നേരം  വെളുത്ത് തുടങ്ങുന്നതേയുള്ളൂ  അപ്പോഴാണ്‌ നമ്മുടെ പ്രേക്ഷിതൻ സുകു വന്ന് തട്ടി വിളിക്കുന്നത്‌ .

എടാ മോനേ .., എന്തൊരു ഉറക്കമാടാ ഇത് ?, നിന്റെ പ്രായത്തിലുള്ളവരെല്ലാം എഴുന്നേറ്റ് പള്ളിയിൽ പോയി വന്നിരിക്കുന്നു .

പ്രേക്ഷിതനായ ശേഷം സുകൂന്റെ സംസാരത്തിലെല്ലാം അടിമുടി മാറ്റം വന്നിരിക്കുന്നു എന്തും നീട്ടി വലിച്ചേ ഇപ്പോൾ പറയത്തുള്ളൂ  

ഇടിയൻ ജോണിയുടെ ഒരു കൈക്കരുത്തേ..   പുലി പോലെ ഗർജ്ജിച്ചോണ്ട്  നടന്ന മനുഷ്യനാ. ഒരു സമയത്ത് സുകുവിന്റെ പേര് കേട്ടാ ഞങ്ങളുടെ ഗ്രാമം മുഴുവൻ വിറക്കുന്ന കാണാമായിരുന്നു അത്രക്കും വല്യ റൗഡിയായിരുന്നു.

സുകു വരുന്നുണ്ടെന്ന് കേട്ടാ തന്നെ എല്ലാവരും വഴിമാറിപ്പോകാറാ പതിവ് ആരാന്നോന്നും സുകു നോക്കത്തില്ല പിച്ചാത്തിക്ക് വെച്ച് കീറിക്കളയും. സുകുവിന്റെ ഇടി കൊള്ളാത്തവർ ഞങ്ങളുടെ ഗ്രാമത്തിൽ ചുരുക്കം മാത്രമേ ഉള്ളൂ.

സുകുന്റെ കൈയ്യീന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാ ഞാൻ കരാട്ടെ പഠിക്കാൻ തന്നെ പോയത് പക്ഷേ എത്ര പഠിച്ചിട്ടും സുകുനെ കാണുമ്പോഴേക്കും എന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങും കരാട്ടെയുടേയും 

എന്റെ ക്ലാസ്സ്മേറ്റ് ശിവന്റെ അച്ഛൻ സുധാകരേട്ടനും ഇതുപോലെ ഒരു റൗഡി ആയിരുന്നു ഒരു പ്രാവശ്യം കവലയിൽ വെച്ച് രണ്ടു പേരും നേർക്ക് നേർ മുട്ടിയതാ. സുകു , പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് ചായകുടിക്കാൻ വന്നപ്പോ സുധാകരേട്ടൻ എണീറ്റില്ലെന്നും പറഞ്ഞാ തുടക്കം.

സുകു അരേന്ന് പിച്ചാത്തിയെടുത്ത് ഡെസ്‌ക്കുമ്മേ ഒറ്റ കുത്താ അതോടെ ചായ കുടിക്കാൻ വന്നവരെല്ലാം ഓടി പാക്കരൻ ചേട്ടൻ ആദ്യം ഓടി അകത്തുകയറി, പാക്കരൻ ചേട്ടൻ ഓടുന്ന കണ്ടതോടെ റോമുവും കൂട്ടിലേക്കോടി 

അന്ന് പൊരിഞ്ഞ അടിയാ  നടന്നത് റൗഡിസത്തിലെ രണ്ടു പ്രബലൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ  പൊടി പാറി . സുധാരകരേട്ടൻ പഴയ കളരിയായിരുന്നു നീണ്ടു വലിഞ്ഞു വലതു വെച്ച് ഇടതു വെച്ച് ന്നൊക്കെ പറഞ്ഞു വരുന്നതിനുള്ളിൽ പടക്കം പൊട്ടുന്നൊരു  ശബ്ദം നാട്ടുകാര് മൊത്തം കേട്ടു നോക്കുമ്പോ സുധാകരേട്ടൻ മുഖവും പൊത്തിപ്പിടിച്ച് നിപ്പുണ്ട് ആ അടി കിട്ടിയതോടു കൂടി  സുധാകരേട്ടൻ ബാക്കിയുള്ള കളരിമുറകളൊക്കെ മറന്നു അന്തം വിട്ടു നിന്നു .

