ആരാ വരണേന്ന് പറഞ്ഞത്?

ആകാംഷ അടക്കാനാവാതെയാ പാക്കരൻ ചേട്ടൻ മെമ്പറ് സുകേശനോടത് ചോദിച്ചത് 

വേട്ടൈക്കാരൻ  നായുണ്ണി 

അതാരാ സുകേശാ വേട്ടൈക്കാരൻ  നായുണ്ണി ? 

എന്റെ ചേട്ടാ  നായ്ക്കളുടെ ശല്യം  മറന്നോ?  അവറ്റകളെ വെടിവെച്ച് കൊല്ലാൻ വേണ്ടി വരുന്ന വേട്ടക്കാരന്റെ പേരാണ് നായുണ്ണി

ഇതെന്ത് പേരാണെടാ ഉവ്വേ നായുണ്ണിയോ ?

എന്റെ ചേട്ടാ അത് ഞാനിട്ട  പേരല്ല 

സുകേശൻ തന്റെ നയം വ്യക്തമാക്കി  

ഒറിജനൽ പേര് കുഞ്ഞുണ്ണിന്നോ മറ്റോ ആണ് ചില വിരുതൻമാര് കളിയാക്കാനിട്ട പേരാണെന്നും അതോ എല്ലാവരും പേടിക്കാൻ വേണ്ടി കുഞ്ഞുണ്ണി തന്നെ തന്റെ പേരിനെ വേട്ടക്കാരൻ നായുണ്ണീന്നാക്കിയതാണെന്നും പറയപ്പെടുന്നുണ്ട് 

അവറാൻ ചേട്ടനാണ് അതൊന്നുകൂടി വിശദീകരിച്ചു കൊടുത്തത് 
   
എന്റെ അവറാനെ , അതിന് നായുണ്ണിന്ന് കേട്ടാ ആരെങ്കിലും പേടിക്കോ നായ്ക്കള് പോയിട്ട് എലികള് വരെ  ചിരിക്കല്ലേ ചെയ്യാ?    

പാക്കരൻ ചേട്ടന്റെ ആ സംശയത്തിനു മുന്നിൽ സുകേശനും, അവറാൻ ചേട്ടനും  കൈമലർത്തി .

നായുണ്ണിന്ന് കേട്ടാ നായ്ക്കള് പേടികൊണ്ട് തലചുറ്റി വീഴുത്രേ 

ചായ കുടിക്കാൻ വന്ന വാറുണ്ണിയാ അത് വിളിച്ചു പറഞ്ഞത് 

പേടി കൊണ്ടാവില്ല  അവറ്റകള് ചിരിച്ച്,  ചിരിച്ച് ബോധം കെട്ട് വീഴണതാവും .

വാറുണ്ണി പറഞ്ഞത് സത്യമായിരുന്നു  

വേട്ടക്കാരൻ നായുണ്ണീന്ന് കേട്ടയുടനെ വാറുണ്ണിടെ നായ അന്തപ്പൻ അന്തം വിട്ടപോലെ മേലോട്ട് നോക്കി  കുഴഞ്ഞു വീണു ചത്തൂത്രേ, 

ആ പാവത്തിന് നായുണ്ണിയുടെ പേര് കേട്ട ഉടനെ ഹാർട്ടറ്റാക്ക്  വന്നതായിരുന്നു.

അതോടെ നായുണ്ണിക്ക് ഒരു ഉണ്ട ലാഭായി പാവം അന്തപ്പൻ ഒരു അന്തോം കുന്തോം ഇല്ലാണ്ടാ  ചത്തത് 

അതെന്തിനാ  മേലോട്ട് നോക്കി നിന്നത് ? ജീവൻ പോണത് നോക്കീതാ  ഇതൊക്കെ ഓരോരുത്തര് പുളുവടിക്കണതല്ലേ  ഓരോ ഉഡായിപ്പുമായിട്ട് ഇറങ്ങിക്കൊള്ളും.

പാക്കരൻ ചേട്ടന്  ഈ പറയുന്നതൊന്നും അപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 

ആയ് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണെന്ന്  വാറുണ്ണി ആണയിട്ട് പറഞ്ഞിട്ടും എന്തോ പാക്കരൻ ചേട്ടനൊരു സംശയം  

ഞങ്ങളുടെ പഞ്ചായത്തില് ഇതുപോലെ നായ്ക്കളുടെ ശല്യം അധികരിച്ചപ്പോ നായുണ്ണി വന്ന് ആ ഏരിയേലേ മൊത്തം നായ്ക്കളെ തട്ടി പഞ്ചായത്തന്നെ  ക്‌ളീനാക്കി കൊടുത്തുത്രേ .

ഇതിന് അനുബന്ധമായിട്ട് ഒരു കാര്യം കൂടി വാറുണ്ണി പറഞ്ഞു വെച്ചു   റേഷൻ കടക്കാരൻ  സതീശൻ  രാത്രി മൂത്രമൊഴിക്കാൻ പോയപ്പോ  നായുണ്ണീടെ വെടി കൊണ്ട് ചത്തു പോയേനേ ഭാഗ്യം കൊണ്ടാ അന്ന് സതീശൻ രക്ഷപ്പെട്ടത്  

അയ്യോ , മൂത്രമൊഴിച്ചാ  നായുണ്ണി കൊല്ലോ  ?

സതീശൻ  ഇരുട്ടത്തിരുന്നീട്ടാ  മൂത്രമൊഴിച്ചോണ്ടിരുന്നത് പേടി മാറാനായിട്ട്  ചെറുതായിട്ട് മൂളിപ്പാട്ടും പാടുന്നുണ്ടായിരുന്നു ആ പാട്ടിന്റെ ശബ്ദം കേട്ടാ   നായുണ്ണി കാഞ്ചി വലിക്കാൻ നോക്കിയത് . 

നായുണ്ണി കരുതിയത് ഏതോ നായ മൂളുന്നതാണെന്നാ 
 
സതീശൻ വേഗം വിളിച്ചു പറഞ്ഞതു  കാരണാ അന്ന് വെടി കൊണ്ട് ചാവാതെ രക്ഷപ്പെട്ടത് 

ഞാനൊരു  മനുഷ്യനാണെന്നാ സതീശൻ വിളിച്ചു പറഞ്ഞത്   

 അടയാളമായിട്ട്  ഒരു  ചുമയും ചുമച്ചൂ

സത്യത്തില്  അവന്റെ ചുമ കേട്ടാ പട്ടി കുരക്കാണന്നേ തോന്നൂ

നായുണ്ണി തോക്കും ചൂണ്ടി  ഉന്നം പിടിച്ചതാ,  തോക്കു ചൂണ്ടിക്കഴിഞ്ഞാ പിന്നെ വെടി പൊട്ടിക്കാതെ നായുണ്ണി അടങ്ങില്ല . 

സതീശൻ കാലില് വീണ് കരഞ്ഞ കാരണമാ  വെറുതേ വിട്ടത് .  

