നിങ്ങളിത് കാണുന്നുണ്ടോ മനുഷ്യാ ?

           കിടക്കപ്പായീന്നു ഭാര്യേടെ കാറല് കേട്ടാ കണ്ണു തിരുമ്മി നോക്കിയത് 

      ഇന്നെന്ത് മാരണമാണപ്പാ ?

             ഭാര്യ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി മുന്നിൽ നിൽപ്പുണ്ട്  കൈയ്യിലൊരു പേപ്പറും പിടിച്ച് .

        തൊട്ടടുത്ത് നാലാം ക്ലാസ്സുകാരൻ ചെക്കൻ അപരാധിയേപ്പോലെ തലയും കുമ്പിട്ട്‌ നിക്കുന്നു  .

           രാവിലെ തന്നെ നീ കിടന്ന് കാറാണ്ട് കാര്യം പറ .

  കുടുംബകലഹത്തിന്റെ ആണിക്കല്ല് ഒഴിവാക്കാൻ എന്റെ വാക്കുകളിൽ മാക്സിമം തേൻ പുരട്ടിയാണ് ഞാൻ മൊഴിഞ്ഞത് .

       നിങ്ങളിത് നോക്ക് മനുഷ്യാ ,ഇവന്റെ ക്ലാസ്സ് ടെസ്റ്റിന്റെ പേപ്പറാണ് .

        ഉറക്കച്ചടവോട് കൂടി നോക്കിയ ഞാൻ ഞെട്ടിപ്പോയി .

           ഈശ്വരാ പത്തിൽ പത്ത് മാർക്കോ  ?, ഇവൻ തന്നെയാണോ ഇത് വാങ്ങിയത്  ഇത്രയും ബുദ്ധിമാനായ ,മകന്റെ അപ്പനല്ലേ ഞാൻ ..?, ആ ഒറക്കച്ചടവിലും എനിക്ക് അഭിമാനം തോന്നി .

        'പക്ഷേ ..,അതിനെന്തിനാണ് ഭാര്യ കിടന്ന് കാറുന്നത്‌ ?

        'എന്തിനാ നീ കിടന്ന് കയറ് പൊട്ടിക്കുന്നത്  അവൻ ഫുള്ളിൽ ഫുള്ളല്ലേ വാങ്ങിയിരിക്കുന്നത് .?

          'അല്ലെങ്കിലും നിങ്ങളെ  പറഞ്ഞിട്ടെന്താ കാര്യം ?, ഭാര്യ നിന്ന് ജ്വലിക്കുകയാണ് 

തന്തയുടെയല്ലേ മോൻ  ഈ തലേലുള്ളതല്ലേ  അതിനും കിട്ടിയിട്ടുണ്ടാവൂ..?

         ''നീ കാര്യം പറ ....''

         നിങ്ങള് .., ഈ പേപ്പറ് ഒന്ന് തുറന്നു നോക്കൂ മനുഷ്യാ 

    തുറന്ന് നോക്ക്യാ ഞാൻ വീണ്ടും ഞെട്ടി  എല്ലാം തെറ്റ് .., ആകെ കിട്ടിയത് ഒരു  മാർക്ക് ,ഞങ്ങൾ.ചീത്ത പറയാണ്ടിരിക്കാൻ  കിട്ടിയ ഒരു മാർക്കിന്റെ കൂടെ അവൻ ഒരു പൂജ്യം കൂടി അങ്ങട് ചേർത്തു .

            എന്നിലെ പിതാവ് സടകുടഞ്ഞെഴുന്നേറ്റു .

         'ഇന്ന് നിന്നെ ശരിയാക്കിത്തരാടാ  ഞാൻ അലറി .

           എന്റെ അലർച്ച കേട്ട് ഭാര്യ ഞെട്ടി .

നിങ്ങള് അടിക്കൊന്നും  വേണ്ടാ  ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് .

         രാവിലെ വന്ന് കാറീതും ഭാര്യ .. ഇപ്പോ ..,മറു കണ്ടം ചാടിയതും ഭാര്യ .

      നിങ്ങളോട് ഞാൻ പലപ്രാവശ്യം പറഞ്ഞീട്ടുള്ളതാ  ചെക്കൻ ഇംഗ്ലീഷ് വളരെ വീക്കാണ്  ഇടക്കിടക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കണമെന്ന്  ഇപ്പൊ കണ്ടാ ..

