കാലത്തിന്റെ നാഴികമണികൾക്കൊപ്പം നടന്ന്  ഒരു തലമുറ തിരശ്ശീലക്കു പിന്നിലേക്ക് നടന്നു മറയുന്നു .

           ആടിട്ടീർത്ത വേഷങ്ങൾക്കൊടുവിൽ  കാലത്തിന്റെ യവനികക്ക് പിന്നിലേക്കുള്ള ഒരു പ്രയാണം .

        ഈ ഭൂമുഖത്തു നിന്നും ഈ പ്രപഞ്ചത്തിൽ നിന്നും ഒരു അപ്രതക്ഷ്യമാവൽ

                ഇവിടെ ഇനി  അവർ ഇല്ല .

    ആ മുഖങ്ങൾ ഇനി കാണാനാകില്ല  ആടിത്തീർത്ത വേഷങ്ങൾ എല്ലാം അവർ അഴിച്ചു വെച്ചിരിക്കുന്നു .

   പിതാവിന്റേയും , മാതാവിന്റെയും രക്തത്തുള്ളികൾ ഒന്ന് ചേർന്ന് ഒരു ഭ്രൂണമായി അമ്മയുടെ പൊക്കിളിൽ നിന്ന് ആഹാരവും , ജീവവായുവും ശ്വസിച്ച്  പുതിയ ലോകത്തിലേക്കുള്ള ഒരു യാത്ര.

 ശൈശവവും, ബാല്യവും , കൌമാരവും ,യൌവ്വനവും , വാർദ്ധക്യവും .

                  ഒരു മനുഷ്യന് കുറിച്ചുവെച്ചിട്ടുള്ള  നിയോഗങ്ങൾ .

  മോണകാട്ടി ചിരിച്ചു കൊണ്ട് വന്ന യാത്രയിൽ നിന്നും  അവസാനം ഒരു മടക്കയാത്ര . അതിലവൻ കാണുന്ന മുഖങ്ങളും, ബന്ധങ്ങളും , എല്ലാം പുറകിലുപേക്ഷിച്ച് തനിയെ ഒരു തിരിച്ചു പോക്ക് .

    തനിയേ വന്ന യാത്രയിൽ  തനിയേ തന്നെ ഒരു മടക്കയാത്ര . അതിൽ കിട്ടുന്ന ഇടവേളകളിൽ വന്നു ചേരുന്നതെല്ലാം  വെറും കാൽപനികതയുടെ സ്വപ്‌നങ്ങൾ മാത്രം .

          എന്തിനു വേണ്ടി വന്നു, എന്തിനു വേണ്ടി തിരിച്ചു പോയി എന്ന് തിരിച്ചറിയാനാകാത്ത  ഒരു മാസ്മരിക സ്വപ്നം .

       കിട്ടിയ ആ ഇടവേളയിൽ  കാട്ടിക്കൂട്ടിയതെല്ലാം എന്താണെന്നോ  എന്തിനാണെന്നോ, തിരിച്ചറിയാനാകാത്ത ശൂന്യത .

            ജീവിതം തീരത്തോട് അടുക്കുന്ന തിരകൾ പോലെ .

    എവിടേയോ ഉരുവെടുക്കുന്നു , അത് പിന്നെ  തീരത്തെ നോക്കി അലയടിച്ചു പോകുന്നു  അവസാനം തീരത്തോട് ചേർന്ന് ലയിക്കുന്നു .

            പിന്നെ ആ തിരയില്ല, ഒരു തിരയുടെ അവസാനം .

  ജീവിതത്തിൽ  ആദ്യമാദ്യം കാണുന്ന കൌതുകങ്ങളിൽ നിന്നും നേരിടുന്ന വെല്ലുവിളികളിലൂടെയുള്ള യാത്ര .

    പിറന്നു വീണ കൂട്ടിൽ നിന്നും ദേശാന്തരങ്ങൾ തേടിയുള്ള ഒരു യാത്ര ..


