അർദ്ധരാത്രി, എങ്ങും കട്ടപിടിച്ച ഇരുട്ട്  അതാ ഇരുട്ടിൽ നിന്നും രണ്ടു കൈകൾ തനിക്കു നേരെ നീണ്ടു വരുന്നു  

ദ്രംഷ്ടങ്ങൾ നീണ്ട ഒരു മുഖം  തന്റെ കഴുത്തിലേക്ക് അടുക്കുന്നു അതിന്റെ   നീണ്ട നാക്കുകളിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നു .

അതു കാണാൻ കരുത്തില്ലാതെ അവറാൻ ചേട്ടൻ കട്ടിലിൽ കിടന്ന് വിറച്ചു .

ഡ്രാക്കുള കൊട്ടാരത്തിൽ എത്തിയ ജോനാഥാൻ ഹാക്കറെപ്പോലെ യക്ഷികളുടെ കൊട്ടാരത്തിൽ  എത്തിയ അപരിചിതനെപ്പോലെ ആയിരുന്നു ആ സ്വപ്നത്തിൽ അവറാൻ ചേട്ടൻ .

ആ ഭീകര സ്വപ്നം കാണാൻ കരുത്തില്ലാതെ  അവറാൻ ചേട്ടന്റെ കൊച്ചു കണ്ണുകൾ  സത്യത്തിലേക്ക് ഓടിവന്നു . 

കണ്ണുകൾ തുറന്ന  അവറാൻ ചേട്ടനെ കാത്തിരുന്നത്  അതിനേക്കാൾ ഭീകരമായ ഒന്നായിരുന്നു അത് കണ്ട് അവറാൻ ചേട്ടൻ സ്വപ്നത്തിൽ അല്ലാതെ  ഞെട്ടി .

മുണ്ടും ചട്ടയുമണിഞ്ഞൊരു സ്ത്രീ രൂപം കട്ടിലിനോട് ചേർന്നു നിൽക്കുന്നു .

അരണ്ട വെളിച്ചത്തിൽ ഈ രൂപത്തെ  കണ്ടപ്പോൾ അവറാൻ ചേട്ടന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി  തുടർന്ന് വെള്ളിടികളുടെ ഒരു നീണ്ട നിര  .

പ്രേതം   

അവറാൻ ചേട്ടൻ വിക്കി .

ആ രൂപത്തിന്  ഒറോതയുടെ  നല്ല ഛായയുണ്ട്  പക്ഷേ  ഉറപ്പിക്കാനാകുന്നില്ല

രണ്ടു കുപ്പി  കള്ളിന്റെ ലഹരിയിലും,   കണ്ട സ്വപ്നത്തിന്റെ പേടിയിലും  കാണുന്നത് സ്വപ്നമോ, യാഥാർത്യമോ എന്നറിയാനാകാതെ അവറാൻ ചേട്ടന്റെ കൊച്ചു തലക്കുള്ളിൽ  ഭാവനയും , യാഥാർത്യവും തമ്മിൽ  പൊരിഞ്ഞ മല്ലയുദ്ധം നടക്കുകയാണ് .

പ്രേതങ്ങളുടെ ലോകത്തുനിന്നും ഒറോത  ഇറങ്ങി വന്നത് പോലെ തോന്നി അവറാൻ ചേട്ടനാ  രൂപത്തെ കണ്ടപ്പോ 

ഇവളെപ്പോളാണ് പ്രേതമായി മാറിയത് ?

സംഗതി ഭാര്യയാണെങ്കിലും പ്രേതം,  പ്രേതമല്ലാതിരിക്കോ  ? മനുഷ്യഭാര്യയുടെ സ്നേഹമൊന്നും പ്രേത ഭാര്യ കാണിക്കണമെന്നില്ല ?

അതാ ആ രൂപം പതുക്കെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്നു .

അവറാൻ ചേട്ടന് അലറണമെന്നുണ്ട്  പക്ഷേ  തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ല .

