചേട്ടനറിയത്തില്ല  മുരുകൻ പറഞ്ഞതുകൊണ്ട് ഈ  ദിവസം തന്നെ തന്റെ ബർത്ത്ഡേയായിട്ട്  പാക്കരൻ ചേട്ടനങ്ങു കൂട്ടി 

അതിനുശേഷമാണ് പാക്കരൻ ചേട്ടൻ സുകേശനെ കണ്ടതും നിന്ന നില്പിൽ  നിന്നനില്പിൽ മറുകണ്ടം ചാടിയതും. 

എടാ എന്റെയല്ല നമ്മുടെ മെമ്പറുടെ ബർത്ത് ഡേ യാണിന്ന്   

ഒരു കൊലപാതകിയെ നോക്കുന്ന പോലെയാണ് സുകേശൻ, മുരുകനെ നോക്കി കണ്ണുരുട്ടിയത്. 

അതോടെ മുരുകന് പേടിയായി ...   സുകേശൻ ഇനി ഇതിന്റെ പേരിലെങ്ങാനും തനിക്ക്  കേക്ക് തരാതിരിക്കോന്നായിരുന്നു മുരുകന്റെ സംശയം    

അതോടെ മുരുകൻ അതൊരു തമാശയാക്കി മാറ്റാൻ നോക്കി

എനക്കു തെരിയും .., ഞാൻ ചേട്ടാവേ പറ്റിച്ചതാ  

പക്ഷേ അതേറ്റില്ല...  ആ തമാശ പറഞ്ഞ് മുരുകൻ  മാത്രം പൊട്ടി പൊട്ടി ചിരിച്ചു  അങ്ങിനെയെങ്കിലും കേക്ക് മിസ്സാവാരുതല്ലൊ ?  പക്ഷേ സത്യത്തിൽ മുരുകൻ ഉള്ളിൽ കരയുകയായിരുന്നു  ഇനിയിപ്പോ  ഇതിന്റെ പേരില് സുകേശൻ പോവാൻ പറഞ്ഞാലും താൻ പോകത്തില്ലാന്ന്  മുരുകൻ  മനസ്സില് ശപഥമെടുത്തു.
 
പാക്കരൻ ചേട്ടന്റെ അയൽവാസി സുകുമാരേട്ടന്റെ അഞ്ച് വയസ്സുള്ള  ചെക്കൻ മണികണ്ഠൻ   മൂക്കൊലിപ്പിച്ച് വായും തുറന്നു വെച്ച്   കേക്കിന്റെ മുന്നിൽ തന്നെ  വന്നിരിപ്പുണ്ട്  ആ കേക്ക് കൊണ്ട് വന്ന് വെച്ചപ്പൊത്തൊട്ടെ  ബോഡീഗാഡായിട്ട് അവൻ അതിനു മുന്നിൽ തന്നെയുണ്ട്   
കേക്ക് അവന്റെ സ്വന്തം ആക്കിയ പോലെയാ അവന്റെ നിൽപ്പ്  

സുകേശൻ കേക്കിന്റെ പൊതി തുറക്കാൻ  നോക്കിയപ്പോ ചെക്കൻ  കൈയ്യുമ്മേ കേറി ഒറ്റ പിടുത്തം ,

ഇതെന്റെ കേക്കാന്നും പറഞ്ഞ്  

അത്  കേട്ട് സുകേശൻ  ഞെട്ടി.., സുകേശന്റെ പേരെഴുതിയ കേക്ക് ഞെട്ടി 

ചെക്കൻ ഇനി  ബർത്ത്ഡേ അവന്റെയാണെന്നും പറഞ്ഞോണ്ട് കേക്കെങ്ങാനും ബലമായി  കേറി മുറിക്കുമോന്ന് സുകേശന് നല്ല പേടിയുണ്ട്.

