വെള്ളിയാഴ്ച്ച ദിവസങ്ങളിൽ അവറാൻ ചേട്ടന് പേടിയല്പം  കൂടുതലാ .

അല്പമല്ല,  നന്നായിട്ടും കൂടുതലാ എന്താ കാരണന്ന് വെച്ചാ  ഒരു വെള്ളിയാഴ്ച്ച ദിവസമാണ്   കർത്താവ് മരിച്ചത് അതു  കാരണം അന്നത്തെ ദിവസം ലോകം നാഥനില്ലാത്ത പോലെയാകുന്നാ അവറാൻ ചേട്ടന്റെ വിശ്വാസം  

അന്ന് ലോകത്തുള്ള സകല പിശാചുക്കളും, സാത്താൻമാരും ധൈര്യപൂർവ്വം പുറത്തേക്ക് ഇറങ്ങൂത്രേ , കർത്താവ് ഇല്ലല്ലോ 

ചെറുപ്പം തൊട്ടേ  അപ്പൻ അന്തോണീസ് ചേട്ടനിൽ നിന്നും കേട്ടു വളർന്നതാണിത്  

അത്  കാരണം വെള്ളിയാഴ്ച്ച ദിവസായ അവറാൻ ചേട്ടന് ഒരു പേടി കൂടുതലാ  

അവറാൻ ചേട്ടന്റെ ഈ വെള്ളിയാഴ്ച പേടി മാറ്റാൻ എല്ലാവരും കുറേ നോക്കിയതാ  അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി പള്ളിലെ അച്ഛനെക്കൊണ്ട് നെറ്റി പിടിപ്പിച്ചു ,  അവറാൻ ചേട്ടന്റെ കഴുത്തിലെ  വെന്തിങ്ങ മാറ്റി വല്യ കുരിശുള്ള കൊന്ത ഇട്ടു കൊടുത്തു  പുണ്യാളൻമാരുടെ  മുന്നില് അവറാൻ ചേട്ടന്റെ വെള്ളിയാഴ്ച്ച പേടി മാറണമേയെന്നും പറഞ്ഞ് കുറേ  മെഴുകുതിരി കത്തിച്ചു . 

ഇതൊക്കെ കണ്ട്  പുണ്യാളൻമാർക്കും ഒരു  തമാശ 

ഇവനെന്ത് കിഴങ്ങനാണ് 

അതുകൊണ്ട്  മെഴുകുതിരി കത്തിക്കുമ്പോ വെറുതേ ചിരിച്ചോണ്ട്  നിക്കാന്നല്ലാതെ പുണ്യാളൻമാര് അവറാൻ ചേട്ടന്റെ പേടിയൊന്നും മാറ്റിക്കൊടുത്തില്ല 

അല്ലെങ്കീ,ലോകത്ത്  ആരെങ്കിലും  ഈ  വെള്ളിയാഴ്ച പേടീം കൊണ്ട് നടക്കോ?

ഒരു ലോജിക്ക് വേണ്ടേ ന്നാ പുണ്യാളൻമാര് പരസ്പരം ചോദിക്കണത് 

മെഴുകുതിരി കത്തിച്ച് കത്തിച്ച് അവസാനം ചേടത്തി തോറ്റു.

ഇനി  അവറാൻ ചേട്ടനെ പ്രേതം പിടിച്ചാലും കുഴപ്പമില്ലെന്നും പറഞ്ഞ് ചേട്ടത്തി മെഴുകുതിരി കത്തിക്കല് നിറുത്തി

എന്നാലും എന്റെ അന്തോണീസ്  പുണ്യാളാ ഇത്രേം മെഴുകുതിരി എന്നെക്കൊണ്ട് കത്തിച്ചൂലേ ന്നും പറഞ്ഞ് പുണ്യാളനെ ഒരു ചീത്തയും വിളിച്ചിട്ടാ ചേട്ടത്തി നിറുത്തിയത്  .

എന്തിനാടീ നീ എന്നെ ചീത്ത പറയണേ ഒറോതേ 

അയ്യോ അന്തോണീസ് പുണ്യാളൻ

ചേടത്തി,  അന്തോണീസ് പുണ്യാളനാ അത് ചോദിച്ചെന്നും കരുതി പകച്ച് ചുറ്റും നോക്കിയപ്പോഴാ ഇറച്ചി വെട്ടുകാരൻ  അന്തോണീസിനെ കണ്ടത് 

അന്തോണീസ് ചേട്ടൻ പ്രാർത്ഥിക്കാൻ വന്നപ്പോഴായിരുന്നു ചേടത്തീടെ ഈ ചീത്തപറച്ചില്.

അന്തോണീസേട്ടന്റെ വിചാരം ഇറച്ചി കടം കൊടുക്കാത്തേന് ചേട്ടത്തി ചീത്ത പറഞ്ഞതാന്നാ

എടാ അന്തോണീസേ ഞാൻ പുണ്യാളനോട് പറഞ്ഞതാടാ 

അത് കേട്ടപ്പോ അന്തോണീസേട്ടൻ ചമ്മി .

എന്തൊക്കെ ചെയ്തീട്ടും പുള്ളീടെ പേടി മാത്രം മാറുന്നില്ല.

വെള്ളിയാഴ്ച്ച ദിവസം മാത്രമേ അവറാൻ ചേട്ടന് ഈ പേടിയുള്ളൂ മറ്റുള്ള ദിവസങ്ങളിൽ പ്രേതന്ന് പറഞ്ഞാ അവറാൻ ചേട്ടൻ പൊട്ടിച്ചിരിക്കും അത്‌ കേട്ടാ പ്രേതങ്ങള് വരെ പേടിച്ചു പോകും,  കർത്താവ് ഉണ്ടെന്ന് അറിയാവുന്നതു കൊണ്ടാ ഈ ധൈര്യം 

വെള്ളിയാഴ്ച അന്തിമയങ്ങുമ്പോഴേക്കും  അവറാൻ  ചേട്ടന് ഈ  പേടി തൊടങ്ങും  .

വെള്ളിയാഴ്ച ദിവസം ഒന്നും ഇല്ലെന്ന് കാണിക്കാൻ വേണ്ടീ ഒരു ദിവസം രാത്രി  ചേടത്തി  അവറാൻ ചേട്ടനേം കൊണ്ട് പുറത്തേക്ക് ഇറങ്ങീതാ  ഈ സമയത്തായിരുന്നു മീൻകാരൻ മമ്മദ്  ആകെ മൂടിപ്പൊതച്ചോണ്ട്   ഷാപ്പീന്ന് വീട്ടിലേക്ക് പോണത്  

മമ്മദ് തണുപ്പടിക്കാണ്ടിരിക്കാൻ വേണ്ടി അടപടലം പുതച്ചതായിരുന്നു  പിന്നെ ആരും കാണാതിരിക്കാനും

അവറാൻ ചേട്ടനിതു കണ്ട് പേടിച്ച്  എന്റെ കർത്താവേ ദേ പ്രേതന്നും  നിലവിളിച്ചോണ്ട്  അകത്തേക്കോടി 

അവറാൻ ചേട്ടന്റെ ഈ അലർച്ച കേട്ടതോടെ മമ്മദും നിലവിളിച്ചോണ്ട് ഓടി

 മമ്മദിന്റെ വിചാരം തനിക്കു പിന്നാലെയേതോ പ്രേതം വരുന്നൂന്നാ .

നിന്നോട് ഞാൻ പറഞ്ഞതല്ലേടി  വെള്ളിയാഴ്ച്ച ദിവസം പുറത്തേക്ക് ഇറങ്ങണ്ടാന്ന് 

അവറാൻ ചേട്ടൻ വിറച്ചിട്ടാ  ചേടത്തിയോടത് പറഞ്ഞത്  

എന്റെ മനുഷ്യാ അത് നമ്മടെ മീൻകാരൻ മമ്മദാ

അയ്യോ, അവനെപ്പോഴാടി പ്രേതായത് ?

ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു

സാധാരണ ദിവസങ്ങളിൽ  കള്ള് ഷാപ്പീന്ന് നേരം വൈകി വരുന്ന  അവറാൻ ചേട്ടൻ വെള്ളിയാഴ്ച ദിവസം അഞ്ചു മണി ആവുമ്പോഴേക്കും ഷാപ്പീന്നിറങ്ങും .

അവറാൻ ചേട്ടന്റെ ഈ പേടി മാറ്റാൻ നമ്മടെ പ്രേക്ഷിതൻ സുകുവാ പറഞ്ഞത് രാത്രി നമുക്ക് അവറാൻ ചേട്ടനേം കൊണ്ട്  സെമിത്തേരിവരേക്കും പോയിവരാന്ന്  അങ്ങനെ അവറാൻ ചേട്ടന്റെ പേടി മാറൂന്ന്.

സംഗതി ഇത് കേട്ടപ്പോ പള്ളീലെ അച്ഛനും സമ്മതിച്ചു  അച്ഛൻ,  അവറാൻ ചേട്ടന്റെ തലയിൽ കൈവെച്ചെല്ലാം  പ്രാർത്ഥിച്ചിട്ടുള്ളതാ  ഈ വെള്ളിയാഴ്ചപ്പേടി മാറ്റാൻ .

