ഞാൻ വെടിക്കെട്ട്‌ വാസൂ.

ആ വെടിക്കെട്ട്‌ കേട്ട് ഗ്രാമം മുഴുവനും ഞെട്ടി 

വറീതിന്റെ കള്ള് ഷാപ്പിൽ  വെച്ച്  ചെത്തുകാരൻ അവറാൻ ചേട്ടനാണത്   ചോദിച്ചത്  .

ആരാ വറീതേ  ഈ വെടിക്കെട്ട്‌ വാസൂ ?

എന്റെ അവറാനേ അവനൊരു വരത്തനാണ്  തെക്കെങ്ങാട്ടൂന്നും വന്നതാ   കുറേക്കാലം ജയിലിലായിരുന്നു  പേരെടുത്ത റൌഡിയാ  അടിയങ്ങാട്  തുടങ്ങിയാ  പിന്നെ വെടിക്കെട്ടിന് തീ കൊളുത്തിയതു  പോലെയാ,  നിറുത്തത്തില്ലാ , ആ പ്രത്യേകത കൊണ്ടാ വെടിക്കെട്ട് വാസു എന്ന വിളിപ്പേര് കിട്ടിയത് 

വെടിക്കെട്ട് വാസുവിനെക്കുറിച്ചുള്ള തന്റെ ജ്ഞാനം വെളിവാക്കിയതിനോടൊപ്പം എന്റെ അവറാനെ സൂക്ഷിച്ചോ എന്നുള്ള ഒരു വാണിങ് കൂടി കൊടുക്കാൻ വറീത് മറന്നില്ല 

എന്തിനാണ് തന്നോട് സൂക്ഷിക്കാൻ പറയുന്നതെന്ന് ആലോചിച്ചിട്ട് അവറാൻ ചേട്ടന് ഒരു എത്തും പിടിയും കിട്ടിയില്ല ഒരു പരിചയുമില്ലാത്ത താനെന്തിനാ ഈ വരത്തൻ റൗഡിയെ പേടിക്കണതെന്നുള്ള ഒരു ചോദ്യവും അതോടൊപ്പം തന്നെ അവറാൻ ചേട്ടന്റെ ഉള്ളിൽ ഉയർന്നു വരുകയും ചെയ്തു 

കള്ള് കുടിച്ചു കഴിഞ്ഞാ പിന്നെ അവറാൻ ചേട്ടന്  ആരുമായും കോർത്ത് അടിവാങ്ങാറുള്ള ഒരു ശീലം ഉള്ളതുകൊണ്ടാണ് വറീത് ഒന്ന് ഓർമ്മിപ്പിച്ചു വിട്ടത് 

വെറുതെ ഏതോ വരത്താണെന്നു കരുതി കോർക്കാൻ പോയി അവറാൻ ഇടി കൊണ്ട് ചാവാൻ നിൽക്കേണ്ട  

ഇപ്പൊ നമ്മടെ ചീന്നാനാം കുഴീലുണ്ട്

പാൽക്കാരൻ മൊയ്തുവാ  അത് വിളിച്ചു പറഞ്ഞേ പാൽ  വിൽക്കുന്നതിനിടയിൽ മൊയ്തു  കണ്ടൂത്രെ അതോടെ അന്നത്തെ പാൽ  വിൽക്കൽ പരിപാടി നിറുത്തിയിട്ടാ മൊയ്തു  ഓടിപ്പോന്നത്   .

അതേതാടാ ഈ ചീന്നാനാം കുഴി ?

എന്റെ അവറാനെ വന്ന് വന്ന് നിങ്ങളിപ്പോ സ്വന്തം നാടിന്റെ പേര് പോലും മറന്നോ ?

വാസുവിനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി നിന്നിരുന്ന അവറാൻ ചേട്ടൻ സ്ഥലകാല ബോധം മറന്നുപോയിരുന്നു എന്നുള്ളതായിരുന്നു സത്യം 

ഈ ലോകത്തുള്ള എല്ലാ മാരണങ്ങളും ഇങ്ങോട്ടേക്കാണല്ലോ കർത്താവേ  കെട്ടിയെടുക്കുന്നത് ?

അവറാൻ ചേട്ടന്റെ ആ പരിതാപ പറച്ചിൽ കേട്ട് കർത്താവിന് വരെ നീരസം തോന്നി 

ഇവന്മാർക്കൊന്നും വന്നു വന്നു  ഒരു വിവരോം ഇല്ലാണ്ടായിരിക്കണൂ കള്ള് ഷാപ്പില് വരെ ഇരുന്നോണ്ടാ  നമ്മുടെ പേര്  വിളിച്ചോണ്ടിരിക്കുന്നേ  ? എന്തൊരു കഷ്ട്ടാ ഇത് ?

വേറെ കർത്താവ് ഇല്ലാത്ത കാരണം കർത്താവ്  കർത്താവിനോടടെന്ന്യാ ആ  പരാതി പറഞ്ഞത് 

എന്റെ അവറാനെ നിങ്ങള് കുടിച്ചിട്ട് ആളറിയാണ്ടോന്നും പോയി അവനുമായിട്ടൊന്നും കൊരുത്തെക്കല്ലേ , അവൻ കതിനാവെടി വെച്ച്  പൊട്ടിച്ചു കളയും 

ഞൊട്ടും,  അവൻ  കതിനായും കൊണ്ട്  ഇങ്ങട്  വരട്ടെ  അവനെ ബോംബ് വെച്ച് ഞാൻ തട്ടും, ഈ അവറാനോടാ അവന്റെ കളി നീ ഒരു കുപ്പി ഇങ്ങാട് എടുത്തേ 

സത്യത്തിൽ വറീതിനോട് വീമ്പിളക്കിയെങ്കിലും ഒന്ന് സൂക്ഷിക്കണമെന്ന് അവറാൻ ചേട്ടൻ സ്വയം പറഞ്ഞു 