ഇനി  രാത്രി മൂത്രമൊഴിക്കരുതെന്ന് വാണിംഗ് കൊടുത്തിട്ടാ നായുണ്ണി പോയത്

അന്ന് തൊട്ട് സതീശന് ഇരുട്ടായാ അപ്പ മൂത്രമൊഴിക്കാൻ  തോന്നും അവസാനം നായുണ്ണി പോണവരേക്കും ഏതോ ബന്ധുവീട്ടില് പോയി നിൽക്കായിരുന്നു,  ആ പാവം 

പേടിക്കാൻ വേണ്ടി ആരെങ്കിലും  നായുണ്ണിന്ന് പേരിടോ ? നമുക്ക് പണിയാവോ സുകേശാ? നായ്ക്കളെ വെടിവെച്ച് കൊല്ലാൻ വന്നവനെ അവസാനം നായ്ക്കള് തന്നെ  കടിച്ചു കൊല്ലോ ?

നിങ്ങള് കരിനാക്ക് വളച്ച് ഒന്നും പറയല്ലേ എന്റ പാക്കരൻ ചേട്ടാ   .

എന്തായാലും നീ ചെയ്തത് ഒരു നല്ലകാര്യം തന്ന്യാ സുകേശാ,  റോട്ടീക്കൂടെ നടക്കാൻ തന്നെ  പറ്റാണ്ടായിക്കുണൂ ,അത്രക്കല്ലേ ഈ നായ്ക്കളെക്കൊണ്ടുള്ള തൊന്തരവ് , എന്തോരം പേര്യാ ദിവസോം പിടിച്ച് കടിക്കണേ ?

മ്മടെ അവറാനെ ഇന്നാളല്ലേ കടിച്ചത്?  

ചായക്കടക്കാരൻ പാക്കരൻ ചേട്ടനത് പറയലും അവറാൻ ചേട്ടൻ ചാടിയെഴുന്നേറ്റതും ഒരുമിച്ചായിരുന്നു

എന്നെ തേങ്ങ കടിച്ചു?  ഒറ്റ ചവിട്ടിനാ  അവൻ വാലും ചുരുട്ടിക്കൊണ്ട്  ഓടിയത്.

ഒന്ന് പോ എന്റെ മാപ്ലേ അന്ന്  തന്റെ കരച്ചില് കള്ള് ഷാപ്പ് വരെ കേട്ടതാണല്ലോ? താനാ നായേടെ  കാല് പിടിച്ചു വരെ കരഞ്ഞതല്ലേടോ അവറാനെ?

എന്നെ കടിക്കല്ലടാ മോനേ എനിക്ക് തെങ്ങ് ചെത്താനുള്ളതാണെന്നും പറഞ്ഞ്

എന്നിട്ട് ഇപ്പം നിന്ന് പുളുവടിക്കുന്നു .

താനാ ആ മുണ്ടോന്ന് പൊക്കിയേ നായ കടിച്ചു കീറിയ പാട് ഇപ്പഴും കാണാം .

അത് നായ കടിച്ചതൊന്നുമല്ല

പിന്നേ? 

ഉറുമ്പ് കടിച്ചതാ  

അതും പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി 

കാശ് കൊടുത്തിട്ട് പോടോ മാപ്ളേ

താൻ പോയി നായോട് ചോദിക്ക് 

കാശ് താടാ പട്ടിന്നൊരു വാക്ക് പാക്കരൻ ചേട്ടന്റെ വായിൽ ഉരുണ്ട് കേറി വന്നതായിരുന്നു 

അവറാൻ ചേട്ടൻ തെങ്ങ് ചെത്തണ കത്തിയും പിടിച്ച് ഒന്ന് തിരിഞ്ഞതോടെ 

പട്ടീ ടെ ''ട്ടീ '' മാത്രം പാക്കരൻ ചേട്ടൻ വായിലിട്ട്  കടിച്ചു പൊട്ടിച്ചു കളഞ്ഞു 

അവറാൻ ചേട്ടനെ കൂടുതൽ പ്രകോപിപ്പിച്ച് വെറുതെ ആ കത്തിക്ക് പണി ഉണ്ടാക്കേണ്ടന്നുള്ള  ബുദ്ധിയുടെ പുറത്തായിരുന്നു പാക്കരൻ ചേട്ടനത് കടിച്ചു പൊട്ടിച്ചത് 

അവറാൻ ചേട്ടൻ ചില സമയത്ത്  ഒരു,  ഒരുപോക്ക് സ്വഭാവം കാണിക്കും ആരാണെന്നും , എന്താണെന്നും ഒന്നും  നോക്കത്തില്ല 

അല്ലെങ്കി തന്നെ വലിവിന്റെ അസുഖം ഉള്ള കാരണം പാക്കരൻ ചേട്ടന്  തന്നെ നിക്കാൻ പറ്റത്തില്ല .

ഒരു പ്രാവശ്യം ചായ കൊടുക്കുമ്പോ പെട്ടെന്ന് വലിവ് കൂടി തമിഴൻ മുരുകന്റെ മടിയിലേക്കാ ചൂടു ചായ ഗ്ളാസ്സടക്കം  ഇട്ടത് , പാവം മുരുകന്റെ കണ്ണീക്കൂടെ ഒരുപാട് തമിഴൻ ഈച്ചകൾ ചിറകടിച്ചു  പറന്നു പോയി

സത്യത്തില് പാക്കരൻചേട്ടൻ ഡെസ്ക്കുമ്മെ വെക്കാൻ നോക്കീതായിരുന്നു  പക്ഷേ വലിവ് കൂടിയ കാരണം കൈ വിറച്ചതുകൊണ്ടാ ഇങ്ങനെ പറ്റിയത് 

കാപ്പാത്തുങ്കോ ന്നും  അലമുറയിട്ടോണ്ടാ മുരുകനന്ന് ഓടിയത്  

മുരുകന്റെയാ പാച്ചിൽ കണ്ടതോടെ  റോമു കരുതിയത് അവൻ എന്തോ എടുത്തിട്ട് ഓടുന്നതാണെന്നാ അതോടെ  അവൻ പിന്നാലെ പോയി മുരുകന്റെ മൂട്ടില് ഒരു കടീം വെച്ചു കൊടുത്തു

എന്റെ  മുരുകാ ..'' ന്ന് ഒറിജിനൽ മുരുകനെ വിളിച്ച് മുരുകൻ കരഞ്ഞു

അതീപ്പിന്നെ കുറേ നാളത്തേക്ക് മുരുകൻ ചായ കുടിക്കാൻ  വരത്തില്ലായിരുന്നു .

ഗ്രാമത്തില്  നായ്ക്കളുടെ ശല്യം വല്ലാതെ അധികരിച്ചിരുന്നു
 
പേപ്പറുകാരൻ   പൌലോസിനെ കടിച്ചു,  മീൻകാരൻ മമ്മദിനെ  ഓടിച്ചിട്ട്‌ കടിച്ചതും പോരാഞ്ഞ് കുട്ടേലുള്ള മീൻ മുഴുവനും നായ്ക്കള് തിന്നു .

