മുറിവിൽ പുരട്ടുന്ന ലേപനമാണ് അമ്മ ..

               വേദനയിൽ ഉള്ള സ്വാന്തനമാണ് അമ്മ ...
     
                  ശത്രുക്കളിൽ നിന്നുള്ള കവചമാണ് അമ്മ .....

                        വാത്സല്യം നിറഞ്ഞൊഴുകുന്ന തേൻ കുടമാണ് അമ്മ ....''!


         നല്ല അമ്മമാരേ മാപ്പ് ..


    കണ്ണിനേയും, ഹൃദയത്തേയും, ബന്ധങ്ങളേയും  മറക്കുന്ന  കാമത്തിന്റെ വെറി പിടിച്ച , വഴിവിട്ട ജീവിതത്തിന്റെ പര്യവസാനം .

      കാമ തിമിരം പിടിച്ച കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ  ബന്ധങ്ങൾ ദഹിക്കുന്നു , നിലവിളികൾക്ക്‌ മുന്നിൽ കാതുകൾ അടയുന്നു ,സ്നേഹമെന്ന വികാരം നിർജ്ജീവം ..

      കാമത്തിന്റെ ആർത്തിപൂണ്ട കഴുകൻ കണ്ണുകൾ മൂടുപടം വലിച്ചിടുമ്പോൾ  രക്തബന്ധങ്ങൾക്ക്  എവിടെ സ്ഥാനം ?

          പത്ത് മാസം ഉള്ളിൽ ചുമന്ന സ്വന്തം ജീവനെ  വെറും ഒരു കറികത്തിക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുമ്പോൾ  അമ്മയെന്ന ഭൂമിയിലെ ഏറ്റവും  ആ മഹത്തായ ആ വാക്കുകളുടെ പൊരുൾ എന്ത് ?
     
     നൊന്തു പ്രസവിച്ച മകളെ ജാരന്റെ കശാപ്പു കത്തിക്ക് ഇരയാക്കാൻ കൂട്ടു നിന്ന അമ്മയുടെ ക്രൂരതക്ക് എന്ത് വ്യാഖ്യാനമാണ് നൽകാനാകുക ?

  അമ്മയോളം സ്നേഹം ഉണ്ടെങ്കിൽ ആറ്റിലെ വെള്ളം മേല്പോട്ട് ..., എന്ന പഴഞ്ചൊല്ലിൽ പതിരുണ്ടെന്ന് തെളിയിച്ച തണുത്തുറഞ്ഞ ഹൃദയമുള്ള അമ്മയുടെ മറ്റൊരു മുഖം .

    താൽക്കാലിക സുഖത്തിനായി ഒരു പിഞ്ചു കുഞ്ഞിന്റെ നേർക്ക് കശാപ്പു കത്തി വീശിയ  മന:സാക്ഷി ഉറഞ്ഞു പോകുന്ന ക്രൂരതയുടെ മറ്റൊരു നിഴലാട്ടം ..

                അവസാനം അനിവാര്യമായതു തന്നെ .

                  ''വാളെടുത്തവൻ .., വാളാലേ ....''

      ജാരനുമായി ജീവിക്കുവാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട് ?, രണ്ടു ജീവനുകൾ അതിനുവേണ്ടി കുരുതി കൊടുക്കണമായിരുന്നുവോ .?

    സ്വന്തം അമ്മയുടെ ജാരനിൽ നിന്നും കൊലക്കത്തി ഉയർന്നപ്പോൾ ആ  കുഞ്ഞിന്റെ ഹൃദയം പിടഞ്ഞിട്ടുണ്ടാകും .

      അത് മരണത്തോടുള്ള ഭയത്താലല്ല , മറിച്ച് അമ്മയെന്ന സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചോർത്തായിരിക്കും .