ചെക്കൻ എന്തെങ്കിലും അതിക്രമം കാണിക്കാതിരിക്കാൻ സുകേശൻ  ഒരു സെക്യൂരിറ്റി ഗാർഡ് പോലെ  കേക്കിന്റെ അടുത്തു നിന്നു 

കണ്ണ് തെറ്റിയാ ചെക്കൻ ചിലപ്പോ കേക്കും കൊണ്ട് ഓടും .

നേരം കഴിയുംതോറും ചെക്കനിരുന്ന് വശം കെട്ടു  കൊതി കാരണം  ഉമിനീര് ഒലിച്ച് ഷർട്ട് മുഴുവൻ നനഞ്ഞു.

അതീന്ന് മാന്തി ഓടണമെന്നുള്ള മോഹം ചെക്കന്റെ മനസ്സിലുണ്ടെങ്കിലും അത് മാനത്ത് കണ്ടതുപോലെ അടുത്തു തന്നെ സുകേശൻ  നിൽക്കുന്നതു  കാരണം ഒരു പേടി എന്നാലും കൈകൊണ്ട് അരിച്ച് അരിച്ച്  കേക്കുമ്മേ ഒന്ന് തൊടും എന്നിട്ടത് നക്കും അതുകഴിഞ്ഞ്  സുകേശനെ ഒന്ന് നോക്കും.

ഒന്ന് മുറിക്കെടാ മരമാക്രീന്ന് പറയുന്ന പോലെയുള്ള  ആ നോട്ടം കാണുമ്പോ സുകേശൻ കണ്ണുരുട്ടും.  

മോന്റെ എത്രാമത്തെ ബർത്ത്ഡേയാ ഇത് ?

പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തിയാണ് സുകേശനോടത് ചോദിച്ചതെങ്കിലും സുകേശൻ കേൾക്കാത്ത പോലെ നിന്നു.

അന്നമ്മ ചേടത്തിക്ക് സുകേശന്റെ വയസ്സ് അറിയാൻ വേണ്ടീട്ടൊന്നുമായിരുന്നില്ല കേക്ക് തിന്നുന്ന വരെ വെറുതെ നിൽക്കേണ്ടല്ലോയെന്നു കരുതി ചോദിച്ചതാ

ഞാനൊന്ന് പ്രാർത്ഥിക്കാം

പ്രേക്ഷിതൻ  സുകുവത് പറയലും ബൈബിൾ തുറക്കലും ഒരുമിച്ചായിരുന്നു  സത്യത്തില് കേക്ക് കൂടുതല് കിട്ടാൻ വേണ്ടീട്ടുള്ള  സുകുന്റെ ഒരു നമ്പറായിരുന്നൂവത്.

റോമു ആകെ അക്ഷമനായിട്ട് നിൽപ്പാണ് എങ്ങിനെയെങ്കിലും കേക്കൊന്ന്  മുറിച്ചിട്ട് വേണം ഒരു കഷ്ണം തിന്നാൻ  മുരുകൻ  അതിനേക്കാളും വലിയ അക്ഷമയിലാണ് നിൽക്കുന്നത് ഇവർ രണ്ടുപേരും മാത്രമല്ല അവിടെ കൂടിയിട്ടുള്ള എല്ലാവരും ക്ഷമയുടെ നെല്ലിപ്പലക താണ്ടിയിട്ടാണ് നിൽക്കുന്നത് കാരണം  നേരം വൈകും തോറും ആളു കൂടും  അത് കേക്ക് കിട്ടാനുള്ള സാദ്ധ്യതയെ  കുറക്കും 

പലരേയും വിളിച്ചിട്ടില്ലെങ്കിലും  കേക്ക് തിന്നിട്ടേ പോകൂന്നുള്ള മട്ടിലാണ്   

മണികണ്ഠനാണെങ്കിൽ കരഞ്ഞു തുടങ്ങി സഹി കെട്ട് അവൻ കേക്കെങ്ങാനും  കേറി മുറിക്കൊന്ന്  സുകേശന് സംശയം മണികണ്ഠനെ വിളിക്കാനെന്ന  പേരില് അച്ഛൻ  സുകുമാരേട്ടൻ  അങ്ങോട്ട് വന്നു  പക്ഷേ വിളിച്ചില്ല