സുകു അന്ന് കവലയിലിട്ട് സുധാകരേട്ടനെ ഇടിച്ചു പഞ്ചറാക്കി . പാവം വാവിട്ട് കരഞ്ഞു ഇനി മുതൽ ഞാൻ ചായ കുടിക്കാൻ വരുമ്പോ എഴുന്നേൽക്കില്ലേ ന്നും ചോദിച്ചാ സുകു പഞ്ചറാക്കിയത് അതീപ്പിന്നെ സുകു ചായ കുടിക്കാൻ വരുമ്പോ സുധാകരേട്ടൻ വീട്ടിലാണെങ്കിലും എഴുന്നേറ്റു നിക്കും 

അന്ന് സുധായകരേട്ടന്റെ കരച്ചില് കേട്ട് അവറാൻ ചേട്ടൻ പിടിച്ചു മാറ്റാൻ ചെന്നതാ അവറാൻ ചേട്ടനും നല്ല ഇടി കിട്ടി 

ഞാൻ പിടിച്ചു മാറ്റാൻ വന്നതല്ലേ എന്റെ സുകുവേ എന്നെ എന്തിനാ പിടിച്ച് ഇടിക്കണേ ..? അത് കേട്ടതോടെ  അവറാൻ ചേട്ടന് കൂടുതൽ ഇടി കിട്ടി ഞാൻ ആരെയെങ്കിലും ഇടിക്കുമ്പോ പിടിച്ചു മാറ്റാൻ വരരുത് എന്നും പറഞ്ഞാ സുകു, അവറാൻ ചേട്ടനിട്ട് തങ്ങിയത് .

സുധാകരേട്ടന്റെ കരച്ചില് കേട്ട്   
സുധാകരേട്ടന്റെ മകൻ അതായത് എന്റെ ക്ലാസ്സ്മേറ്റ് ശിവൻ ഓടി വന്നു പാവം അവനും പൊതിരേ  കിട്ടി. 

ശിവൻ എന്നെ നോക്കിയാ കരഞ്ഞത് ഞാൻ കരാട്ടേക്ക് പോണത് അവനറിയാം അവന്റെ വിചാരം ഞാൻ ഓടി വന്ന് സുകുവിനെ ഇടിച്ചിട്ട് അവനെ രക്ഷിക്കുന്നാ 

സുകുവിന്റെ ഇടി കണ്ട് പേടിച്ച് കൈയ്യും കാലും വിറച്ചോണ്ട് നിൽക്കായിരുന്നു ഞാൻ 

പക്ഷേ ഇടിയൻ ജോണിയുടെ വരവോടെ  സുകുവിന്റെ ആ സുവർണ്ണ കാലഘട്ടം  അവസാനിച്ചു എന്നുള്ളതാണ് സത്യം. സുകുവിന്റെ മാത്രമല്ല സുകുവിനൊപ്പം വളർന്നുവരാൻ ശ്രമിച്ച മറ്റു റൗഡികളുടേയും അവസാനമായിരുന്നു അത് . കീരി വാസു , മൂർഖൻ രാജൻ , പുലി പൈലി അങ്ങനെ ഓട്ടുമൊത്ത റൗഡികളേയും ഇടിയൻ ഇടിച്ചൊതുക്കി. തന്റെ സ്റ്റേഷൻ അതിർത്തിയിൽ റൗഡി പോയിട്ട് ഒരു ചട്ടമ്പി പോലും ഉണ്ടാവാൻ പാടില്ലെന്നായിരുന്നു ഇടിയന്റെ നയം .  മൂന്നുദിവസം സ്റ്റേഷനീന്ന് പുറത്തിറക്കാതെയായിരുന്നു  ഇടിയൻ സുകുവിനെ ഇട്ടിടിച്ചത്. 