നീ വെറുതേ അവന്റെ വെടിക്കെട്ട്  കൊണ്ട് ചാവണ്ടാട്ടാ 

ഷാപ്പ്കാരൻ വറീതിന്റെ ആ വർത്താനം അവറാൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല 
ഏതാണ്ട് തന്നെ കൊച്ചാക്കിയത് പോലെ ഒരു തോന്നൽ സത്യത്തിൽ അവറാൻ ചേട്ടനും ഒരു ചെറിയ റൗഡിയാ അതും വരത്തൻ മാരുടെ അടുത്താണ് കൂടുതൽ , കള്ളു കുടിച്ചു കഴിഞ്ഞാ മാത്രേ അവറാൻ ചേട്ടൻ റൗഡിയായി രൂപാന്തരം പ്രാപിക്കുകയുള്ളൂ അല്ലെങ്കി പച്ച പാവമാണ്,  ഒരു പരോപകാരി 

എന്നാൽ ഒരു തുള്ളി അകത്തു ചെന്നാ അവറാൻ ചേട്ടൻ ആളാകെ മാറും താൻ വല്യ ഒരു ആളായപോലെയാ അവറാൻ ചേട്ടന് തോന്നാ പിന്നെ ആരെങ്കിലുമായി വഴക്കുണ്ടാക്കും തല്ലുണ്ടാക്കും അവസാനം മോങ്ങിക്കൊണ്ട് വരും 

തന്റെ ഈ സ്വഭാവം കാരണം പലപ്പോഴും അവറാൻ ചേട്ടൻ കുഴപ്പങ്ങളിൽ ചെന്ന് ചാടിയിട്ടുമുണ്ട് ഇത് വളരെ വ്യക്തമായി അറിയുന്നതുകൊണ്ടാണ് വറീത് ഒരു മുൻകരുതൽ കൊടുത്തത് 

മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നത് പോലെയാവില്ല വാസുവുമായി മുട്ടുന്നത് പാവത്തിന്റെ കൈയ്യും കാലും ഒടിച്ചിടും .

വാസുവിനെക്കുറിച്ചുള്ള കഥകൾ അത്രക്കും ഭീകരമാണ്      

ഒരു പ്രാവശ്യം വാസൂനെ  പിടിക്കാൻ പോയ സ്ഥലം എസ് ഐ ക്കു  ചുറ്റും കതിനാ വെച്ച് പൊട്ടിച്ച് അതിനു നടുവിൽ നിറുത്തിയത്രെ .

ഭാഗ്യം കൊണ്ട് മാത്രാ അന്നാ എസ് .ഐ   കതിനകൾ  ഇല്ലാത്ത ലോകത്തേക്ക് പോകാഞ്ഞത്‌ 

പാവം അന്നത്തോടെ പോലീസ് പണി മതിയാക്കി ഇപ്പൊ തുണിക്കച്ചോടം നടത്തി ജീവിക്കാ 

പോലീസാണെങ്കിലും സ്വന്തം ജീവനല്ലേ വലുത്?

മറ്റൊരിക്കൽ ഒരു പോലീസുകാരന്റെ രണ്ടു കാലിലും മാലപ്പടക്കം ചുറ്റി തീ കൊളുത്തിയിട്ട്  ഓടാൻ പറഞ്ഞു, പാവം പടക്കം പൊട്ടിത്തീരണവരേക്കും ജീവനും കൊണ്ട് ഓടായിരുന്നു 

പടക്കം പൊട്ടിക്കഴിഞ്ഞിട്ടും ആ പാവം ഓട്ടം നിറുത്തിയില്ല എന്നാ കേട്ടത്  . 

ഇപ്പൊ,   പടക്കന്ന് കേൾക്കുമ്പോഴേക്കും ഞെട്ടി വിറച്ച് ട്രൗസറിൽ മുള്ളും 

ഒരു ദിവസം രാത്രീ ഉറക്കത്തിൽ എവിടെയോ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് അലറിക്കരഞ്ഞ്   ഓടി മുറ്റത്തുള്ള കിണറ്റിൽ വീണു 

ഭാഗ്യത്തിന്,  ഭാര്യ കണ്ടതു കാരണാ രക്ഷപ്പെട്ടത് 

കിണറ്റിന്ന്   ബോധം ഇല്ലാതെ പൊക്കിയെടുക്കുമ്പോഴും വാസു ഉണ്ടെങ്കിൽ എന്നെ കിണറ്റിൽ തന്നെ ഇട്ടാ മതിയെന്നാ  പറഞ്ഞോണ്ടിരുന്നത് 

അത്രക്കും പേടിയാ വാസുവിനേയും,  പടക്കത്തിനേയും 

അതിനു ശേഷം  പെരുന്നാള്,  പൂരം ഇത്യാദി ഉത്സവങ്ങളൊക്കെ വരുമ്പോ പാവത്തിനെ അവിടന്ന് മാറ്റും  അല്ലെങ്കി പടക്കം പൊട്ടുന്ന ശബ്ദം  കേട്ട് ഞെട്ടി  അകത്തു മുഴുവനും മുള്ളി നാശാക്കും പോരാത്തതിന് എങ്ങോട്ടെങ്കിലും ഇറങ്ങി  ഓടും

പോലീസുകാരുടെ അടുത്തു പോലും വാസു ഇങ്ങിനെയാണെങ്കിൽ പിന്നെ സാധാരണക്കാരുടെ കാര്യം  പറയാനുണ്ടോ ?

വെടിക്കെട്ട്‌ വാസൂന്റെ വീരകഥകൾ കേട്ട് റോമു വേഗം വാലും ചുരുട്ടി അകത്തേക്ക് പോയി,   കേൾക്കുമ്പോ തന്നെ പേടിയാകുന്നൂ  

വെറുതെ വെടിക്കെട്ട്‌ വാസൂന്റെ വെടിക്കെട്ട്‌ കൊള്ളാൻ റോമൂനു തീരെ താൽപര്യല്ല

തന്റെ മേലാകെ പടക്കം ചുറ്റി കത്തിച്ച്  ഓടെടാ നായേ  എന്നലറുന്ന വെടിക്കെട്ട്‌ വാസൂനെ ഓർത്ത് റോമു  ഞെട്ടി.

ഇനി വെടിക്കെട്ട്‌ വാസൂനെ സ്വപ്നത്തിൽ  കണ്ടാൽപോലും താൻ കുരക്കത്തില്ലെന്നു അവൻ മനസ്സാ പ്രതിജ്ഞയെടുത്തു .