 സുകുമാരേട്ടൻ  സുകേശനെ നോക്കി ചിരിച്ച് അവിടെ തന്നെ  നിന്നു, പക്ഷേ  സുകേശൻ ചിരിച്ചില്ല  , 

സുകുമാരേട്ടനെ വിളിക്കാനെന്ന  പോലെ സുകുമാരേട്ടന്റെ  ഭാര്യ വത്സലേടത്തിയും വന്നു.. പക്ഷേ വിളിച്ചില്ല 

ഈ സമയത്തായിരുന്നു  മണികണ്ഠൻ പൂച്ച പാഞ്ഞു വന്നത് ആകെ കാറീക്കൊണ്ടാ  അവന്റെ വരവ് , എന്താ സംഭവന്നൊന്നും മണികണ്ഠന് അറിയത്തില്ല പക്ഷേ എന്തോ കോളുണ്ടെന്ന് മാത്രം മനസ്സിലായി എല്ലാം കഴിഞ്ഞൂന്നായിരുന്നു  അവന്റെ പേടി അതോണ്ടാ നിന്ന് കാറിക്കൊണ്ടിരിക്കുന്നത് .

റോമൂനെ കൂടി കണ്ടതോടെ  അവനു കൂടുതൽ അങ്കലാപ്പായി  ഈ പരട്ടു നായ ആർത്തിപ്പിടിച്ച് എല്ലാം തിന്ന് തീർത്തൂന്നാ അവന്റെ വിചാരം .

മണികണ്ഠന്റെ പാഞ്ഞു  വരവ് കണ്ടപ്പോഴേ റോമു ഉഷാറായി ഈ മരങ്ങോടൻ എവിടെന്നോ മണം പിടിച്ചുള്ള വരാവാന്നും റോമൂന് പിടുത്തം കിട്ടി .

ഈ സമയത്തായിരുന്നു  പാക്കരൻ ചേട്ടൻ മണികണ്ഠനെ വിളിച്ചത് 

എന്തായെന്നുള്ള ആ കാറിയ മറുപടി കേട്ട് പാക്കരൻ ചേട്ടനൊന്ന് ഞെട്ടി  

പാക്കരൻ ചേട്ടൻ മണികണ്ഠൻ പൂച്ചേന്യാ വിളിച്ചത് ,പക്ഷേ വിളി കേട്ടത് സുകുമാരേട്ടന്റെ ചെക്കൻ മണികണ്ഠനായിരുന്നു 

രണ്ടു മണികണ്ഠൻമാർക്കിടയിലും വല്ലാത്തൊരു തെറ്റിദ്ധാരണക്ക് ഇത് വഴിവെച്ചിരുന്നു 

മണികണ്ഠൻ പൂച്ചയെ വിളിച്ചാൽ  സുകുമാരേട്ടന്റെ ചെക്കൻ മണികണ്ഠൻ ഓടിവരും , സുകുമാരേട്ടന്റെ ചെക്കൻ മണികണ്ഠനെ വിളിച്ചാ മണികണ്ഠൻ പൂച്ച ഓടിവരും

ഒരു കഷ്ണം കേക്ക് കിട്ടണമെങ്കി  ഇവിടെ യുദ്ധം തന്നെ നടത്തേണ്ടി വരുമെന്നാ  തോന്നുന്നത്  ഞാൻ എന്തിനും റെഡിയായിട്ടാ നിൽക്കുന്നത്

കേക്കിനു ചുറ്റും പതുക്കെ ഉന്തും തള്ളുമായി .

