നമ്മുടെ ഭൂമി , നമ്മുടെ ഗ്രഹം  നമുക്കായി ദൈവം ഒരുക്കിത്തന്ന ഹരിദാഭമായ പ്രകൃതി .

            ഇനി എത്ര കാലം കൂടി ഈ ഹരിത ഭംഗി ?

     ഭൂമിയുടെ മാറ് മനുഷ്യൻ വെട്ടിപ്പോളിക്കുന്നു, ജന്മം തന്ന മാതാവിന്റെ ഹൃദയത്തിൻ മേൽ ഏറി നിന്ന് താണ്ഡവം ആടുന്നു .

         വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി , വെള്ളമില്ലാതെ വിണ്ടു കീറിയ കൃഷിഭൂമികൾ , ശുദ്ധ ജലത്തിനായി പരക്കം പായുന്ന മനുഷ്യർ , ചത്തു വീഴുന്ന പക്ഷികൾ .

            തന്റെ ഉഗ്ര താപത്താൽ  ഭൂമിയെ ചുട്ടു പൊള്ളിക്കുന്ന സൂര്യ കോപം .

             എല്ലാത്തിനേയും കരിച്ചു കളയുവാനുള്ള കരുത്തോടെ സൂര്യൻ രോഷാകുലനായി നിന്ന് ജ്വലിക്കുന്നു

         ആ താപത്താൽ എരിഞ്ഞടങ്ങുന്നത് ഭൂമിയെന്ന നമ്മുടെ വാസ ഗ്രഹത്തിന്റെ ഹരിതാഭം .

         നമ്മൾ തന്നെ വരുത്തിവെച്ച വിന .

      മണി മാളികകൾ കേട്ടിപ്പോക്കുമ്പോൾ പിടഞ്ഞു വീണ് ജീവൻ ഹോമിച്ച മരങ്ങളുടെ രോദനം ആരു കേൾക്കുന്നു ?

       നമുക്ക് തണൽ നൽകി എന്ന കുറ്റത്തിന് നമ്മൾ അവരെ വെട്ടി വീഴ്ത്തി , നമുക്ക് നല്ല ശ്വാസം നൽകി എന്ന കുറ്റത്തിന് നമ്മൾ അവരെ വെട്ടി മുറിച്ചു , നമുക്ക് മഴ നൽകി എന്ന കുറ്റത്തിന് നമ്മൾ അവയുടെ കടക്കൽ കോടാലി വെച്ചു .

    അല്ലെങ്കിലും മനുഷ്യസഹജം തന്നെ അത്, ''പാല് തന്ന കൈക്ക് തന്നെ തിരിച്ചു കടിക്കുക.''

         മനുഷ്യനോളം ആത്മാർത്ഥത ഇല്ലാത്ത ഇല്ലാത്ത മറ്റൊരു ജീവി ,മനുഷ്യൻ തന്നെ  എന്ന് തെളിയിക്കുന്ന സാഡിസം .

    ഗർഭപാത്രത്തിൽ നിന്ന് മണലൂറ്റിയെടുക്കുമ്പോൾ നിശബ്ദയായി കണ്ണീർ വാർത്ത പുഴകളുടെ രോദനം  ആരാണ് കേട്ടത് ?

    നിങ്ങൾക്ക് ആവശ്യത്തിന് ജലം തന്നതാണ് ഞാൻ ചെയ്ത തെറ്റ് , ചുട്ടു പഴുക്കുന്ന നിങ്ങളുടെ  ശരീരങ്ങളെ ഒരു ഇളം തെന്നലായി തണുപ്പിക്കുകയാണ് ഞാൻ ചെയ്ത തെറ്റ് .

   ഇതൊന്നും കാണാനും കേൾക്കാനും നമുക്ക് സമയമില്ല . നമ്മൾ ബധിരൻ മാരാകുന്നു  .

   മറ്റുള്ളവരുടെ വേദന കാണാനാകാത്ത വിധത്തിൽ നാം കുരുടൻമാരാകുന്നു .

    പക്ഷേ .., ഒന്നോർക്കുന്നത്‌ നല്ലതാണ് , നമ്മൾ വെക്കുന്ന കോടാലിയിൽ മുറിയുന്നത്‌ നമ്മൾ ഇരിക്കുന്ന കൊമ്പ് തന്നെയാണെന്നത് .

     ഇവിടം നശിപ്പിച്ച് .., നമുക്ക് ഇനി ചെന്ന് കേറാൻ മറ്റൊരു ഭൂമിയില്ല . ഇത് നമ്മുടെ ഗ്രഹമാണ് , നമ്മുടെ വാസസ്ഥലമാണ് , നമ്മുടെ വീടാണ് .

  നമുക്കിവിടെ എല്ലാമുണ്ട് തണൽ, വെള്ളം , വായൂ .., ഭക്ഷണം, ഒരു ജീവകുലത്തിന് സുഗമമായി  ജീവിക്കാനുള്ളതെല്ലാം .

     പക്ഷേ .., ഒന്ന് കിട്ടിയാൽ ഒമ്പത് , ഒമ്പത് കിട്ടിയാൽ പതിനെട്ട് . നമ്മൾ ഒരിക്കലും  നമുക്കുള്ളതിൽ തൃപ്തരല്ല  ആ ആർത്തി നമ്മൾ പ്രികൃതിയോട് കാണിക്കുന്നു  .

     മഴക്കാടുകൾ നഗരങ്ങളായി പുഴകൾ തരിശു ഭൂമികളായി, കൃഷിയിടങ്ങൾ  മരുഭൂമികളായി, ജലസ്രോതസ്സുകൾ കാലയവനികക്കുള്ളിലേക്ക് മറഞ്ഞു ഓർമ്മകളായി .