     ഭാര്യ ഒരു മുഴം മുമ്പേ നീട്ടി എറിഞ്ഞിരിക്കുന്നു .

          മാർക്ക് കുറഞ്ഞതിന്റെ ഉത്തരവാധിത്വം ഞാൻ ചോദിക്കുന്നതിനു മുൻപേ , എന്റെ മേലിട്ട് കൈ കഴുകാനുള്ള ഭാര്യയുടെ ബോധപൂർവ്വമായ ശ്രമം .

           മകനെ പഠിപ്പിക്കുന്നത്‌ എല്ലാം അവളാണ്  അതുകൊണ്ട് മാർക്ക് കുറഞ്ഞത്‌ ഞാൻ ചോദിക്കുന്നതിനു മുന്നേ അവൾ  എന്റെ വായ അടപ്പിച്ചു .

    പെൺ ബുദ്ധി പിൻബുദ്ധിയല്ല , മുൻബുദ്ധിയാണ്  അതാണ്‌ രാവീലെ കട്ടൻ കാപ്പി  പോലും തരുന്നതിനു മുന്നേയുള്ള ഈ കഥകളി .

    പിന്നെ വേറൊന്നു കൂടിയുണ്ട് .

           ''എന്താ ...''? ഞാൻ കണ്ണുരുട്ടി 

   ഇവൻ എപ്പളും ബ്രഷ് ചെയ്യുമ്പോ പേസ്റ്റ് തിന്നും  ഞാൻ പറഞ്ഞ് പറഞ്ഞ് തോറ്റു.

 എന്നാ  ഇനി തൊട്ട് അവന്  നീ  പേസ്റ്റൊണ്ട്  ഉപ്പുമാവ്  ഉണ്ടാക്കിക്കൊടുക്ക് .

    നീ ഇംഗ്ലീഷ് പുസ്തകം എടുത്തോണ്ട് വാ  നിന്നെ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ ?

          ചെക്കൻ പുസ്തകം എടുത്തു വരലും ആദ്യ വെടി എന്റെ നേർക്ക് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു .

      പപ്പാ ഈ ഫിലോസഫറിന്റെ സ്പെല്ലിംഗ് എന്താ ?

        അത് കേട്ടതോട് കൂടി എന്റെ ഉള്ളിൽ രണ്ട് വെള്ളിടി ഒന്നിച്ചു വെട്ടി .

  ഈശ്വരാ .., ഇവൻ രാവിലെ തന്നെ എന്റെ നെഞ്ചിനിട്ടാണല്ലോ വെടി പൊട്ടിച്ചത് .

         ഫിലോസഫിറിന്റെ സ്പെലിംഗ് കണ്ടുപിടിക്കാൻ തലക്കുള്ളിൽ എന്റെ കൊച്ചു  ബുദ്ധിയുടെ പരക്കം പാച്ചിൽ .

         എല്ലാ അലമാരികളും തപ്പിത്തടഞ്ഞിട്ടും  എന്റെ ബുദ്ധിക്ക് ഫിലോസഫറിന്റെ സ്പെല്ലിംഗ് മാത്രം കിട്ടിയില്ല .

    ഭാര്യക്കാണെങ്കിൽ എന്റ  ഇംഗ്ലീഷ് പാണ്ഡിത്യത്തിൽ അഗാധമായ വിശ്വാസമാണ് .

        സത്യത്തിൽ നമ്മുടെ ഇംഗ്ലീഷ് നമുക്കല്ലേ അറിയൂ ... ഈ മുറി ഇംഗ്ലീഷും കൊണ്ട്  ഞാൻ കാണിക്കുന്ന കസർത്ത് ,എല്ലാം ഇന്ന് പൊളിയും .

          എന്റെ ഇംഗ്ലീഷ് വാഗ്വ് ധോരണി  ഇപ്പൊ അനർഗ്ഗള നിർഗ്ഗളം ഒഴുകും എന്നു കരുതി   പൂച്ച ..,മീൻ നന്നാക്കുന്നിടത്തു വന്ന് വിനയകുനിയനായി നോക്കിയിരിക്കുന്ന പോലെ  ഭാര്യയും ചെക്കനും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ട്‌ .