ഒരു പ്രാവശ്യം അച്ഛൻ പ്രാർത്ഥിക്കുമ്പോ അവറാൻ ചേട്ടൻ നിന്ന് വിറച്ചൂത്രേ അത് കണ്ട്  അവറാൻ ചേട്ടന് വെളിപാടുണ്ടായീന്നാ അച്ഛൻ പറഞ്ഞത്

എന്റെ അച്ചോ അത് വെളിപാടല്ല അങ്ങേര് പേടികൊണ്ട്  വിറക്കുന്നതാന്നാ   ചേടത്തി പറഞ്ഞത് അതോടെ  തലയിൽ കൈവെച്ച് പ്രാർത്ഥിക്കുന്ന പരിപാടി അച്ചൻ നിറുത്തി .

ഈ  പ്രേതങ്ങളൊക്കെ വെറും  അന്ധവിശ്വാസമല്ലേ  എന്റെ അവറാനേ'ന്നും പറഞ്ഞ്  അച്ഛൻ കൊറേപ്രാവശ്യം ഉപദേശിച്ചിട്ടും കൂടിയുള്ളതാ .

ബൈബിളില് സാത്താനെ കുറിച്ച് പറയുന്നുണ്ടല്ലോന്നാ അവറാൻ ചേട്ടൻ ചോദിച്ചത്

അത് കേട്ടതോടെ അച്ഛൻ മിണ്ടാതിരുന്നു 

വീണ്ടും ചോദിച്ചപ്പോ അത് സാത്താനല്ലേ അവറാനേ    അവനത്ര കുഴപ്പക്കരനല്ലാന്നും പറഞ്ഞാ അച്ഛനൊരു വിധത്തിൽ തടി തപ്പിയത്  

അവറാൻ ചേട്ടന് എത്ര ആലോചിച്ചിട്ടും  പ്രേതോം,സാത്താനും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല .

ഈ പ്രേതപ്പേടി മാറ്റാൻ വേണ്ടീട്ടാ അച്ചനും സുകുവും കൂടി അവറാൻ ചേട്ടനേം കൊണ്ട് സെമിത്തേരി വരെ പോയിവാരാന്ന് തീരുമാനിച്ചത് .

ആ മനുഷ്യനെ കൊണ്ട് പോയി നിങ്ങള് കൊലക്ക് കൊടുക്കത്തല്ലേന്ന്  ചേടത്തി പറഞ്ഞതാ

എന്താ ഒറോതേ  നീ ഈ പറയണേ?  നമ്മടെ അവറാന്റെ പേടി മാറ്റി  അവനെ ഒരു ധൈര്യവാനാക്കാനല്ലേ 

എന്റെ അച്ചോ എനിക്ക് അത്രേം ധൈര്യവാനാവണ്ടാന്നാ അവറാൻ ചേട്ടൻ പറഞ്ഞത് 

അച്ചൻ സമാധാനിപ്പിച്ചെങ്കിലും  ഒരു ധൈര്യത്തിന് ചേടത്തി എന്നേം കൂടിയാ  വിട്ടത്  .

അങ്ങേരുടെ കൂടെ നീയൊന്ന് പോ മോനെ പാവത്തിന്  തീരെ മനസ്സൊറപ്പില്ലാത്തതാ

ചേടത്തീയുടെ വിചാരം എനിക്ക് ഭയങ്കര ധൈര്യമാണെന്നാ .

ഞങ്ങളുടെ വീടിന്റെ അപ്പറത്ത് ഒരു കശുമാവും തോപ്പുണ്ട് ആരും അതിലെ പോവാറില്ല ഒരു പ്രാവശ്യം ഞാനതിലെ പോകുമ്പോ പാലമരത്തിലൊരു  യക്ഷി തൂങ്ങി കിടക്കണ കണ്ടൂന്നും  അതിനെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചൂന്നും വെറുതേ ഞാൻ ഒരു വിടല് വിട്ടിട്ടുണ്ടായിരുന്നു .

ചേടത്തി അത് വിശ്വസിച്ചുന്നാ എന്റെ വിചാരം ആ ധൈര്യം  കാരണാ എന്നെ അവറാൻ ചേട്ടന്റെ കൂടെ അയക്കണെന്നും .

സംഗതി കിഴവി എന്നെ കൊലക്ക് കൊടുക്കാൻ നോക്കീതാ , പിന്ന്യാ അതെനിക്ക് മനസ്സിലായത്

സപ്പോസ് ഇനി ഏതെങ്കിലും പ്രേതം പിടിക്കാൻ വരുകയാണെങ്കി ചെറിയ കുട്ടികളുടെ  ചോരക്ക് രുചി കൂടുതലുള്ള കാരണം അവറാൻ ചേട്ടനെ വിട്ട് എന്നെ പിടിച്ചോട്ടേന്നും വിചാരിച്ചിട്ടാ  കൂടെ അയച്ചേന്ന് അപ്പറത്തെ ശോശാമ്മ ചേടത്തിയോട് പറയണ കേട്ടൂന്നാ സുകു എന്നോട് പറഞ്ഞത് .

എന്നിട്ട് നീയിത് ഇപ്പോഴാണോ എന്നോട് പറയണത്ന്ന്

നീ പേടിക്കേണ്ടാണ് വിചാരിച്ചാ അപ്പോ പറയാഞ്ഞത് 

എന്നെ പ്രേതം പിടിച്ചിരുന്നെങ്കിലോ ?

ഞാനില്ലെടാ

എന്തിന്?  എന്റെ ചോര പ്രേതം കുടിക്കുന്നത് നോക്കി നിൽക്കാനോ ചോദിച്ചോണ്ട് ഞാൻ സുകൂവിന്റെ അടുത്ത് ചൂടായി 

ഞാൻ കുറെ  ഒഴിയാൻ നോക്കിയെങ്കിലും ചേടത്തി വിട്ടില്ല  

യക്ഷിയെ കല്ലെറിഞ്ഞു വീഴ്ത്തിയെന്നൊക്ക പറഞ്ഞെങ്കിലും 
യക്ഷിയുടെ യ കേട്ടാ തന്നെ പേടിച്ചിട്ട് പനി വരണോനാ ഞാൻ  രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നേ കട്ടിലിനു അടിയിലും അലമാരീയുടെ പുറകിലും  ഒരു പത്തിരുപത് പ്രാവശ്യമെങ്കിലും ഞാൻ നോക്കാറുണ്ട് വല്ല പ്രേതമെങ്ങാനും ഒളിച്ചിരിപ്പുണ്ടോന്ന് .

ആ ഞാനാ ധൈര്യത്തിന് കൂടെ പോകുന്നത് .

ചേടത്തി   കപ്പ പുഴുങ്ങീതും ചാള വറ്റിച്ചതുമൊക്കെ എനിക്ക് ഇടക്കിടക്ക് തരുന്നതാ  അതുകൂടി ഓർത്തിട്ടാ പേടിയുണ്ടെങ്കിലും കൊതികൊണ്ട്  ഞാൻ പോയത് .

പോകുന്നതിനു മുന്ന് വീട്ടിപ്പോയി രണ്ട് പോക്കറ്റിലും ഓരോ കുരിശെടുത്ത് വെച്ചിട്ട് ഞാൻ കർത്താവിനെ നോക്കി.

പക്ഷേ കർത്താവാണെങ്കി ഒരു കണ്ടുപരിചയോം കാണിക്കാത്തതു പോലെ   ഒരു കാര്യോം ഇല്ലാട്ടാ  നീ പള്ളീ വരാത്തോനല്ലേ ന്ന് ചോദിക്കുന്ന പോലെയാ എനിക്ക് തോന്നിയത് 

കർത്താവ് മൈൻഡ് ചെയ്യാതായപ്പോ ഞാൻ പുണ്യാളനെ നോക്കിയെങ്കിലും അതിനു മുന്നേ പുണ്യാളൻ അങ്ങട് തിരിഞ്ഞിരുന്നു .

അവറാൻ ചേട്ടൻ കുറേ കരഞ്ഞ് പറഞ്ഞതായിരുന്നു  ഇന്ന് വെള്ളിയാഴ്ച  കർത്താവ് മരിച്ച ദിവസാ  സെമിത്തേരി മുഴുവനും  പ്രേതങ്ങളാവും നമുക്ക് പോകണ്ടാന്ന് 

അത് കേട്ടപ്പോ ഞാനൊന്ന് ഞെട്ടി, പിന്നെ അച്ഛനും സുകുവുമൊക്കെ കൂടെയുള്ളതാ ഒരു  ധൈര്യം .

റോമു വാലാട്ടിക്കൊണ്ട് അതുവരേക്കും ഞങ്ങളുടെ കൂടെ വന്നതായിരുന്നു  സെമിത്തേരിലേക്കാ പോക്കെന്ന് മനസ്സിലായതോടെ അവൻ പതുക്കെ മുങ്ങി .

റോമു കൂടയുണ്ടെങ്കി പ്രേതം വന്നാ അവനെ പിടിച്ചിട്ട് കൊടുക്കാമായിരുന്നു .

ഞാൻ കുറേ വിളിച്ചെങ്കിലും അവൻ വന്നില്ല എന്റെ ഉള്ളിലിരുപ്പ് അവന് മനസ്സിലായി അതോടെ രൂക്ഷമായിട്ടാ എന്നെ നോക്കിയത്

മഹാപാപി  കൊലക്ക് കൊടുക്കാൻ വിളിക്കുന്നതാ 

രാത്രി ഒറ്റക്ക് കൂട്ടില് കിടക്കാൻ വരെ പേടിയുള്ളവനാ റോമു  .