മൂന്നാമത്തെ ദിവസം സുകു  നല്ലവരിൽ നല്ലവനായിട്ടായിരുന്നു സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത് അന്ന് ലോകം പുതിയൊരു ലോകമായാണ് സുകുവിന് തോന്നിയത്  ..

അങ്ങനെ നല്ലവരിൽ നല്ലവനായ സുകുവായിരുന്നു മൂന്നാം ദിവസം ആ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങിയത് . ഇനിയും നല്ലവനാവാൻ വേണ്ടി സുകു  നേരെ പള്ളീലെ അച്ചന്റെ അടുത്തേക്കാണ് പോയത്  അന്ന് തൊട്ട് കർത്താവിന്റെ ദാസനായി . 

സംഗതി അത് അച്ചനു പറ്റിയ ഒരു അബദ്ധമായിരുന്നു 

കുർബ്ബാനയുടെ ഇടയിൽ സുകുവിനെ കണ്ടതോടെ  അച്ചൻ ഞെട്ടി അവിടന്നങ്ങോട്ട് ചൊല്ലിയ കുർബ്ബാന അച്ചനും ഇടവകക്കാർക്കും എന്തിന് കർത്താവിനു തന്നെയും മനസ്സിയായില്ല. 

അന്നത്തെ പ്രസംഗം അച്ചൻ അഞ്ചു മിനിട്ടു കൊണ്ട് തീർത്തു ഇല്ലെങ്കി  ഒരു മണിക്കൂറോളം പറഞ്ഞ് അവസാനം ഇടവകക്കാര് കോട്ടുവായിട്ടു തുടങ്ങിയാലേ  അച്ചൻ നിറുത്തത്തുള്ളൂ .

സുകു വരുന്നതിനു മുന്നേ അച്ചൻ വേഗം പള്ളിമേടയിലേക്ക് പോകാൻ  നിന്നതാ അപ്പളാ സുകു പറഞ്ഞത് എനിക്കൊന്ന് കുമ്പസാരിക്കണമെന്ന് 

കേട്ടപാതി അച്ചൻ വേഗം കൂട്ടിൽ കേറിയിരുന്നു സാധാരണ കുർബ്ബാന കഴിഞ്ഞ വശം  കുമ്പസാരിപ്പിക്കാത്ത അച്ചനായിരുന്നു അന്ന്  സുകു പറഞ്ഞവശം കുമ്പസ്സാര കൂട്ടിൽ കേറിയിരുന്നത് 

നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ തല്ലല്ലേയെന്നാ അച്ചൻ പ്രാർത്ഥിച്ചോണ്ടിരുന്നത് അതുകൊണ്ട് സുകുവിന്റെ പാപങ്ങൾ സുകു പറയുന്നതിനു മുന്നേ തന്നെ അച്ചൻ ക്ഷമിച്ചിരുന്നു. 

അച്ചോ ഞാൻ പ്രേഷിതനായിക്കോട്ടെ 

ആയിക്കോ ആയിക്കോ ന്നും പറഞ്ഞ് അച്ചൻ ഓടി 

അങ്ങിനെയാണ് സുകു പ്രേക്ഷിതനായി മാറിയത് 

ഞാൻ കണ്ണു  തുറന്നു  നോക്കിയപ്പോൾ മുന്നിൽ   വെള്ളയും , വെള്ളയും ധരിച്ച് സുകു.

