രാഷ്ട്രീയ അരാജകത്വങ്ങൾ നടമാടുന്ന എത്രയോ രാഷ്ട്രങ്ങൾ 

      ഭീകരതയും വർഗ്ഗീയ വിധ്വേക്ഷവും  രാഷ്ട്രീയ അസ്ഥിരതകളും ചേർന്ന് ദുസ്സഹമായ ജന ജീവിതങ്ങളുടെ അവസ്ഥ നമ്മുടെ മുന്നിൽ തന്നെയില്ലേ .

        തോക്കിൻ മുനകളിൽ ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ .

      സ്വാതന്ത്ര്യം എന്ന ജീവ വായുവിനെ കൂട്ടിലടച്ച്  നിസ്സഹായതയുടെ നെടുവീർപ്പുകൾക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നവർ .

     സമാധാനം എന്ന നീരുറവ തേടി  ദേശാടനക്കിളികളെപ്പോലെ ഒരു നാട്ടിൽ നിന്നും മറു നാട്ടിലേക്ക് പാലായനം ചെയ്യുന്നവർ . പ്രവാസത്തിന്റെ വേദന നിറഞ്ഞ നേർക്കാഴ്ച്ചകൾ .

      തോക്കിൻമുന രാഷ്ട്രീയം ഹനിക്കുന്നത്  ജീവസ്സുറ്റ മനുഷ്യജീവിതങ്ങളെയാണ് . സ്വാതന്ത്ര്യത്തിന്റെ ജീവവായു ആവോളം കുടിക്കുന്ന  നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത് നമ്മളായി ചോർത്തരുത് .

          വർഗ്ഗീയതയും , തമ്മിൽത്തല്ലും , ഭീകരതയും , അരാജകത്വങ്ങളും ഏതൊരു രാഷ്ട്രത്തിന്റെയും  വികസന പാതയിലെ മുരടിച്ചകൾ തന്നെയാണ്.

         ആ മുരടിച്ചയിലൂടെ കടന്നു പോകുമ്പോൾ ഏതൊരു രാജ്യവും  അതിന്റെ ആത്യന്തികകമായ വിനാശത്തിലേക്ക് കൂപ്പുകുത്തുന്നു .

           ഒരു മതേതരത്വരാജ്യം അത് തന്നെയാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ട മൂല്യം .

   അല്ലെങ്കിൽ സ്വാതന്ത്ര്യമെന്ന ജീവവായുവിനെ നമ്മൾ ദു:സ്വാതന്ത്ര്യമാക്കി മാറ്റി  വർഗ്ഗീയതയുടേയും , കലാപത്തിന്റെയും വിത്തുകൾ പാകി അനിവാര്യമാകുന്ന തോക്കിൻ മുന രാഷ്ട്രീയത്തിലേക്കുള്ള പാതയിലേക്ക്  നമ്മളായി ചൂട്ടു പിടിച്ചു കൊടുക്കലാവുമത് .

   സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കല്ലാതെ , ഒരു ജനതക്കുവേണ്ടിയും ഒരു  രാജ്യത്തിനു വേണ്ടിയും നിസ്വാർത്ഥ സേവനം നടത്തി  സ്വാതന്ത്ര്യമെന്ന ജീവ  വായുവിനു വേണ്ടി  ജീവൻ ബലിയർപ്പിക്കപ്പെട്ട അനേകം മഹാത്മാക്കൾ  ജീവത്യാഗം വരിച്ച  മണ്ണാണിത് .

    ആ ത്യാഗ മനസ്ഥിതികൾക്ക് അൽപമെങ്കിലും മൂല്യം നമ്മൾ കൊടുക്കുന്നുവെങ്കിൽ  ''ഒരു ജാതി .. ഒരു മതം .., ഒരു ദൈവം ....'' എന്ന ആപ്തവാക്യം ശിരസ്സാ  വഹിച്ച്  നമുക്ക് എല്ലാവരേയും സഹോദരങ്ങൾ ആയി കണ്ട് മുന്നോട്ട് പോകാം.