നായ്ക്കള് കടിക്കാൻ വന്നതോടെ സൈക്കിളും മീൻകുട്ടയും ഉപേഷിച്ച്            ഓടിയ  മമ്മദ്  ഒളിച്ചിരുന്നത് പലചരക്ക് കടക്കാരൻ സ്പ്രൂന്റെ കുളിമുറീലായിരുന്നു ഈ സമയത്തായിരുന്നു സുപ്രുവിന്റെ  ഭാര്യ രമണി കുളിക്കാനായി താളിയും തൂക്കിയെടുത്തു  വന്നത് 

മമ്മദിന്റെ കഷ്ടകാലം,  ഇതേ സമയം തന്നെയായിരുന്നു സ്പ്രൂന് കടേന്ന് വരാനും തോന്നിയത്   

രമണിയുടെ ഓളി കേട്ട് നോക്കിയ സുപ്രു കണ്ടത് കുളിമുറീല്  ട്രൗസർ മാത്രം ഇട്ടു നിൽക്കുന്ന മമ്മദിനെ

അരുതാത്ത ചിന്തകളുടെ വലിയൊരു വേലിയേറ്റം തന്നെ സുപ്രുവിന്റെ മനസ്സിലൂടെ ക്ഷണനേരത്തിനുള്ളിൽ  കടന്നുപോയി   

അല്ലെങ്കീ തന്നെ സുപ്രുവിന് സംശയം വേണ്ടുവോളമുണ്ട്  

രമണിയെ ടെസ്റ്റ് ചെയ്യാൻ വേണ്ടീട്ടാ സുപ്രു  ഇടക്കിടക്ക് കടേന്ന് വരുന്നത്  

രമണിയോട്  ചരക്കെടുക്കാൻ  അങ്ങാടീല് പോവാണെന്നും പറഞ്ഞ്  ചാക്കെടുക്കാൻ മറന്നുവെന്നും പറഞ്ഞു  വീട്ടിലേക്ക് തിരിച്ചു വരും

കട്ടിലിന്റെ അടിയിലും അലമാരയുടെ പുറകിലും ഒക്കെ നോക്കിയിട്ടേ വീണ്ടും തിരിച്ചു പോകത്തുള്ളൂ 

മമ്മദിനെ അന്ന്  സുപ്രു കുറെ ഇടിച്ചൂ രമണിയെ ഇടിക്കാൻ നോക്കിയപ്പോഴേക്കും രമണി ജീവനും കൊണ്ടോടി മുറിയിൽ കയറി  ഭാര്യക്ക് വെച്ച ആ ഇടി കൂടി മമ്മദിനു ബോണസായി കിട്ടി.

വീട്ടിൽ ചെന്നപ്പോ നാണമില്ലേ മനുഷ്യാന്നും ചോദിച്ചോണ്ട്  ഭാര്യ സുഹറേടത്തിയുടെ  കയ്യീന്നും മമ്മദിന്  ഇടി കിട്ടി

ഞാൻ പട്ടി കടിക്കാൻ വന്നപ്പോ ഓടിയതാടിന്ന് മമ്മദ് കരഞ്ഞു പറഞ്ഞിട്ടും സുഹറേടത്തി വിശ്വസിച്ചില്ല 

നിങ്ങളിനി പട്ടി കടിക്കാൻ വരുമ്പോ കുളിമുറിയിലേക്ക് ഓടോ?

ഇല്ല്യാ മൂധേവി ഇനി പട്ടി കടിക്കാൻ വരുമ്പോ ഞാൻ  കുളത്തില്  ചാടി ചത്തോളാം

പാവം മമ്മദിന് അന്ന് അടിയുടെ പെരുന്നാളായിരുന്നു ,  പട്ടി കടിയായിരുന്നു ഇതിനേക്കാൾ ഭേദമെന്നാ മമ്മദ് പറഞ്ഞത് 

സുപ്രുന്റെ ഭാര്യേയെ കാണാൻ ഇത്രക്കും ഭംഗിയാണോ ?

ഒരു ദിവസം രാത്രി സ്വന്തം ഭാര്യയെ കണ്ട്  സുപ്രു തന്നെ  പേടിച്ചു നിലവിളിച്ചതാ  അയ്യോ യക്ഷീ ന്നും  പറഞ്ഞ്  

പിന്ന്യാ അമളി മനസ്സിലായത് .

സംശയം അധികരിച്ചതോടെ  ഈ നാട് മൊത്തം പൂവാലന്മാരാ  സ്വസ്ഥമായി ജീവിക്കാൻ പറ്റുന്നില്ലായെന്നും പറഞ്ഞ് സുപ്രു പലചരക്കു കടയും പൂട്ടി ഇപ്പൊ രമണിക്ക് കാവലായി വീട്ടിലിരുപ്പാണ്.

ഇവറ്റകളെയൊക്കെ വെടിവെച്ചു തന്നെ കൊല്ലണം .

ആരെ സുപ്രുന്യാ ?

സുപ്രുവാ ആൾക്കാരെ കടിക്കണത്?  ഈ നായ്ക്കളെ 

അപ്പോ നായുണ്ണി വന്നാ നമ്മടെ റോമൂനേം വെടിവെച്ച് കൊല്ലോ ?

തമിഴൻ മുരുകന്റെയാ സംശയം കേട്ട്  റോമു ഞെട്ടി അവന്റെ നെഞ്ചിലാണ് വെടിയുണ്ട പോലെ ആ വാക്കുകൾ തറച്ചത് .

മര്യാദക്ക് അടങ്ങിയൊതുങ്ങിയിരുന്നില്ലെങ്കിൽ റോമൂനേം വെടിവെക്കും.

സുകേശൻ ഒളികണ്ണിട്ട് റോമുനേ നോക്കിക്കൊണ്ടാണ് അങ്ങിനെ പറഞ്ഞത് .

കാരണം റോമൂന് രാത്രി സമയങ്ങളിൽ  സർക്കീട്ട് ഇച്ചിരി കൂടുതലാ  അസമയങ്ങളിൽ   സംശയകരമായ പല സാഹചര്യങ്ങളിലും  ഞങ്ങളവനെ  കണ്ടിട്ടുണ്ട്

പല ലോക്കൽ ജൂലിയറ്റുമാരും റോമൂന്റെ ലൗവ് ലിസ്റ്റിലുണ്ട്  അവരെ കാണാനാണ് ഈ  രാത്രി സഞ്ചാരം  ഒരു റോമിയോ പോലെയാണ് അവന്റെ നടപ്പും ,ഭാവവും .

റോമു ദയനീയമായി പാക്കരൻ ചേട്ടനെ നോക്കി .

ഇനി പുറത്തേക്കിറങ്ങുന്ന പ്രശ്നമില്ലെന്ന് അതോടെ റോമു മനസ്സിൽ പ്രതിജ്ഞയെടുത്തു .

കാമുകിമാർക്കു വേണ്ടി നായുണ്ണിയുടെ തോക്കിലെ ഉണ്ട കൊണ്ട്  ചാവാൻ തനിക്കു വയ്യ .

കാമുകിമാരെ പിന്നേയും കിട്ടും , പക്ഷേ ജീവൻ ഒന്നേയുള്ളൂ .

ഒരു ധൈര്യത്തിനായി റോമു പാക്കരൻ ചേട്ടന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിക്കിടന്നു .

തന്റെ പല ലൌവേഴ്സും നായുണ്ണിയുടെ വെടിയേറ്റ് വീഴുന്നത് മനക്കണ്ണിൽ കണ്ട്  റോമു ഞെട്ടി .

പക്ഷേ അതിലും അവന് സന്തോഷം കൊടുത്ത മറ്റൊരു കാര്യം  അവന്റെ പ്രധാന എതിരാളി ഗൾഫുകാരൻ ഭാസ്കരന്റെ നായ ഡിങ്കു ,ഡോബർമാൻ
      
ഒരു ഒന്നൊന്നര ആജാനുബാഹു .