തല തിരിച്ച് , അവസാന  ആശ്രയത്തിനായി  കർത്താവിനെ നോക്കണമെന്ന് അവറാൻ ചേട്ടന് അതിയായ ആഗ്രഹമുണ്ട്  

പക്ഷേ,  തല തിരിക്കാൻ പേടി ഇനി തിരിക്കുമ്പോഴായിരിക്കും പ്രേതം വന്നു പിടിക്കുന്നത്   

അതാ ആ രൂപം തൊട്ടടുത്തെത്തി  ആ  കൈകൾ  കഴുത്തിനു നേർക്ക്  നീളുന്നു .

അവറാൻ ചേട്ടൻ  അരുതേയെന്ന്  ആ രൂപത്തോട് കെഞ്ചി   

എന്റെ പൊന്നു ഒറോതേ  എന്തിനാടി  നീയെന്നെ  കൊല്ലുന്നേ ?

ആ രൂപത്തിന്റെ കൈകൾ അവറാൻ ചേട്ടനെ തൊട്ടു .

അതേ നിമിഷത്തിൽ 'എന്റെ കർത്താവേയെന്നും അലറിക്കൊണ്ട്  അവറാൻ ചേട്ടന്റെ ജീവൻ  പുറത്തേക്കോടി  .

അവറാൻ ചേട്ടന്റെ വായിൽ നിന്നും വന്ന ആ അപ്രതീക്ഷിത അലർച്ചയിൽ  പ്രേതം ഞെട്ടി   

അതോടെ  ഇത് ഞാനാണെന്നും  അലറിക്കൊണ്ട്‌ ആ പ്രേതം  അവറാൻ ചേട്ടന്റെ മേത്തേക്ക് ഒറ്റ ചാട്ടം .

ഞാനോ ?

അങ്ങിനേയും ഒരു പ്രേതമുണ്ടോ ? അവറാൻ ചേട്ടന്റെ ബുദ്ധിക്ക് ഭ്രമം സംഭവിച്ചു.

ഇത് ഞാനാ മനുഷ്യാ  നിങ്ങള് കിടന്ന് കൂവാതെ .

ഒറോതയെന്ന്  കേട്ടതോടെ പാതി വഴി ഓടിപ്പോയ ജീവൻ തിരികെ വന്നു  എന്നാലും ഒരു സംശയം , തിരിച്ചു ശരീരത്തിലോട്ട് കേറണോന്ന് ?

ഒറോതയും , പ്രേതവും  തമ്മില് വല്യ വ്യത്യാസമൊന്നുമില്ല , പ്രേതത്തിന് കൊമ്പുണ്ടാവും ഒറോതക്ക് കൊമ്പുണ്ടാവില്ല 

എടി നീയെപ്പോഴാടി പ്രേതമായത് ? 

അവറാൻ ചേട്ടൻ നിഷ്കളങ്കമായാണത്  ചോദിച്ചത്.

പ്രേതം  ..,നിങ്ങടെ , അതോടെ ഒറോത ചേടത്തിയുടെ വായിൽ നിന്ന്  വന്നത്  അമ്മായമ്മക്കെതിരെയുള്ള ക്രൂര സൂക്തങ്ങളായിരുന്നു .

ആ അമ്പുകൾ കൊണ്ട്  പരലോകത്തായിരുന്ന അവറാൻ ചേട്ടന്റെ അമ്മ ത്രേസ്യക്കുട്ടിചേടത്തി പല്ലുറുമ്മി .

നീയിങ്ങോട്ട് വാടി എന്തിരവളെ , നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്  എന്നിട്ടും ദേഷ്യം  തീരാഞ്ഞ് പരലോകത്തുള്ള  മറ്റൊരു പരലോകവാസിയുടെ  കഴുത്തിനു  പിടിച്ച്  ചേടത്തി ഞെക്കി.

ആ പരേതാത്മാവ് അവിടെ നിന്നും ജീവനും കൊണ്ടോടി  ഇനിയും ചാവാൻ അതിനു  വയ്യായിരുന്നു.

ഒറോത ചേടത്തിയുടേയും,  അമ്മായിമ്മ ത്രേസ്യക്കുട്ടിയുടേയും അമ്മായമ്മ, മരുമകൾ പോര് ഞങ്ങളുടെ നാട്ടിൽ പ്രസിദ്ധമായിരുന്നു .

