ഒന്നോ ഉള്ളെങ്കിൽ അതിനെ ഉലക്ക കൊണ്ട് തല്ലി വളർത്തണം .

            അതൊക്കെ പണ്ട് മാഷേ  ഇപ്പൊ പിള്ളേരെ തല്ലിയാ വിവരമറിയും

ഈ അമേരിക്കയിലും മറ്റും ഭയങ്കര പുലിവാല് പിടിച്ച പണിയാ ഇത് , അപ്പനും അമ്മയും ആണെന്ന് പറഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല .

       പിള്ളേരെ തല്ലിന്നും പറഞ്ഞ് പോലിസ് സ്റ്റേഷനിലേക്ക് ഒന്ന് ഫോണ്‍ ചെയ്‌താൽ മതി അടുത്ത നിമിഷം തല്ലിയോൻ അകത്തു കിടക്കും .

        എന്തിനാ .. ഏതിനാ .., തല്ലിയെന്നുള്ള ചോദ്യം പോലും ഉണ്ടാവില്ല 
ഏത്  അപ്പനായാലും, അമ്മാവനായാലും.

                      ചൈൽഡ് പ്രൊട്ടെക്ഷൻ ആത്രെ.

       ഹോ ..,ഭയങ്കര കഷ്ട്ടം തന്നെ  വെറുതെയല്ല അവിടെ കൌമാരക്കാർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ ഏറുന്നത് . സ്കൂളിൽ കയറി തന്റെ സഹപാഠികളെ വെടിവെച്ചു കൊന്നു എന്നൊക്കെ നാം വായിക്കുന്നതല്ലേ .?

         ഈ ലോകത്തിന്റെ  പോക്ക് ഇത് എങ്ങോട്ടാണാവോ ?

        തുമ്പിയെ  പിടിച്ചും , കളിച്ചും  നടക്കണ്ട പ്രായത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓർക്കണം .

          നാളത്തെ അവന്റെ ഭാവി എന്താണ് ?, ഒരു പക്കാ ക്രിമിനൽ 

  ഇത്ര ചെറുപ്പത്തിലെ , ഈ ക്രിമിനൽ വാസനകൾ എങ്ങിനെ കുഞ്ഞു മനസ്സുകളെ പതറിക്കുന്നു ?

    ഒന്നുമില്ല  സുഹ്രത്തേ ....., വീടാണ് ആദ്യ കളരി  ആ കളരിയിൽ കിട്ടണ ശിക്ഷണം പോലെ ഇരിക്കും . അപ്പനും അമ്മയും ആദ്യ റോൾ മോഡലുകളും .

ആശാനൊന്ന് പിഴച്ചാൽ  അമ്പത്തൊന്ന് പിഴക്കും ശിഷ്യനെന്നു കേട്ടിട്ടില്ലേ 

        അപ്പൊ ....ഇവിടെ അപ്പനും അമ്മയും ഒന്നുമല്ലല്ലോ കുറ്റക്കാർ 
ഒരു കണക്കിന് നിയമത്തിന്റെ പാളിച്ചകളല്ലേ അത് 

    നിയമത്തിന്റെ പാളിച്ചകൾ തന്നെയാണത്, പക്ഷേ ഏതു കാര്യത്തിനും ചില പാളിച്ചകൾ ഉണ്ടാകും .

    മനുഷ്യര് തന്നെയല്ലേ  ഈ നിയമസംഹിതകൾ എല്ലാം എഴുതിയുണ്ടാക്കുന്നത്?  അപ്പോൾ അതിൽ പാളിച്ചകൾ ഉണ്ടാവുക തന്നെ ചെയ്യും .

         അല്ലെങ്കിൽ ലോകം ഒട്ടുക്കും  ഒരേ നിയമ സംഹിതകൾ തന്നെ പോരേ ?

      ഒരു വസ്തുവിനെ വ്യത്യസ്ഥരായ ആളുകൾ വ്യത്യസ്ഥമായ രീതികളിൽ ആണല്ലോ  കാണുന്നത് .

  ഇപ്പോ ഞാൻ കണക്കുകൂട്ടുന്നത്‌ പോലെയല്ലല്ലോ  താൻ കണക്ക് കൂട്ടുന്നത്‌ .

     അത് തന്നെ അതിലെ യുക്തി 

     അപ്പോൾ ഉണ്ടാക്കുന്നവനിലെ യുക്തിക്കാണ് പ്രാമുഖ്യം .

       അത് ഓരോ രാജ്യങ്ങളിലെ , സാംസ്കാരിക രീതികൾക്കനുസരിച്ചും, ജീവിത രീതികൾക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും .

    അതെങ്ങനെ വ്യത്യാസപ്പെടും  ലോകത്ത് എല്ലായിടത്തും മനുഷ്യർ ഒരു പോലെയല്ലേ .?

          മനുഷ്യരുടെ ആകൃതികൾ ഒക്കെ ഏകദേശം ഒരു പോലെ തന്നെ   പക്ഷേ ചിന്തകൾ വ്യത്യസ്ഥങ്ങൾ ആയിരിക്കുമല്ലോ ?

          ഇവിടെ അങ്ങിനത്തെ വല്ല എടാകൂടങ്ങളും ഉണ്ടോ .?

  അമേരിക്കയിലേത് പോലെ അത്രയൊന്നും ഇല്ലെങ്കിലും ഇല്ലാതില്ല .

    പിന്നെ നമ്മുടെ സംസ്കാരവും , ജീവിത രീതികളും  അമേരിക്കയിൽ നിന്നും വ്യത്യസ്ഥമാണല്ലോ ?

കുറച്ചു നാളുകൾക്ക് മുൻപ്  തമിഴ് നാട്ടിൽ ഒരു കുട്ടി അവന്റെ സഹപാഠിയെ ക്ലാസ്സിൽ  കയറി വെട്ടികൊന്നത് താനും വായിച്ചതല്ലേ ?

          അങ്ങിനെയുള്ള സംഭവങ്ങൾ ഇവിടേയും ഉണ്ട്

               ഓ .., കേട്ടിട്ട് തന്നെ പേടിയാകുന്നു 

           പേടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല 

കലികാലം ... കാലം കലിതുള്ളുമ്പോൾ ഇതും, ഇതിലപ്പുറവും കാണുകയും കേൾക്കുകയും വേണം .

       പക്ഷേ കാലത്തിന്റെ മാറാപ്പിലേക്ക് വിധിയെന്ന പേരു ചാർത്തി കൈകഴുകാൻ  ഒരു ഉത്തമ സമൂഹത്തിന് ആകുമോ ?

      അതാ പറഞ്ഞത്  നല്ല ശിക്ഷണങ്ങൾ വീട്ടിൽ നിന്നേ കൊടക്കണമെന്ന്  അടിയെങ്കിൽ നല്ല ചുട്ട അടി .

      കുട്ടികളെ നേർവഴിക്കു നടത്തുന്നതിന് ഒരു സാംസ്കാരിക ശൈലികളും ജീവിത രീതികളും, നിയമ സംഹിതകളും ഒന്നും തന്നെ തടസ്സം നിൽക്കരുത് .
അവരെ നേർവഴിക്ക് നടത്തേണ്ടത്  മാതാപിതാക്കളുടെ കടമയാണ് ഉത്തരവാദിത്വവും . സാമൂഹിക ബോധവും ഉള്ള ഒരു നല്ല യുവ തലമുറയെ  വാർത്തെടുക്കണമെങ്കിൽ ഇത്തരത്തിലുള്ള ശിക്ഷാ നടപടികൾ അനിവാര്യം തന്നെയാണ് . തങ്ങളുടെ മക്കൾ ഭാവിയിലെ ക്രിമിനലുകൾ ആകണമെന്ന് ആരും ആഗ്രഹിക്കാറില്ലല്ലോ .

    അതല്ല മാഷേ .., കുട്ടികളെ അടിക്കാതെ തന്നെ ശാസ്ത്രീയമായ രീതിയിൽ അവരെ  പറഞ്ഞു മനസ്സിലാക്കണമെത്രെ .

     അങ്ങിനെയെങ്കിൽ .., പിന്നെ നമ്മുടെ നാട്ടിൽ ജയിലുകളുടെയൊന്നും ആവശ്യമില്ലല്ലോ ?, അവരേയും ശാസ്ത്രീയമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കിയാൽ പോരേ ?

    കാരണം മുതിർന്നവർക്ക് , അവരുടെ തെറ്റുകൾ മനസ്സിലാക്കാനും  തിരുത്താനും  ഇതുപോലത്തെ കടുത്ത ശിക്ഷാ നടപടികൾ വേണമെങ്കിൽ  കുട്ടികൾക്ക് അവരുടെ വീടുകളിൽ നിന്നും അനുയോജ്യമായ ശിക്ഷാ നടപടികൾ  നൽകി വരുന്നത് അവരുടെ ഭാവിക്കും , കുടുംബത്തിനും, സമൂഹത്തിനും  തന്നെയാണ്  ഗുണകരമായിത്തീരുക .

 പക്ഷേ മുതിർന്നവർ തെറ്റു ചെയ്യുന്നത്  അത് തെറ്റു തന്നെയാണ് .., എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയല്ലേ ?, അപ്പോൾ അവർക്ക്  കടുത്ത ശിക്ഷകൾ അനിവാര്യം തന്നെയല്ലേ .?