      ആ കണ്ണുകളിൽ നിന്നും പൊടിഞ്ഞ നീർത്തുള്ളികൾക്ക്  രണ്ടല്ല  രണ്ടായിരം ജന്മങ്ങൾ  കാരാഗ്രഹവാസം അനുഭവിച്ചാലും ആ പാപഭാരം കഴുകി ക്കളയാനാകുമോ ? ഡെമോക്ലോസിന്റെ വാൾ പോലെ  ജന്മാന്തരങ്ങളോളം  ഒരു ദു:സ്വപ്നം പോലെ അതവരെ വേട്ടയാടും .

   ആളിക്കത്തുന്ന തീയിലേക്ക് എടുത്തു ചാടിയാലും , പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് , ശരീരം വലിച്ചെറിയപ്പെട്ടാലും  ആ കണ്ണു നീർ ത്തുള്ളികൾ അവരെ വേട്ടയാടും .

    ഗതി കിട്ടാത്ത ആത്മാവായി അവർ അലയും പാപ മോക്ഷത്തിനായി അവർ അലമുറയിട്ടു കരയും . ദു : സ്വപ്‌നങ്ങൾ ഇല്ലാത്ത രാത്രികൾക്കായി  അവർ തല നിലത്തു തല്ലും .

             ഹേ .., സ്ത്രീയേ..,  നീ കൊല്ലാൻ കൂട്ടു നിന്നത്  ദൈവത്തെയാണ് .

      യൂദാസിനു മരണം അനുഗ്രഹമായെങ്കിൽ  നിന്നിൽ നിന്ന് അത് പോലും അകന്നു നിൽക്കുന്നു .
 
               ജന്മാന്തരങ്ങളോളം  ഒരു കുഞ്ഞു മുഖം നിന്നെ വേട്ടയാടും .

             ഒരു ദു :സ്വപ്നമായി അതെപ്പോഴും നിന്നിൽ പെയ്തിറങ്ങും .

  വഴിവിട്ട ബന്ധങ്ങളുടെ താൽക്കാലിക സുഖത്തിൽ മനുഷ്യർ അപഥസഞ്ചാരം നടത്തുമ്പോൾ , കാണുന്ന സത്യങ്ങളിലും , ബന്ധങ്ങളിലും അതൊരു  മൂടുപടം തീർക്കുന്നു .

     എന്നാലും ഇത്രയും ക്രൂരനാവാൻ മനുഷ്യന് എങ്ങിനെ കഴിയുന്നു ?

   സ്വന്തം മകൾ കൊലക്കത്തിക്ക് ഇരയാവും എന്നറിഞ്ഞിട്ട് അതിനായി  ഒരമ്മക്ക് എങ്ങിനെ കാത്തിരിക്കാനാവുന്നു ?

 സ്വന്തം മാറിൽ ചേർന്നു കിടന്നുറങ്ങുന്ന  ആ കുഞ്ഞിന്റെ സ്നേഹ ത്തുടിപ്പുകൾ  അറിയാതിരിക്കാൻ മാത്രം, ആ സ്ത്രീയിലെ അമ്മയെന്ന വികാരത്തിനു മേൽ കാമത്തിന്റെ കണ്ണുകളില്ലാത്ത മ്ലേച്ചതക്കുണ്ടായിരുന്നുവോ ?

       സ്ത്രീയേ .., മാതൃകുലത്തിനു തന്നെ അപമാനമെന്ന്‌ നിന്നെ നിർവ്വചിക്കേണ്ടിവരും .

         രക്ത രക്ഷസ്സുകൾ പോലും നിന്റെ ക്രൂരതക്ക് മുന്നിൽ തലകുനിക്കും .

   പാപത്തിന്റെ ശമ്പളം മരണമാണ്, എന്നാൽ ആ മരണം പോലും ഓടിയോളിക്കുമ്പോൾ  ഈ ജന്മം ഒന്ന് തീർന്നു കിട്ടണേ എന്നലമുറയിട്ടുകൊണ്ട് മോക്ഷം തേടി അലയേണ്ടി വരും.


         

         

0 അഭിപ്രായങ്ങള്‍