തമിഴൻ മുരുകൻ എന്റെ മുന്നിൽ  ഇടിച്ച് നിൽപ്പാണ് എനിക്കാണെങ്കിൽ കേക്കിന്റെ അടുത്തെത്തുവാനായി  ഒരു ഗ്യാപ്പുപോലും ഇല്ല 

ഞാൻ ഇടയിൽ കൂടി തിക്കിത്തുളച്ച് കേറാൻ നോക്കുമ്പോഴേക്കും അവൻ മുട്ടും കൈ വെച്ച് എന്നെ തള്ളിമാറ്റും   

ഇതിനിടയിൽ അവറാൻ ചേട്ടനും സൈക്കിളിൽ പറന്നു വന്നു 

കള്ള് ചെത്താനായി തെങ്ങിൽ പകുതി കേറിയപ്പോഴായിരുന്നു  ആരോ പറഞ്ഞത്  ഇന്ന് സുകേശന്റെ ബർത്ത്ഡേയാന്ന്  പാക്കരൻ ചേട്ടന്റെ കടേലാ ആഘോഷമെന്നും  കേട്ട പാതി അവറാൻ ചേട്ടൻ കേറിയതിനെക്കാളും സ്പീഡിൽ ഇറങ്ങി   

ഒറ്റ ഉരുകലായിരുന്നു തെങ്ങിന്റെ മോളീന്ന്  അവറാൻ ചേട്ടന്റെ നെഞ്ചിൻറെയും തുടയുടെ മുഴുവൻ തൊലിയും അതോടെ തെങ്ങുമ്മേ അവറാൻ ചേട്ടന്റെ വിചാരം കുപ്പി കൂടി പൊട്ടിക്കുന്നുണ്ടെന്നായിരുന്നു അതാ ഇത്രേം സ്പീഡിൽ താഴോട്ട് പോന്നത്.

നെഞ്ചുമ്മേ അപ്പടി ചോരയും  ആയിട്ടാ അവറാൻ ചേട്ടൻ ഓടിവന്നത്  

എന്താ അവറാനെ നെഞ്ചത്ത് അപ്പടി പെയിന്റ് ന്നും ചോദിച്ച് മീൻകാരൻ മമ്മദ് ഒന്ന് തൊട്ട് നോക്കീതാ ''അയ്യോ ചോരാന്നും'' പറഞ്ഞ് അതോടെ മമ്മദ് ബോധം കെട്ട് വീണു  ബോധം കെട്ട് വീഴണേന്റെ എടേലും  ''എന്റെ കേക്ക്ന്നും'' പറഞ്ഞോണ്ടായിരുന്നു മമ്മദ് വീണത്.

അവനെന്തോ പറയാനുണ്ടെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ കുറേനേരം മമ്മദിന്റെ ചുണ്ടിന്റെ അവിടെ ചെവി കൊണ്ട് വന്ന് വെച്ചു കുറെ നേരം കഴിഞ്ഞിട്ടും ആളൊന്നും പറയണില്ല

അപ്പളാ സുകുമാരൻ ചേട്ടൻ പറഞ്ഞത് എന്റെ പാക്കരാ അവൻ ചിലപ്പോ ബർത്ത്ഡേ കേക്കിന്റെ കാര്യം പറഞ്ഞതാവുന്ന്.

സുകു കണ്ണടച്ച് പ്രാർത്ഥന തുടങ്ങിയിട്ട് പത്തു മിനിറ്റോളമായി  ഇനി പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് സുകു ഉറങ്ങിപ്പോയോന്ന് എല്ലാവർക്കും സംശയായി   സുകൂനെ ഉണർത്താനായിട്ട് റോമു ഒന്ന്  കുരച്ചു .

കേക്ക് മുറിക്കണ്ട അക്ഷമേല് അവസാനം സുകേശനാ സുകൂനെ തട്ടി വിളിച്ചത്

എന്താ .., എന്താന്നും ..,ചോദിച്ചോണ്ടാ സുകു ഞെട്ടി കണ്ണ് തുറന്നത് 

എന്തൂട്ടാ  സുകു നീ പ്രാർത്ഥിച്ചേ ?