സന്ധ്യ ആയിത്തുടങ്ങുമ്പോഴേ അവൻ വീടിന്റെ ഉമ്മറത്ത് പാക്കരൻ ചേട്ടന്റെ കട്ടിലിന്റെ അടീല് വന്നു കിടക്കും.

സത്യത്തില് അവറാൻ ചേട്ടന്റെ ഈ വെള്ളിയാഴ്ചപ്പേടി മാറ്റാൻ പ്രേക്ഷതൻ സുകുവാ, അച്ചനോട്  ഈ ഐഡിയ പറഞ്ഞു കൊടുത്തത്

എടാ അതിന് സെമിത്തീരില് പ്രേതങ്ങളൊക്കെയുണ്ടാവോ?

അച്ചനൊരു സംശയം

എന്റെ അച്ചോ അതാണല്ലോ നമ്മുടെയൊക്കെ വിശ്വാസം
വെള്ളിയാഴ്ച ദിവസം രാത്രി അവറാൻ ചേട്ടനെ അവിടെ കൊണ്ട് പോയി കാണിച്ചു കൊടുത്താ അതോടെ ആളുടെ പേടി മാറും.

പക്ഷേ അവറാൻ ചേട്ടനാണെങ്കീ  ഒരു പൊടിക്കും സമ്മതിക്കുന്നില്ല 

അവറാന്റെ പേടി മാറ്റിയിട്ടേ ഉള്ളൂന്നും പറഞ്ഞാ അച്ചനും  സുകുവും  നിൽക്കണത്

അന്നാ  സെമിത്തേരിലോട്ട് പോവണ്ടാ നമുക്ക് കവലയിലോട്ട് പോവാം 

അവറാൻ ചേട്ടനൊരു നമ്പറിട്ട് നോക്കിയെങ്കിലും ഏറ്റില്ല

നീ വാ എന്റെ അവറാനെ, ഇന്ന്  നിന്റെ പേടിമാറ്റിയിട്ടേ ഉള്ളൂ കാര്യം 

എന്താ അവറാനെ ഇങ്ങനെ അവിശ്വാസിയാകുന്നേ ഞാനില്ലേ കൂടേ?

ഞാനും ഉണ്ടല്ലോ? 

സുകുവും എടേക്കേറി പറഞ്ഞു .

സംഗതി അച്ചൻ കൂടെയുള്ള കാരണം അവറാൻ ചേട്ടന് ഒരു ചെറിയ ധൈര്യമുണ്ട് അച്ചൻ കർത്താവിന്റെ പ്രതിപുരുഷനാണല്ലോ

അതുകൊണ്ട്  ചിലപ്പോ പ്രേതം പേടിക്കും പക്ഷേ സുകൂനെക്കൊണ്ടും എന്നെക്കൊണ്ടും ഒരു കാര്യോല്ല്യാന്ന് ചേട്ടനറിയാം പിന്നെ പ്രേതത്തിന് ചോര കുടിക്കാൻ രണ്ടുപേരുംകൂടി ആയിക്കോട്ടേന്നാ  അവറാൻ ചേട്ടൻ വിചാരിച്ചത് 

അവറാനെ ഈ പ്രേതമെന്ന് പറയുന്നത്  നമ്മുടെ മനസ്സിന്റെയൊരു തോന്നലാണ്  അല്ലാതെ ഇവയൊന്നും ഈ ലോകത്തില്ല.

സെമിത്തേരി എത്തും തോറും അവറാൻ ചേട്ടൻ വിറച്ചു തുടങ്ങി 

അവറാൻ ചേട്ടന്റെ വിറ കണ്ടതോടെ എനിക്കും ചെറുതായി വിറയിലുണ്ട്.

എന്റെ രണ്ട് പോക്കറ്റിലും കൈയ്യിട്ട് ഞാൻ രണ്ടു കർത്താവിനേം മുറുക്കിപ്പിടിച്ചിട്ടുണ്ട്  

പ്രേതോം ഇല്ല  ഒരു ചുക്കും ഇല്ല '

പ്രെതോം ഇല്ല ഒരു ചുക്കും ഇല്ല 

ഞാൻ എന്റെ മനസ്സില് എന്നോടെന്നെ പറയുന്നുണ്ട്  പക്ഷേ  മനസ്സ് ആണെങ്കീ ഞാൻ പറയുന്നത് കേൾക്കുന്നുമില്ല 

വേറെ ആരുടെയോ മനസ്സ് പോലെയാണ്  അവൻ പ്രേതമുണ്ട് ,  പ്രേതമുണ്ടെന്നും  ന്നും പറഞ്ഞ് എന്നെ പേടിപ്പിക്കുന്നത്.

അങ്ങനെ ഞങ്ങൾ സെമിത്തേരിയുടെ ഗേറ്റെത്തി .

അകത്തേക്ക്  കാലെടുത്തു വെക്കലും എവിടെ നിന്നോ  ഒരു  നായയുടെ ഓളിയിട്ടു  .

അയ്യോ പ്രേതംന്നും പറഞ്ഞ് അവറാൻ ചേട്ടൻ ഒറ്റ ഞെട്ട് അവറാൻ ചേട്ടന്റെ ഞെട്ടല് കണ്ടതോടെ ഞാനും ഞെട്ടിപ്പോയി   

ഞങ്ങൾ ഞെട്ടുന്നതിനും മുന്നേ തന്നെ അച്ചൻ ഞെട്ടിയിരുന്നു പക്ഷേ  ഞെട്ടിയതല്ലന്ന് കാണിക്കാനായിതല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് രണ്ട് കുടച്ചില് കുടഞ്ഞു  .
               
പ്രേതങ്ങളെ കാണുമ്പോഴാണ് നായക്കൾ ഇമ്മാതിരി ഓളിയിടുന്നതെന്ന് അവറാൻ ചേട്ടനു നന്നായറിയാം 

സംഗതി മീൻകാരൻ മമ്മദിന്റെ നായ രാജു ചോറ് കിട്ടാത്ത കാരണം ഓളിയിട്ടതായിരുന്നു  അന്ന് ചിക്കൻ കറിയാ മമ്മദിന്റെ വീട്ടില്  അതിന്റെ സന്തോഷം കൂടിയുണ്ടായിരുന്നു ആ ഓളിയിടലിനു പുറകിൽ   
                                       
സെമിത്തേരിയുടെ ഗേറ്റ് കടന്നതും രാജു വീണ്ടും ഓളിയിട്ടു 

അതോടൊപ്പം സെമിത്തേരീയുടെ അങ്ങേത്തലക്കൽ ഒരു വെളിച്ചം തെളിഞ്ഞതും അതിന്റെ കൂടെ ഒരു വെള്ള രൂപം പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു  .

എന്റെ കര് ..,കര് ..കർത്താവേ  ന്നും നിലവിളിച്ചോണ്ട്  അവറാൻ ചേട്ടൻ അച്ചനെ നോക്കി

അച്ചനെ അവിടെയെങ്ങും കാണുവാനില്ല രാജുവിന്റെ ആദ്യ ഓളിയോടെ  തന്നെ അച്ചൻ എസ്കേപ്പായി
 
സുകു എവിടെ ? സുകുനേം കാണുന്നില്ല  ?
           
ഒരാള്  താഴെ വീണു കിടപ്പുണ്ട് .

ഈശ്വരാ സുകുവല്ലേ അത് ? നായയുടെ ഓളിയും അതോടൊപ്പം  സെമിത്തേരില്  വെളിച്ചവും കണ്ടതോടെ സുകു ബോധം കെട്ട് വീണു അപ്പോഴും ബൈബിളും നീട്ടിപ്പിടിച്ചോണ്ടാ സുകു കിടക്കുന്നത്, പ്രേതം ഉപദ്രവിക്കാതിരിക്കാനായിരിക്കും .

ആ അബോധാവസ്ഥയിലും സുകു ഇടക്കിടക്ക് ഞെട്ടുന്നുണ്ട്, 

അത് പേടികൊണ്ടാന്ന് കണ്ടാ തന്നെ അറിയാം

പ്രേതം ,പ്രേതംന്ന് ഞാൻ ഉറക്കെ ഓളിയിടുന്നുണ്ട് പക്ഷേ ശബ്ധം  പുറത്തേക്ക് വരുന്നില്ല അതോടൊപ്പം ഞാൻ ആലില പോലെയാ കിടന്നു വിറക്കുന്നതും  .

കിഴവിയുടെ വാക്ക് കേട്ട് പിശാചിന്റെ വായിലോട്ടാണല്ലോ കർത്താവേ എടുത്തു ചാടിയത് 

എനിക്ക് അവിടെനിന്നും ഓടി രക്ഷപ്പെടണമെന്നുണ്ട്  പക്ഷേ കാലുകള്  രണ്ടും നിലത്തു  കുറ്റിയടിച്ചതു പോലെ, ഒരടി പോലും അനങ്ങുന്നില്ല .

പോക്കറ്റിൽ കുരിശു കിടക്കുന്നുണ്ട് അത് കാരണം ചെറിയൊരു ധൈര്യം

പക്ഷേ എന്റെ പോക്കറ്റില് കുരിശ് കിടക്കുന്ന കാര്യം  പ്രേതത്തിന് അറിയത്തില്ലല്ലോ  .

അതാ രൂപം  ഞങ്ങളുടെ നേർക്ക് വരുന്നു.

ഓടിക്കോടാ  ന്നും പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ നിലവിളിച്ചോണ്ടോടി  .