      എന്റെ ബുദ്ധിയാണെങ്കിൽ എന്റെ ഉള്ളിൽ കിടന്ന് പരക്കം പായുകയാണ്  ഫിലോസഫറിന്റെ സ്പെല്ലിംഗും തേടി  അവൻ രണ്ടു മൂന്ന് അലമാരകൾ തട്ടിമറിച്ചിട്ടു  എന്നിട്ടും ഫിലോസഫിറിന്റെ ഡിക്ഷനറി മാത്രം കിട്ടിയില്ല .

         ഞാനാണെങ്കീ രാവിലെത്തന്നെ നൂറ് മീറ്റർ ഓടിയവനെപ്പോലെ നിന്ന് വിയർക്കാൻ തുടങ്ങി .

     ഏത് കഷ്ടകാലം നേരത്താണോ അവനെക്കൊണ്ട്‌ പുസ്തകം എടുത്തു വരാൻ പറയാൻ തോന്നിയത് ?

          ഞാനിതു വരെ കെട്ടിപ്പൊക്കിയ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഇതാ ഒരു ചീട്ടു കൊട്ടാരം  പോലെ തകർന്നു വീഴാൻ പോവുകയാണ് .

           എന്തെങ്കിലും ഉടനടി പറഞ്ഞില്ലെങ്കിൽ പ്രശ്നമാകും .

   തെറ്റ് പറഞ്ഞു കൊടുത്താ അവൻ അത് എഴുതിയെടുത്ത് സ്കൂളിൽ പോകും .

                    അത് അതിലേറെ  പ്രശ്നമാകും .

            ടീച്ചറിന്റെ ചോദ്യത്തിന് അവൻ കർക്റ്റായിട്ട് എന്റെ പേരു പറയും .

      പി ടി ഏ .., മീറ്റിങ്ങിനെല്ലാം ഒരു ബുദ്ധി ജീവി കണക്കെ കണ്ണടയും വെച്ചു ചെല്ലുന്ന  എന്റെ പുറം പൂച്ച്  ഈ ഫിലോസഫറിനേക്കൊണ്ട് പൊളിയും .

          ഫിലോസഫറല്ലാ ,ഒരു ലൂസിഫറാണ്  ആ വാക്കിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്നതെന്ന് എനിക്കു തോന്നി .

            ആ നിമിഷത്തിലാണ് ഭാഗ്യം ഒരു നൂലിന്റെ രൂപത്തിൽ എന്റെ നേർക്ക് താഴ്ന്നു വന്നത്  .

              ഫോണിൽ മണിയടി ഞാൻ ചാടിയെടുത്തു .

      അപ്പുറത്ത് വേലക്കാരി .

         സാർ ഞാനിന്ന് കുറച്ച് ലേറ്റാകും .

          പക്ഷേ .., ഞാൻ അലറി .

              യൂ .., ഇംഗ്ലീഷിൽ ഞാൻ പഴയൊരു പാഠപുസ്തകത്തിലെ കുറച്ചു വരികൾ അനർഗ്ഗള നിർഗ്ഗളം വെച്ചു കാച്ചി .

      എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ഭാര്യയുടെ കണ്ണ് തുറിച്ചു  ചെക്കൻ വാ പൊളിച്ചു നിന്നു  അപ്പുറത്തെ വേലക്കാരി പേടിച്ച്  നമ്പറ്  മാറിപ്പോയെന്നു സംശയിച്ച്  ഫോൺ കട്ട് ചെയ്ത് ഓടിപ്പോയി .

          എന്നിട്ടും ഞാൻ നിറുത്തിയില്ല  ഇംഗ്ലീഷിൽ എന്റെ പാരായണം തുടർന്നു കൊണ്ടേ ഞാൻ അലറി .

            കണ്ണു മിഴിച്ച് നോക്കി നിക്കാണ്ട് പോയി ചായ കൊണ്ടുവാടി .

     ചെക്കനെ നോക്കി കണ്ണുരുട്ടി .

      പോയിരുന്ന് പഠിക്കടാ ..., ഓരോരോ സംശയങ്ങള് കൊണ്ടു വന്നിരിക്കുന്നൂ ഒന്നാം ക്ലാസ്സുകാരന് പോലും അറിയാവുന്നതാ  നാലാം ക്ലാസ്സുകാരൻ സംശയം  ചോദിക്കണത് .

    ആ ഒറ്റ അലർച്ചയോട് കൂടി ഫിലോസഫറിനേയും കൊണ്ടവൻ ഓടി , ഒരു വിധത്തിൽ ഞാൻ തടിയൂരി .

        

0 അഭിപ്രായങ്ങള്‍