പ്രാർത്ഥിക്കേ ആര് ? സുകു കണ്ണുമിഴിച്ചു 

അപ്പൊ നീ പ്രാർത്ഥിക്കാൻ പോവാന്നല്ലേ പറഞ്ഞത് ?

അത്യോ ? സുകു ഞങ്ങളോടായി ചോദ്യം

എന്തിനാ  ഇത്ര നേരം കണ്ണടച്ച് നിന്നേന്ന്  സുകൂനെന്നെ സംശയായി

അവസാനം സുകേശൻ കേക്ക് മുറിച്ചു ഹാപ്പി ബർത്ത്ഡേ ഒന്നും ആരും പാടിയില്ല സുകേശൻ അതൊക്കെ പ്രതീക്ഷിച്ചിട്ടായിരുന്നു പാക്കരൻ ചേട്ടന്റെ കടേല്  വെച്ച് കേക്ക് മുറിച്ചത്.

ആരും ഹാപ്പി ബർത്ത്ഡേ പറയാതായപ്പോ സുകേശൻ , സുകേശനോടു തന്നെ  സ്വയം ഹാപ്പി ബർത്ത്ഡേ പറഞ്ഞു

കേക്കിനു ചുറ്റും ഉന്തും തള്ളുമായി 

ഞാൻ ഇടയിൽ കൂടി കൈയിട്ട്   എടുക്കാൻ നോക്കി പക്ഷേ എത്തുന്നില്ല.

അറ്റാക്ക് ചെയ്തില്ലെങ്ങി ഒരു കഷ്ണം പോലും കിട്ടത്തില്ലെന്ന് അതോടെ എനിക്കു  മനസ്സിലാവുകയും രണ്ടും കല്പിച്ച് ഞാനെന്റെ കൈ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു 

തിരക്ക് കാരണം ഒന്നും കാണാൻ പറ്റുന്നില്ല  അവസാനം കൈ എന്തിലോ തടഞ്ഞു കേക്കാണെന്നു കരുതി ഏന്തി വലിഞ്ഞു ഒറ്റ മാന്തായിരുന്നു ഞാൻ 

അയ്യൊന്റെ മ്മേ'' ...ന്ന് ദിഗന്തങ്ങളെ നടുക്കുന്ന ഒരലർച്ച 

എല്ലാവരും ഞെട്ടിപ്പോയി  

പാക്കരൻ ചേട്ടന്റെ കരച്ചിലായിരുന്നൂവത് 

ഇനി കേക്ക് കിട്ടാത്തതു കൊണ്ട് കരഞ്ഞതാണോ ?

എന്റെ കൈയ്യിൽ അപ്പടി ചോര

ഈശ്വരാ ....ഞാൻ കേക്കുമ്മേ കേറിയല്ലേ മാന്തിയത് ?  

അയ്യോ, അയ്യോ ന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ കിടന്ന് കരയുന്നുണ്ട് ഇടക്കിടക്ക് മുണ്ടും പൊക്കുന്നുണ്ട് .

തിരക്കിനിടയിൽ ഞാൻ കേക്കാണെന്നും കരുതി മാന്തി പൊളിച്ചത്  പാക്കരൻ ചേട്ടന്റെ അരക്കിട്ടായിരുന്നു  .

എനിക്കാണെങ്കിൽ ആകെ നാണമായി   

പോയി കൈ കഴുകി വന്നാലോന്ന് ഞാനാലോചിച്ചതാ ചിലപ്പോ കൈ കഴുകി വരുമ്പോഴേക്കും തിന്നാൻ കേക്കുണ്ടാവില്ല .