പക്ഷേ , വാസു ഇവിടെവന്ന്  വിളച്ചിലെടുത്താ എസ് ഐ  ഇടിയൻ ജോണി അവനെ ഇടിച്ചു സൂപ്പാക്കും .

ചായക്കടക്കാരൻ പാക്കരൻ ചേട്ടനാണതു  പറഞ്ഞത്

അതിന് ഇടിയൻ ഒരു മാസത്തെ ലീവിലാണെന്നാ കേട്ടത് എന്നോട് റൈറ്ററ് തോമാസേട്ടനാ  പറഞ്ഞത് .

പലചരക്ക് കടക്കാരൻ സുപ്രു ആ പറഞ്ഞതു കേട്ട് എല്ലാവരും ഒരുനിമിഷം നിശബ്ദരായി 

ഇനി ഇടിയൻ,  വാസുവിനെ പേടിച്ച് മുങ്ങീതാണോ ?

ഛെ ,ഛെ , വാസുവിനെക്കാളും വല്യ റൗഡി ആയിരുന്നു നമ്മുടെ ഈ  പ്രേക്ഷിതൻ സുകു  ഇടിയന്റെ ഒറ്റ ഇടിക്കായിരുന്നു  റൗഡി സുകു പ്രേക്ഷിതൻ സുകു ആയി മാറിയത് 

എല്ലാവരുടേയും മുന്നിൽ വെച്ച് പാക്കരൻ ചേട്ടനാ പറഞ്ഞത് പ്രേക്ഷിതൻ സുകൂന് തീരെ ഇഷ്ടപ്പെട്ടില്ല  

പാക്കരൻ ചേട്ടൻ തുടക്കത്തിൽ, വല്യ റൗഡിയെന്ന്  അഭിസംബോധന ചെയ്തപ്പോ സുകുവൊന്ന് ഞെളിഞ്ഞിരുന്നതായിരുന്നു

ഇപ്പൊ കാറ്റൂരി വിട്ടതുപോലെയായി 
 
എനിക്ക് കർത്താവിന്റെ വിളി വന്നപ്പോഴാ ഞാൻ പ്രേക്ഷിതനായത് 

സുകു ഒന്ന് ഉരുളാൻ നോക്കിയെങ്കിലും ഏറ്റില്ല 

പിന്നെ കർത്താവിന് വേറെ ആരേം കിട്ടിയില്ല  

ഇടിയന്റെ ഇടി കൊണ്ട് ബോധം കെട്ട് വീണ നിന്നെ ഞങ്ങളൊക്കെയല്ലേ എടുത്തോണ്ട് ആശുപത്രിയിലേക്ക് പാഞ്ഞത്

അതോടെ സുകു ഒന്നുകൂടി ചെറുതായി    

സത്യത്തില്  സുകുവന്ന്  വല്യ റൗഡിയായി വിലസിയിരുന്ന കാലം  ഒരു ദിവസം കവലയിൽ വെച്ച് കറവക്കാരൻ അന്തോണീയെ സുകു ഇടിക്കായിരുന്നു എന്താ, പാല്  വെള്ളം പോലെ ഇരിക്കുന്നതെന്നും ചോദിച്ചോണ്ടായിരുന്നു അന്തോണിക്കിട്ട് താങ്ങിക്കൊണ്ടിരുന്നത്  

അന്തോണിക്ക് അതിന്റെ പൊരുൾ  മനസ്സിലായില്ല പാല് വെള്ളം  പോലെ അല്ലാതെ  എങ്ങിന്യാ ഇരിക്കാന്ന് ആ പാവത്തിന് എത്ര ആലോചിട്ടും പിടുത്തം കിട്ടിയില്ല 

ഇനി ഞാൻ പാല് തൈര് പോലെ കൊണ്ട് വരാവേ ന്നും പറഞ്ഞ് അന്തോണി ഓളിയിട്ടു കരഞ്ഞു

നീ എന്നെ കളിയാക്കാണോന്നും ചോദിച്ച് സുകു വീണ്ടും  ഇടിച്ചു .

ഇത് കണ്ടുകൊണ്ടായിരുന്നു ഇടിയൻ ജോണി വന്നത്  

ഒറ്റ ഇടിയോടെ സുകുവിന്റെ ബോധം പോയി അത് കണ്ട് പേടിച്ച് അന്തോണിയുടേയും ബോധം പോയി  

പിന്നെ ബോധം വന്നതോടെ സുകു ഒരു പ്രേക്ഷിതനായി മാറിയെന്നുള്ളതാണ് ചരിത്രം 

അന്തോണി കറവ നിറുത്തിയെന്നതും 

അന്ന് ലാസ്റ്റ് വാണിങ് കൊടുത്തതാ ഇടിയൻ  ഇപ്പൊ നിന്റെ ബോധമേ  പോയുള്ളൂ ഇനീം  ഉടായിപ്പ് കാണിച്ചു നടന്നാ  ഒറ്റയിടിക്ക്  നിന്റെ ജീവൻ പോവുമെന്നാ പറഞ്ഞത്   

തന്റെ ജീവൻ അങ്ങനെ ഒറ്റ ഇടിക്ക്  കളയാൻ ഇഷ്ടമില്ലാത്തതു കൊണ്ട്  സുകു നന്നായി

ഇങ്ങനെ വെടിക്കെട്ട്‌ വാസൂന്റെ വീരകഥകൾ  യഥേഷ്ടം പ്രചരിച്ചു കൊണ്ടിരുന്നു  . 

ആയിടക്കാണ് പട്ടാളത്തിൽ നിന്നും ലീവിൽ വന്ന പട്ടാളക്കാരൻ രാജപ്പേട്ടൻ വാസുവുമായി ഒന്ന് കോർത്തത്

പാവം ലീവിൽ വന്ന സമയം ശരിയായിരുന്നില്ല അതിർത്തിയിലെ യുദ്ധത്തിൽ നിന്നും രക്ഷപ്പെടാനായി നുണ പറഞ്ഞ് വന്നതായിരുന്നു ഇവിടെ അതിനേക്കാളും വലിയ യുദ്ധത്തിലാ രാജപ്പേട്ടൻ വന്നുപെട്ടത്   

പട്ടാളത്തിൽ വെച്ച് താൻ ശത്രുക്കളെ നിർദ്ധാക്ഷ്യണ്യം വെടിവെച്ച് കൊന്നിട്ടുണ്ട് എന്നലറിയ  രാജപ്പേട്ടന്റെ  രണ്ട് പോക്കറ്റിലും ഗുണ്ട് വെച്ച് പൊട്ടിച്ചു  രാജപ്പേട്ടനെ ഒരു കാര്യത്തിനും കൊള്ളാത്തവനാക്കി വാസു മാറ്റി .

