തിരിച്ചറിവിനു മേലേ തിരിച്ചറിവുകൾ വന്നപ്പോഴാണ് ഞാൻ വലന്റൈൻ എന്ന പദം ആദ്യമായി കേൾക്കുന്നത്. അപ്പോഴേക്കും പ്രണയത്തിന്റെ സങ്കൽപ്പങ്ങളെല്ലാം എന്നിൽ നിന്നും പടിയിറങ്ങിപ്പോകേണ്ട കാലമായിക്കഴിഞ്ഞിരുന്നു .

       പ്രണയിക്കാനും , പ്രണയിക്കപ്പെടാനും കാലമുണ്ടോ ?

     അതൊരു കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ് .

       പക്ഷേ ..,പ്രണയിക്കാൻ കാലമില്ല എന്നതാണ് സത്യം. പക്ഷേ .. ആ പ്രണയത്തിന് തീവ്രത കൂടുന്നത് യൌവ്വനത്തിലാണ് .

       ജീവിതത്തിലെ ഏതു ഘട്ടത്തിലും പ്രണയമുണ്ട്  പക്ഷേ ..,ബാല്യത്തിലേയും , കൌമാരത്തിലേയും, വാർദ്ധക്യത്തിലെയും പ്രണയങ്ങൾക്ക് ഓരോരോ  അർത്ഥതലങ്ങൾ ആണുള്ളത് .

        പ്രണയം ജ്വലിക്കുന്ന അഗ്നിയാണ്  അത് എരിഞ്ഞുകൊണ്ടിരിക്കും. ഹൃദയങ്ങൾ അവിടെ വരിഞ്ഞു മുറുകുന്നു  കണ്ണുകളിൽ നിന്ന് ആയിരമായിരം മലരമ്പുകൾ തൊടുക്കുന്നു  ശരീരത്തെ മുഴുവൻ ത്രസിപ്പിക്കുന്ന മനസ്സിന്റെ ഉള്ളിൽ നിന്നും പുറപ്പെടുന്ന  വികാരത്തിന്റെ ഒരു പ്രളയം ... പ്രണയം .

    വലന്റൈൻ എന്ന് കേൾക്കുന്നതിനു മുൻപ് തന്നെ പ്രണയം ഉണ്ടായിരുന്നു  എന്നാൽ ഇപ്പോൾ നമുക്കതൊരു ആഘോഷമായി മാറുന്നത് ഈ ദിനത്തിലാണ്.

      പുറത്ത് കോരിച്ചൊരിയുന്ന മഴയിൽ  ഇടുങ്ങിയ ക്ലാസ് മുറികളുടെ  ആളൊഴിഞ്ഞ ഇടനാഴികളിൽ എവിടേയോ വെച്ച്  ഞാനെന്റെ ആദ്യ പ്രണയം  കൈമാറി .

    മഴ പെയ്യുന്ന ആ കറുത്തിരുണ്ട മാനത്തിന്റെ പ്രതിഫലനം പോലെ  മഴയിൽ നനഞ്ഞു കുളിച്ച കടലാസ്സു തോണിയായി അതെനിക്കു തിരിച്ചു കിട്ടി .

               പ്രണയമെന്ന വികാരത്തിന്റെ  വേദന രക്തത്തുള്ളികളായി ആ മഴയിൽ ലയിച്ചു .

              ഹൃദയത്തെ മുറിവേല്പിച്ചു കടന്നു പോയ ആദ്യ ബാണം .

        പ്രണയ മെന്ന വികാരത്തിന്റെ തീവ്രത എന്നിൽ നിന്നും വിട്ടൊഴിയാതിരുന്ന ആ യൌവ്വനത്തിൽ  ഞാൻ വീണ്ടും വീണ്ടും പ്രണയ ലേഖനങ്ങൾ  എഴുതി .

   കാണുന്നവരോടെല്ലാം എനിക്ക് പ്രണയമായിരുന്നു , യൗവ്വനത്തിന്റെ വികൃതി .

      റോമിയോകൾ പലരും  ചോര കൊണ്ട് പ്രണയ ലേഖനങ്ങൾ എഴുതി തീവ്രത കാണിച്ചപ്പോൾ  ഞാൻ ചുവന്ന മഷി കൊണ്ടെഴുതി, അതിന് സ്വന്തം രക്തത്തിന്റെ തീവ്രത  സമ്മാനിച്ചു .

           പ്രണയത്തിനു വേണ്ടി അത്രയും വേദനിക്കാൻ എനിക്കു വയ്യായിരുന്നു .

         പ്രണയം ഒരു വികാരമാണ് , ഒരു താളമാണ് , ഒരു ലയമാണ് ., ആർത്തലച്ചു വരുന്ന  അമ്പുകൾക്കു നേരെ വിരിമാറു കാണിച്ചു കൊടുക്കാനുള്ള ഒരു ധൈര്യമാണ് .

       അത് യൌവ്വനത്തിലേ ഉണ്ടാകൂ ..ആ തീവ്രത ആ പ്രായത്തിലേ കിട്ടൂ .
           
          അതിനുശേഷം പ്രണയം സൗമ്യമാകുന്നു , ശാന്തമാകുന്നു . ഓളങ്ങൾ ഇല്ലാത്ത ഒരു  അരുവി പോലെ  ഹൃദയത്തിൽ നിന്നും ശാന്തമായി ഒഴുകുന്നു.

    ഈ പ്രണയ ദിനത്തിൽ  സമ്മാനങ്ങൾ വാങ്ങാൻ തിരക്കു കൂട്ടുന്നതോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു  ഇന്നെല്ലാം പ്രണയം ആലങ്കാരികമായ സമ്മാനങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു 

  നൈമിഷിക പ്രണയത്തിന്റെ പൊള്ളയായ ചിത്രങ്ങൾ വരച്ചു കാട്ടുന്ന വിലകൂടിയ സമ്മാനങ്ങൾ .

    അന്നൊക്കെ ഒരു നോട്ടമായിരുന്നു  കടമിഴിക്കോണ്കളിലൂടെ ആരും കാണാതെ എറിഞ്ഞു തരുന്ന  മലർശരങ്ങൾക്ക് ആയിരമായിരം സമ്മാനങ്ങളെക്കാൾ  പ്രസക്തിയുണ്ടായിരുന്നു .

          അതിന് തേനിന്റെ മധുരമായിരുന്നു  എത്ര നുണഞ്ഞാലും മതിവരാത്ത തേനിന്റെ മധുരം .
 
           കണ്ണിൽ .., കണ്ണിൽ .., നോക്കിയിരിക്കുമ്പോൾ അവിടെ പ്രപഞ്ചം നിശ്ചലമാകുന്നു . നാഴിക മണികൾ നിലക്കുന്നു  അതാണ്‌ പ്രണയത്തിന്റെ തീവ്രത ....

        ഒരു നിമിഷം കാണാതിരുന്നാൽ പോലും ഒരു നീറ്റലാണ്‌  ഹൃദയത്തിൽ മുള്ള് കുത്തുന്നത് പോലെയുള്ളൊരു നീറ്റൽ .

       അതാണ്‌ പ്രണയം .

            മലരേ നിന്നേ കാണാതിരുന്നാൽ .......,

                 മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ .....

0 അഭിപ്രായങ്ങള്‍