റോമുവിന്റെ പ്രധാന എതിരാളി ,  റോമൂനേക്കാൾ സുന്ദരൻ ,സിക്സ് പാക്ക് , ജിം ബോഡി അവനാണ് ലൌവേഴ്സ് കൂടുതൽ . 

റോമു കഷ്ടപ്പെട്ട് വളക്കുന്ന പല സുന്ദരിമാരും അവസാനം കാലുമാറി ഡിങ്കുവിന്റെ അടുത്തേക്ക്  പോവും .

ഡിങ്കുവിന്റെ ഒരു നോട്ടത്തിനായി ഗൾഫു കാരൻ ഭാസ്കരേട്ടന്റെ വീടിനു മുന്നിൽ  ലൌവേഴ്സിന്റെ നിലവിളിയാണ് .

ഇതിൽ റോമൂന് നല്ല അമർഷമുണ്ട്, അമർഷമല്ല സത്യത്തിലത്  അസൂയയാണ് .

പക്ഷേ ഡിങ്കുവുമായി ഏറ്റുമുട്ടാനുള്ള ധൈര്യവും ,കെല്പും റോമൂനില്ല .

നായുണ്ണിയുടെ വെടിയേറ്റ് ഡിങ്കു വീഴുന്ന രംഗം കണ്ടപ്പോൾ  ആ പേടിക്കുള്ളിലും റോമുവിന്റെ മനസ്സിൽ  ചിരി പൊട്ടി .

ഡിങ്കുന്റെതു പോലെ മസില് വരാനായി റോമു കൊറേ നോക്കിയതാ ദിവസവും മുട്ട  കഴിച്ചാ  മസിലു വരുന്നും കേട്ട് , അന്നമ്മ  ചേടത്തി വളർത്തുന്ന കോഴീടെ മുട്ട കട്ടു കുടിച്ചു , ഒരു നാള്  ചേടത്തി കൈയ്യോടെ പൊക്കി 

റോമുന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കള്ള നായേന്നും  പറഞ്ഞ് രണ്ടിടി  പാക്കരൻ ചേട്ടൻ വന്നതു കാരണാ അന്ന്  ജീവൻ പോവാതെ റോമു രക്ഷപ്പെട്ടത്

അതോടെ മസിലു വരുത്തുന്ന പരിപാടി റോമു നിറുത്തി  

ചിലപ്പോ പുഴ നീന്തിക്കടന്നായിരിക്കുംനായുണ്ണി വരാന്ന് മെമ്പറ് സുകേശൻ പറഞ്ഞതു കേട്ട് എല്ലാദിവസും നാട്ടുകാർ പുഴക്കരയിൽ പോയി നിൽക്കുക പതിവായിരുന്നു  

ഭാര്യ തുണി അലക്കാൻ പോയപ്പോ കൂടെപ്പോയ സുപ്രു  നാട്ടുകാരെ മുഴുവൻ പുഴക്കരയിൽ കണ്ട് ഞെട്ടി ഇവിടേം സമാധാനം തരത്തില്ലെന്നും ചോദിച്ച് സുപ്രു,  ഭാര്യയേയും കൊണ്ട് വേഗം വീട്ടിപ്പോയി

ഒരു ദിവസം ആരോ നീന്തി വരണൂന്നും കേട്ട് എല്ലാവരും പുഴക്കരേലിക്ക് ഓടി  കള്ളൻ രാമുവായിരുന്നു അത് 

അപ്പുറത്തെ കരേന്ന് ആരാണ്ടൊക്കെ ഓടിച്ച് പുഴേ ചാടിച്ചതാ ഇപ്പറത്തെ കരേലും നാട്ടാരെ കണ്ടതോടെ  രാമു പേടിച്ചു പാവത്തിന്  അങ്ങോട്ടും ഇങ്ങോട്ടും കേറാൻ പറ്റാതെ  എന്നെ രക്ഷിക്കണേയെന്ന്  അലമുറയിട്ട് കരയുന്നുണ്ടായിരുന്നു  .

അവസാനം കൈയ്യും , കാലും കുഴഞ്ഞ മുങ്ങിപ്പോയ രാമുവിനെ  ആരാണ്ടൊക്കെയാ ചേർന്ന് പൊക്കിയെടുത്തോണ്ട് വന്നത് അതോടെ രാമു നല്ലവനായി

ഒടുവിൽ നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്  നായ്ക്കളെ വെടിവെച്ച് കൊല്ലാനുള്ള തോക്കും ചുമലിലേറ്റി നായുണ്ണി ബസ്സിറങ്ങി .

നായുണ്ണിയുടെ വരവ് അറിഞ്ഞതോടെ ജീവനിൽ  കൊതിയുള്ള  ശ്വാനൻമാരെല്ലാം ജീവനും കൊണ്ടോടി .

നായുണ്ണിയല്ല , പോത്തുണ്ണി വന്നാലും പേടിക്കില്ലെന്നും പറഞ്ഞ് മസം പിടിച്ചു നിന്ന  കണാരന്റെ നായ ചിക്കു ഒറ്റ വെടിക്ക് പരലോകവാസിയായി .

റോമൂന് പേടിച്ചിട്ട്‌ പനി വന്നു  അവൻ കൂട്ടീന്ന് പുറത്തേക്കേ  ഇറങ്ങാതായി  അഴിക്കുള്ളിലൂടെ അവൻ തന്റെ രണ്ടു കണ്ണുകൾക്കും ഫുൾ ടൈം  ഡ്യൂട്ടി കൊടുത്തു .

ഏതു സമയത്തും തോക്കുമായി നായുണ്ണി വരുന്നു  കൂടു തുറക്കുന്നു

ട്ടേ  ..ട്ടേ .വെടിവെക്കുന്നു  

കൈകൾ ഉയർത്തി അരുതേയെന്ന് കരയുന്നതിനും മുമ്പേ  ഉണ്ട നെഞ്ചിൽ തറച്ച് താൻ വീഴുന്നു
 
ഭീകര സ്വപ്‌നങ്ങൾ റോമുവിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു .

അന്ന് പാക്കരന്റെ ചായക്കടയിൽ  എല്ലാവരും ഇരിക്കുമ്പോഴാണ് അവറാൻ ചേട്ടൻ നായുണ്ണിയെ നോക്കി ആ ഉണ്ടായില്ല വെടി പൊട്ടിച്ചത് .

നിങ്ങൾക്ക് നായുണ്ണിന്ന് പകരം കോന്തുണ്ണിന്ന് പേരിടാഞ്ഞത് ഭാഗ്യം 

അത് പറഞ്ഞുകൊണ്ട്  അവറാൻ ചേട്ടൻ പൊട്ടി പൊട്ടിചിരിച്ചു .

ഞങ്ങളാരും ചിരിച്ചില്ല  

നായുണ്ണിയുടെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു .

അതങ്ങനെ ചുവന്നു ,  ചുവന്ന്  കറുത്ത നായുണ്ണി ചുവന്ന  നായുണ്ണിയായി .

മീശ നൂറാ നൂറിൽ വിറച്ചുകൊണ്ടിരിക്കുന്നു .