ഞാനാദ്യം അത് പള്ളിലച്ചനാന്നാ  കരുതിയത്‌  സൺഡേ സ്കൂളിൽ പോവാത്ത കുട്ടികളെ അച്ചൻ ഇതുപോലെ വീട്ടിൽ വന്നു കാണും എന്നിട്ട് കർത്താവ് നരകത്തിലേക്കെറിയൂന്നും പറഞ്ഞ് പേടിപ്പിക്കാറുള്ളതാ 

എന്തൂട്ടാ സുകുവേട്ടാ അതിരാവിലെ തന്നെ  .?

മോനേ .., ഇത് അതിരാവിലെയല്ല സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു .

സംഗതി  എന്നെ സംബന്ധിച്ച് എനിക്കിത് അതിരാവിലെ തന്നെയാണ്

എന്താ പ്രശ്നം , സുകുവേട്ടാ ?

പ്രശ്നമുണ്ട് .., നീ ഒന്ന് പുറത്തേക്ക് വാടാ 

എന്തോ .., പ്രശ്നമുണ്ടായിരിക്കും അല്ലെങ്കിൽ രാവിലെ തന്നെ സുകുവേട്ടൻ  എന്നെ വിളിച്ചുണർത്താൻ വരില്ല .

നമ്മുടെ അവറാൻ ചേട്ടന്റെ വീട്ടിലൊരു പ്രശ്നം  ഇന്നലെ രാത്രി തൊട്ട് തുടങ്ങിയതാണേന്നാണ് അയൽക്കാര്  പറയുന്നത് . അവറാൻ ചേട്ടനും ചേട്ടത്തിയും തമ്മില് ഭയങ്കര വഴക്കാത്രെ .., ഞങ്ങളൊക്കെ പോയി പറഞ്ഞു നോക്കി പക്ഷേ അന്നമ്മ ചേടത്തി ഒരു പൊടിക്ക് സമ്മതിക്കണില്ല .

കാര്യം തിരക്കാൻ പോയ പ്രേക്ഷിതൻ സുകൂനെ  അന്നമ്മ ചേടത്തി ചെത്ത് കത്തി കൊണ്ട്  വെട്ടാൻ പോയി  .

സുകു പഴയ സുകു അല്ലാതിരുന്നത് ചേടത്തീടെ ഭാഗ്യം 

അങ്ങേരുടെ വക്കാലത്തും പിടിച്ചോണ്ട്  ഇങ്ങോട്ട് ആരെങ്കിലും കേറിയാ  ആ കാല് ഞാൻ വെട്ടുന്നും  പറഞ്ഞ് അന്നമ്മ ചേടത്തി നിന്ന് കൊലവിളി നടത്താത്രെ

അപ്പൊ .., പ്രശ്നം ഗുരുതരം തന്നെ .

അവറാൻ ചേട്ടനെ ഇന്നലെ രാത്രി തൊട്ട് വീടിനകത്തേക്ക് കേറ്റിട്ടില്ല .

അവറാൻ ചേട്ടനാണെങ്കി കമാന്നൊരക്ഷം  ആരോടും മിണ്ടാതെ മുറ്റത്തിരിപ്പുണ്ട് .

എന്താ പ്രശ്നന്ന് ആർക്കും അറിയത്തില്ല, അന്നമ്മ ചേട്ടത്തിയും അവറാൻ ചേട്ടനും അതിനെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടുന്നുമില്ല.  

അതുകൊണ്ടാണ് എല്ലാവരും ചേർന്ന് സുകുനെ എന്റെ അടുത്തേക്ക്  അയച്ചിരിക്കുന്നത്

എനിക്ക് അന്നമ്മ ചേടത്തിയുമായി നല്ല അടുപ്പമാണ്  ഞാനാണ് അന്നമ്മ ചേടത്തിയുടെ ആവശ്യങ്ങൾക്കൊക്കെ കൂടെപ്പോവാറും ആ വീട്ടിലേക്ക് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ട് കൊടുക്കുന്നതും. ആ ഒരു സ്വാതന്ത്ര്യം വെച്ച്   പ്രശ്നത്തിന്റെ സത്യാവസ്ഥ അറിയാൻ എന്നെക്കൊണ്ട് കഴിയും എന്നുള്ളൊരു  വിശ്വാസം ഉണ്ടായതുകൊണ്ടാണ് എന്നെ വിളിക്കാൻ സുകുവിനെ അയച്ചത് .