    തോക്കിൻ മുനകളുടെ മുമ്പിലുള്ള ജീവിതം  അത് സ്വയം എരിഞ്ഞു തീരാൻ വിധിക്കപ്പെടുന്നവന്റെ  കരളലിയിപ്പിക്കുന്ന ഒരു രോദനമാണ് . അതിൽ പിടഞ്ഞു മരിച്ചു കൊണ്ട്  ഒരു തലമുറ  നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യത്തെ  ഈ പുതു തലമുറ  ഹനിക്കുന്നു . വരാനിരിക്കുന്ന അതിന്റെ പ്രത്യാഘാതങ്ങൾ അതിഭീകരമായിരിക്കും .

       ഒരു രാജ്യത്തിനുള്ളിലെ ജനങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം യുദ്ധം ചെയ്യുന്നു .

     കീറിമുറിച്ചാൽ  രക്തത്തിന്റെ നിറം ചുവപ്പ് മാത്രമുള്ള മനുഷ്യർ  കാണാമറയത്തെ  ദൈവങ്ങൾക്കു വേണ്ടി വാളെടുക്കുന്നു . ജാതികളുടെ പേരിൽ കോമരങ്ങൾ തുള്ളുന്നു .  പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച  ദൈവങ്ങളെ പ്രീതിപ്പെടുത്താൻ സ്വന്തം സഹോദരന്റെ കഴുത്തെടുത്ത് ദൈവങ്ങളെ വരെ ഭയപ്പെടുത്തുന്നു .

    ജാതികൾ .., എങ്ങിനെയാണ് മനുഷ്യനെ വേർതിരിക്കുന്നത് ?, നാണം മറക്കാതെ  ജീവിച്ചു പോന്ന മനുഷ്യൻ എന്നാണ്  തന്റെ നഗ്നതയിൽ നാണിക്കാൻ തുടങ്ങിയത് ?

    ആദ്യമായി പാപം ചെയ്തപ്പോൾ  അവനു നാണം വന്നു . കല്ലുകളിലും , മരങ്ങളിലും കൊത്തിയ കാണാത്ത  ദൈവങ്ങളെ  അവൻ സ്നേഹിച്ചപ്പോൾ   . കൺമുന്നിലുള്ള സഹജീവിയെ അവൻ ആട്ടിപ്പുറത്താക്കി .

   സ്വന്തം സഹോദരനെ സ്നേഹിക്കാത്ത  നീ എങ്ങിനെ  കാണാമറയത്തുള്ള  എന്നെ സ്നേഹിക്കും  എന്ന ദൈവത്തിന്റെ ചോദ്യങ്ങൾ കേൾക്കാൻ കഴിയാത്ത തരത്തിൽ നമ്മൾ കാതുകൾ കൊട്ടിയടച്ചു .

         എന്നിട്ട് നമ്മൾ അവരെ പ്രീതി പ്പെടുത്താൻ വഴിപാടുകൾ നടത്തി ഉത്സവങ്ങൾ ആഘോഷിച്ചു .

      ജീവനില്ലാത്ത  ദൈവങ്ങളെ  തലയിലേറ്റി  ജീവനുള്ള ദൈവങ്ങളെ  പുറം കാലുകൾ കൊണ്ട് ചവുട്ടി മെതിച്ചു .

   മതപരമായ ചേരിതിരിവുകളെക്കാളും  ജാതിപരമായ ചേരിതിരിവുകളെക്കാളും  രാഷ്ട്രീയമായ ചേരി തിരിവുകളെക്കാളും മുന്നിൽ നിൽക്കേണ്ടത് നമ്മൾ എല്ലാം മനുഷ്യരാണ്  എന്നുള്ള  കൂട്ടായ്മയാണ് .

     എന്നാൽ നമ്മൾ,   നമുക്കുള്ള ഈ സ്വാതന്ത്ര്യത്തെ  ദു :സ്വാതന്ത്ര്യമാക്കി മാറ്റുന്നിടത്ത്  ഒരു ജനതയുടെ പതനം തുടങ്ങുന്നു .