    കണ്ടുവന്ന ജീവികളിൽ പലതും ചരിത്രത്തെ അലങ്കരിക്കുന്ന ഫോസിലുകളായി .

         എന്നിട്ടും നമ്മൾ നിറുത്തിയില്ല  നമ്മൾ കോർപ്പറെറ്റ്  യുഗത്തിലെ  ബുദ്ധിമാൻമാരെന്ന് വീമ്പിളക്കി വിഡ്ഢികളായി .

    വരാനുള്ള തലമുറകളെ നമ്മൾ ഓർത്തില്ല നമുക്ക് തന്നെ ജീവിക്കാനുള്ള ഒരു  ഭൂമിയെയാണ് നമ്മൾ കാർന്നു നശിപ്പിക്കുകയാണെന്ന സത്യം നമ്മൾ കണ്ടില്ല .

             കണ്ടെങ്കിലും .., കണ്ടില്ലെന്ന് നടിച്ചു .

        ആവശ്യങ്ങൾക്കുള്ളതെല്ലാം ഉണ്ടായിട്ടും  അനാവശ്യങ്ങളിലേക്ക് കൈകടത്തി നമ്മൾ സ്വാർത്ഥൻമാരായി .

   അതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ  ഇപ്പോൾ നമ്മുടെ മുന്നിൽ നിന്ന് പല്ലിളിക്കുന്നു .

         എല്ലാം മലിനം , വായൂ ജലം , ഭക്ഷണം .

      മലിനമാകാത്ത എന്ത് വസ്തുവാണ് ഈ വർത്തമാന കാലത്തിന്റെ സമ്പത്ത്

          ഇതാണോ ആധുനികം ?,

               ആധുനികതയുടെ ആത്യന്തികമായ ലക്‌ഷ്യം എന്താണ് ?

      മനുഷ്യന്റെയും  ജീവജാലങ്ങളുടേയും സുഗമമായ ജീവിതം എന്നതെല്ലേ ആധുനികത കൊണ്ട് ലക്ഷ്യ മാക്കേണ്ടത് ?

       അതിനു വേണ്ടത് ഈ ഭൂമിയുടെ നിലനില്പാണ്  ഈ പ്രികൃതിയുടെ
സന്തുലിതാവസ്ഥയാണ് .

         കാൽകീഴിൽ മണ്ണുണ്ടെങ്കിലേ  ചുവടുറപ്പിച്ചു നിൽക്കാനാകൂ .

          ഇനിയും സമയം വൈകിയിട്ടില്ല ,.

     ഈ പ്രികൃതിക്കു നേരെ കരുണ നിറഞ്ഞൊരു നോട്ടം  ഇനിയും നമ്മളിൽ നിന്നും ഉണ്ടായില്ലെങ്കിൽ .? പ്രികൃതിയുടെ ആ രോക്ഷം താങ്ങാൻ ഈ മനുഷ്യ കുലത്തിനാകില്ല .

   ദശ ലക്ഷക്കണക്കിനു  വർഷങ്ങൾക്കു ശേഷം, ഈ ഗാലക്സിയിൽ  ഏതെങ്കിലും ഒരു ഗ്രഹത്തിൽ ജീവൻ ഉരുവെടുക്കുമ്പോൾ അവർ ഭൂമിയെ ചൂണ്ടി പറയുമായിരിക്കും .

    കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ്  അവിടെ ജീവന്റെ അംശം നിലനിന്നിരുന്നൂവെന്ന് .

         വരാനിരിക്കുന്ന ഒരു സത്യമാണത് .

   നമ്മുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കേണ്ടത് നമ്മൾ തന്നെയാണ്

    അതിനായി നമ്മുടെ ഉൾ കണ്ണുകൾ നമുക്ക് തുറക്കാം , അതിനായി നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം, ഈ ഭൂമി നമ്മുടെ സ്വന്തം വീടാണ്  ഇവിടെ നിന്ന് നമുക്ക് ഒന്നും  മോഷ്ടിക്കാനില്ല , ഒന്നും നശിപ്പിക്കാനില്ല .

    ഈ ഭൂമിയില്ലെങ്കിൽ ഞാനില്ല , ഇവിടെ മരങ്ങൾ ഇല്ലെങ്കിൽ  എനിക്ക് തണലില്ല ശ്വസിക്കാനായി വായുവില്ല , ഇവിടെ നദികൾ ഇല്ലെങ്കിൽ എനിക്ക് കുടിക്കാനായി വെള്ളമില്ല. ഇവിടെ കൃഷിയിടങ്ങൾ ഇല്ലെങ്കിൽ എനിക്ക് കഴിക്കാനായി ഭക്ഷണമില്ല  ഈ ഭൂമിയില്ലെങ്കിൽ എനിക്ക് ജീവിതം തന്നെയില്ല. 

        ഒരൊറ്റ വീട് ... ഒരൊറ്റ ജനത .., ഒരൊറ്റ ഭൂമി 

ഈ ഭൌമ ദിനം ഒരു ഓർമ്മപ്പെടുത്തലാണ്

        ആ ഒരു തിരിച്ചറിവോട് കൂടി നമുക്കിനി ജീവിക്കാം ..  ഇല്ലെങ്കിൽ ?

        ഈ കോർപ്പറേറ്റ് ലോകത്തിൽ ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടി  തീയ്യിൽ കരിഞ്ഞു വീഴുന്ന ഈയ്യാം പാറ്റകളെപ്പോലെ ഈ മനുഷ്യകുലം ചാമ്പലാകും .


         

0 അഭിപ്രായങ്ങള്‍