മകൻ , മകൾ , ഭർത്താവ് ,ഭാര്യ , സഹോദരൻ , സഹോദരി , മാതാവ് , പിതാവ്  വേഷങ്ങൾ ഒരു പാട് ആടിത്തീർത്ത്  അവസാനം ഈ ലോകത്തിൽ നിന്നും  ഒരു വാനിഷിംഗ് .

             എങ്ങോട്ട് ?, അറിയില്ല 

             വീണ്ടും ഒരു തിരിച്ചു വരവുണ്ടോ ?, അറിയില്ല .

        വീണ്ടും ഒരു ശിശുവായി പിറന്ന്  ആടിത്തീർക്കാനുള്ള  വേഷങ്ങൾക്കായുള്ള  ഒരു ഇടവേളയാണോ  ഈ വാനിഷിംഗ് .?

  അതും അറിയില്ല , അതിനെക്കുറിച്ച് അറിയാവുന്നവർ മനുഷ്യരെന്ന് നാം പേരിട്ടു വിളിച്ച  ഈ ഇരുകാലികളുടെ ഇടയിൽ ഇല്ല .

   അതിന്റെ നിഗൂഡത പ്രപഞ്ചരഹസ്യം പോലെ  പ്രപഞ്ച സൃഷ്ടാവിന്റെ കൈയ്യിൽ  ഭദ്രം .

        പ്രപഞ്ചകണികാ സ്ഫോടനങ്ങളിലൂടെ  പ്രപഞ്ചരഹസ്യം മനസ്സിലാക്കുവാൻ മനുഷ്യൻ കൈമെയ് മറന്നു പരിശ്രമിക്കുന്നു .

  എന്നാൽ വെറും പരീക്ഷണശാലകളിൽ  കണികകളുടെ വേഗതയിലും  ശക്തിയിലും  കൂട്ടിയിടിക്കപ്പെട്ടുണ്ടാകുന്ന പരിവർത്തനങ്ങളുടെ തോത് അനുസരിച്ചാണോ  പ്രപഞ്ചമെന്ന ഭീമാകാരന്റെ രഹസ്യം അനാവ്രതമാകാൻ പോകുന്നത് ?

         മനുഷ്യന് പരീക്ഷണങ്ങൾമാത്രമല്ലേ  നടത്താനാകൂ  അതിലൂടെ അവൻ സത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നൂ . പക്ഷേ .., അത് സത്യങ്ങൾ തന്നെ ആകണമെന്നില്ലല്ലോ .?

       പ്രയത്നശാലിക്കെ  കണ്ടെത്താനാകൂ .

       കാലയവനികക്കുള്ളിലേക്ക് നടന്നു മറഞ്ഞവരെയെല്ലാം  കാലത്തിനൊപ്പം നമ്മളും മറക്കുന്നു .

      തലമുറകൾ , തലമുറകൾ  അത് ആവർത്തിച്ചു കൊണ്ടേയിരിക്കും .

          എന്തേ  ദൈവങ്ങൾ മനുഷ്യർക്ക്  അമരത്വം തന്നില്ല .? നമ്മൾ ദൈവങ്ങളെപ്പോലെ ആകുമെന്ന് ഭയന്നീട്ടാണോ ?

         അതോ നമുക്ക് ലഭിക്കുന്ന ഒരു ഫ്രെഷ്നെസ്സോ ...?

    അമരനായി ജീവിച്ചാൽ  മനുഷ്യന്  ജീവിതത്തോട്  വിരക്തി തോന്നും എന്ന് ദൈവങ്ങൾ കരുതിയിട്ടുണ്ടാകണം .

        എന്നും ഒരേ പോലെ ജീവിച്ചാൽ മടുപ്പ് തോന്നില്ലേ .?

    എന്നും കാണുന്ന മുഖങ്ങൾ , എന്നും ചെയ്യുന്ന ജോലികൾ  അങ്ങിനെ കാലാന്തരങ്ങളോളം .