    മതങ്ങൾ രാഷ്ട്രീയം കളിച്ചു തുടങ്ങിയത് മുതൽ  ദൈവങ്ങളിൽ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു . അധികാരത്തിന്റെ മത്ത് മതങ്ങളെ ദൈവങ്ങളിൽ നിന്നും അകറ്റിത്തുടങ്ങിയിരിക്കുന്നു .

            മതങ്ങൾ , ദൈവങ്ങളോടാണ് വിധേയത്വം കാണിക്കേണ്ടത്  അല്ലാതെ രാഷ്ട്രീയത്തിലൂന്നി അധികാരം പിടിച്ചെടുത്തു കൊണ്ടല്ല . വിനാശകരമായ കുരിശുയുദ്ധങ്ങളിലൂടെ കടന്നു പോയ ലോകമാണിത്  എന്നിട്ട് എന്തു നേടി എന്നുള്ളത് ചരിത്ര ശേഷിപ്പുകളും .

           മതങ്ങൾ മതപരമായിത്തന്നെ നില കൊള്ളട്ടെ , രാഷ്ട്രീയം  ജനപരമായും
അല്ലാതെ മതങ്ങളിൽ രാഷ്ട്രീയം കുത്തിവെച്ചാൽ  ആത്യന്തികമായ ലക്ഷ്യത്തിൽ നിന്നുമുള്ള വ്യതിചലിക്കലാവുമത് .

            മതങ്ങൾ തമ്മിലുള്ള ഏകത്വം .

   എല്ലാ മതങ്ങൾക്കും , അതിലുൾപ്പെടുന്ന ജനങ്ങൾക്കും  അവരുടെ വീക്ഷണങ്ങളും, വിശ്വാസങ്ങളുമായി സുഗമമായി മുന്നോട്ട് പോകാൻ കഴിയുന്നിടത്ത്  മതേത്വരതം  എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നു

          അല്ലാതെ സ്വന്തം ഇഷ്ട്ടങ്ങളെ മറ്റൊരുവന്റെ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ  അവിടെ സ്വാതന്ത്ര്യം എന്ന വാക്കിനെ വ്യക്തിഹത്യ ചെയ്യുന്നു .

           ഭൂരിപക്ഷവും,ന്യൂനപക്ഷവും എന്നല്ല വിഘടിക്കേണ്ടതും,വിഘടിക്കപ്പെടെണ്ടതും .

                ജനങ്ങൾ മാത്രം  അതാണ്‌ ഒരു രാഷ്ട്രത്തിന്റെ ശക്തി .

    രാഷ്ട്രീയ അരാജകത്വവും , മത അസഹിഷ്ണതകളും നടമാടുന്ന  മറ്റു ചില  രാഷ്ട്രങ്ങളെപ്പോലെ  തോക്കിൻ മുന രാഷ്ട്രീയത്തിലേക്ക്  നമ്മുടെ രാജ്യവും  കൂപ്പു കുത്താതിരിക്കട്ടെ .

    വീഴാൻ എളുപ്പമാണ്  എന്നാൽ അതിൽ നിന്നും ഉള്ള ഉയർത്തെഴുന്നേൽപ്പിന്തലമുറകൾ വലിയ വില നൽകേണ്ടിവരും .

  സ്വന്തം മക്കളേയും, കുടുംബത്തേയും  എല്ലാം ചേർത്തു പിടിച്ച്  അത് വരെ സമ്പാദിച്ചു കൂട്ടിയതെല്ലാം വെറും ഒരു ഭാണ്ഡക്കെട്ടിലൊതുക്കി , ജീവനും കൊണ്ട്  കടലുകൾ താണ്ടുന്ന ഗതി നമുക്ക് വരാതിരിക്കണമെങ്കിൽ  നമ്മൾ,  നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയേ തീരൂ .

                ''സ്വാതന്ത്ര്യം .., സ്വാന്തന്ത്ര്യം .., തന്നെയാണമൃത് .....,

                       പാരതന്ത്ര്യം .., മൃതിയേക്കാൾ ഭയാനകം ........''

         

0 അഭിപ്രായങ്ങള്‍