പിൻതിരിഞ്ഞു നടന്ന് കാലച്ചക്രത്തെ വീണ്ടും പുറകിലേക്ക് തിരിച്ചു വെക്കാൻ എനിക്കാവില്ല .

         നടന്നു തീർത്ത വഴികളാണ് അതെല്ലാം , തിരശ്ശീലയുടെ പുറകിലേക്ക് മാഞ്ഞു പോയവ . സമയമാപിനി മുന്നോട്ട് തിരിയുമ്പോൾ നടന്നു തീർക്കാൻ പുതുവഴികൾ ഏറെയുണ്ട് .

            നൊസ്റ്റാൾജിയുടെ ഭാണ്ഡവും പേറി നടന്നു തീർത്ത വഴികളിലേക്ക് പിൻതിരിഞ്ഞു നടക്കുമ്പോൾ ഞാനൊരു വിഡ്ഢിയാകുന്നു . കാലത്തിനൊപ്പം ഓടുന്നവനേ  കാലത്തിനു മീതേ  പറക്കാനാകൂ.

        ചിറകുകൾ പറക്കാനുള്ളതാണ് ,അതൊരു കവചവും തണലും കൂടിയാണ്

       നൊസ്റ്റാൾജിയ ഒരു ഫീലിംഗാണ്  കഴിഞ്ഞു പോയതിനെ ഓർക്കുന്ന ഹൃദയത്തിന്റെ ഒരു വികാരം .

         ആ വികാരത്തിലൂടെ മനസ്സ് നമുക്ക് സമ്മാനിക്കുന്നത് പോയ കാലഘട്ടത്തിന്റെ സുഖമുള്ള നനുത്ത കുറെ ഓർമ്മകൾ

          ഓർമ്മകൾ സുഖകരങ്ങൾ ആണ്  പോയകാലത്തിൽ ജീവിക്കാനാകില്ല , ഇന്നിലേ ജീവിതമുള്ളൂ  ഭാവിയിൽ പ്രതീക്ഷയാണുള്ളത് .

           വെട്ടിപ്പിടിച്ചതും, നേടിയതുമെല്ലാം വർത്തമാനകാലത്തിന്റെ പ്രസക്തി .അതിനെ പുറകിലുപേക്ഷിച്ച് പോയകാലത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അതിന് പ്രസക്തിയില്ലാതാകുന്നു .

          കാലത്തിന്റെ സമയമാപിനിയിൽ പോയകാലങ്ങൾ എപ്പോഴും ഭൂതങ്ങൾ മാത്രമാണ് .

              ഭൂതകാലത്തെ  സ്നേഹിക്കാം  പക്ഷേ അതിൽ ജീവിക്കരുത് .

               ഭാവിയാണ് പ്രതീക്ഷ ,  വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക്  കൂടുമാറുമ്പോൾ അവിടെ നഷ്ടങ്ങൾക്ക് പ്രസക്തിയില്ല .

               വീണ്ടും പ്രതീക്ഷകളുടെ പുതു നാമ്പുകളുമായി ഭാവികൾ മുന്നിലുള്ളപ്പോൾ   മുന്നോട്ട് തന്നെയാണ് ആർജ്ജവം .

           ഭാവിയെ സ്നേഹിക്കൂ, വർത്തമാനകാലത്തിൽ ജീവിക്കൂ, ഭൂതകാലത്തെ  മറന്നേക്കൂ 

            മോഹങ്ങളുടെ  ആയിരമായിരം വർണ്ണങ്ങൾ മുന്നിലുള്ളപ്പോൾ  കഴിഞ്ഞ കാലത്തെയോർത്ത്  വിലപിക്കുന്നതെന്തിന് ?

             പ്രതീക്ഷകളാണ് ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത്  അതില്ലെങ്കിൽ കാലം തന്നിൽ തന്നെ പിടിച്ചുകെട്ടപ്പെടും .

          ഓരോ തിരയും തീരത്തോട് ചേർന്ന് അവസാനിക്കുന്നു ,എങ്കിലും തിരകൾ  വീണ്ടും വീണ്ടും തീരത്തെ പുൽകിക്കൊണ്ടിരിക്കുന്നു .

         പരിശ്രമം അനുസ്യൂതമാണ് , അവിരാമവും  അതിനു വേണ്ടത് ലക്ഷ്യംതന്നെയാണ് .

അതിനു ഉന്നം വേണം .

          ഉന്നത്തിന് എപ്പോഴും ഒരു കണ്ണാണ് നല്ലത്  രണ്ടു കണ്ണുകൾ ഉന്നത്തെ പലതാക്കുന്നു  ലക്ഷ്യത്തെ വിഭജിക്കുന്നു .

           ഉന്നം പിടിക്കുമ്പോൾ  ലക്ഷ്യം മാത്രമേ കാണുന്നുള്ളൂ  അവിടെ മാർഗ്ഗത്തിനു പ്രസക്തിയില്ല  ലക്ഷ്യം തന്നെ പ്രധാനം .

0 അഭിപ്രായങ്ങള്‍