തിരക്ക് അനിനിയന്ത്രിതമായതോടെ റോമൂനും അപകടം മനസ്സിലായി  നല്ലോനായിട്ട് ഇനീം കാത്തിരുന്നാ കേക്കിന്റെ ഒരു കഷ്ണം പോലും കിട്ടത്തില്ല

മുരുകന് എങ്ങിനെയോ ഒരു കഷ്ണം കിട്ടിയിരുന്നു  അത് കടിക്കാൻ  നോക്കിയതും  റോമു മുരുകനെ നോക്കി ഒറ്റ കുര കുരച്ചതും ഒരുമിച്ചായിരുന്നു  അതോടെ മുരുകൻ പേടിച്ചു 

ഇതെന്തുട്ട് നായാ ? വരുമ്പോ നക്കി..   ഇപ്പൊൾ  ദേ കടിക്കാൻ വരുന്നു..   

മുരുകനാ  കേക്ക് വായേലിക്ക് കൊണ്ട് പോകലും  റോമു ഒറ്റ ചാട്ടം കൊണ്ട്  മുരുകന്റെയാ  കേക്ക്  വായേലാക്കിയതും ഒരുമിച്ചായിരുന്നു  

കേക്കില്ലാത്ത വെറും കൈ മാത്രം  മുരുകൻ വായിൽ കൊണ്ടുപോയി വെച്ചു

കേക്കിനു ചുറ്റും ഇപ്പൊളൊരു മൽപ്പിടുത്തമാണ് നടന്നുകൊണ്ടിരിക്കുന്നത്   

അവറാൻ ചേട്ടനാണെങ്കി..,  ആരെങ്കിലും എനിക്കൊരു കഷ്ണം താടാ .., താടായെന്നും ചോദിച്ചോണ്ട് നടപ്പുണ്ട്  

പക്ഷേ ആരുമാ  ആ വിലാപം കേട്ടില്ല  

മഹാപാപികളെ എനിക്ക് ഒരു കഷ്ണമെങ്കിലും തന്നിട്ടു പോടായെന്നും പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ സ്വയം, നെഞ്ചത്ത് രണ്ടിടിയിടിച്ചു  .

ആ ഇടിയോട് കൂടി എന്റെ കർത്താവേന്നും ... നിലവിളിച്ചോണ്ട് അവറാൻ ചേട്ടൻ  നിലത്തിരുന്നു ഇടിയുടെ സ്പീഡ് അല്പം കൂടിപ്പോയിരുന്നു  കേക്കിന്റെ വിചാരത്തില്  സ്വന്തം നെഞ്ചിലാ ഇടിച്ചെന്ന് അവറാൻ ചേട്ടൻ മറന്നു. ഭാഗ്യം .., ഇല്ലെങ്കീ അന്ന് അവറാൻ ചേട്ടന്റെ ഡെത്ത് ഡേ ആയേനേ

മണികണ്ഠന്റെ  രണ്ടു കൈയ്യിലും കേക്ക് , വായേലും ഒരു കഷ്ണം  ഒരു കൈയ്യും കൂടി ഉണ്ടെങ്കീ അവൻ അതും വെച്ചോണ്ട്  കേക്ക് മാന്തിയേനേ

പലചരക്ക് കടക്കാരൻ സുപ്രൂന്  ഒന്നും കിട്ടിയില്ല   .. പപ്പാക്ക് താടാ മോനേ , പപ്പാക്ക് താടാ മോനേന്നും പറഞ്ഞോണ്ട്  മണികണ്ഠന്റെ പുറകിലിരുന്ന് സുപ്രു ഒരു നമ്പറിട്ടു നോക്കിയതായിരുന്നു 

അവനെന്നെ പപ്പാന്ന്  അല്ല വിളിക്കാ സുപ്രു..

മണികണ്ഠന്റെ അച്ഛൻ സുകുമാരേട്ടൻ  അത് സുപ്രുനോട് പറഞ്ഞതോടെ സുപ്രു ആകെ ചമ്മി കേക്ക് തിന്നാതെ തന്നെ സുപ്രുവിന്റെ കണ്ണ് നിറഞ്ഞു .  

നല്ലൊരു ഷേപ്പിൽ ഇരുന്നിരുന്ന കേക്കായിരുന്നു  ആകെ  മാന്തിപ്പൊളിച്ചതു  പോലെയായി ഇപ്പോളതിന്റെ അവസ്ഥ.
 