അവറാൻ ചേട്ടന്റെ കാലുകൾക്ക് അവറാൻ ചേട്ടനോട് സ്നേഹമുള്ളതു  കാരണം അവ അവറാൻ ചേട്ടനേം കൊണ്ടോടി.

എന്റെ കാലുകൾക്ക് സ്നേഹമില്ലാത്ത കാരണം അവ അവിടെത്തന്നെ നിന്നു എന്നെക്കാളും സ്നേഹം പിശാചുക്കളോടാന്ന് തോന്നും അവ ഓടാണ്ട് നിൽക്കുന്ന കണ്ടപ്പോ

പള്ളി അകത്തു നിന്നും രണ്ടു കണ്ണുകള് മാത്രം എത്തി നോക്കുന്നു .

അതച്ചന്റെ കണ്ണുകളാണെന്ന് മനസ്സിലായി 

അതാ രൂപം എന്റെ തൊട്ടടുത്തെത്തി.

കപ്പക്കും ,ചാളക്കറിക്കും  ആശപ്പെട്ട് ഞാൻ എന്നെ തന്നെ കൊലക്ക് കൊടുത്തു

സുകുവിനെ വിളിച്ചിട്ട് കാര്യമില്ല ബോധം ഇല്ലാത്ത കാരണം സുകു വിളി കേൾക്കത്തില്ല .

പ്രേതത്തിന് സുകുനെ കാണിച്ച് കൊടുത്താലോ ?

പക്ഷേ ബോധമില്ലാത്ത കാരണം സുകു ശവമാണെന്ന് കരുതി പ്രേതം ഒന്നും ചെയ്യത്തില്ല 

ബോധമുള്ള എന്നെയാവും പിടിക്കാ ഇളം രക്തം ആയതു  കാരണം പ്രേതത്തിന് കൂടുതല് ഇഷ്ട്ടമാവും  കുരിശെടുത്ത് കാണിച്ചാലോ പക്ഷേ കൈയ്യും പൊങ്ങുന്നില്ല  

കൈകൾക്കും എന്നോട് സ്നേഹമില്ല

അതാ ആ വെള്ള രൂപം എന്റെ തൊട്ടടുത്തെത്തി ഒരു വിധത്തില് ഞാൻ  കുരിശെടുത്ത് കാണിച്ചു .

അതാ പ്രേതം എന്റെ ശരീരത്തിൽ തൊടുന്നു 

എന്റെ കർത്താവേ 

ഞാൻ അലറി വിളിച്ചു  കർത്താവിനേം പ്രേതത്തിന് പേടിയില്ലാണ്ടായോ ?

പ്രേതം എന്റെ കൈയ്യീന്ന് കുരിശ് വാങ്ങി

എന്താ മോനേ നീയിവിടെ? 

മോനെന്ന് വിളിക്കുന്ന പ്രേതമോ  ?  ചോര കുടിക്കാൻ കിട്ടുന്ന സ്നേഹക്കൂടുതൽ കൊണ്ട് മോനേന്ന് വിളിക്കുന്നതാണോ  ?

എന്നെ കൊല്ലരുത് , ഞാൻ അപ്പാപ്പനോട് പ്രാർത്ഥിക്കാൻ വന്നതാ ഞാൻ വിക്കിയിട്ടാണതു  പറഞ്ഞത് .

ഇനി ഇപ്പൊ അപ്പാപ്പനും ഈ പ്രേതവും വല്ല ഫ്രണ്ട്സും ആണെങ്കിലോ

എന്തൂട്ടാ മോന്റെ അപ്പാപ്പന്റെ പേര്

പേടികൊണ്ട്  ഞാൻ അപ്പാപ്പന്റെ പേര് മറന്നു പോയിരുന്നു  

പ്രേതം എന്തിനാ ഇതൊക്കെ ചോദിക്കുന്നത് 

ഇനിയിപ്പോ പേരു പറഞ്ഞില്ലെങ്കി അത് കൂടുതൽ കുഴപ്പമാകുമെന്ന് കരുതിയിട്ട് ഞാൻ വായിൽ വന്നൊരു പേര് വെച്ചു കാച്ചി 

അയ്യപ്പൻ

രാവിലെ വാഴക്ക് തടം കോരാൻ വന്ന അയ്യപ്പൻറെ പേരാ ആ സമയത്ത് ഓർമ്മ വന്നത് 

ഇത് ഞാനാ മോനേ കപ്യാര് ജോസ്

ഈശ്വരാ കപ്യാര് ജോസേട്ടൻ പ്രേതായോ ?

ഞാൻ പേടിച്ചിട്ടാ കണ്ണു  തുറന്നത്

ആയ് ഇത് പ്രേതല്ലല്ലോ കപ്യാര് ജോസേട്ടനല്ലേ .

സെമിത്തേരിലേ തെങ്ങുമ്മന്ന് രാത്രി തേങ്ങാ മോഷണം പോവാറുണ്ട് അത് കണ്ടുപിടിക്കാൻ ജോസേട്ടൻ സെമിത്തേരില് വന്നിരുന്നതാ അതിന്റെ എടേല് ആളൊരു ബീഡി കത്തിച്ചതായിരുന്നു ആ വെളിച്ചം 

ഇവനെന്താ ഇവിടെ കിടന്നുറങ്ങുന്നത് ?

സുകുനെ നോക്കീട്ടായിരുന്നു  കപ്യാര് ജോസേട്ടനത്  ചോദിച്ചത്

സുകു അപ്പളും കിടന്ന് വിറക്കുന്നുണ്ട്  പ്രേതം ചോര കുടിക്കാൻ അടുത്ത് നിൽക്കുന്ന പോലെയാ  ബോധം കെട്ട് കിടക്കുമ്പോഴും സുകുവിന്റെ ചിന്ത 

അച്ചന് ആകെ ചമ്മലായി.

ബിഷപ്പിന്റെ ഫോൺ വന്നപ്പോ എടുക്കാൻ ഓടിയതാണെന്നാ അച്ചൻ പിന്നീട്  പറഞ്ഞത്

അവറാൻ ചേട്ടൻ പള്ളിലേക്ക് ഓടിക്കേറാന്നാ ആദ്യം കരുതിയത് പിന്നെ വെള്ളിയാഴ്ച ആയതുകൊണ്ട് കർത്താവ് പള്ളീലും ഉണ്ടാവില്ലെന്നു കരുതിയിട്ട്  നേരെ വീട്ടിലേക്ക് ഓടി അവിടെ ചേടത്തിയുണ്ട് , ചേടത്തീനെ  കണ്ടാ പ്രേതങ്ങൾ ഓടിക്കോളുന്ന് അവറാൻ ചേട്ടനറിയാം  .

റോമു പള്ളിയുടെ  പുറത്ത് നിൽപ്പുണ്ടായിരുന്നു അവറാൻ ചേട്ടൻ അലമുറയിട്ട് പാഞ്ഞു വരുന്ന കണ്ടതോടെ  അവന്റെ വിചാരം  പ്രേതം അവനെപ്പിടിക്കാൻ വരുന്നതാണെന്നാ 

ഓളിയിട്ടാ പ്രേതം പിടിക്കത്തില്ലെന്നു കരുതി റോമു  ഓളിയിടാൻ ശ്രമിച്ചെങ്കിലും  പേടികൊണ്ട്  ശബ്ദം പുറത്തേക്ക് വന്നില്ല എന്നിട്ടും ഒരു വിധത്തില്  മുക്കി മൂളി  റോമു ഓളിയിട്ടു പക്ഷേ അതൊരു  കരച്ചിലായിപ്പോയിരുന്നു   .

ജീവനും കൈയ്യിൽ പിടിച്ച് പാഞ്ഞു വരുന്ന  അവറാൻ ചേട്ടൻ റോമുവിന്റെ കരച്ചില് കൂടി കേട്ടതോടെ  എന്റെ കർത്താവേ എന്നെ കാത്തോണേ ന്നും തൊണ്ട കാറി കീറിക്കൊണ്ട്  ഒന്നുകൂടി സ്പീഡിലാ വീട്ടിലേക്കു പാഞ്ഞത്   .

റോമു,  അവറാൻ ചേട്ടന്റെ പുറകേയും .

അന്ന് ഓടിയ ഓട്ടാ അവറാൻ ചേട്ടൻ സെമിത്തേരീന്ന്  ഇനി ചത്താ പോലും  സെമിത്തേരിലേക്കില്ലെന്നാ  അവറാൻ ചേട്ടൻ പറയുന്നത്.

ആ സംഭവത്തിന് ശേഷം അച്ഛൻ പള്ളീന്ന്  സ്ഥലം മാറിപ്പോയി ബിഷപ്പ് ഹൗസിലേക്കാ അച്ഛൻ പോയത് ഇനി പള്ളി വേണ്ടാന്ന് ബിഷപ്പിനോട് കരഞ്ഞു പറഞ്ഞൂത്ര .

എന്താ സംഭവന്ന് ചോദിച്ചപ്പോ ബിഷപ്പിനെ സേവിക്കണമെന്ന് കർത്താവിന്റെ വെളിപാടുണ്ടായിന്നാ അച്ഛൻ പറഞ്ഞത് .

അത് കേട്ടതോടെ ബിഷപ്പിനും വല്യ സന്തോഷം ,  കർത്താവിനൊക്കെ നമ്മളെ നന്നായി അറിയാലേ 

അന്നത്തോടെ സുകുവിന്  പേടിച്ചിട്ട് പനി വന്നു എന്നെ കൊല്ലാൻ കൊണ്ട് പോയീല്ലേ ന്നും പറഞ്ഞ് അവറാൻ ചേട്ടൻ സുകൂനെ പിടിച്ച് രണ്ട് പൊട്ടിക്കേം ചെയ്തു അച്ചന്  വെച്ചതു കൂടി സുകൂവിന് കിട്ടി .