പട്ടി കടിക്കാൻ വന്നതുപോലെയുള്ള നായുണ്ണിയുടെ ആ ഭാവമാറ്റം കണ്ട് അവറാൻ ചേട്ടൻ ഉള്ളിൽ വിറച്ചു

ഒരു നിർദ്ധോഷ ഫലിതമേ അവറാൻ ചേട്ടൻ അതിലൂടെ  ഉദ്ദേശിച്ചുള്ളൂവെങ്കിലും അതിലൂടെ ഒരു വെടിയുണ്ട ചോദിച്ചു വാങ്ങിയതു പോലെയാണ് അവറാൻ ചേട്ടന് തോന്നിയത്   

നായുണ്ണി ഡെസ്കിൽ ആഞ്ഞൊരടി 

ആ  അടിയുടെ ശക്തിയിൽ ചായഗ്ലാസ്സ് റബ്ബർ പന്ത് പോലെ തെറിച്ചു ഉത്തരത്തിൽ പോയി മുട്ടി ചായ ആറ്റിക്കൊണ്ടിരുന്ന പാക്കരൻ ചേട്ടന്റെ  തലയിലേക്കു വീണു അതോടെ പാക്കരൻ ചേട്ടന്റെ അടിവയറ്റിന്ന് ഒരു ഉണ്ടൻ തെറി ഉരുണ്ട് കേറി തൊണ്ടയോളമെത്തിയതായിരുന്നു  നായുണ്ണീടെ കൈയ്യിലെ തോക്ക് കണ്ടതോടെ പാക്കരൻ ചേട്ടനത് അങ്ങനെത്തന്നെ വിഴുങ്ങി 

ഒരന്തോം കുന്തോം ഇല്ലാത്തൊനാണ് ആ തോക്ക്  നീട്ടി  വെറുതേ ഒന്ന്  കാഞ്ചി വലിച്ചാൽ  മതി അതീന്ന് വരുന്ന കാറ്റു കൊണ്ടെന്നെ നമ്മടെ കാറ്റു പോകും അതിനായി നായുണ്ണിക്ക് ഒരു ഉണ്ട പോലും വേസ്റ്റാക്കണ്ടാ.

നായുണ്ണി ഒരു അക്രമാസക്തനായതോടെ അവറാൻ ചേട്ടന്റെ വിറ അധികമായി തമാശ പറഞ്ഞതായിരുന്നു പക്ഷേ വിചാരിച്ച പോലെയല്ല അതേറ്റത്  കളി കാര്യമായി വഴീക്കൂടെ പോയ അടി വെറുതേ ചോദിച്ചു വാങ്ങി

അനവസരത്തിലല്ല  ഇനി ജീവിതത്തിൽ പോലും  തമാശ പറയത്തില്ലെന്ന് അവറാൻ ചേട്ടൻ പ്രതിജ്ഞയെടുത്തു  

അടിച്ചാലും കുഴപ്പമില്ല വെടി വെക്കാതിരുന്നാ മതിയായിരുന്നു 

ഞങ്ങൾ  പതുക്കെ എഴുന്നേറ്റു  ഇന്നിവിടെ എന്തെങ്കിലും നടക്കും .

നായുണ്ണിയുടെ തോക്ക് അവറാൻ ചേട്ടന്റെ നേർക്ക് നീണ്ടു .

അവറാൻ ചേട്ടൻ സഹായത്തിനായി ഞങ്ങളെ നോക്കി  ഞങ്ങൾ പുറത്തോട്ട്  നോക്കി .

നായുണ്ണിയുടെ തോക്കിൽ നിന്ന് ഒരു ഉണ്ട ഇപ്പോൾ  പുറത്തേക്ക് പായും അതോടെ  അവറാൻ ചേട്ടൻ  കള്ള് ചെത്താത്ത ലോകത്തിലേക്ക് പോകും .

അവറാൻ ചേട്ടന് ഉറക്കെ കരയണമെന്നുണ്ട് പിഴച്ച നാക്ക് ജീവനും കൊണ്ടേ പോകൂ  ആ തമാശ പറയേണ്ടിയിരുന്നില്ലെന്ന് അവറാൻ ചേട്ടന് തോന്നി വേണമെങ്കിൽ സ്വയം പറഞ്ഞ് ഉള്ളിൽ ചിരിച്ചാൽ മതിയായിരുന്നു  .

ഇനി പറഞ്ഞിട്ട് കാര്യമില്ല
 
തമാശ പറഞ്ഞതിന് വെടി കൊണ്ട് ചത്ത ആദ്യ വ്യക്തി താനായിരിക്കും

വെടികൊണ്ടാ  നല്ല വേദന എടുക്കാവോ ? അവറാൻ ചേട്ടന് ഭാര്യ ഒറോത  ചേടത്തിയെ ഒന്ന് കാണണമെന്ന് തോന്നി .

ഞാനൊരു  തമാശ പറഞ്ഞതല്ലേ  നായുണ്ണി സാർ  അവറാൻ ചേട്ടൻ വിക്കി, വിക്കിയാ പറഞ്ഞത്

ആ സാറെന്ന വിളിയിലൂടെ നായുണ്ണിയെ ഒന്ന് പൊക്കി വെക്കാൻ അവറാൻ ചേട്ടൻ ഒരു അവസാന ശ്രമം നടത്തി നോക്കി അതിലൂടെ ആ ഉണ്ട ഒഴിവായി കിട്ടുകയാണെങ്കിലൊ 

റോമു കൂട്ടിൽ ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട്  നിൽക്കുകയാണ് .

കൂട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടണമെന്ന്  അവന് നല്ല ആഗ്രഹമുണ്ട്

പക്ഷേ  പേടി  പുറത്തേക്കിറങ്ങുമ്പോൾ നായുണ്ണി വെടിവെച്ചാലോ ?

അവറാൻ ചേട്ടനെ നോക്കി നായുണ്ണി അലറി 

വളിച്ച തമാശകൾ എനിക്ക് ഇഷ്ടമല്ല  ഇതിൽ നിന്നും ഉണ്ട വന്നാൽ മനുഷ്യനും ചാകും എന്താ കാണണോ? 

ഛും  വേണ്ട,   അവറാൻ ചേട്ടൻ തോളുകൾ കുലുക്കി 

അത് പറഞ്ഞു തീർന്നതും നായുണ്ണി  പൊട്ടി ചിരിച്ചു  ഭയന്നിരിക്കുകയായിരുന്ന ഞങ്ങളെ നോക്കി നായുണ്ണി കണ്ണുരുട്ടി അതോടെ ഞങ്ങളും പൊട്ടിച്ചിരിച്ചു .

പേടിച്ചു നിൽക്കുകയായിരുന്ന പാക്കരൻ  ചേട്ടനും അതോടെ ചിരിച്ചു  കൂട്ടിൽ വിറച്ചു നിൽക്കുകയായിരുന്ന റോമുവരേക്കും  ചിരിച്ചു  ഇല്ലെങ്കിൽ നായുണ്ണി വെടിവെച്ചാലോ ?

അവറാൻ ചേട്ടനും ചിരിച്ചു  പക്ഷേ അവറാൻ ചേട്ടന്റെ കണ്ണുകളിൽ നിന്ന്  കുടുകുടാ  കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു  

നായുണ്ണി പറഞ്ഞ തമാശ കേട്ട് ചിരിച്ച്  ചിരിച്ച് കണ്ണീന്ന് വെള്ളം വന്നതാന്നാ അവറാൻ ചേട്ടൻ പറഞ്ഞത്  പക്ഷേ അത് പേടിച്ചിട്ട് കരഞ്ഞതാണെന്ന്   ഞങ്ങൾക്കു  മനസ്സിലായി .