കത്തിയ ഗുണ്ടുമായി രാജപ്പേട്ടൻ അലറിക്കരഞ്ഞുകൊണ്ട്  കുളത്തിലെക്ക് എടുത്തു ചാടീ പക്ഷേ അതോണ്ട് കാര്യമുണ്ടായില്ല  ഗുണ്ട് പോക്കറ്റിൽ കിടന്ന് പൊട്ടി രാജപ്പേട്ടന്റെ  ട്രൗസർ മാത്രം പൊങ്ങി വന്നു , 

ട്രൗസർ ഇല്ലാത്ത രാജപ്പേട്ടൻ പൊങ്ങി വന്നില്ല , പിന്നെ ആരാണ്ടൊക്കെയോ  ചാടിയാണ്  പൊക്കിയെടുത്തോണ്ട് വന്നത് രാജപ്പേട്ടന്റെ  അരക്കുചുറ്റും ആകെ ചോര അത് കണ്ട് പേടിച്ച് ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ ബോധം കേട്ട് വീണു

പട്ടാളത്തിൽ  മീശയൊക്കെ  മുകളിലേക്ക് പിരിച്ചു വെച്ച് നടന്ന രാജപ്പേട്ടൻ  ,  ആ മീശയൊക്ക താഴ്ത്തി വെച്ച് കടലാസ്സ് പടക്കം  കണ്ടാപ്പോലും പേടിക്കുന്ന  ഒരു പേടിത്തൊണ്ടൻ രാജപ്പനായി അതോടെ  മാറി  .

ഇതിലും ഭേദം അതിർത്തിയിലെ യുദ്ധത്തിൽ വീര ചരമം പ്രാപിക്കാമായിരുന്നെന്നാ രാജപ്പേട്ടൻ ഭാര്യ രാജമ്മയോട് കരഞ്ഞോണ്ട് പറഞ്ഞത് 

പാവം,  ഒരു പാട് സ്വപ്നങ്ങളും നെഞ്ചിലേറ്റി ലീവിൽ വന്നതായിരുന്നു

പക്ഷെ പോക്കറ്റിൽ അല്ലാതെ വേറെ എവിടെയെങ്കിലും വെച്ച് ആ മഹാപാപിക്ക് ഗുണ്ട് പൊട്ടിക്കാമായിരുന്നില്ലേയെന്നായിരുന്നു രാജപ്പൻ ചേട്ടന്റെ വലിയ വിഷമം 

ഇനി ഇതെല്ലം ശരിയായി വരുന്നതിനുള്ളിൽ ലീവ് തീരും 

എന്റെ മനുഷ്യാ നിങ്ങളെന്തിനാ ഗുണ്ട് ഇടാനായി പോക്കറ്റ് കാണിച്ചു കൊടുത്തതെന്നാ രാജമ്മ ചേടത്തി ചോദിച്ചത് 

എടീ ഞാൻ കാണിച്ചു കൊടുത്തതല്ല ബലമായി ഇട്ടതാ  

പട്ടാളത്തിലുള്ള  തോക്കും കൊണ്ടായിരുന്നു രാജപ്പേട്ടൻ വാസുവിന്റെ അടുത്തേക്ക് അലറിക്കൊണ്ട് പാഞ്ഞു ചെന്നത്  പക്ഷേ പരാക്രമത്തിനിടയിൽ  ഉണ്ടയെടുക്കാൻ മറന്നു പോയി  .

വാസുവിന്റെ  ഇടി കൊണ്ട് വീണ് അവസാനം തോക്കെടുത്ത് വെടി പൊട്ടിക്കാൻ നോക്കീയപ്പോഴാ ഉണ്ടായില്ലാത്ത തോക്കും കൊണ്ടാ വെടിവെക്കാൻ പാഞ്ഞു വന്നതെന്ന്  മനസ്സിലായത് 

 ഒന്ന് പതറിയെങ്കിലും വേറെ വഴി ഇല്ലാത്തതുകൊണ്ട് അവസാന കൈയ്യെന്ന നിലയിൽ തോക്കു ചൂണ്ടി വാ കൊണ്ട് വെടി പൊട്ടുന്ന ശബ്ദം ഉണ്ടാക്കി വാസൂനെ പേടിപ്പിക്കാൻ നോക്കിയെങ്കിലും  ഏറ്റില്ല

സംഗതി ഠോ ... ന്നുള്ള ശബ്ദം കേട്ട്  വാസു ആദ്യമൊന്ന് പേടിച്ചെങ്കിലും അതിന്റെ കൂടെ ഒരു കരച്ചിലും കൂടി കേട്ടതോടെയാ അതൊരു ഉണ്ടയില്ലാ തോക്കാണെന്ന് മനസ്സിലായത്  അതോടെ വാസു വീണ്ടും കുറെയിട്ട്  ഇടിച്ചു

പാവം രാജപ്പേട്ടൻ ഇടി കിട്ടി കൊച്ച് കുട്ടികളെപ്പോലെ കുറേ നേരം വാവിട്ടു  കരഞ്ഞു

അതിനു ശേഷാ  ഗുണ്ട് കത്തിച്ച് പോക്കറ്റിലേക്ക് ഇട്ടു കൊടുത്തത്

വെടിക്കെട്ട്‌ വാസു ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന് ആദ്യ വെടിപൊട്ടിച്ചത് കവലയിൽ ഇട്ടായിരുന്നു   .

മമ്മദായിരുന്നു ആദ്യ ഇര,  മീൻ വിൽക്കാൻ പോയ മമ്മദിനെ നിലം തൊടാതെയാണ് ഇട്ട് ഇടിച്ചത് .