ഇതിനെക്കാളും ഭേദം പ്രേതം പിടിച്ചാമതിയായിരുന്നൂന്നാ സുകു പറഞ്ഞത് 

ചേടത്തീടെ കൈയ്യീന്നും സുകൂന് കുറേ ചീത്ത കേട്ടു ആ മനുഷ്യനെ കൊണ്ടുപോയി പ്രേതത്തിന് തിന്നാൻ കൊടുത്തേനേലോന്നും പറഞ്ഞ് .

എനിക്ക് പിറ്റേ ദിവസം ചാളക്കറീം , കപ്പ പുഴുങ്ങീതും ചേട്ടത്തി തന്നതാ പക്ഷേ എനിക്ക് തിന്നാൻ തോന്നിയില്ല  ഏതാണ്ട് കൊലച്ചോറ് തരുന്ന പോലെയാ തോന്നിയത് 

അങ്ങനെ അവറാൻ ചേട്ടന്റെ വെള്ളിയാഴ്ച പേടി നിർബാധം തുടർന്നു കൊണ്ടിരുന്നു ഈ ഒരു സംഭവത്തിനു ശേഷം അവറാൻ ചേട്ടന്റെ പേടി മാറ്റാൻ ആരും ശ്രമിച്ചില്ല   

അതുകൊണ്ട് വെള്ളിയാഴ്ച്ച ദിവസങ്ങളിൽ പതിവുപോലെ കള്ള് ഷാപ്പീന്ന്  അവറാൻ ചേട്ടൻ നേരത്തേ വീട് പറ്റാൻ നോക്കും  .

വെറുതെ  രക്തം പിശാചുക്കൾക്ക് കുടിക്കാൻ കൊടുക്കേണ്ടല്ലോ ? രക്തം മാത്രമല്ല അതിന്റെ കൂടെ  കള്ളും അങ്ങനെ ഓസില് പിശാചുക്കള് കുടിക്കണ്ട.

കോൾ പാടത്തിന്റടുത്തുള്ള  ഷാപ്പീന്ന്  അവറാൻ ചേട്ടന്റെ വീട്ടിലേക്ക് കുറച്ച്  ദൂരമുണ്ട്  പക്ഷെ ചായക്കടക്കാരൻ  പാക്കരൻ ചേട്ടന്റെ പറമ്പിന്റെ വേലി ചാടി കടന്നാ  അവറാൻ ചേട്ടന്റെ വീട്ടിലേക്ക് അഞ്ചു മിനിറ്റോണ്ട്  എത്താം  അവറാൻ ചേട്ടൻ പലപ്പോഴും ഇതു  വഴി തന്നെയാണ്  പോകാറും  

സൈക്കിളിലാവുമ്പോ കവല വഴി പോണം എസ് ഐ ഇടിയൻ ജോണി അങ്ങാനും അവിടെ നിപ്പുണ്ടെങ്കീ പണി പാളും  ഒരു പ്രാവശ്യം കുടിച്ചിട്ട് സൈക്കിള് ചവിട്ടി പോയതിന് അവറാൻ ചേട്ടനെ പിടിച്ച് വാണിംഗ് കൊടുത്തിട്ടുള്ളതാ

ഇനി പിടിച്ചാ ഉരുട്ടി കൊല്ലുമെന്നാ പറഞ്ഞിരിക്കുന്നത്   ഉരുട്ടി ചാവാൻ ഇഷ്ട്ടമല്ലാത്ത കാരണം അവറാൻ ചേട്ടൻ മാക്സിമം കള്ള് ഷാപ്പില് പോവുമ്പോ കവല വഴി പോവാറില്ല  ഇനിയെങ്ങാനും പോകേണ്ടി വന്നാ തന്നെ സൈക്കിള് ഉന്തിയിട്ടേ  പോകത്തുള്ളൂ .

ഒരു പ്രാവശ്യം ഉന്തി പോകുമ്പോഴും ഇടിയൻ പിടിച്ചതാ കുടിച്ചിട്ട് സൈക്കിള് ഉന്തി പോലും പോവരുതെന്ന് പറഞ്ഞു .

അതെന്താ ഉന്തിപ്പോയാൽ  ന്ന് ചോദിച്ച്  അവറാൻ ചേട്ടന്റെ ഉള്ളീ കിടക്കുന്ന കള്ള് അവറാൻ ചേട്ടനെ ഇടികൊള്ളിക്കാനായി നോക്കിയതാ 

ഏതാണ്ട്  തൊണ്ടയോളം വരെ  ഉരുണ്ട് കൂടി എത്തിയെങ്കിലും ബുദ്ധി കേറി വട്ടം പിടിച്ചതു കാരണം രക്ഷപ്പെട്ടു .

അവറാൻ ചേട്ടനതൊരു ഏമ്പക്കമായിട്ടാ  പുറത്തുവിട്ടത്  ഇടിയനാണെങ്കിൽ  ആ ഏമ്പക്കം കളിയാക്കുന്ന പോലെയാണ് തോന്നിയതും  

എന്താടാ കളിയാക്കുവാണോ?

എന്റെ പൊന്നു സാറേ  ഒരു ഏമ്പക്കം വിട്ടതാ 

അവറാൻ ചേട്ടൻ വിറച്ചിട്ടാ പറഞ്ഞത്

ഇത്രേം ശബ്ദത്തിലാണോടാ ഏമ്പക്കം വിടുന്നത് ? ശബ്ദം ഇല്ലാതെ  ഏമ്പക്കം വിടണം

ശബ്ദം ഇല്ലാതെ ഏമ്പക്കം  വിടാൻ പറ്റോ ? അവറാൻ ചേട്ടനതൊരു പുതിയ അറിവായിരുന്നു അതോടൊപ്പം അവറാൻ ചേട്ടന് വീണ്ടുമൊരു  ഏമ്പക്കം വന്നതും ഒന്നിച്ചായിരുന്നു .

ഈ  ഏമ്പക്കം തന്നെ കൊല്ലാനുള്ളതാണെന്നു മനസ്സിലായതോടെ  അവറാൻ ചേട്ടനതൊരു കോട്ടുവായ ആക്കി മാറ്റി 

ഏമ്പക്കത്തിന് ,  കോട്ടുവായ ആയി മാറാൻ സമ്മതല്ലായെന്നും പറഞ്ഞ് അവറാൻ ചേട്ടന്റെ തൊണ്ടയിൽ  കേറിപിടിച്ചു നിന്നു .

എമ്പക്കോം , കോട്ടുവായീം രണ്ടും കെട്ടിപ്പിണഞ്ഞ് പുറത്തേക്ക് പോവാതെ   അവറാൻ ചേട്ടന്റെ തൊണ്ടേ പിടിച്ച് നിൽക്കാ .

അവറാൻ ചേട്ടനാണെങ്കീ ആരെങ്കിലും പോട്ടെന്നും കരുതി വായേം തുറന്നു പിടിച്ച് നിൽപ്പുണ്ട് .

എന്താടാ നായേ വായും തുറന്ന് പിടിച്ച് നിൽക്കുന്നതെന്നും ചോദിച്ചോണ്ട്  ഇടിയൻ അലറി  

ആ അലർച്ചയോടെ അവറാൻ ചേട്ടൻ വായ അടച്ചു എമ്പക്കോം , കോട്ടുവായോം,  രണ്ടുപേരും രണ്ടുവഴിക്കോടി

പലചരക്ക് കടക്കാരൻ സ്പ്രൂന്റെ ചെക്കൻ ബിസ്ക്കറ്റ് തിന്നാൻ വായും തുറന്നു  പിടിച്ച് നിൽപ്പുണ്ടായിരുന്നു  ഇടിയന്റെ അലർച്ചയോടെ  ചെക്കൻ ക്ലിപ്പിട്ട പോലെ വായ അടച്ചു  പിന്നെ ചോറുകൊടുക്കാൻ വിളിച്ചിട്ടു പോലും  ചെക്കൻ പേടികൊണ്ട്  വായ തുറക്കുന്നില്ല .

ചെക്കൻ വാ തുറക്കാത്ത കാരണം ആ ബിസ്‌ക്കേറ്റ് സ്പ്രൂന്റെ ഭാര്യ തിന്നു .

സാറേ പെട്ടെന്ന് ഗ്യാസ് വന്ന കാരണാ 

ആരെടോ അവൻ ? വിളിക്കടോ അവനേ

കർത്താവേ, ഗ്യാസിനെ വിളിക്കാനോ ? 

അത് കേട്ട് അവറാൻ ചേട്ടൻ ഞെട്ടി, അവറാൻ ചേട്ടന്റ ഗ്യാസ് ഞെട്ടി അതോടെ ഗ്യാസ് വേഗം അകത്തോട്ട്  കേറിപ്പോയി

ഇടിയൻ തന്നേം പിടിച്ച് ഇടിക്കോന്നായിരുന്നു ഗ്യാസിനു പേടി

റൈറ്ററ് തോമാസേട്ടൻ ആ അലർച്ച കേട്ട് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും രണ്ട് ഓട്ടം

ഗ്യാസിനെ വിളിക്കാനായിരുന്നു ആളോടിയത് പിന്ന്യാ തോമാസേട്ടന് അമളി മനസ്സിലായത്,  വിളിക്കാൻ പറ്റാത്ത ഗ്യാസിന് പുറകെയാണ് താനൊടിയതെന്ന് 

ഞാനൊരു തമാശ കാണിച്ചതാന്ന് തോമാസേട്ടൻ സ്വയം പറഞ്ഞ് ആശ്വസിച്ചു .