         അപ്പോൾ തീർച്ചയായും മടുപ്പ് തോന്നും .

       അപ്പോഴും നമ്മൾ ദൈവങ്ങളെ ചീത്തവിളിക്കും .

     ഇതെന്തൊരു ജീവിതമാണെന്റെ ഈശ്വരാ ?, എന്നും പറഞ്ഞ് 

        അപ്പോൾ ദൈവങ്ങൾ നമുക്കൊരു ചെയ്ഞ്ച് തരുന്നു .

         നീ ഒരു ശിശുവായി, ബാലനായി , യൌവ്വനത്തിലൂടെ, വാർദ്ധക്യത്തിലൂടെ  കാലയവനികക്കുള്ളിലേക്ക് നടന്നു മറയുമ്പോൾ .

     അത് നിന്റെ അവസാനമല്ല  മറിച്ച് അവിടെ നീ എല്ലാം മറന്ന് , പുതിയൊരു യാത്രയിലേക്ക്,  പുതിയൊരു ജീവിതത്തിലേക്കുള്ള  നിന്റെ ആദ്യ പടിയുടെ തുടക്കമാണത് .

    വീണ്ടും ഒരു ശിശുവായി, ബാലനായി, യൗവ്വനത്തിലൂടെ കടന്ന്  വാർദ്ധക്യത്തിലൂടെയുള്ള നിന്റെ യാത്രയിൽ  നീ കാണുന്നതും , കേൾക്കുന്നതും , പരിചയപ്പെടുന്നതും  എല്ലാം പുതിയത് .

  ബോറടിക്കാത്തവനായി നിന്റെ ജീവിത ചക്രം അങ്ങിനെ കാലാന്തരങ്ങളോളം ഉരുളുന്നു .

         ഓരോ ജന്മത്തിലും  മാതാപിതാക്കൾ മാറുന്നു , മക്കൾ മാറുന്നു , സഹോദരങ്ങൾ മാറുന്നു , സഹോദരികൾ മാറുന്നു എല്ലാം മാറുന്നു .

            അതോ .., എല്ലാം അതതു തന്നേയോ.?

    നിന്റെ വാരിയെല്ലിൽ നിന്നും നിന്റെ ഇണക്ക് ഞാൻ രൂപം കൊടുത്തിരിക്കുന്നു  . അപ്പോൾ കാലാന്തരങ്ങളോളം നമ്മുടെ അതേ വാരിയെല്ല് തന്നെയാണോ നമുക്ക് ഇണയായി  വരുന്നത് .?

   അങ്ങിനെയെങ്കിൽ ഓരോ ജന്മങ്ങളിലും  നമുക്ക് കിട്ടുന്നത് അതതു തന്നെ .

     ഒരേ ബന്ധങ്ങൾ , ഒരേ ജീവിതങ്ങൾ  ജീവിത സാഹചര്യങ്ങൾ മാത്രം മാറിക്കൊണ്ടിരിക്കും.

        ഒരിക്കൽ രാജാവ് , ഒരിക്കൽ യാചകൻ , ഒരിക്കൽ ബലവാൻ , ഒരിക്കൽ ബലഹീനൻ , ഒരിക്കൽ ഭാഗ്യവാൻ , ഒരിക്കൽ ഭാഗ്യഹീനൻ .

   അത് നിയോഗങ്ങൾ മാത്രം  പക്ഷേ .., നിയോഗങ്ങളെ  ജീവിത വീക്ഷണങ്ങൾ കൊണ്ട് മാറ്റിയെടുക്കാം  അതിനാണ് മനുഷ്യൻ,  മനുഷ്യനായി പിറന്നത്‌ .

          അപ്പോൾ മരണം എന്നത് ഒരു ബ്രേക്കാണ് ,എ ഷോർട്ട് ബ്രേക്ക് .