അയലക്ക് ജീവനില്ലാന്നും പറഞ്ഞായിരുന്നു ഇടിച്ചത് .

സത്യത്തിൽ വാസു കുടിക്കാൻ കാശ് ചോദിച്ചതായിരുന്നു പക്ഷേ മമ്മദ് കൊടുത്തില്ല

അപ്പൊ ഇടിക്കാനായി ഒരു കാരണത്തിനു വേണ്ടിയാണ് അയലക്കു ജീവനില്ലേ എന്ന് ചോദിച്ചത്  

അയലക്ക് എന്താ ജീവനില്ലാത്തെന്ന് ചോദിച്ചതോടെ മമ്മദ് പേടിച്ച് കൈമലർത്തി .

വായ തുറന്ന് പറയടാ നായിന്റെ മോനേ എന്നലറിക്കൊണ്ട്‌  ഇടിയോടൊപ്പം ഒരു ഗുണ്ട്  കത്തിച്ച് മീൻ കുട്ടയിലേക്കിട്ടു .

ഗുണ്ട്  പൊട്ടിയ ശബ്ദം  കേട്ട്  കവല മുഴുവൻ ഞെട്ടി

ചായ കുടിക്കായിരുന്ന പട്ടാളക്കാരൻ രാജപ്പേട്ടൻ അലറിക്കരഞ്ഞുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടി  

ഉറക്കത്തീലായിരുന്ന  റോമു  ചാടിയെഴുന്നേറ്റ്  കുരക്കാനായി വാ തുറന്നെങ്കിലും  ആളെ മനസ്സിലായതോടെ അതങ്ങു വിഴുങ്ങി .

കടലീന്ന് പിടിച്ചു കൊണ്ടു വന്നപ്പോ ചത്തു പോയതാണെന്ന് പേടിച്ചു വിറച്ച് മമ്മദ്  മറുപടി പറഞ്ഞു .

ഇനി ചത്ത മീനെ പിടിക്കോന്ന് ചോദിച്ച് വാസു ഇടിച്ചു .

മമ്മദ് കരഞ്ഞു പറഞ്ഞൂ 

പിടിച്ചപ്പോ ജീവനുണ്ടായിരുന്നു .

എന്നിട്ട് ആ ജീവനെവിടെ?  എന്നും ചോദിച്ച് വാസു വീണ്ടുമിടിച്ചു  .

അവസാനം മമ്മദ് ജീവനില്ലാത്ത അയിലയെ വിട്ട്  ജീവനുള്ള തന്നേയും കൊണ്ടോടി .

കവലയിൽ വെച്ച് മമ്മദിനെ ഇടിക്കുന്നത് കണ്ടിട്ട്  ആരും ഇടപെട്ടില്ല  വെടിക്കെട്ടിന്റെ വാസുവിന്റെ വെടിക്കെട്ട്‌ കൊള്ളാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം   .

മമ്മദ് ഓടി പോലീസ് സ്റ്റേഷനിലെത്തി പക്ഷേ ഇടിയൻ ജോണിയില്ലാത്ത  പോലീസ് സ്റ്റേഷൻ വെറും പേടിത്തൊണ്ടൻമാരുടേതായിരുന്നു .

അവർ മമ്മദിനോട് കാര്യം പറഞ്ഞൂ .

ഇടിയൻ ജോണി വരട്ടെ .

അത് വരേക്കും എനിക്ക്  ജീവിക്കേണ്ടേ.?

നീ കുറച്ചു ദിവസം വല്ല  ബന്ധുവീട്ടിലെങ്ങാനും പോയി നിൽക്കെന്റെ മമ്മദേ 

പേടിത്തൊണ്ടൻമാർ  

മമ്മദ്  മനസ്സിൽ പറഞ്ഞത് അൽപം ഉറക്കെയായിപ്പോയി .

ഇതോടെ പോലീസ് അസ്സല് പൊലീസായി മാറി  .

സ്റ്റേഷനിൽ വന്നിട്ടാണോടാ നിന്റെ കസർത്ത്  പിടിച്ച് അകത്തിടട്ടെ?

എന്തിന് ? 

പക്ഷേ,  മമ്മദ് അത്  ചോദിക്കാൻ നിന്നില്ല  പ്രതിയെ പിടിക്കാൻ പറ്റിയില്ലെങ്കിൽ വാദിയെ പിടിച്ച് അകത്തിടുന്ന പോലീസാണ് .

മമ്മദ് അവിടന്നും  ഓടി അവസാനം  ആ ഓട്ടം നിന്നത് ബന്ധുവീട്ടിലായിരുന്നു 

അടുത്തതായി വാസുവിന് ഇരയായത്  പ്രേക്ഷിതൻ സുകുവായിരുന്നു

പ്രേഷിത പ്രവർത്തനം കഴിഞ്ഞു മടങ്ങി വന്ന സുകു യാദൃശ്ചികമായാണ്   വെടിക്കെട്ട്‌ വാസൂവിന്റെ മുന്നിലകപ്പെട്ടത് 

സുകു മുങ്ങാൻ നോക്കിയെങ്കിലും പറ്റിയില്ല .

സുകൂന്റെ കോളറിൽ പിടിച്ച്  കുലുക്കിക്കൊണ്ട് വാസു അലറി .

നീ പ്രേക്ഷിത പ്രവർത്തനം നടത്തും അല്ലേടാ ?

അത് ആൾക്കാരെ നന്നാക്കാനല്ലേ വാസൂ മകനേ 

സുകൂ ആലില പോലെ വിറച്ചു കൊണ്ടാണത് പറഞ്ഞത് .

ആരെടാ നിന്റെ മകനെന്ന്  ചോദിച്ചു കൊണ്ടായിരുന്നു സുകുവിനെ  ഇടിച്ചത് 

വാസുവിന്റെ ഇടി താങ്ങാനാകാതെ സുകൂ  കർത്താവിനെ വിളിച്ചു  കരഞ്ഞൂ.

 കർത്താവ് വരാതായപ്പോൾ സുകു നാട്ടാരെ വിളിച്ചു .