അത് കാരണം അവറാൻ ചേട്ടന് ഭയങ്കര പേടിയാ,  ഇനി കുടിച്ചു കൊണ്ട് നടന്നു പോവരുതെന്ന് പോലും  ഇടിയൻ പറഞ്ഞേക്കും

അവറാൻ ചേട്ടന്റെ രാത്രിയിലുള്ള  ഈ പറമ്പ് ചാടിക്കടക്കത്തില്  പാക്കരൻ ചേട്ടനും ഭാര്യ അന്നമ്മ ചേടത്തിക്കും നല്ല എതിർപ്പുണ്ട്  കാരണം  അവര് നല്ല ഉറക്കം പിടിച്ചു കഴിഞ്ഞ സമയത്താവും അവറാൻ ചേട്ടന്റെ മതില് ചാട്ടം.

ഇത് കാണുന്നതോടെ   റോമു  ഒടുക്കത്തെ കുര കുരച്ച് ആ എരിയേലുള്ള മുഴുവൻ വീട്ടുകാരേം  ഉണർത്തും .

റോമുവാണെങ്കീ എങ്ങിനെയാണ് തന്റെ സത്യസന്ധതയും ആത്മാർത്ഥതയും പാക്കരൻ ചേട്ടന്റെ  മുന്നിൽ കാണിക്കേണ്ടതെന്നാലോചിച്ച് എപ്പോഴും വാലും പൊക്കി നടപ്പാ .

പൂച്ച , ആട് , കോഴി  എന്ന് വേണ്ട അതിർത്തി ഭേദിക്കുന്ന എന്തിനെക്കണ്ടാലും റോമു തന്റെ വീര ശൂരത്വം കാണിക്കും.

കുറച്ചു നാൾ മുമ്പ് വരേക്കും പാക്കരൻ ചേട്ടന്  റോമുവിനെ ഭയങ്കര വിശ്വാസമായിരുന്നു  .

പക്ഷേ, ഒരു പ്രാവശ്യം  റോമു  ചതിച്ചു.

സത്യത്തിൽ  റോമു ചതിച്ചതല്ല

ഒരു ദിവസം രാത്രി പാക്കരൻ ചേട്ടന്റെ വീട്ടിലെ ഘടോൽക്കചൻമാരായ മൂന്ന് കോഴിച്ചാത്തൻമാര്  ഒറ്റയടിക്ക് മിസ്സിംഗ്‌ .

പാക്കരൻ ചേട്ടൻ അടുത്ത പള്ളിപ്പെരുന്നാളിന് ഉരുളക്കിഴങ്ങും തേങ്ങാപ്പാലും ചേർത്തോഴിച്ചു തട്ടാൻ വേണ്ടി നിറുത്തിയതായിരുന്നു  .

ഇതറിഞ്ഞതോടെ അന്നമ്മച്ചേടത്തി തട്ടിപ്പോകാഞ്ഞത് ഭാഗ്യം

കൂടിന്റെ അടുത്ത് വന്ന് നിന്ന് അന്നമ്മ ചേടത്തി നെഞ്ചത്ത് രണ്ടിടി  ആ ഇടിയുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി നോക്കുമ്പോ പാക്കരൻ ചേട്ടൻ നെഞ്ചും ഉഴിഞ്ഞോണ്ട് താഴെ  കിടപ്പുണ്ട്,  അന്നമ്മ ചേടത്തി വെച്ചു താങ്ങിയത്  പാക്കരൻ ചേട്ടന്റെ നെഞ്ചിനിട്ടായിരുന്നു .

ഇത് കണ്ടതോടെ റോമു മുങ്ങി ഇല്ലെങ്കി കിഴവി തന്റെ നെഞ്ചിനിട്ടും താങ്ങൂന്ന് റോമൂന് നന്നായി അറിയാം .

ഒന്നും അറിയാത്ത പോലെ  കൂട്ടില്  വാലാട്ടി നിന്ന  റോമുന്റെ മൂട്ടില് അന്നമ്മ ചേടത്തി ഒറ്റ ചവിട്ട്  .

റോമുന്റെ കണ്ണീന്ന് പൊന്നീച്ച പോയി മൂന്ന് ദിവസം റോമു   നിന്നിട്ടാ ഉറങ്ങീയത്

കാക്കാശിനു കൊള്ളാത്ത ശവം  തിന്നാൻ മാത്രം കൊള്ളാം മൂന്ന് നേരവും മൂക്ക്  മുട്ടെ തിന്നോളും .

ആ വാക്കുകൾ റോമുന്റെ ചങ്കിനിട്ടാണ് തറച്ചത് .

കോഴികളെ കള്ളന്മാര് അടിച്ചു മാറ്റിയതാണ് സത്യത്തിൽ റോമു ആ സമയത്ത് അവിടെത്തന്നെയുണ്ടായിരുന്നു .

കള്ളനെ കണ്ടതോടെ റോമു ഓടിച്ചെന്ന് കടിക്കാൻ നോക്കിയതാ, പക്ഷേ കള്ളന്റെ കൈയ്യിലെ പിച്ചാത്തി കണ്ടതോടെ  റോമു കള്ളനു  മുന്നിൽ   വാലാട്ടി നിന്നു

ജീവന് പേടിയില്ലാത്ത ആരെങ്കിലും ഉണ്ടോ ? ചിലപ്പോ അത് വെച്ച് അവനൊരു കാച്ച് കാച്ചിയാ അതോടെ തന്റെ പണിക്കുറ്റം തീർന്നുകിട്ടും ?

ഇവിടെ മിണ്ടാണ്ട് കിടക്കാ ബുദ്ധീന്ന് റോമുന് മനസ്സിലായി.

കോഴീനേം , പൂച്ചേനേം ,ഓടിക്കുന്ന മാതിരി കള്ളന്റെ അടുത്ത് പോയാ അവൻ ചിലപ്പോ പിച്ചാത്തിയെടുത്ത്  തന്റെ പള്ളക്ക് കേറ്റും .

കോഴികൾക്ക് വേണ്ടി വെറുതേ രക്തസാക്ഷിത്വം വരിക്കാൻ റോമുവിന്  മനസ്സില്ലായിരുന്നു .

ഇതോടെയാണ് റോമുലുള്ള വിശ്വാസം പാക്കരൻ ചേട്ടന് നഷ്ടപ്പെട്ടത്   .

ഈ സംഭവത്തിനു ശേഷം എന്നും കഞ്ഞി മാത്രാ റോമൂന്  അന്നമ്മച്ചേടത്തി കൊടുക്കാറ് , കിടന്ന് ഉറങ്ങണൂന്നും പറഞ്ഞ് .

അല്ലെങ്കിലും കഞ്ഞി മാത്രാ കൊടുക്കാറ് പക്ഷേ അതില് കുറച്ച് വറ്റെങ്കിലും ഉണ്ടാവും ഇപ്പൊ വെറും കഞ്ഞി വെള്ളം മാത്രം .

അതിൽ  റോമുവിന് നല്ല ദേഷ്യമുണ്ട്  അന്നമ്മ ചേടത്തീയെ  പോയി ഒരു കടി കടിച്ച് ഓടിയാലോ എന്ന് വരെ അവൻ ആലോചിച്ചതാ  പക്ഷേ അന്നമ്മ ചേടത്തീയെ  കാണുമ്പോഴേക്കും പേടിച്ചിട്ട് അവന്റെ കൈയ്യും കാലും വിറച്ച് തുടങ്ങും.

ആ ദേഷ്യം അവൻ കൂട്ടില്  തീർത്തു അന്നമ്മ ചേടത്തിയാണെന്നും വിചാരിച്ച്  കൂടിന്റെ അഴിയിൽ   ഒറ്റ കടി പാവം വേദനകൊണ്ട് കൂട്ടില് മൂത്രം  ഒഴിച്ചു


അതിനുശേഷം വല്ല പൂച്ചയോ , കോഴിയോ അകത്തേക്ക് കടന്നാൽ റോമു കുരക്കുമ്പോ  പാക്കരൻ ചേട്ടൻ അലറും

ഛീ  മിണ്ടാതിരിക്കടാ നായേ  കാക്കാശിനു കൊള്ളാത്തവൻ .
     
അത് കേൾക്കുമ്പോ റോമു ആകെ തളരും  ഒന്ന്  കോട്ടുവായിട്ട്‌ കാല് രണ്ടും  നീട്ടി വെച്ച്   മിണ്ടാതെ കിടക്കും .

ഈ അപമാനോം സഹിച്ച് കഞ്ഞീം കുടിച്ച്  ഇവിടെ കഴിഞ്ഞു കൂടുവാൻ റോമുനൊട്ടും താൽപര്യമില്ല .

പക്ഷേ ,  ഇവിടെയാകുമ്പോ മൂന്നു നേരോം കഞ്ഞിയെങ്കിലും  കിട്ടും പുറത്തേക്കിറങ്ങിയാ  അത് പോലും കിട്ടത്തില്ലെന്ന് റോമുവിന് നന്നായറിയാം  

വെറുതെ അപമാനത്തിന്റെ പേരും പറഞ്ഞ് ഉള്ള കഞ്ഞികുടി മുട്ടിക്കാനൊന്നും തന്നെ  കിട്ടത്തില്ല.

