കത്തിയെരിയുന്ന വെയിൽ , ദുസ്സഹമായ പീഡനങ്ങൾ, മനം പിളർക്കുന്ന വേദന  ചാട്ട വാറടിയേറ്റ്  ശരീരത്തിൽ നിന്ന് രക്തത്തോടൊപ്പം  മാംസവും ചിതറിത്തെറിക്കുന്നു .

    വിഹ്വലമായ കണ്ണുകളോടെ ഞാൻ ചുറ്റിലും നോക്കി  കരുണനിറഞ്ഞ ഒരു നോട്ടം പോലും എങ്ങും കാണാനില്ല .

        അത്ഭുതങ്ങൾ കണ്ടവരും , അതനുഭവിച്ചവരും ഇന്നെവിടെ?,സൈത്തിൻ കൊമ്പുകൾ കൊണ്ട് ഹോസാനാ പാടി എതിരേറ്റവരും  ആർപ്പുവിളികളോടെ സ്വീകരിച്ചവരും ഇന്നെവിടെ .?

       എല്ലാവരും ഭയപ്പാടോടെ ഓടിയോളിച്ചിരിക്കുന്നു .

         ദൈവപുത്രൻ  ഭാരമേറിയ കുരിശും ചുമന്നുകൊണ്ട്  ഗാഗുൽത്തായിയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു .

       ഇതാ.. ലോകം  പീഡാനുഭ ഓർമ്മപുതുക്കലിന്റെ അവസാനാ നാളുകളിലേക്ക്  കടന്നിരിക്കുന്നു . നീണ്ട കഠിനമായ വൃതാവസാനം  സ്വന്തം പാപങ്ങളും , തിന്മകളും എല്ലാം കഴുകി വെടുപ്പാക്കി സ്വയം ശുദ്ധീകരിച്ച്  പുതിയൊരു മനുഷ്യനായി ഒരു പുതിയ ലോകത്തിലേക്ക്  ഒരു പുത്തൻ കാൽവെപ്പ്‌ .

      മനുഷ്യരുടെ പാപങ്ങൾ സ്വന്തം ചുമലിലേറ്റി, ക്രൂശിതനായി മരിച്ച്  ഉയർത്തെഴുന്നേറ്റ ക്രിസ്തു ദേവന്റെ ഓർമ്മ ദിനാചരണത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം .

     ''ലോകപാപങ്ങാളാണങ്ങയെ ..., വീഴ്ത്തി വേദനിപ്പിച്ചതേവം ..''

       ആ ലോകപാപങ്ങൾ മുഴുവൻ ഏറ്റെടുത്ത്  സഹിക്കാനാകാത്ത കുരിശും ചുമന്ന്  മനുഷ്യന് പ്രത്യാശയുടെ പുതിയൊരു പാത തെളിയിച്ചു തന്ന  ഈ പീഡാനുഭവനാളുകളിൽ  നമുക്കും നമ്മുടെ പാപങ്ങൾ ഇറക്കിവെക്കാം .

      ഈ അമ്പത് ദിവസങ്ങൾ എങ്ങിനെയെങ്കിലും കടിച്ചു പിടിച്ച്  അമ്പതാം ദിവസം തീരുന്ന അന്നേക്ക്  വീണ്ടും പഴയ ജീവിതത്തിലേക്ക് കൂപ്പു കുത്തുകയല്ല ഓരോ വിശ്വാസിയുടെയും ധർമ്മം .

       അങ്ങിനെയെങ്കിൽ കഠിനമായി അനുഷ്ടിച്ചു തീർത്ത ഈ വ്രതാനുഷ്ടാനം കൊണ്ട് എന്ത് പ്രയോജനം .?

    ജീവിതത്തിൽ ഉടനീളം അനുവർത്തിക്കേണ്ട ഒരു മാറ്റത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത് .

     ഈ അമ്പതു ദിവസങ്ങളിൽ  നാം അനുവർത്തിച്ചു വന്ന നിഷ്ഠ ഇനി ജീവിതകാലം  മുഴുവനും തുടരട്ടെ .

         ഒരു ദിവസം പോലും കഴിയില്ലെന്ന് കരുതിയത്‌  ഈ അമ്പതു ദിവസങ്ങളും നാം അനുവർത്തിച്ചു .

       അപ്പോൾ നമുക്കതിനു കഴിയും .

     ഈ വൃതകാലയളവു കൊണ്ട് നാം സ്വയം ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .

   മറ്റുള്ളവരോട് പൊറുത്ത്, തെറ്റുകളെ  തെറ്റുകളായി സമ്മതിച്ച്  മോഹങ്ങളേയും  പ്രലോഭനങ്ങളെയും വരുതിയിൽ നിറുത്തി  നമ്മൾ കാണിച്ച ഈ മാത്രക ഈ ദിവസങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതിരിക്കട്ടെ .