ഓടിവായോ നാട്ടുകാരെ  ഈ കാലമാടൻ എന്നെ  തല്ലിക്കൊല്ലുന്നേ

പക്ഷേ നാട്ടുകാർക്കും സുകുവിനെ രക്ഷിക്കാൻ ധൈര്യമുണ്ടായിരുന്നില്ല  .

സുകുവിന്റെ ആ കരച്ചിൽ കേട്ട്  പാക്കരൻ ചേട്ടൻ   ആറ്റിക്കൊണ്ടിരുന്ന  ചായ ഗ്ലാസ്സ്  ഒരു ധൈര്യത്തിനു വേണ്ടി പാക്കരൻ ചേട്ടന്റെ അടുത്ത് നിൽക്കുകയായിരുന്ന  റോമുവിന്റെ തലയിലേക്കായിരുന്നു  വീണത് 

അതോടെ റോമുവിന്റെ  ബോധം പോയി .
     

ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന തമിഴൻ മുരുകൻ  ചായ വേണ്ട ജീവൻ മാത്രം മതിയെന്നും പറഞ്ഞ്   ചായക്കടയുടെ പുറകിലൂടെ ഓടി  

ചായ പിന്നെയും കുടിക്കാം.

ഇടിച്ചിടിച്ച് സുകുവിന്റെ ബോധം പോകുന്ന വരേക്കും വാസു ഇട്ടിടിച്ചു
 
അവസാനം ബോധമില്ലാത്ത സുകൂനെ അവിടെ ഇട്ടിട്ട് വാസു പോയി .

സുകു ചത്തു പോയോയെന്ന് പേടിച്ചു ഞങ്ങളെല്ലാം ഓടിച്ചെന്ന് നോക്കുമ്പോ   അതാ സുകു എണീറ്റു വരുന്നു .

ഇടി കൊണ്ട് വയ്യാതായപ്പോ സുകു ചത്ത പോലെ കിടന്നതായിരുന്നു .

എന്താ സുകൂ നിനക്ക് വല്ലതും പറ്റിയോടാ?

പാക്കരൻ ചേട്ടൻ വിക്കിക്കൊണ്ടായിരുന്നു സുകൂനോട് ചോദിച്ചത്

പിന്നെ,  എന്റെ പഴേ സ്വാഭാവായിരുന്നുങ്കീ ഒറ്റ അടിക്ക് അവൻ രണ്ട് കഷണം ആയേനെ 

ഒന്ന് പോയേ  സുകൂ  നിന്റെ കർത്താവിനെ വിളിച്ചുള്ള കരച്ചില് ഞങ്ങള് കേട്ടതല്ലേ 

അത് കേട്ട് സുകൂ ഒരു വളിഞ്ഞ ചിരി ചിരിച്ചു

ഈ പാപിയോട് ക്ഷമിക്കാനാണ്  ഞാൻ കർത്താവിനെ വിളിച്ചതെന്നാ സുകു   പറഞ്ഞത്    

പക്ഷേ അപ്പോഴും  ഇടി കൊണ്ട പേടീല് സുകു  ആലില പോലെ കിടന്നു വിറച്ചു കൊണ്ടിരുന്നു   .

അവൻ തിരിച്ചു വരുന്നതിനും  മുമ്പ് എല്ലാവരും  വീട് പറ്റാൻ നോക്ക് .

പാക്കരൻ ചേട്ടൻ സുകുവിന്റെ വിറ നിൽക്കാൻ വേണ്ടി വട്ടം  പിടിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞത് .

അത് കേട്ടോടനെ  സുകു വിക്കി വിക്കി പറഞ്ഞൂ 

എനിക്കിന്നൊരു ധ്യാനമുണ്ട്  ഞാൻ അങ്ങോട്ടേക്ക് പോവാ .

ഒരു ദിവസം ഉച്ചക്ക് ബണ്ടിലൂടെ  സൈക്കിളും ചവുട്ടി വരുമ്പോഴാണ് ഞാനാ  കാഴ്ച്ച കണ്ടത് .

 ബീഡിയും വലിച്ചോണ്ട്  തെങ്ങുമ്മേ ചാരി വെടിക്കെട്ട്‌ വാസു നിൽക്കുന്നു 

വാസൂനെ കണ്ടതോടെ  വെടിക്കെട്ടിന് തീ കൊളുത്തിയത് പോലെ എന്റെ ഉള്ളിൽ വെടിക്കെട്ട്‌ തുടങ്ങി .

സത്യത്തിൽ തൊട്ടടുത്ത് എത്തിയപ്പോഴാ  ഞാൻ വാസൂനെ കണ്ടത് ചെറിയ ബണ്ടായതു കൊണ്ട്  പെട്ടെന്ന് സൈക്കിൾ  തിരിക്കാൻ പറ്റില്ല ചിലപ്പോ ഞാൻ പാടത്തേക്ക് പോവും .

സൈക്കിള് നിറുത്തി  ഇറങ്ങി തിരിക്കാമെന്ന് വെച്ചാ ഒറ്റച്ചാട്ടത്തിന് വാസുവെന്നെ  പൊക്കും .

എന്റെ മുന്നിലുള്ളത്  ഒറ്റ വഴി മാത്രം,  സൈക്കിൾ ആഞ്ഞു ചവുട്ടി വാസൂനെ കടന്നു പോവുക ഞാൻ പതുക്കെ സ്പീഡ് കൂട്ടി .

എന്റെ കാല് രണ്ടും ഒരു അനുസരണയില്ലാത്തപോലെയാണ് പേടി കൊണ്ട് വിറക്കുന്നത് ഞാൻ വിറക്കുന്നതിനനുസരിച്ച്  സൈക്കിളും കിടന്ന് വിറക്കുന്നുണ്ട് .

എന്റെ ഹൃദയമാണേങ്കീ  സൈക്കളിൽ നിന്നും എന്നെക്കാളും മുന്നേ  ഇറങ്ങി ഓടിക്കൊണ്ടിരിക്കുകയാണ്.

വാസൂന്റെ അടുത്തെത്തി,   ഞാൻ സ്പീഡ് ഒന്ന് കൂടി കൂട്ടി  വാസു എന്നെ നോക്കുന്നു,  ഞാൻ വിറക്കുന്നു  എന്റെ വിറ കണ്ട് സൈക്കിളും വിറക്കുന്നു.