രണ്ട് പേരും കട്ടക്ക് , കട്ടക്ക് നിക്കും  ഇത് കാണാൻ ത്രാണിയില്ലാതെ അവറാൻ ചേട്ടന്റെ അപ്പൻ കുഞ്ഞു വറീത് വേഗം തന്നെ മേലോട്ട് പോയി .

രണ്ടു പേരും പറയുന്നതും  , ചെയ്യുന്നതും  രണ്ടു പേർക്കും പിടിക്കത്തില്ല.

ത്രേസ്യചേടത്തി തേങ്ങ ചമ്മന്തി  ഉണ്ടാക്കാൻ പറഞ്ഞാ ഒറോത ചേടത്തി മുളകു ചമ്മന്തിയുണ്ടാക്കും സാമ്പാറുണ്ടാക്കാൻ പറഞ്ഞാൽ  രസം വെക്കും ഓലനുണ്ടാക്കാൻ പറഞ്ഞാൽ  കാളൻ വെക്കും  .

അപ്പോ ത്രേസ്യ ചേടത്തി ഓടിച്ചെന്ന് അതിലു  കുറെ ഉപ്പ് കൊണ്ടിടും അല്ലെങ്കിൽ വെള്ളം ഒഴിക്കും .

ഇതിന്റെയെല്ലാം ഇര അവറാൻ ചേട്ടനായിരിക്കും .

പാവം ഒന്നും മിണ്ടാതെ  കണ്ണുരുട്ടി കഴിച്ചിട്ട് എണീറ്റ് പോകും  .

ഇത് കാണുമ്പോ ത്രേസ്യ ചേടത്തി നെഞ്ചത്തിടിച്ച് പ്രാകും  

പെണ്ണു കുഞ്ഞായി, കാക്കാശിനു കൊള്ളാത്തവൻ ഒരു ചൂടും ചുരണയും  ഇല്ലാത്തവൻ  ഇതെന്റെ വയറ്റിൽ തന്നെയാണല്ലോ വന്ന് പിറന്നത്‌ 
എന്നും പറഞ്ഞ്  വയറ്റിൽ ആഞ്ഞാഞ്ഞിടിക്കും .

ആ ഇടിയുടെ ശബ്ദം കേട്ട്  പഞ്ചായത്ത് മുഴുവൻ ഞെട്ടും .

ഇത് കാണുമ്പോ ഒറോത ചേടത്തിയും അലമുറയിടും .

ഇങ്ങനെ ഗതി കെട്ട്  അവറാൻ ചേട്ടൻ നിൽക്കുമ്പോഴാണ്  കർത്താവിനും ഇരിക്കപ്പൊറുതി മുട്ടി  ത്രേസ്യക്കുട്ടിയെ പരലോകത്തേക്ക്  ട്രാൻസ്ഫെർ ചെയ്യിച്ചത് .

എന്തിനാ അത് ചെയ്യിച്ചതെന്ന്  കർത്താവും ഇപ്പോ വിചാരിക്കുന്നുണ്ടാവും  കർത്താവിനും അവിടെ  ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നു .

ത്രേസ്യചേടത്തി പരലോകത്തെ  മൂന്ന് പരലോകമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു  വഴിയേപോയ വയ്യാവേലിയെ വിളിച്ചു വരുത്തിയത് പോലെയായി കർത്താവിന് .

ആദ്യ ഷോക്ക് മാറിയതോടെ  അവറാൻ ചേട്ടൻ ഒറോത ചേടത്തിയോട് ചോദിച്ചു .

നീയെന്തിനാ പ്രേതമായിട്ട്‌ വന്ന് എന്നെ പേടിപ്പിക്കുന്നേ ?

ശൂ .., ശൂ .., മിണ്ടാതിരിക്ക്‌ മനുഷ്യാ നമ്മടെ വീട്ടില് കള്ളൻ കേറീന്നാ തോന്നണേ , അടുക്കളേന്ന് ശബ്ദം കേൾക്കുന്നുണ്ട് .

കള്ളൻന്ന് കേട്ടതോടെ  അവറാൻ ചേട്ടന്റെ തിരികെ വന്ന ജീവൻ  വീണ്ടും സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെടി ശബ്ദം കേൾക്കാൻ കാത്തു നിൽക്കുന്ന   ഓട്ടക്കാരനെപ്പോലെ ഓടാൻ റെഡിയായി.