       അത് .., അതിനുമപ്പുറത്തേക്കും നീളട്ടെ  ഇല്ലെങ്കിൽ നമ്മുടെ പാപങ്ങൾ മുഴുവൻ സ്വന്തം  ചുമലിലേറ്റി  നമുക്ക് വേണ്ടി മരിച്ച  ആ മഹാത്മാവിന്റെ പീഡാനുഭവ ഓർമ്മക്കായി  നാം അനുവർത്തിക്കുന്ന ഈ ചടങ്ങുകൾക്ക്   സത്യസന്ധതയുടെ മുഖം ഉണ്ടാവില്ല .

    കപടതയുടെ  മുഖം മൂടി  ആവരണമായി അണിയാതെ ഹൃദയം തൊട്ട് നമുക്ക് പറയാം  ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ തന്നെയെന്ന്.

    ലോകത്തെ പാപങ്ങളിൽ നിന്നും രക്ഷിക്കാനായി തന്റെ പുത്രനെ ക്രൂശിലെറ്റി കാണിച്ചു തന്ന ദൈവ സ്നേഹം . തന്റെ സൃഷ്ടികളെ താൻ അത്രയധികം സ്നേഹിക്കുന്നു എന്നുള്ള ഒരു സന്ദേശമാണ്  അതിലൂടെ വെളിപ്പെടുത്തി തന്നത് .

             സ്വപുത്രനെയാണ് ദൈവം അതിനായി നിയോഗിച്ചത് .

  അതാണ്‌ അവിടത്തെ സ്നേഹം .

         നീ പോയി  സഹനം കൊണ്ട് ലോകത്തിന് എന്റെ സ്നേഹത്തെ  വെളിവാക്കിക്കൊടുക്കൂ , ആ മകൻ അത് അക്ഷരം പ്രതി പാലിച്ചു .

      അവസാന നിമിഷങ്ങളിൽ കഠിനമായ വേദനയിൽ പുളഞ്ഞ്  തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ദൈവപുത്രൻ പറഞ്ഞൂ ...

  എന്റെ പിതാവേ  അവിടത്തെ ഹിതം പോലെ നിറവേറ്റപ്പെട്ടിരിക്കുന്നു . അങ്ങ് എന്നെ ഏൽപിച്ച ജോലി ഞാൻ പൂർത്തിയാക്കിയിരിക്കുന്നു . എന്റെ ആത്മാവിനെ ഇതാ ഞാൻ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു .

         ദൈവപുത്രന്  എല്ലാം ഒഴിവാക്കാമായിരുന്നു ,  മനുഷ്യകുലത്തിന്റെ പാപങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള  പിതാവിന്റെ ഹിതമാണ് നിറവേറപ്പെടെണ്ടത് .

   അവിടുന്ന്  ഓരോ മനുഷ്യന്റേയും ജീവിതപാപങ്ങളുടെ മുഴുവൻ വേദനകളും ഏറ്റു വാങ്ങി .

         അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ  ഉത്തമനായ ഒരു മനുഷ്യനായി ജീവിക്കുന്നത് എങ്ങിനെയെന്നും  അവിടുന്ന് നമുക്ക് കാണിച്ചു തന്നു .

സഹനത്തിന്റെ നാളുകൾ പൂർത്തിയാകാറായിരിക്കുന്നു .

     മനുഷ്യനായി പിറന്ന് , മനുഷ്യനായി ജീവിച്ച് , മനുഷ്യന് താങ്ങാനാകാത്ത വേദനയനുഭവിച്ച് മരിച്ച്  മൂന്നാം ദിനം ദൈവീക ശക്തി വെളിവാക്കിക്കൊണ്ട് ഉയർത്തെഴുന്നേറ്റ ദൈവപുത്രന്റെ ഉയർപ്പു തിരുനാൾ.


    നമ്മുടെ പാപങ്ങളാണ് ദൈവപുത്രന് പീഡകൾ ഏറ്റുവാങ്ങാൻ ഇടയാക്കിയെതെന്ന സത്യം ഓർമ്മിച്ചു കൊണ്ട്  ഇനിയൊരിക്കലും പാപവഴികളിലൂടെ സഞ്ചരിക്കുകയില്ലെന്ന  പ്രതിജ്ഞയെടുത്തു കൊണ്ട് നമുക്ക് ഉയർപ്പു തിരുനാളിന്റെ ആഘോഷങ്ങളിലേക്ക് കടന്നു ചെല്ലാം .



   





0 അഭിപ്രായങ്ങള്‍