അവസാനം കേക്കിന്റെ തട്ട്  മാത്രമായി  അന്നാമ്മ ചേടത്തി വിരലോണ്ട് വടിച്ചിട്ടാ എടുത്ത് നാവിൽ വെച്ചത് 

സുകേശന്റെ കണ്ണീന്ന് വെള്ളം വന്നു  സ്വന്തം ബർത്ത്ഡേ ആയിട്ട് ഒരു കഷ്ണം ടേസ്റ്റ്  നോക്കാൻ പോലും കിട്ടീലല്ലോ മഹാപാപികള് കാരണം വീട്ടിപ്പോയി ഒറ്റക്കിരുന്ന് മുറിച്ചാൽ  മതിയായിരുന്നു .

മണികണ്ഠൻ പൂച്ച കാറിക്കൊണ്ട്  അങ്ങോട്ടുമിങ്ങോട്ടും  ഓടുന്നുണ്ടായിരുന്നു ആ പാവത്തിനും ഒന്നും കിട്ടിയില്ല അവസാനം ആ ദേഷ്യത്തിന് മണികണ്ഠൻ സുകേശന്റെ കാലുമ്മേ  ഒരു കടീം കൊടുത്തു .

റോമൂന് ഒന്നും കിട്ടിയിട്ടില്ലായെന്നും പറഞ്ഞോണ്ട്  പാക്കരൻ ചേട്ടൻ കേക്കിന്റെ ആ തട്ടെടുത്ത് റോമൂന് ഇട്ടുകൊടുത്തു   

റോമുവാണെങ്കിൽ  ഒറ്റ തട്ട് അതിന് കേക്കിന്റെ മണം പോലും ഇല്ലായിരുന്നു

തമിഴൻ മുരുകൻ കൈ രണ്ടും നക്കിക്കൊണ്ട്  റോമുനേ നോക്കി പരട്ടു നായേന്നു വിളിച്ചു  

റോമു അത് കേൾക്കാത്ത പോലെ കണ്ണടച്ചു കിടന്നു.

ബോധം തെളിഞ്ഞ മമ്മദ് എണീറ്റു വന്ന് എന്റെ കേക്കെവിടെ കേക്കേവിടെയെന്നും ചോദിച്ച് നടപ്പുണ്ടായിരുന്നു . 

എനിക്ക് ഒരു തുണ്ടം പോലും എടുത്ത് വെച്ചില്ലാലെ നീ

സുകേശനോടായിരുന്നു  മമ്മദാ പരിഭവം പറഞ്ഞത് .

സുകേശൻ ദഹിപ്പിച്ച് കളയും പോലെയാ മമ്മദിനെ നോക്കിയത് .

കേക്ക് കിട്ടാത്ത കാരണം മമ്മദ് ഒരു പഴം പൊരി എടുത്തു തിന്നു ഇത് എന്റെ അവകാശാ ഇതിന് ഞാൻ കാശ് തരില്ലാന്നും പറഞ്ഞായിരുന്നു  തിന്നത്

പാക്കരൻ ചേട്ടൻ ആശുപത്രിയിൽ പോയി വേദനക്ക് ഒരു ഇൻജെക്ഷൻ എടുത്തു  അമ്മാതിരി മാന്തായിരുന്നു  ഞാൻ മാന്തിയത്

ആ ചെക്കൻ കേക്കാണെന്നും കരുതി മാന്തിക്കീറി പൊളിച്ചല്ലോ എന്റെ കർത്താവേ.. ന്നായിരുന്നു അന്നമ്മ ചേടത്തി പരിഭവം പറഞ്ഞത് 

ഒരാഴ്ചത്തേക്ക് ഞാൻ പാക്കരൻ ചേട്ടന്റെ കടിയിലോട്ടെ പോയില്ല .


           

0 അഭിപ്രായങ്ങള്‍