      പുതിയ ഉത്സാഹത്തോടും, ഊർജ്ജത്തോടും  കണ്ട് ബോറടിച്ചതെല്ലാം മറന്ന്  വീണ്ടും ജനിക്കുന്നതിനു മുൻപുള്ള ഒരു ബ്രേക്ക് .

          ഇതിൽ മറഞ്ഞിരിക്കുന്ന മറ്റൊന്നു കൂടിയുണ്ട് .

     ഓരോ ജന്മങ്ങളും  നമുക്ക് കിട്ടുന്ന ഓരോ അവസരങ്ങൾ ആണ് . നല്ലതിലൂടെ മാത്രം ചരിക്കുക  എന്നത് മുറുകെപ്പിടിക്കാൻ കിട്ടുന്ന അവസരങ്ങൾ .

          കാരണം ഏതിനും ഒരു അവസാനമുണ്ട്  ആ അവസാനത്തിൽ നമുക്ക് ഉയർത്തിപ്പിടിക്കാൻ കുറച്ചു മൂല്യങ്ങൾ വേണം .

         ഇല്ലെങ്കിൽ ദൈവങ്ങൾക്ക് ബോറടിക്കും .

       അവർ ചോദിക്കും .

    ഇത്ര ജന്മങ്ങൾ ഞാൻ നിങ്ങൾക്ക് തന്നു  എന്നിട്ട് എന്തുണ്ട് നിങ്ങൾക്ക് ഉയർത്തിപ്പിടിക്കാൻ ?

         അപ്പോൾ നമുക്ക് ഉച്ചത്തിൽ വിളിച്ചു പറയാം ..,

  ഞാൻ എല്ലാവരിലും നിന്നെ കണ്ടു  അതാണ്‌ ഞാൻ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യം .

   ഇല്ലെങ്കിൽ നമുക്ക് തല താഴ്ത്തിപ്പിടിക്കാം .

      അപ്പോൾ അവൻ പറയും .

  നീ ടോട്ടൽ വെസ്റ്റ്‌, എന്റെ വിലപ്പെട്ട സമയം പാഴാക്കിയവൻ . ഫലം കായ്ക്കാത്ത  വൃക്ഷം  അത് വെട്ടിക്കളയുക തന്നെയാണ് നല്ലത് .

 നിനക്ക് ഞാൻ എല്ലാം തന്നു , പക്ഷേ .., നീ ഒന്നും മനസ്സിലാക്കിയില്ല.

   നിനക്ക് , ഞാൻ .., ജന്മാന്തരങ്ങൾ തന്നു  , പക്ഷേ .., ഒരു ജന്മം പോലും  നീ ഉപയോഗപ്പെടുത്തിയില്ല .

       നിനക്ക് അവസരങ്ങൾ ഉണ്ടായിരുന്നു  പക്ഷേ .., ഒരിക്കലും നീ  അത് വിനിയോഗിച്ചില്ല .

   ഇനി നീ മനുഷ്യപ്പിറവിക്ക് അർഹനല്ല ,  ഇനി വരുന്ന  കാലാന്തരങ്ങളോളം മറ്റു പലതുമായി നീ  ജീവിച്ചു മരിക്ക് അതാണ്‌ നിന്റെ നരകം .

        അവിടെ നിങ്ങളെ  ചവുട്ടി വീഴ്ത്തുമ്പോൾ , പ്രതികരിക്കാനാകാതെ നിങ്ങൾ  കരയും . നിങ്ങളെ  വെട്ടി വീഴ്ത്തുമ്പോൾ , നിശബ്ദമായി നിങ്ങൾ  കണ്ണീർ വാർക്കും  . നിങ്ങളുടെ  കഴുത്തിൽ കത്തി വീഴുമ്പോൾ  ആ ജന്മത്തെ ഓർത്ത്  നിങ്ങൾ  ശപിക്കും .

       അതാണ്‌ നിങ്ങൾക്കുള്ള ശിക്ഷ .