അങ്ങിനെ ഞാനും പ്രേക്ഷിതൻ സുകും കൂടെ   അവറാൻ ചേട്ടന്റെ വീട്ടിലേക്ക് സൈക്കിളിൽ ആഞ്ഞു പിടിച്ചു

ഞങ്ങൾ ചെല്ലുമ്പോ അവറാൻ ചേട്ടൻ മുറ്റത്തൊരു  കസേരയിൽ  കൂളിംഗ് ഗ്ലാസ്സും വെച്ചിരിപ്പുണ്ട് പള്ളിപ്പെരുന്നാളിനൊക്കെ വാങ്ങാൻ  കിട്ടുന്ന തരത്തിലുള്ള ഗ്ലാസ്സ് ആണത് .

     ആൾടെ ഇരിപ്പുകണ്ടാൽ ഏതാണ്ട് സിനിമാ നടൻ ഇരിക്കണ പോല്യാ  

    അടുത്തൊന്നും ആരും തന്നെയില്ല എന്തെങ്കിലും കാഴ്ച്ച കാണാൻ പറ്റും എന്ന് മനക്കോട്ട കെട്ടിയവരൊക്കെ  നേരം വൈകും തോറും ക്ഷമ നശിച്ച് പോയി.

     അടുത്തുള്ള ചില ചിടുങ്ങ്‌ പിള്ളേര് മാത്രം അവിടിവിടെ ചുറ്റി നിപ്പുണ്ട് .

            എന്നെ ഇറക്കി സുകു വേഗം അകത്തേക്ക് ചെന്നു .

       സുകൂനെ കണ്ടതും , അന്നമ്മചേടത്തി വീണ്ടും ഉറവാള് എടുത്തു തുള്ളുന്ന വെളിച്ചപ്പാടായി ...!

          നീ ഇങ്ങട് കേറ്യാ .., നിന്റെ കാല് ഞാൻ വെട്ടും .

         പടിക്കലേക്ക്‌ വെച്ച കാൽ സുകു അപ്പത്തന്നെ പിന്നിലേക്ക് വെച്ചു

   അവറാൻ ചേട്ടന് വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ സുകുന്റെ കാലുകൾക്ക്  തീരെ ആഗ്രഹമുണ്ടായിരുന്നില്ല .

   പിന്നെ അന്നമ്മ ചേടത്തീടെ നിപ്പ് കണ്ട ,  കാലല്ല .., ചിലപ്പോ കഴുത്ത് കൂടി കണ്ടിക്കും.

   അന്നമ്മ ചേടത്തി........, എന്തിനാണ് ഈ പാവം മനുഷ്യനെ ഇങ്ങനെ പുറത്തിരുത്തിയിരിക്കുന്നത്?നമ്മളെല്ലാം ദൈവ മക്കളല്ലേ , പറഞ്ഞാൽ തീരാത്ത പ്രശ്നമുണ്ടോ ?

    സുകു പടിക്കൽ നിന്നുകൊണ്ട് അന്നമ്മ ചേടത്തിയെ ഒരു പ്രേക്ഷിതയാക്കാൻ ശ്രമിച്ചു .

    എന്നാൽ ഇത് അത്ര ചെറിയ ബാധയോന്നുമല്ല  അന്നമ്മ ചേടത്തിയുടെ മേത്ത് കൂടിയിരിക്കുന്നത് നല്ല ഉഗ്രൻ ലൂസിഫറായിരുന്നു .