    അതേ .., മുതിർന്നവർ തെറ്റു ചെയ്യുന്നത് , അത് തെറ്റു തന്നെയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  അതിൽ അവർക്ക് കടുത്ത ശിക്ഷകൾ അനിവാര്യം തന്നെയാണ് .

   പക്ഷേ ആ ഒരു കുറ്റകൃത്യ വാസന എങ്ങിനെ അവരുടെ ഉള്ളിൽ കടന്നു കൂടി? നല്ല ശിക്ഷണത്തിൽ വളർന്ന ഒരു കുട്ടിയും വളർന്നുവരുമ്പോൾ  ഒരു സാമൂഹ്യതെറ്റ് ആവുകയില്ല .

    അതാണ്‌ ശിക്ഷണ നടപടികൾ വീട്ടിൽനിന്നും നൽകിയാൽ  അവൻ ഒരു സാമൂഹ്യ വിപത്തായി ശിക്ഷാ നടപടികൾ  നേരിടേണ്ടി വരില്ല എന്ന് അടിവരയിട്ട് പറയുന്നത് .

     കാരണം തെറ്റ് ചെയ്ത ഒരു കുട്ടിയോട് ., നമ്മൾ ശാസ്ത്രീയമായ രീതിയിൽ കൂടി  അത് തെറ്റ് തന്നെയാണ് എന്ന് ആ കുട്ടിയെ മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ കൂടിയും  ആ തെറ്റിന്റെ ആഴം ആ മനസ്സിലേക്ക്  അത്രത്തോളം വേരൂന്നണമെന്നില്ല.

     തെറ്റ് ചെയ്ത ഒരു കുട്ടിയോട്, ആ ചെയ്ത തെറ്റ് തെറ്റാണെന്നും  അത് പോലത്തെ  തെറ്റുകൾ ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും , സമൂഹം അവരെ പൊട്ട രീതിയിൽ നോക്കിക്കാണുമെന്നും,  ഒറ്റപ്പെടുത്തുമെന്നും . ജയിൽ .., പോലിസ് .., തുടങ്ങി മറ്റു പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നുംമൊക്കെ ത്തന്നെയാണ് ശാസ്ത്രീയമായി വിശദീകരിക്കാനാകൂ.

     എന്നാൽ മുതിർന്ന ഒരാൾ അതിന്റെ ഗൌരവം ഉൾക്കൊണ്ട് പറയുന്ന ഈ കാര്യങ്ങൾ ....ഒരു കൗമാര ബുദ്ധി എത്രത്തോളം മുഖവിലക്കെടുക്കുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ് .

     കാരണം നമ്മുടെ ഗൌരവ ബുദ്ധി അവർക്കില്ല  അവർ അതിനെ നിസ്സാരവൽക്കരിക്കുന്നു . ഞാനീ തെറ്റു ചെയ്തീട്ടും  ഉപദേശം മാത്രമേയുള്ളൂ , ഇതിൽ കൂടുതൽ എന്ത്  വരാനാണ് .?എന്നുള്ള ഒരു ധൈര്യം അവരുടെ ഉള്ളിൽ ഉടലെടുക്കുന്നു .

       അതുപോലെ ഇന്ന് അദ്ധ്യാപകൻ ഒരു കുട്ടിയെ അടിച്ചു എന്ന് പറഞ്ഞാൽ തന്നെ പുകിലാണ് .

         ഒരു കുട്ടി തെറ്റു ചെയ്‌താൽ അത് തിരുത്തുവാനുള്ള അധികാരവും അവകാശവും  ഒരു അധ്യാപകനിൽ നിഷിപ്തം തന്നെയാണ് . കാടത്തമായ രീതിയിൽ ചിലർ പെരുമാറുന്നുണ്ട് എന്നുള്ളത് സത്യം തന്നെ . അത് പോലെ തന്നെ ചില മാതാ പിതാക്കളും. പക്ഷേ അതെല്ലാം വെറും വിരലിൽ  എണ്ണാവുന്നത് മാത്രം  ആ കണ്ണുകൾ കൊണ്ട് എല്ലാവരേയും അളക്കരുത്‌ .

    എന്നും പഠിക്കാതെ വരുന്ന കുട്ടിക്ക്, എന്നും ഉപദേശം മാത്രം നൽകിയാൽ  അവന്റെയുള്ളിലെ ഭീതി മാറുന്നു . എന്നാൽ രണ്ട് ചുട്ട പെട കൊടുത്താലോ  ആ ഭീതിയിൽ അവൻ തീർച്ചയായും നാളേക്ക് പഠിച്ചിട്ടു വരാൻ തന്നെ ശ്രമിക്കും .