വാസു എന്നെ നോക്കി  നിൽക്കടാ ന്ന് അലറുന്നു . 

ഞാൻ വീണ്ടും സ്പീഡ് കൂട്ടുന്നു .

ആ നിമിഷത്തിലാണ് ആ അത്യാഹിതം സംഭവിച്ചത്  എന്റെ അഞ്ചാറു വർഷത്തെ  സന്തത സഹചാരി  ഒരു കാരുണ്യവുമില്ലാതെ എന്നെ ചതിച്ചു .

ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തതാണ് അവൻ എന്നോട് ചെയ്തത് .

ആ നിമിഷത്തിൽ ചങ്ങല തെറ്റി വീല് ജാമായി സൈക്കിൾ നിന്നു .

വാസു അതാ അരയിൽ നിന്ന് കത്തിയൂരി എന്റെ നേർക്ക് നടന്നു വരുന്നൂ .

സൈക്കിളിട്ട് ഓടിയാലോ ? 

പക്ഷേ  കഴിയുന്നില്ല  പേടികൊണ്ട് കാലുകൾ രണ്ടും കുറ്റിയടിച്ചതു പോലെ നിലത്തു തറഞ്ഞു നിൽക്കുന്നു  ശരീരം തുള്ളപ്പനി ബാധിച്ച പോലെ വിറക്കുന്നു .

എന്റെ ശരീരത്തിൽ നിന്നും ജീവൻ ഇറങ്ങി ഓടി അപ്പുറത്തെ പാടത്തു പോയി എന്നെ നോക്കുന്നു .

ഞാൻ ഓടിപ്പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ധൈര്യത്തെ പിടിച്ചു നിറുത്താൻ ഒരു  അവസാന വട്ട  ശ്രമം നടത്തി നോക്കി .

നീ കരാട്ടെയല്ലേ  ധൈര്യമായിരിക്ക്‌  ഒറ്റ കിക്ക്  അത് മാത്രം മതി  പഠിച്ചെടുത്ത അടുവകളൊക്കെ ഓർമ്മിക്ക് .

മനസ്സിനുള്ളിൽ  ജാക്കിച്ചാനും,  ബ്രൂസിലിയുമൊക്കെ  ആൾക്കാരെ ഇടിച്ചിടുന്നു .

പക്ഷേ  എന്തോർത്തിട്ടും ഒരു കാര്യവുമില്ല  കൈയ്യും  കാലും ഒരു തരി പോലും അനങ്ങുന്നില്ല .

പേടി ജാക്കിച്ചാനും ,  ബ്രൂസിലിക്കും മേലേ നിന്നാ തിരുവാതിര കളിക്കുന്നത് .

കാലെങ്കിലും അനങ്ങികിട്ടിയിരുന്നുവെങ്കിൽ ജീവനും കൊണ്ട്  ഓടാമായിരുന്നു .

അതാ വാസു തൊട്ടടുത്തെത്തി  

എന്താടാ ചെവി കേട്ടൂടെ, വിളിച്ചാ നിക്കൂലേ ?

ഞാൻ നിന്നില്ലേ വാസേട്ടാ 

ഞാൻ വിക്കി

നീ നിന്നതല്ലല്ലോ നിന്റെ  സൈക്കിള്  നിന്നതല്ലേ?

എനിക്ക് സൈക്കിളിനിട്ട് ഒരു ചവിട്ടു കൊടുക്കാൻ തോന്നി  സ്നേഹമില്ലാത്ത ജന്തു .

ഒരു ബീഡി താടാ .

ഞാൻ ബീഡി വലിക്കില്ല  വാസേട്ടാ 

നിനക്കെത്ര വയസ്സായി 

പതിനാറ്  

പതിനാറു വയസ്സായിട്ടും നീ എന്താ ബീഡി വലി തൊടങ്ങാത്തെ ?

ബീഡി വലിക്കാൻ പാടില്ല വാസുവേട്ടാ 

അതെന്താടാ 

ബീഡി വലി ആരോഗ്യത്തിന് കേടാണ് 

എന്നാരു പറഞ്ഞു ?

ടീവില് പറയാറിണ്ട്  നിന്റെ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്   അതോണ്ട് ബീഡി വലിക്കാൻ പാടില്ലാന്ന് .

ടീവീല് പറയുന്നതൊക്കെ നീ കേക്കോടാ ?

നല്ല കാര്യങ്ങളോക്കെ  കേക്കും വാസേട്ടാ .

അപ്പോ നീ ഒരു നല്ല കുട്ട്യാണ് 

അതെ വാസേട്ടാ 

എന്നാ  ഒരു നൂറു രൂപാ താടാ 

എന്റെ കൈയ്യിൽ കാശില്ലാന്ന് പറയുന്നതിനു മുന്നേ  വാസു പോക്കറ്റീന്ന് ബലമായി നൂറു  രൂപാ എടുത്തു 

ഇത് കാശല്ലേടാ ?

അമ്മ മീൻ വാങ്ങാൻ തന്നതാണ് വാസുവേട്ടാ 

ഞാൻ നിന്ന് ചിണുങ്ങി  മീൻ വാങ്ങാൻ തന്ന കാശ് വാസൂ എടുത്തൂന്ന് കേട്ടാ അമ്മ മറ്റൊരു വാസുവായി മാറും  .

വാസു മീശ പിരിച്ചു കൊണ്ട് കത്തിയെടുത്തു 

നിനക്ക് മീൻ വേണാ അതോ ജീവൻ വേണാ ?

എനിക്ക് ജീവൻ മതി വാസുവേട്ടാ  

ജീവൻ ഇല്ലാതെ  എങ്ങിന്യാ മീൻ തിന്നാൻ പറ്റാ 

അല്ലെങ്കിൽ തന്നെ പാതി ജീവനോടെ നിൽക്കുന്ന ഞാൻ അതോടെ അവിടെത്തന്നെ തലചുറ്റി വീഴുമെന്ന്  ഉറപ്പായി .

നിന്നെ ഞാൻ മാങ്ങാ ചെത്തുന്ന പോലെ ചെത്തട്ടേ

ശരീരം അപ്പൊത്തന്നെ ചുവപ്പുകൊടി  കാണിച്ചു .