        നീ പോടാ പട്ടി .., ആ മനുഷ്യന്റെ ഓശാരം പറഞ്ഞോണ്ട് ഒരുത്തനും ഈ പടി കേറേണ്ടാ ..

       കർത്താവേ .., ഈ സ്ത്രീയുടെ മേൽ കയറിയിരിക്കുന്ന സാത്താനെ നീ പുറത്താക്കിത്തരേണമേ ..

       സംഗതി,  ഇത് സുകു എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന തരത്തിലാണ് പറഞ്ഞത് . ഇല്ലെങ്കിൽ അന്നമ്മ ചേടത്തി അപ്പൊത്തന്നെ സുകുന്റെ പ്രേക്ഷിത പ്രവർത്തനം  നിർത്തിച്ചേനേ .

            അവസാനം ഗതി കെട്ട് സുകു എന്നെ നോക്കി .

           ഞാൻ മുന്നോട്ട് ചെന്ന് ചോദിച്ചു .

               എന്താ ചേട്ടത്തി പ്രശ്നം ...?

      എന്നെ കണ്ടതോടെ അന്നമ്മ ചേടത്തി ''മോനേ .., ന്ന് അലറിക്കൊണ്ട് വെട്ടു കത്തിയുമായി എന്റെ നേരെ ഒരു ചാട്ടം 

      എന്റെമ്മേ .., എന്നെ കൊന്നേന്ന് അലറിക്കൊണ്ട്‌ ഞാൻ പുറത്തേക്കോടി .

           ഞാൻ നോക്കിയപ്പോ .., സുകൂനെ  കാണാനില്ല ..

     ഈശ്വരാ .., സുകൂനെ അന്നമ്മ ചേടത്തി വെട്ടിയോ ? ഒരു സൌണ്ട് പോലും കേൾക്കാനില്ലല്ലോ .?

      സംഗതി അന്നമ്മ ചേടത്തീടെ വെട്ടുകത്തിം പിടിച്ചുള്ള ചാട്ടം കണ്ടപ്പോൾ തന്നെ സുകുന്റെ കിളി പോയി

         നിന്ന നിൽപിൽ പോൾവാൾട്ട് ചാടിയ സുകു ചെന്ന് വീണത്‌ അപ്പുറത്തെ തെങ്ങും കുഴീല് ,  അന്നമ്മ ചേടത്തീടെ വെട്ട് കിട്ടും എന്ന് പേടിച്ച് സുകു  അവിടെത്തന്നെ മിണ്ടാണ്ട്  കിടന്നു .

      അല്ലെങ്കിലും പ്രേക്ഷിതനായതോടു കൂടി സുകൂന്റെ പഴയ ധൈര്യമെല്ലാം പോയി  . നമ്മുടെ ഇടിയൻ ജോണി അതൊക്കെ ഇടിച്ചെടുത്തൂന്ന് പറയാം  ഇപ്പൊ സുകു  ആകെ ഒരു പേടിത്തൊണ്ടനാ .

     പുലി പോലെ ഇരുന്ന സുകുവാ  ഇപ്പോ എലിയേക്കാളും കഷ്ടം

         സുകു പേടിത്തൊണ്ടനായത് കൊണ്ട് ഓടി  അപ്പോ ഞാൻ എന്തിനാ ഓടിയത് .?

         ഞാൻ എന്നോട് തന്നെ ഒരു വിശകലനം ചോദിച്ചു 

           ഞാനല്ല ഓടിയത്, എന്റെ കാല് എന്നേയും കൊണ്ടല്ലേ  ഓടിയത്  .?

         സത്യത്തിൽ അന്നമ്മ ചേടത്തി ഞങ്ങളെ വെട്ടാൻ വന്നതൊന്നുമല്ല,  എന്നെ കണ്ടതോടെ  അന്നമ്മ ചേടത്തിയുടെ സങ്കടം അണമുറിഞ്ഞതാണ് .