    എന്റെ അഭിപ്രായത്തിൽ  അടിച്ചു പഴിപ്പിക്കുന്നതിനു തന്നെയേ തിളക്കം കൂടുകയുള്ളൂ .

    സ്വന്തം മകനെയോ , മകളെയോ നേരെയാക്കാൻ തല്ലിയതിന്റെ പേരിൽ ഒരു മാതാവോ  പിതാവോ കോടതി കയറുകയെന്നു വെച്ചാൽ ? ഒരു അദ്ധ്യാപകൻ  കയറിയാൽ .?

             അപ്പോൾ ആ മനസ്സിലെ നാളത്തെ ചിന്ത എന്തായിരിക്കും ?

    നീ എങ്ങിനെയെങ്കിലും ആയിക്കോടാ, എനിക്കൊന്നുമില്ല . ഇത് നാളത്തെ  ഒരു കൂട്ടം നിരുത്തരവാദികളും, പോക്കിരികളും, അലസൻമാരുമായ  ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാമെന്നല്ലാതെ  ഈ നിയമങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതാകുന്നു .

        പോയി .., പോയി സ്കൂളിൽ ഒന്ന് തല്ലിയാൽ പോലും ഹർത്താലാക്കിയാലോ  എന്ന് ചോദിക്കുന്ന കുട്ടികൾ വരെയായി നമ്മുടെ നാട്ടിൽ .

     അതിന് അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ ?, ഒന്ന് തുമ്മിയാൽ പോലും ഹർത്താൽ ആഘോഷിക്കുന്ന നാട്ടിൽ ഇതിലപ്പുറവും നടക്കും.

            ഇതൊക്കെ പറഞ്ഞാൽ പറയുന്നവർ ഒറ്റപ്പെടുകയേ ഉള്ളൂ .

  ഒറ്റപ്പെട്ട ശബ്ദങ്ങളിലൂടയേ ചരിത്രങ്ങൾ മാറ്റപ്പെട്ടിട്ടുള്ളൂ  സുഹൃത്തേ ..

    ഒരു കാര്യമോർത്ത് നമുക്ക് അൽപം ആശ്വസിക്കാം  ഈ കാര്യത്തിൽ നമ്മുടെ നിയമവ്യവസ്ഥ ഇത്രയും കാർക്കശ്യം കാണിക്കുന്നില്ലെന്നത് .

   കാരണം ഒരു മകനോ , മകളോ  നന്നായി വളരേണ്ടത് ഏത് മാതാപിതാക്കളുടേയും ആഗ്രഹവും,അഭിമാനവുമാണ്  അതിനേക്കാൾ മേലെ ഉത്തരവാധിത്വവും  നാളെ അവർ സാമൂഹ്യ ദ്രോഹികളായി കോടതികൾക്ക് മുന്നിൽ  തലകുനിച്ചു നിൽക്കാൻ ഇടവരാതിരിക്കുവാൻ  ചെറിയ .., ചെറിയ ശിക്ഷാ നടപടികളിലൂടെ അവരുടെ ബാല്യത്തിൽ തന്നെ അവരെ നേർവഴിക്ക് നയിക്കുകയാണ് വേണ്ടത് .

   അതിന്റെ പേരിൽ ഒരു മാതാപിതാക്കളും, അദ്ധ്യാപകരും കോടതികൾ കയറിയിറങ്ങാൻ ഇടവരാതിരിക്കട്ടെ.

           ഒരു ചെറിയ കഥ ഓർമ്മ വരുന്നു .

     തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു  മകന്റെ അവസാന ആഗ്രഹം  അമ്മയെ ഒന്ന്  കാണണമെന്നായിരുന്നു 

           അമ്മയെ കണ്ട മകൻ പറഞ്ഞു ..

  അമ്മേ .., ചെറുപ്പത്തിൽ ഞാനൊരു മൊട്ടു സൂചി കൊണ്ട് വന്നപ്പോൾ  അത് എവിടന്നാണ് നിനക്ക് കിട്ടിയത്   എന്ന് ചോദിച്ചു അമ്മയെന്നെ തല്ലിയിരുന്നെങ്കിൽ .., ഇന്ന് ഞാനീ നിലയിൽ  എത്തുമായിരുന്നില്ല .

      ഒന്നിനെ മാത്രമല്ല  പത്തുണ്ടെങ്കിലും ഉലക്കകൊണ്ട് തല്ലി തന്നെയാണ്  വളർത്തേണ്ടത് . 




0 അഭിപ്രായങ്ങള്‍