അവറാൻ ചേട്ടൻ  പാടത്തു പോയി കുറേ നേരം വാവിട്ട് കരഞ്ഞിട്ടാണ് വീട്ടിലേക്ക് പോയത് തെങ്ങിന്റെ മുകളിൽ ഇരിക്കായിരുന്ന രാമേട്ടൻ  എന്താ പറ്റിയത് അവറാന്ന്  ചോദിച്ചപ്പോ കരഞ്ഞതല്ല കോട്ടുവാ ഇട്ടതാന്നാ അവറാൻ ചേട്ടൻ മറുപടി പറഞ്ഞത്

ഇങ്ങനേയും കോട്ടുവാ ഇടുവോ ന്നായിരുന്നു രാമേട്ടന് സംശയം
  
ഒരു പ്രാവശ്യം നായുണ്ണി വറീതിന്റെ കള്ള് ഷാപ്പില് പോയി പത്തുകുപ്പി കള്ളും പത്തു പ്ളേറ്റ് ഞണ്ടും ഒറ്റ ഇരുപ്പിന് കഴിച്ചൂത്രേ

കാശ് ചോദിച്ച വറീതിനെ നോക്കി നായുണ്ണി ആകാശത്തോട്ട് തോക്ക് ചൂണ്ടി  ഒരു വെടി പൊട്ടിച്ചു  

അത് കേട്ട്  വറീതിന്റെ ഉള്ളീന്ന് ഒരു വറീത് കിളി,  കാശ് ചോദിച്ച് വെറുതേ വെടി കൊണ്ട് ചാവാൻ നിൽക്കേണ്ടാന്നൊരു മുന്നറിയിപ്പ് കൊടുത്ത്  പറന്നു പോയി

വറീതെന്നെ  ഒരു പറ്റു പുസ്തകം എടുത്ത്  വറീതിന്റെ പേരെന്നെ എഴുതി വെച്ചു.

ഇന്ന് രൊക്കം  നാളെ കടം  ന്ന് കള്ള് ഷാപ്പില് എഴുതി വച്ചതാ വറീത്   

അത് ഉറക്കെ വായിച്ചിട്ട് നായുണ്ണി  പറഞ്ഞു 

ഞാൻ ഇന്ന് കുടിച്ചത് നാളെയാന്ന് നീ വിചാരിച്ചാ മതീന്ന്  

അതുകേട്ട്  വറീതിനൊന്നും മനസ്സിലായില്ല

പക്ഷേ  തന്റെ കാശ് പോയീന്ന് മാത്രം മനസ്സിലായി

ഒരാഴ്ചയായിട്ട് മണികണ്ഠൻ പൂച്ചേനേ കാണാനില്ല  പിന്ന്യാ മനസ്സിലായത് ആള് മുങ്ങിയതാണെന്ന് നായ ആണെന്നെങ്ങാനും തെറ്റിദ്ധരിച്ച്  തന്നെ വെടി വെച്ചാലോന്ന്  മണികണ്ഠനൊരു  സംശയം . 

ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കണ്ടാന്ന് കരുതിയാ ആള് വേഗം സ്ഥലം വിട്ടത്,  വെടി കൊണ്ട് കഴിഞ്ഞ്  താൻ  പൂച്ച ആയിരുന്നൂന്ന് തിരിച്ചറിഞ്ഞിട്ട് വല്ല കാര്യമുണ്ടോ   .

പോകുന്ന  പോക്കിൽ റോമുനെ നന്നായി നോക്കിയിട്ടാ മണികണ്ഠൻ പോയത് ഈ പാവത്തിന്റെ കാര്യം പോക്കാന്ന് മണികണ്ഠൻ മനസ്സില് പറഞ്ഞു .

മണികണ്ഠൻ ടാറ്റാ കൊടുത്തു  

നിനക്ക് ഇങ്ങനെ തന്നെ വേണമെടാ വല്ലപ്പോഴും അവന്റെ പാത്രത്തിലെങ്ങാനും തലയിട്ടാ കാണണം  ഒരു പ്രാവശ്യം മണികണ്ഠന്റെ  കഴുത്തിന് പിടിച്ചതാ ഭാഗ്യത്തിനാ അന്ന് ജീവൻ പോകാതെ രക്ഷപ്പെട്ടത് 

ഇപ്പോ നിൽക്കണ കണ്ടാ പാവം തോന്നും  വെടി വെക്കാണ്ടെന്നേ വീണ് ചാവുന്നാ തോന്നണേ

അവൻ റോമുവിന്റെ പാത്രത്തിലൊന്ന് തലയിടുന്ന പോലെ ഒരു ആംഗ്യം കാണിച്ചു  പക്ഷേ റോമു അതൊന്നും കാണുന്നേയില്ല

നായുണ്ണി  തോക്കും കൊണ്ട്  എപ്പോ വരുമെന്നാലോചിച്ചാ റോമു വിറച്ചു  കിടക്കുന്നത് 

ഏതായാലും ഭക്ഷണം വേസ്റ്റ് ആക്കേണ്ടന്നു കരുതി പോണ പോക്കില് അത് മുഴുവൻ അടിച്ച് തീർത്തിട്ടാ മണികണ്ഠൻ പോയത്

അങ്ങിനെ നായുണ്ണിയുടെ വരവോട് കൂടി ശ്വാനൻമാരുടെ ശല്യം ഒരു പരിധി വരെ ഞങ്ങളുടെ  പഞ്ചായത്തിൽ കുറഞ്ഞു .

നായുണ്ണിയുടെ വരവ് അറിഞ്ഞിട്ടും പേടിയില്ലെന്ന മട്ടിൽ നെഞ്ചു വിരിച്ചു നടന്ന  പല ലോക്കൽ ശ്വാനൻമാരും  നായുണ്ണിയുടെ വെടിയേറ്റ്  വികലാംഗരായി  ഗ്രാമത്തിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു .

മറ്റു ചിലരുടെ ജീവൻ മാത്രം രക്ഷപ്പെട്ടു

മമ്മദിന്റെ നായ ചുണ്ടൻ മമ്മദ് കൂടെയുണ്ടെന്ന് വിചാരിച്ച് ഞെളിഞ്ഞു നടന്നതാ ഒറ്റ വെടി ചുണ്ടൻ നിന്ന നില്പില് വടിയായി മമ്മദ് വിചാരിച്ചത് മമ്മദിന്റെ മേത്താ വെടി കൊണ്ടതെന്നാ .