         അന്നമ്മ ചേടത്തി എന്റെ അടുത്ത് വന്ന് നെഞ്ചത്ത് ഒരു നാലഞ്ചിടി

        എന്റെയല്ല .., ചേടത്തീടെ 

            മോനേ .., ഈ മനുഷ്യൻ എന്നെ ചതിച്ചൂടാ 

            ഈശ്വരാ .., ഈ വയസ്സു കാലത്ത്  അവറാൻ ചേട്ടൻ ?

             ഞാൻ അവറാൻ ചേട്ടനെ ഒന്ന് നോക്കി

    ആൾക്ക് അപ്പോഴും ഒരു അനക്കവുമില്ല  കൂളിംഗ് ഗ്ലാസ്സും വെച്ച് അതേ പടി തന്നെ ഇരിപ്പുണ്ട് . ഇത്രയൊക്കെ സംഭവവികാസങ്ങൾ ഉണ്ടായിട്ടും ആളൊന്നു അനങ്ങുന്നു പോലുമില്ലല്ലോ ...?

      ഈശ്വരാ.... ഇനി ഇപ്പൊ ചേട്ടത്തി അവറാൻ ചേട്ടനെ കൊന്ന്  മുറ്റത്ത് കൊടുന്ന് ഇരുത്തിരിക്കുകയാണോ ?

                    എന്താ ചേട്ടത്തി പ്രശ്നം ?

            അന്നമ്മ ചേടത്തി വീണ്ടും ഒരു നാലഞ്ചിടി 

     ആ ഇടീടെ സൌണ്ട് കേട്ട്  ആ ഏരിയ മൊത്തം ഒന്ന് കുലുങ്ങി

  അന്നമ്മ ചേടത്തി ഇനിം ഇടിക്കാണെങ്കിൽ , അന്നമ്മ ചേടത്തീടെ ജീവൻ മാത്രമല്ല എന്റെ ജീവൻ  കൂടി ഇറങ്ങി ഓടാൻ തയ്യാറായി .

          സംഗതി അണ്ടർ കണ്ട്രോൾ ആണെന്ന് തോന്നിയപ്പോ  പ്രേക്ഷിതൻ സുകു പതുക്കെ  തെങ്ങും കുഴീന്ന് പുറത്തേക്ക് ഞൊണ്ടിക്കൊണ്ട് വന്നു .  ജീവനും കൊണ്ട് ചാടിയ ചാട്ടത്തില് സുകൂന്റെ കാൽക്കൊഴ തിരിഞ്ഞു പോയിരുന്നു .

                      ഈ മനുഷ്യൻ നാശായി മോനേ ?

         എന്താ കാര്യം ചേട്ടത്തി?  എനിക്കാണെങ്കീ ഒന്നും മനസ്സിലാകുന്നില്ല

    അവസാനം അന്നമ്മ ചേടത്തി ഉള്ളം കൈയ്യീന്ന് ചുരുട്ടി കൂട്ടിയ ഒരു കടലാസ്സ് എടുത്ത് എന്റെ നേരെ നീട്ടി .

                  അതൊരു എഴുത്തായിരുന്നു .

               ഈശ്വരാ .., പ്രേമലേഖനോ ?, അവറാൻ ചേട്ടനും പ്രേമമോ ?

                      ഡിയർ മിസ്റ്റർ അവറാൻ ,

     കഴിഞ്ഞ ചുംബന സമരത്തിൽ താങ്കളുടെ പങ്കാളിത്തം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു . ആയതിന്റെ ഒന്നാം വാർഷികത്തിൽ  ഞങ്ങൾ സംഘടിപ്പിക്കുന്ന ചുംബന സമരത്തിലേക്ക് താങ്കളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു  .

          ഈശ്വരാ .., അവറാൻ ചേട്ടൻ ചുംബന സമരത്തിൽ പങ്കെടുത്തിരുന്നോ .?