പിന്നെ തന്റെ ധൈര്യം ഇത്രയൊക്കെയെ ഉള്ളൂന്ന്  റോമൂനും നന്നായറിയാം.

അതോണ്ട്  പ്രശ്നം ഒന്നും ഉണ്ടാക്കാതെ കിട്ടണ ശാപ്പാടടിച്ച്‌  വല്ല കോഴിയോ  പൂച്ചയോ വരുമ്പോ  കുരച്ച് ഇവിടെത്തന്നെ കഴിയണതാ നല്ലത് .

രാത്രി നമ്മുടെ അവറാൻ ചേട്ടൻ പറമ്പ് ചാടിക്കടക്കുമ്പോ റോമു കുരക്കും സത്യത്തില്  റോമൂന്  നല്ല പരിചയമാണ് അവറാൻ ചേട്ടനെ 

പക്ഷെ  രാത്രിയിലുള്ള തന്റെ ഉത്തരവാധിത്വം പാക്കരൻ ചേട്ടനെ  ബോധിപ്പിക്കാൻ വേണ്ടീട്ടാ  റോമു അവറാൻ ചേട്ടനെ കണ്ട ഭാവം നടിക്കാതെ   കുരക്കുന്നത്  .

പിന്നെ അവറാൻ ചേട്ടനൊന്നും ചെയ്യിത്തില്ലാന്നും റൊമുവിന് നല്ല ധൈര്യമുണ്ട് .

പകല് അവറാൻ ചേട്ടൻ ചൂണ്ടമീനുമായി വരുമ്പോ റോമുന്റെ വാലാട്ടല് കാണണം  മൂട്ടീന്ന് വാല് തെറിച്ചു പോണമാതിരി അത്രേം സ്പീഡിലാ അവൻ വാലിട്ട് ആട്ടാറ്  .

അത് അവറാൻ ചേട്ടന്റെ കൈയ്യീന്ന് മീൻ കിട്ടുന്നതു വരേക്കും  മാത്രമേ  ഉള്ളൂ.

അവറാൻ ചേട്ടൻ മീൻ കൊടുക്കുന്ന നന്ദിയൊന്നും രാത്രിയാവുമ്പോ റോമു  കാണിക്കാറില്ല .

സംഗതി റോമുന്റെ കുര കേട്ടയുടനെ ആ ഏരിയായിലുള്ള മുഴുവൻ പട്ടികളും നിന്ന് കാറാൻ തുടങ്ങും അതില് ഏറ്റം ആദ്യം  മമ്മദിന്റെ നായ രാജുവാ .

അവനാണെങ്കിൽ ആരെങ്കിലും കുരക്കാൻ വേണ്ടി കാത്തിരിക്കാ കൂടെ കുരക്കാൻ .

ഇന്നാളു ഒരു പ്രാവശ്യം മമ്മദ് ചുമച്ചപ്പോ അവനും കൂടെ കുരച്ചു , അവന്റെ വിചാരം ഏതോ നായ കുരച്ചതാന്നാ .

മിണ്ടാണ്ടിരിക്കടെ ശവമേ ഇത് ഞാനാന്ന് 

മമ്മദ് പറഞ്ഞപ്പഴാ അവന് അമളി മനസ്സിലായത് .

അവൻ ഓടിപ്പോയി മമ്മദിന്റെ മേത്ത് രണ്ട് നക്ക്

സത്യത്തില് മമ്മദിന്റെ ചുമ കേട്ടാ നായ കുരക്കാന്നെ തോന്നൂ.

ഒരു പ്രാവശ്യം മമ്മദിന്റെ ഭാര്യ സൈനബടത്തി രാജൂനെ കുറെ ചീത്ത പറഞ്ഞതാ കുരക്കല്ലേന്നും പറഞ്ഞ് , പിന്നീടാ  അത് മമ്മദ് ചുമച്ചതാന്ന് സൈനബടത്തിക്ക് മനസ്സിലായത്

റോമുന്റെ ഈ കുര കാരണം  നല്ല ഉറക്കം പിടിച്ചു തുടങ്ങുന്ന പാക്കരൻ ചേട്ടനും അന്നമ്മചേടത്തിക്കും  വല്യ ശല്യമായി മാറി അവറാൻ ചേട്ടന്റെ ഈ മതിലു ചാട്ടം .

അവറാൻ ചേട്ടനോട് ഇത് നേരിട്ട്  പറയാൻ പാക്കരൻ ചേട്ടനൊരു മടി.

ചെറുപ്പത്തില് അവറാൻ ചേട്ടന്റെ ക്ലാസ് മേറ്റായിരുന്നു  പാക്കരൻ ചേട്ടൻ . രണ്ടു പേരും രണ്ടില് മൂന്നു കൊല്ലം തോറ്റതാ  നാലാമത്തെ കൊല്ലം അവറാൻ ചേട്ടൻ മാത്രം ജയിച്ചു എന്തിനാ ജയിച്ചേന്നും ചോദിച്ച് അവറാൻ ചേട്ടനെ  പാക്കരൻ ചേട്ടൻ തല്ലീത്രെ .

അതൊക്കെ കാരണം  അവറാൻ ചേട്ടനെ ഒന്ന് പേടിപ്പിച്ചു വിടാൻ  തീരുമാനിച്ചത് അവറാൻ ചേട്ടന്റെ  ഈ വെള്ളിയാഴ്ച്ചപ്പേടി പാക്കരൻ ചേട്ടനും  നന്നായിട്ടറിയാം .

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു  പക്ഷേ എന്തോ അവറാൻ ചേട്ടൻ അന്ന് വ്യാഴാഴ്ച്ച ആണെന്നു കരുതിയിരിക്കായിരുന്നു  നല്ല ഫിറ്റായി ഇറങ്ങാൻ നേരത്താ ഷാപ്പുകാരൻ വറീത്  അവറാൻ ചേട്ടനെ  ഓർമ്മിപ്പിച്ചത്.

എടാ  അവറാനേ  ഇന്ന് വെള്ളിയാഴ്ച്ചയല്ലേ  നീ ഒറ്റക്ക്  പോവോ ?

വെള്ളിയാഴ്ചന്ന് കേട്ടതും അവറാൻ ചേട്ടന്റെ ഉള്ളിലൊരു  വെള്ളിടി വെട്ടിയതും ഒരുമിച്ചായിരുന്നു .

സത്യത്തിലത്  ഷാപ്പ്‌കാരൻ വറീത് പറഞ്ഞില്ലായിരുന്നുങ്കീ   വ്യാഴാഴ്ച്ചയാണെന്ന്  കരുതി അവറാൻ ചേട്ടൻ ധൈര്യത്തോടെ പോയേനേ.

സംഗതി വെള്ളിയാഴ്ച്ചയെന്ന്  കേട്ടതോടെ അവറാൻ ചേട്ടന്റെയുള്ളില്  പിശാചുക്കളുടെ ഒരു നീണ്ട നിര റെഡിയായിട്ട് നിരന്നു നിന്നു.

അതില്  ഒടിയൻ മുതല് ഡ്രാക്കുളവരെയുണ്ട് .

പക്ഷേ ഡ്രാക്കുളയൊന്നും തന്നെ കൈവെക്കത്തില്ലാന്ന്   അവറാൻ ചേട്ടന് നന്നായറിയാം .

ഡ്രാക്കുളയൊക്കെ വല്യ വല്യ  ആൾക്കാരുടെയടുത്തൊക്കെയേ പോവത്തുള്ളൂ   ഈ പാവം അവറാനെ ഞെക്കിപ്പിഴിഞ്ഞിട്ട്‌ അയാൾക്കെന്ത്  കിട്ടാനാ?

ഒരു ധൈര്യത്തിന്  പുണ്യാളൻമാരുടെ മുഖമൊക്കെ  മനസ്സില് ഓർക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഓർമ്മ വരുന്നില്ല .

മനസ്സിൽ  പിശാചുക്കളുടെ മാർച്ച്പാസ്റ്റ് തുടങ്ങിയതോടെ  പുണ്യാളൻമാരൊക്കെ അവറാൻ ചേട്ടനെ കൈയ്യൊഴിഞ്ഞു .

അവസാനം കർത്താവിനെ വിളിക്കാൻ നോക്കി , പക്ഷേ കർത്താവിന്റെ മുഖവും മനസ്സില് വരുന്നില്ല  .

പേടികൊണ്ട് മനസ്സിൽ തെളിയുന്നതൊക്കെ  പിശാചുക്കളുടെ  മുഖങ്ങളാ .

പ്രാർത്ഥിക്കാമെന്നു  വെച്ചാ ഒറ്റ പ്രാർത്ഥന പോലും ഓർമ്മയിലും വരുന്നില്ല  

അവസാനകൈയ്യെന്ന നിലയിൽ  അവറാൻ ചേട്ടൻ ഷാപ്പ്കാരൻ വറീതിനെ കൂട്ട് പിടിച്ചു .

ടാ ..,വറീതേ  നീയൊന്ന് എന്റെ കൂടെ വീട് വരെ വാടാ

എന്തൂട്ടാ നീ പറയണേ എന്റെ അവറാനെ എനിക്ക് ഇങ്ങോട്ടക്കല്ലേ പോവണ്ടേത്  ?''