      നിങ്ങൾക്ക് ഞാൻ ഒന്നല്ല  ഒരുപാട് അവസരങ്ങൾ ആണ് തന്നത് .

      അവസരങ്ങളെ ഉപയോഗിക്കാത്തവൻ വിഡ്ഢിയാണ് .

        വിഡ്ഢികൾ ഒന്നിനും അർഹരല്ല .

         നമുക്ക് ചോദിക്കാം , എനിക്ക് എങ്ങിനെ അറിയാം എനിക്ക് ജന്മങ്ങൾ ഉണ്ടെന്ന് ?

          വിശ്വസിക്കണം .., വിശ്വാസമാണ് എല്ലാം .

       വിശ്വാസത്തെ യുക്തികൊണ്ട് നേരിടരുത്‌ , ചില വിശ്വാസങ്ങളെ വിശദീകരിക്കാൻ  ആകില്ല. ആ വിശദീകരണങ്ങൾക്ക് നിങ്ങൾ അർഹരല്ല അവയെ അവിശ്വസനീയങ്ങൾ എന്ന് മാത്രം  കരുതിയാൽ മതി.

               പ്രലോഭനങ്ങൾ, ഈ പ്രപഞ്ചത്തിന്റെ ഭാഗങ്ങൾ ആണ് .

          നാല്പത് ദിവസം ഭക്ഷണം കഴിക്കാതെ ഉപവസിച്ച യേശുവിന്റെ മുന്നിൽ പോലും പ്രലോഭനവുമായി സാത്താനെത്തി .

          ഒരു കണക്കിന് സാത്താൻ  വിഡ്ഢിയാണ്.

       അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയവന്റെ മുന്നിൽ ബാലിശമായ ഒരു ഓഫറുമായി വന്നിരിക്കുന്നു .

       ആ വിഡ്ഢിത്തം കൊണ്ടാണ് അവനെ  സാത്താൻ എന്ന് വിളിക്കുന്നത്‌  വിഡ്ഢിത്തരങ്ങൾ ആണ് അയാളുടെ കൈമുതൽ .

        ആ വിഡ്ഢിത്തരങ്ങൾ ആണ് നമ്മളെയും വഴി തെറ്റിക്കുന്നത് .

        ആ വിഡ്ഢിത്തരങ്ങളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് നമുക്ക് പറയാം

        ''Death is not an end ... Its an entrance ..''!

            അതെ മരണം ഒരു അവസാനമല്ല  അതൊരു ആരംഭമാണ്  പുതിയ ജീവിതത്തിലേക്ക് . ഓരോ ജന്മങ്ങളും  ഓരോ അവസരങ്ങൾ ആയിക്കണ്ട് നമുക്ക് വ്യക്തി  മുദ്ര പതിപ്പിക്കാൻ ശ്രമിക്കാം .

           എവിടേയോ പിറന്ന്  എവിടേയോ ... വളർന്ന് , എവിടേയോ തീരുന്ന ഒരു പ്രതിഭാസം .

     അതിൽ കാണുന്ന മുഖങ്ങളിലും കടന്നു പോകുന്ന വഴിത്താരകളിലും സ്വന്തം കൈയ്യൊപ്പ്  പതിപ്പിക്കാൻ കഴിയുന്നവർ വളരെ വിരളം.  കാലം അവരെ ഒർത്തിരിക്കുന്നു  കാലത്തിനു മീതെ സഞ്ചരിച്ചവർ .

       മറ്റുള്ളവർ, കാലത്തിനോടുള്ള പ്രതിബദ്ധത തീർക്കാതെ കടന്നു പോയവർ  അതിലുപരി സ്വന്തം ജീവിതത്തോടും .

              അവർ ജീവിതം കൊണ്ട് ശൂന്യത സൃഷ്ടിച്ചവർ ...മാത്രം .

        എങ്കിലും അവർക്ക് അവസരങ്ങൾ ഇനിയും ബാക്കിയുണ്ട് .



        

0 അഭിപ്രായങ്ങള്‍