   ഈ മൂത്ത് നരച്ചിരിക്കണകാലത്ത് ഈ മനുഷ്യന്റെ ഒരു പൂതിയേ ?ഇരിക്കണ ഇരിപ്പ് കണ്ടില്ലേ , ഈ ചുണ്ട് ഞാനിന്ന് അരിയും  സാമദ്രോഹി.

 ചേട്ടത്തി .., ചെത്ത് കത്തിയെടുത്ത് അവറാൻ ചേട്ടന്റെ ചുണ്ട് ലക്ഷ്യമാക്കി പാഞ്ഞു  അപ്പോഴേക്കും ഞാൻ പിടിച്ചു മാറ്റി .

        ഇല്ലെങ്കി ചുംബന സമരത്തിന്റെ ഓർമ്മകളും പേറി അവറാൻ ചേട്ടന്റെ ചുണ്ട് രണ്ടും താഴേക്കിടന്നേനെ .

     അവറാൻ ചേട്ടൻ ആള് കൊള്ളാമല്ലോ ?ചുംബന സമരത്തിലൊക്കെ പങ്കെടുത്തൂല്ലേ  ഞങ്ങള് പോലും അറിഞ്ഞില്ലല്ലോ .?

             എനിക്കും ആഗ്രഹമുണ്ടായിരുന്നതാ .

               ഭാഗ്യവാൻ , എന്തോരം പേരെ ചുംബിച്ചാവോ ?

     എനിക്ക് അവറാൻ ചേട്ടനോട് അസൂയ തോന്നി  അവറാൻ ചേട്ടൻ ആളൊരു കോളേജ് കുമാരൻ  ആയപോലെ . സത്യത്തിൽ എനിക്ക് മാത്രമല്ല സുകൂന്റെ മനസ്സിലും , അവറാൻ ചേട്ടനോട് അസൂയ തോന്നും എന്നെനിക്ക് ഉറപ്പായിരുന്നു .

           എങ്കിലും സുകു അത് പുറത്തു കാണിക്കുന്നില്ല .

     സുകൂന് മാത്രമല്ല കേൾക്കുന്ന എല്ലാവർക്കും തോന്നും  കാരണം അമ്മാതിരി കാണിപ്പല്ലേ  അവറാൻ ചേട്ടൻ കാണിച്ചിരിക്കുന്നത്‌ ..

         എന്നിട്ടും ഇരുന്ന് ഉറങ്ങണ ഉറക്കം കണ്ടില്ലേ ?

       സത്യത്തിൽ അവറാൻ ചേട്ടൻ നല്ല ഫിറ്റിലാണ് .

          ഏതായാലും ഇതീന്ന് അവറാൻ ചേട്ടനെ ഒന്ന് കരകയറ്റി എടുക്കെണ്ടേ ?

ചേട്ടത്തി .., ഇത് അഡ്രസ്സ് തെറ്റി വേറെ ഏതോ  അവറാച്ചൻ എന്ന ആൾക്ക് വന്ന കത്താണ്  ആ പോസ്റ്റ്‌ മേൻ  ഇവിടെ തെറ്റി കൊണ്ട് വന്നിട്ടതാണ് .

   ഈ ചുംബന സമരം നടന്ന അന്ന് അവറാൻ ചേട്ടൻ ഞങ്ങളുടെ കൂടെത്തന്നെയാണ് ഉണ്ടായിരുന്നത് .

             അതേയോ ?

     ഒരു വിധത്തിൽ ചേട്ടത്തിയെ സമാധാനിപ്പിച്ച് ഞങ്ങൾ കത്തുമായി പുറത്തേക്ക് വന്നു .

    ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അവറാൻ ചേട്ടൻ സന്തോഷവാനായി ഇരുന്ന് ഉറങ്ങുന്നു .

ചിലപ്പോ ചുംബന സമരത്തിന്റെ പുളകത്തിലായിരിക്കാം .

     



                 

0 അഭിപ്രായങ്ങള്‍