നീയൊന്ന് എന്നെ വീട് വരെ ആക്കപ്പാ  ഇന്ന് വെള്ളിയാഴ്ച്ചയാന്ന്  നീയല്ലേ എന്നെ ഓർമ്മിപ്പിച്ചേ?

ഇത് നല്ല കൂത്ത്  വെള്ളിയാഴ്ച്ചേനെ ,പിന്നെ  വെള്ളിയാഴ്ച്ചാന്നല്ലാണ്ട്  വ്യാഴാഴ്ച്ചാന്ന് പറയാൻ പറ്റോ ? നീയൊന്ന് പോടപ്പാ  വേണങ്കീ ഒരു ഗ്ലാസ്സ് കൂടി മോന്തിക്കോ  ഒരു ധൈര്യം കിട്ടും ?

അടിച്ചതൊക്കെ വെള്ളിയാഴ്ച്ചാന്ന് കേട്ടതോടെ ഇറങ്ങിയിരുന്നു  എന്നാ ശരി ഒരു ഗ്ലാസ്സ് ആക്കണ്ടാ  ഒരു കുപ്പി തന്നെ  ഇങ്ങട് താ

പക്ഷേ അന്ന് വരെ അത്രയും കിക്കില്ലാത്ത കള്ള് അവറാൻ ചേട്ടൻ കുടിച്ചിട്ടില്ല  തനി പച്ച വെള്ളം മാതിരി  .

സംഗതി അത് കള്ളിന്റെ കുഴപ്പല്ല  കള്ള് നല്ല മൂത്തിരിക്കണ ആനമയക്കിതന്ന്യാ   

പക്ഷേ ,  പേടി അത് അവറാൻ ചേട്ടന്റെ  ഉള്ളിൽ  കിടന്ന് പെപ്പപ്പേ വിളിക്കാ .

എന്തൂട്ടാ ഇപ്പ ചെയ്യാ ?

പോകാനും വയ്യ , പോകാതിരിക്കാനും വയ്യ പോയീല്ലെങ്കി  പ്രേതം കള്ള് ഷാപ്പിൽ കേറിപ്പിടിക്കും  പോയാ വഴീലിട്ട് പിടിക്കും .

വീട്ടിലെത്ത്യാ ധൈര്യാ , പിന്നെ അവള്  നോക്കിക്കൊള്ളും
പുള്ളിക്കാരിത്തീനെ കണ്ടാ  ഡ്രാക്കുളയല്ലാ,  ലൂസിഫറ് വരെ ഇറങ്ങി ഓടൂന്ന്  അവറാൻ ചേട്ടനറിയാം .

വിറച്ച് , വിറച്ച്  അറിയാവുന്ന പ്രാർഥനകളൊക്കെ ചൊല്ലി  പാക്കരൻ ചേട്ടന്റെ  പറമ്പിന്റെ വേലി ചാടി  കടന്നതും കണ്ടു  എട്ടടി പൊക്കത്തില് ഒരു ആൾരൂപം അങ്ങനെ നിക്കണൂ .
     
ഇത് കണ്ടതോടെ  അവറാൻ ചേട്ടൻ അപസ്മാരം പിടിച്ച പോലെ നിന്ന്  വിറക്കാൻ  തുടങ്ങി .

ആരാ അത് ?അവറാൻ ചേട്ടൻ വിറച്ചിട്ടാ ചോദിച്ചത്

ആ രൂപം അതാ അടുത്തേക്ക് വരുന്നു .

അയ്യോ .., അതിന് കാലുകളില്ല  വായുവിലൂടെ ഒഴുകിയാണ് വരുന്നത്.

അവറാൻ ചേട്ടൻ  പേടിച്ച് വിറച്ച് നിൽക്കാണ്  അതിനേക്കാളും പേടിയിലാ അവറാൻ ചേട്ടന്റെ ജീവൻ  നിൽക്കുന്നത്   .

അവറാൻ ചേട്ടനെ വിട്ട്  ഇറങ്ങി ഓടിയാലോന്നും വിചാരിച്ചാ  ജീവൻ വിറക്കുന്നത്   .

പാക്കരാ   ഓടിവാടാ     

അവറാൻ ചേട്ടൻ പാക്കരൻ ചേട്ടനെ വിളിച്ചു  

പക്ഷേ  ശബ്ദം പുറത്തേക്ക് വരുന്നില്ല എല്ലാം അവറാൻ ചേട്ടന്റെ ഉള്ളിൽ കിടന്ന് മുഴങ്ങുന്നതേയുള്ളൂ .

മോനേ റോമൂ  നീയെങ്കിലും ഓടി വാടാ

സത്യത്തിൽ അവറാൻ ചേട്ടനെ കണ്ടവശം റോമു  ഓടി വന്നതായിരുന്നു പക്ഷേ ഈ രൂപത്തെ കണ്ടതോടെ  റോമു കണ്ണടച്ച് ചത്തതുപോലെ കിടന്നു .

പട്ടിയാണെങ്കിലും ചോര,ചോര തന്നെയല്ലേ ? വെറുതേ പോയി കുരച്ച് പ്രേതത്തിന് ചോര കുടിക്കാൻ കൊടുക്കണോ?

കഞ്ഞിവെള്ളം കുടിച്ച് കുടിച്ച് തന്റെ ചോര പോലും കഞ്ഞിവെള്ളം പോലെ ആയിരിക്കും.


നീ ആരെടാ?,ആ രൂപം അവറാനെ നോക്കിയലറി

'ഞാൻ.... റാൻ

വിക്കിക്കൊണ്ടാ  അവറാൻ ചേട്ടനതു പറഞ്ഞത്

എന്തോന്ന്,  റാനോ ?

റാനോ .., അല്ല .., അ ...അവറാൻ .., ചേട്ടൻ 

ചേട്ടൻ എന്ന്  ചേർത്തു പറഞ്ഞാ  വല്ല വയസ്സിന് ഇളയ പ്രേതമാണെങ്കി  ബഹുമാനം കൊണ്ട് വിട്ടിട്ട് പോയെങ്കിലോയെന്നുള്ള ഒരു വിശ്വാസത്തിന്റെ പുറത്താ അവറാൻ ചേട്ടനങ്ങനെ പറഞ്ഞത് 

ഇന്ന് ഞങ്ങളുടെ ദിവസമാണെന്നറിയില്ലേ ?ശല്യപ്പെടുത്താൻ വന്നതാണോ നീ?  ഇത് ഞങ്ങടെ സ്ഥലമാണ് എന്താ ഇവിടെ ?

ഇതിന്റെ അപ്പുറത്താണേ  എന്റെ വീട് .

ഇതാണോ  വഴി ?

അല്ലായേ 

നമ്മുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയതല്ലേ  ഇവന്റെ ചോര കുടിച്ച്  ആ പാലമരത്തില്   കെട്ടിത്തൂക്കാം എല്ലാവർക്കും  ഒരു പാഠമാവട്ടെ .

ഇരുട്ടിൽ നിന്ന് മറ്റൊരു പ്രേതം കൂടി അവറാൻ ചേട്ടന്റെ നേർക്ക് ഒഴുകി വന്നു .

എന്റെ കർത്താവേ  ന്നലറിക്കൊണ്ട്  അവറാൻ ചേട്ടന്റെ ജീവൻ  അവറാൻ ചേട്ടനെ വിട്ട്  ഇറങ്ങിയോടി .

ജീവൻ നഷ്ട്ടപ്പെട്ട  അവറാൻ ചേട്ടൻ നിർജ്ജീവനായി നിന്നു .

അവറാൻ ചേട്ടന്റെ രക്തമെല്ലാം പിശാചുക്കൾ കുടിക്കുന്നതിനു മുന്നേ തന്നെ വറ്റി.

അവറാൻ ചേട്ടൻ കർത്താവിനെ വിളിച്ചു .

എന്റെ .., ക ., കർത്താവേ ..ഈ പിശാചുക്കളെ ഓടിക്കണേ 

പക്ഷേ അതും പുറത്തേക്ക് വന്നില്ല .

കേട്ടാലല്ലേ പിശാചിന് ഓടാൻ പറ്റുള്ളൂ  .

അവസാന ശ്രമമെന്ന നിലയിൽ  അവറാൻ ചേട്ടൻ  ഓടാൻ നോക്കി  പക്ഷേ  കാലുകൾ രണ്ടും കൂച്ചുവിലങ്ങിട്ടതുപോലെ  ഭൂമിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു .

രണ്ട് കോമ്പല്ലുകൾ അവറാൻ ചേട്ടന്റെ കഴുത്ത് ലക്ഷ്യമാക്കി നീണ്ടു

അവറാൻ ചേട്ടന്റെ ആർത്തനാദം മാത്രം എങ്ങും മുഴങ്ങി .

അത് കാണാൻ കരുത്തില്ലാതെ റോമുവിന്റെ ബോധം  പോയി .

അന്നത്തോടെ  അവറാൻ ചേട്ടൻമതില് ചാടിക്കടക്കുന്ന പരിപാടിയേ നിറുത്തി ഇടിയൻ പിടിച്ചാലും കൊഴപ്പില്ല കവല വഴിയേ അവറാൻ ചേട്ടൻ ഇപ്പൊ പോകത്തുള്ളൂ .

പക്ഷേ ഇപ്പോഴും അവറാൻ ചേട്ടന് ആ വെള്ളിയാഴ്‌ച്ച പേടിയുണ്ട് 



            

0 അഭിപ്രായങ്ങള്‍