എടീ നമ്മുടെ വീട്ടീന്ന് എന്തൂട്ട് കിട്ടാനാ ?

എന്റെ മനുഷ്യാ  അവൻ അടുക്കളെലാണെന്ന് തോന്നുന്നുണ്ട്  പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നു .

എടീ അത് വിശന്നിട്ടു വന്ന വല്ല കള്ളനുമായിരിക്കും വല്ലതും തിന്നിട്ട് പോയിക്കോട്ടെ .

മനുഷ്യാ ഞാൻ ഉണക്കമീൻ വറ്റിച്ചു വെച്ച കറിയാണ് .

അത് കഴിച്ചാപ്പിന്നെ  അവൻ ജീവിതത്തിൽ കട്ടുതിന്നാൻ പോവത്തില്ലാ 

പറഞ്ഞു കഴിഞ്ഞപ്പോഴാ അവറാൻ ചേട്ടന് അബദ്ധം മനസ്സിലായത് ഉടനെത്തന്നെ വാ പൊത്തി  

ഒറോത ചേടത്തി ആ ഇരുട്ടിലും  അവറാൻ ചേട്ടനെ രൂക്ഷമായൊന്ന് നോക്കി

ഞാൻ വെച്ചിട്ടുണ്ട് .

നിങ്ങള് ആ ഒലക്ക എടുത്തോണ്ട് വാ മനുഷ്യാ  നമുക്കൊന്ന് നോക്കാം .

അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം  ഒന്നും വ്യക്തമല്ല ഒരു രൂപം കുമ്പിട്ടിരിക്കുന്നു .

അന്നമ്മ ചേടത്തി ഒലക്കയെടുത്ത് ആഞ്ഞൊരടി .

അലർച്ചയ്ക്ക് പകരം വലിയൊരു ഓളി പിന്നെയത് കൂവലായി 

അവറാൻ ചേട്ടനും, ചേടത്തിയും ഒരുമിച്ച് ഞെട്ടി .


കള്ളന്  നായയുടെ ശബ്ദമോ ?

ലൈറ്റിട്ടപ്പോൾ, പാക്കരൻ ചേട്ടന്റെ നായ റോമു,   അവൻ ഉണക്കമീൻ കട്ടു തിന്നാൻ വന്നതായിരുന്നു.

പാതികടിച്ച ഉണക്കമീനോടെ  അവൻ അവറാൻ ചേട്ടനെ നോക്കിയൊന്ന്  ചിരിച്ചു പക്ഷെ  അത് ചിരിയായിരുന്നില്ല  അടിയുടെ ശക്തിയിൽ വായ കോടിപ്പോയതായിരുന്നു .

ഒന്ന് മൂളിക്കൊണ്ട് ദാ കിടക്കുന്നു റോമു വെട്ടിയിട്ട പോലെ താഴേ .

എന്നാലും എന്റെ റോമു  എന്തിനാടാ നീ കട്ടെടുക്കാൻ വന്നേ ?

അവറാൻ ചേട്ടൻ  കഷ്ട്ടം വെച്ചുകൊണ്ടാണത് ചോദിച്ചത്. 

പക്ഷേയത് കേൾക്കുവാൻ റോമുവിന്  ബോധം ഉണ്ടായിരുന്നില്ല  അത് ഉണക്കമീനുകൾ ഇല്ലാത്ത ലോകത്തേക്ക് എപ്പോഴേ പറന്നു പോയിരുന്നു .

ഈ കള്ള നായേനെ ഇന്ന് ഞാൻ കൊല്ലും, എന്നലറിക്കൊണ്ട് അന്നമ്മ ചേടത്തി വീണ്ടും ഉരൽ ഓങ്ങിയതാണ്  പക്ഷേ  അവറാൻ ചേട്ടൻ പൂണ്ടടക്കം പിടിച്ചു .

ഇല്ലെങ്കിൽ റോമുന്റെ അവസാന കക്കലായി മാറിയേനെ അത് 

ഉണക്കമീനു വേണ്ടി രക്ത സാക്ഷിത്വം വരിക്കേണ്ടി വന്ന റോമു 

         


0 അഭിപ്രായങ്ങള്‍