ഉമ്മാന്നൊരു വിളിയോടെ മമ്മദിന്റെ ബോധം പോയി അപ്പറത്ത് ചുണ്ടനും ബോധം കെട്ട് കിടപ്പുണ്ടായിരുന്നു

കരച്ചില് കേട്ട് ഓടിവന്ന നാട്ടുകാർ കരുതിയത്  രണ്ടുപേരേയും  നായുണ്ണി തട്ടീന്നാ സത്യത്തില് രണ്ടു പേർക്കും വെടി കൊണ്ടില്ല നായുണ്ണി വെടി വെച്ചില്ലെന്നുള്ളതായിരുന്നു സത്യം  

വെറുതേ തോക്ക് ചൂണ്ടി വാ കൊണ്ട് ട്ടോ ന്നൊരു ശബ്ദമുണ്ടാക്കിയതേയുള്ളൂ  അതോടെ രണ്ടുപേരുടേയും ബോധം പോയി

ഇത്തരത്തിലുള്ള ചില തമാശകളും ഇതിനിടയിൽ നായുണ്ണി കാട്ടി പോന്നിരുന്നു 

എന്തുകൊണ്ട് എന്ന് ചോദിക്കാനുള്ള ധൈര്യം ആർക്കും ഇല്ലാത്തതുകൊണ്ടും ഒരു ഉണ്ട വെറുതേ ചോദിച്ച് വാങ്ങണ്ടാ എന്നുള്ളതുകൊണ്ടും ആരും അതിന് മുതിർന്നില്ല

അവറാൻ ചേട്ടൻ പറഞ്ഞത് അത് നായുണ്ണിയുടെ ഒരു തമാശയാണെന്നായിരുന്നു  

ബോധം വന്നിട്ടും  ചുണ്ടൻ കിടന്ന് വിറക്കുന്നുണ്ടായിരുന്നു  ചുണ്ടന് കണ്ണ് തുറക്കാൻ പേടി ഇനി ചത്തിട്ടില്ലാന്നും വിചാരിച്ച് നായുണ്ണി വീണ്ടും വെടി വെച്ചാലോന്ന്  

മമ്മദിനും ആ പേടി തന്നെയായിരുന്നു 

അവസാനം എല്ലാവരും പോയിക്കഴിഞ്ഞിട്ടാ ചുണ്ടൻ കണ്ണ് തുറന്നത് , അതും മുഴുവൻ തുറക്കാൻ പേടിച്ച് പതുക്കെ പതുക്കെയാ തുറന്നത് പിന്നെ വെടിച്ചില്ല് പോലെ ഒരു പാച്ചലായിരുന്നു 

ഞങ്ങടെ ഗ്രാമോം അടുത്ത ഗ്രാമോം കടന്ന് ഓടിയിട്ടും അവൻ  നിന്നില്ല , ഇപ്പൊ വേറെ ആരുടെയോ വീട്ടില് അതിക്രമിച്ച് കയറി അവിടത്തെ കാവൽക്കാരനായി സ്വയം മാറി

മമ്മദ്  അവനെ ഞാനിന്ന് കൊല്ലുമെന്നും പറഞ്ഞ് അലറി വിളിച്ച് വീട്ടിലേക്ക് ഓടിപ്പോയി വാതിലടച്ചിരുന്നു  

റോമുവിനെപ്പോലെ ജീവനിൽ കൊതിയുള്ളവർ മാത്രം കൂട്ടിൽ നിന്നും പുറത്തിറങ്ങായതായി ഭക്ഷണം പോലും  പേടിച്ചു വിറച്ചാണ് റോമു കഴിക്കുന്നത്‌  ഇനി ആ ശബ്ദം കേട്ട് നായുണ്ണി വന്നാലോയെന്നായിരുന്നു അവന്റെ പേടി ?

നായുണ്ണിയെ ഒന്ന് സോപ്പിട്ട് നോക്കിയാലോന്ന് റോമു ആലോചിച്ചതാ

ഇനി നായുണ്ണിയെ കാണുമ്പോ കാലില് വീണ് രണ്ട് നക്ക് നക്കാം 

വേണ്ടാ ചിലപ്പോ താൻ കടിക്കാൻ വാരാണെന്നും കരുതി നായുണ്ണി കാഞ്ചി വലിച്ചാലോ? തന്റെ ജീവൻ വെച്ച് കളിക്കണോ ? 

ഇയാൾക്ക് വല്ല പുലിനേം , സിങ്കത്തിനിം ഒക്കെ വെടിവെച്ച് കൊന്നാ പോരേ

എല്ലാ മാരണങ്ങളും ഇങ്ങോട്ടേക്കാണല്ലോ കേറി വരുന്നത്  ഈശ്വരൻമാരേ 

ആ സുകേശനിട്ടാ ആദ്യം  രണ്ടു കടി കൊടുക്കേണ്ടത് അയാളാണല്ലോ  ഇതിനൊക്കെ കാരണം  

ഏയ് ചിലപ്പോ തന്നെ വെടി വെക്കത്തില്ല പാക്കരൻ ചേട്ടൻ വന്ന് തടയും

എന്നാലും റോമൂനൊരു സംശയം 

പാക്കരൻ ചേട്ടനായത് കൊണ്ട് വിശ്വസിക്കാൻ പറ്റത്തില്ല .

തടയാൻ വന്നാ പാക്കരൻ ചേട്ടനെയായിരിക്കും നായുണ്ണി ആദ്യം വെടി വെച്ചു കൊല്ലുക  ആ പേടി കാരണം  പാക്കരൻ ചേട്ടൻ തടയാൻ വരത്തില്ല  

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ഉയരുന്ന ചെറിയ ശബ്ദങ്ങൾ പോലും അവനെ ഭയപ്പെടുത്തി  .

അതാ നായുണ്ണി തോക്കുമായി വരുന്നു  തന്റെ നെറ്റിയിൽ മുട്ടിക്കുന്നു  ഹാൻഡ്സ് അപ്പ്‌  പറയുന്നു താൻ കൈകൾ ഉയർത്തുന്നതിനു മുന്നേ നായുണ്ണി കാഞ്ചി വലിക്കുന്നു ഉണ്ട പുറത്തേക്ക് വരുന്നതിനു മുന്നേ തന്നെ താൻ ചത്തു വീഴുന്നു .

റോമു ഞെട്ടിയെഴുന്നേറ്റു ശരീരം വെട്ടി വിറക്കുന്നു  

വയ്യ , ഇവിടെയിനി  നിക്കാൻ വയ്യ ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പോകുന്നതാണ് തന്റെ ജീവനു നല്ലത്  .

അവൻ പതുക്കെ കൂട്ടിൽ നിന്നിറങ്ങി   പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക്  നോക്കി .

തന്നെ മകനേപ്പോലെ സ്നേഹിക്കുന്ന മനുഷ്യൻ 

റോമു മനസ്സിൽ പറഞ്ഞു 

തേങ്ങാക്കൊല, പറച്ചിൽ മാത്രമേയുള്ളൂ  എന്നും തനിക്ക് കഞ്ഞീം, ചമ്മന്തിയും മാത്രമാണ് തരാറ് .

ഇവിടെ നിന്നാൽ മൂന്നു നേരം  അതെങ്കിലും കിട്ടും  ഇവിടന്ന് പോയാൽ ? 

അത് ആലോചിക്കാൻ വയ്യ .

പക്ഷേ, കഞ്ഞിയും ചമ്മന്തിയും നോക്കി ഇവിടെ നിന്നാൽ  

ഒരുനാൾ നായുണ്ണിയുടെ വെടിയേറ്റ് താൻ ചത്തു വീഴും, കഞ്ഞിയേക്കാൾ വിലയുണ്ട്‌ തന്റെ ജീവന് .

താൻ കളിച്ചു വളർന്ന തൊടികൾ , ഓടിച്ചാടി നടന്ന വഴികൾ , തന്റെ അപ്പന്റെ കൂടെ  തലകുത്തി മറിഞ്ഞ പാടങ്ങൾ റോമു നിരാശയോടെ തല കുമ്പിട്ടു .