വേണ്ടാ വാസുവേട്ടാ  .

മീനേക്കാളും കാശിനെക്കാളുമൊക്കെ  വലുത് സ്വന്തം ജീവനല്ലേ .

നിനക്ക് അടി വേണോടാ ?

 ഈശ്വരാ,  ഇയാളെന്നെ വിടുന്ന ലക്ഷണമില്ലല്ലോ

വേണ്ട വാസേട്ടാ

പക്ഷേ ,നിന്നെ കണ്ടിട്ട് എങ്ങിനെയാടാ  അടിക്കാതെ വിടാ ?

വാസേട്ടാ  എന്നെ അടിക്കല്ലേ  ഞാൻ ചത്തു പോവും  നൂറു രൂപാ തന്നതല്ലേ 

അത് നീ തന്നതല്ലല്ലോ, ഞാൻ എടുത്തതല്ലേ ? എന്നാലും എങ്ങിനെയാടാ നിന്നെ അടിക്കാതെ  വിടാ ?

വാസേട്ടാ  ഞാൻ ചാവും ഞാൻ കരഞ്ഞൊടങ്ങി

ശരി എന്നാ  ഓടിക്കോ .

അതോടെ  ഞാൻ ജീവനും കൊണ്ടോടി സൈക്കിളിന്റെ പുറകിലെ ചക്രം  ജാമായതിനാൽ  സൈക്കിളും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഓടിയത് .

അത് ഒരു ഒന്നൊന്നര ഓട്ടം തന്നെയായിരുന്നു .

ഒരു വിധത്തിൽ കടം വാങ്ങിയ കാശുകൊണ്ട് അമ്മക്ക് മീൻ വാങ്ങിക്കൊടുത്തു .

അപ്പോഴും എന്റെ അണപ്പ്‌ മാറിയിരുന്നില്ല .

എന്താടാ വല്ലതും കണ്ട് പേടിച്ചോ ?

പേടിക്കാനോ? ഞാനോ ? ഞാൻ കരാട്ടേയാണെന്ന് അമ്മക്കറിഞ്ഞൂടെ  ഇത് ജോഗ്ഗിംഗ് ചെയ്തതാ .

ഈ നട്ടുച്ചക്കാണോടാ  ജോഗ്ഗിംഗ് ?

ഒരു ദിവസം  കള്ള് ഷാപ്പിലിരുന്ന്  രണ്ടു കുപ്പി കള്ളിന്റെ ബലത്തിൽ അവറാൻ ചേട്ടൻ കത്തിക്കയറി .

അവനില്ലേ ആ  വെടിക്കെട്ട്‌ വാസൂ , എന്റെ കൈയ്യീ  കിട്ടട്ടെ നിലം തൊടാതെ ഞാൻ പറപ്പിക്കും  ഒറ്റ അടി രണ്ടു തുണ്ടമായി താഴെക്കിടക്കും  പിന്നെ അവൻ എണീക്കണേനേ ഈ അവറാൻ വിചാരിക്കണം .

ഷാപ്പ്കാരൻ വറീത്  അവറാൻ ചേട്ടനെ നോക്കി  കണ്ണിറുക്കി കാണിച്ചു  കുടിയൻമാരെല്ലാം നിശബ്ദരായി .

എന്തൂട്ടാ നീ കണ്ണോണ്ട് കഥകളി കാണിക്കണേ ? നിങ്ങളൊക്കെ പേടിത്തൊണ്ടൻമാര്  ഒരു വരത്തൻ ഇവിടെ വന്ന്  ആളാവാൻ നോക്ക്യാ ഈ അവറാൻ സമ്മതിക്കൂലാ .

അവനെ ഇപ്പോ എന്റെ കൈയ്യേ കിട്ടിയാ ന്ന് അവറാൻ ചേട്ടൻ പറയലും .

ഞാനിവിടെ ഉണ്ടെടാ ന്നൊരു  ഒരലർച്ച

അത്  കേട്ട് ഷാപ്പ്  ഞെട്ടി , കുടിയൻമാർ ഞെട്ടി , കള്ള് ഞെട്ടി , ബെഞ്ചും , ഡെസ്കും ഞെട്ടി , ഷാപ്പിന്റെ മുറ്റത്ത് നെല്ല് കൊത്തിത്തിന്നാൻ വന്ന ജാനൂന്റെ  കോഴിച്ചാത്തൻ ചിന്നൻ  ഞെട്ടി ഒറ്റ ചാട്ടത്തിന് ജീവനും കൊണ്ട് വീട്ടിലെത്തി .

ആകെ ഒരു ശ്മശാനമൂകത  അവറാൻ ചേട്ടൻ കുടിച്ച രണ്ട് കുപ്പി കള്ള് ശൂ  ന്നും  പറഞ്ഞ് ക്ഷണ നേരം കൊണ്ട് ആവിയായി പ്പോയി .

ഈശ്വരാ വാസു ഉണ്ടാവില്ലെന്ന വിചാരത്തിലാ ആളിക്കത്തീത്

അവറാൻ ചേട്ടൻ പതുക്കെ അപ്പുറത്തെ മുറിയിലേക്ക് പാളി നോക്കി  അവിടെ അതാ  വെടിക്കെട്ട്‌ വാസു ഊരിപ്പിടിച്ച കത്തിയുമായി  നൂറാ നൂറിൽ നിന്ന് വിറക്കുന്നു .

അവറാൻ ചേട്ടൻ പറഞ്ഞതൊക്കെ വാസു കേട്ടു അവറാൻ ചേട്ടന്റെ ഉള്ളിൽ വെടിക്കെട്ടിന് തീ കൊളുത്തി .

നിന്ന നിൽപിൽ  അവറാൻ ചേട്ടൻ  എൻറെ ഒറോതേ  ന്ന് നീട്ടി വിളിച്ചു .

ദെ കിടക്കുന്നൂ  ബെഞ്ചും,  ഡെസ്കും ,  കള്ളുകുപ്പീയും  തകർത്ത് അവറാൻ ചേട്ടൻ താഴെ


         



0 അഭിപ്രായങ്ങള്‍