ഇല്ല ഇവിടം വിട്ട് പോകാൻ തനിക്കാവില്ല  ഇതെന്റെ  നാടാണ്, എന്റെ ഗ്രാമമാണ് , ഞാൻ പിറന്നു വീണ മണ്ണാണ്  നായുണ്ണിയുടെ വെടി കൊണ്ട് ചാവുന്നെങ്കിൽ ചാവട്ടെ .

റോമൂ ,  നീ വെറുതേ സെന്റിമെന്റ്സ് ആലോചിച്ച്  വെടി കൊണ്ട് ചാവാൻ നിൽക്കേണ്ട    

ഉള്ളിലിരുന്ന്  ആരോ വാണിംഗ് തരുന്നു .

എന്തോ  ഒരു ശബ്ദം റോമു ചെവി വട്ടം പിടിച്ചു .

അതേ  ശബ്ദം കേൾക്കുന്നുണ്ട്  റോമൂന്റെ ആറാം ഇന്ദ്രീയം ഉണർന്നു  അവൻ പതുക്കെ ആ ശബ്ദം  കേട്ടിടത്തേക്ക് നടന്നു .

ആ കാഴ്ച്ച കണ്ട്  റോമു ഞെട്ടി  അതാ നായുണ്ണി,  തോക്കുമായി .

ഈശ്വരാ ഇയാൾക്ക് രാത്രിയിലും ഉറക്കമില്ലേ? ഇനി തന്നെ വെടി വെക്കാനെങ്ങാനും വന്നതാണോ ?

റോമു പതുങ്ങിയിരുന്നു  അതാ നായുണ്ണി ഗൾഫു കാരൻ ഭാസ്കരേട്ടന്റെ മതിലു ചാടുന്നു പതുക്കെ വീടിന്റെ മുകളിലേക്ക് കയറുന്നു .

ഓ  അപ്പൊ നായുണ്ണി കക്കാൻ വന്നതാണ് .

റോമു അറ്റൻഷനായി 

അവനിലെ ഉത്തരവാദിത്വം  ഉണർന്നു  .

ഇല്ല ഈ കള്ളനെ ഞാൻ കക്കാൻ വിടില്ല,  അതിനിടയിൽ  നായുണ്ണി തന്നെ വെടി വെച്ച് കൊന്നാലും കുഴപ്പമില്ല  

ഞാനിതാ കുരക്കാൻ പോവുകയാണ് .

റോമു കുരക്കാനായി ആവേശത്തോടെ വാ തുറന്നതും  നായുണ്ണി തിരിഞ്ഞു നോക്കിയതും  ഒരുമിച്ചായിരുന്നു അതോടെ  റോമു ആ കുരയെ അമർത്തി അതൊരു ചുമയാക്കി പുറത്തേക്ക് വിട്ടു .

നീയൊരു നായയാണോടാ .? നായ വർഗ്ഗത്തിനു തന്നെ അപമാനമായിട്ട് കുരച്ച് നാട്ടുകാരെ ഉണർത്തെടാ.

റോമുവിന്റെ ആത്മാഭിമാനം അവനോട് ചോദിച്ചു 

ആവേശം കാട്ടി വെറുതേ ജീവൻ തുലക്കണോ ?

താൻ കുരച്ചാൽ വീട്ടുകാർ ഉണരും, പക്ഷേ  അപ്പോഴേക്കും നായുണ്ണി തന്നെ വെടിവെക്കും .

കള്ളൻമാരിൽ നിന്നും വീട്ടുകാരെ രക്ഷിച്ച തന്നെ പഞ്ചായത്ത് വാഴ്ത്തും .

തൻറെ  ധീരതക്കുള്ള അവാർഡ്  തന്റെ മരണാനന്തര ബഹുമതിയായി പാക്കരൻ ചേട്ടൻ വാങ്ങും .

റോമൂന് അതോർത്തപ്പോൾ ആത്മാഭിമാനം തോന്നി  അവൻ കുരക്കാനായി  വീണ്ടും ആഞ്ഞു .

അപ്പോഴാണവൻ അതോർത്തത്  ഭാസ്കരന്റെ വീട്ടിൽ തന്റെ എതിരാളി ഒരുത്തനുണ്ടല്ലോ ഡിങ്കു, ഡോബർമാൻ ,  സിക്സ് പാക്ക്  

അവനെവിടെ ?

നായുണ്ണി അവനെ കൊന്നോ ?

റോമു  ഗേറ്റിന്റെ വിടവിലൂടെ അകത്തോട്ട്  നോക്കി 

അതാ നിൽക്കുന്നു സിക്സ് പാക്ക് ഡിങ്കു  പേടിച്ചു വിറച്ചോണ്ട് .

നായുണ്ണി മുകളിലേക്ക്  കേറുന്നത് അവൻ കാണുന്നുണ്ട്  പക്ഷേ മിണ്ടുന്നില്ല, പേടി കൊണ്ട് അവൻ മൂത്രം  ഒഴിക്കുന്നുണ്ടെന്ന് തോന്നുന്നു .

റോമൂനെ കണ്ടതും അവൻ ഞെട്ടി  റോമുവും ഒന്ന്  ഞെട്ടി .

റോമു കുരക്കാനായി ആഞ്ഞതും ഡിങ്കു  വേണ്ടാ , വേണ്ടാന്ന് കണ്ണ് കൊണ്ട്  ആംഗ്യം കാട്ടി .

ഈ മരങ്ങോടൻ നായ തന്നേക്കൂടി കൊലക്ക് കൊടുക്കുമല്ലോ എന്നുള്ള പേടിയിലാ ഡിങ്കു നിൽക്കുന്നത് 

പക്ഷേ  തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ റോമൂന് വയ്യായിരുന്നു .

ജീവൻ പോയാലും വേണ്ടില്ല  

റോമു  കുരച്ചു  വീട്ടുകാർ ഉണർന്നു,  നാട്ടുകാർ ഉണർന്നു  നായുണ്ണിയെ എല്ലാവരും ചേർന്ന് പിടിച്ചു കെട്ടി  പോലീസുകാർക്ക് കൊടുത്തു 

റോമു കുരച്ചതോടെ,  പേടിച്ചു വിറച്ച ഡിങ്കു ബോധം കെട്ടു വീണു 

അന്നത്തെ ദിവസം റോമുവായിരുന്നു താരം 

ഗൾഫു കാരൻ  ഭാസ്കരേട്ടൻ റോമുവിന് വയറുനിറയെ മട്ടൺ ബിരിയാണി വാങ്ങിക്കൊടുത്തു .

ജീവിതത്തിൽ ആദ്യമായാണ് റോമു മട്ടൺ ബിരിയാണി കഴിക്കുന്നത്‌  ഡിങ്കൂന്റെ മുന്നിൽ വെച്ചാ മട്ടൺ ബിരിയാണി കൊടുത്തത് ,

മട്ടൺ ബിരിയാണി കൊടുക്കാത്തതിന്  ഭാസ്കരേട്ടനെ നോക്കി ഡിങ്കു കുരച്ചു  

നല്ല ഊക്കൻ ഇടിയാ ഭാസ്ക്കരേട്ടൻ  കൊടുത്തത് .

ഡിങ്കൂനെ കൊണ്ട് പോയി കളയാമെന്ന് വരെ ഭാസ്ക്കരേട്ടൻ പറഞ്ഞതാ അതോടെ ഡിങ്കൂ ഭാസ്കരന്റെ കാലിൽ കെട്ടിപ്പിടിച്ചു നക്കി  



0 അഭിപ്രായങ്ങള്‍