അവറാൻ ചേട്ടന്റെ വീട്ടിൽ  ഭയങ്കര ശല്യങ്ങൾ തുടങ്ങിയിരിക്കുന്നു  ഇതുവരെയില്ലാത്ത സംഭവവികാസങ്ങളാണ് ഈയിടെയായി അരങ്ങേറിക്കൊണ്ടിരിക്കുന്നത് .

പാത്രങ്ങൾ തനിയെ  വീഴുന്നു , കസേര ആടുന്നു,  ലൈറ്റുകൾ തനിയെ  കത്തുന്നു കെടുന്നു  അതിനെക്കാളൊക്കെ മേലെ അർദ്ധരാത്രിയാകുമ്പോൾ  ചിലങ്കകളുടെ ശബ്ദം , കൂരിരുട്ടിൽ ആരോ നിൽക്കുന്നതു പോലെ  

ഒരു ദിവസം നട്ടപ്പാതിരക്ക്  എന്തോ ശബ്ദം കേട്ട് അവറാൻ ചേട്ടൻ എണീറ്റ് നോക്കിയപ്പോൾ തൂവെള്ള വസ്ത്രം ധരിച്ചോരു രൂപം അടുക്കളയിലോട്ട് പോകുന്നു .

ഒറോതയാണെന്നുള്ള ധാരണയിൽ അവറാൻ ചേട്ടൻ വിളിച്ചതോടെ ആ രൂപം തിരിഞ്ഞു നോക്കി .

തിരിഞ്ഞു നോക്കിയ ഭാര്യ ഒറോതയെ കണ്ടതോടെ അവറാൻ ചേട്ടന്റെ മുടിയെല്ലാം  മുള്ളൻ പന്നിയുടെ മുള്ള് പോലെ അറ്റൻഷനായി എണീറ്റു നിന്നു.

മുപ്പത് വർഷം മുൻപ് തൂങ്ങിച്ചത്ത സരസ്വതീ 

സ സ സ്വ ന്നും പറഞ്ഞ്  ദാ  കിടക്കുന്നൂ അവറാൻ ചേട്ടൻ വെട്ടിയിട്ട പോലെ താഴേ .

ഈ ശബ്ദം കേട്ടാ ഒറോത  ചേടത്തീ ഓടിവന്നത്  അതിനു മുന്നേ പ്രേതമായി വന്ന സരസ്വതി ഓടി  ഇല്ലെങ്കി ഒറോത ചേടത്തീ ഡ്രാക്കുളയായി മാറിയേനേ.

അന്ന് പേടിച്ച് പനി പിടിച്ചു വീണ അവറാൻ ചേട്ടൻ പിന്നെ ഒരാഴ്ച്ച കഴിഞ്ഞിട്ടാ എണീറ്റത് .

അവറാൻ ചേട്ടന് പണ്ടൊരു ലൗ ഉണ്ടായിരുന്നു അതിലെ നായികയാണ്  സരസ്വതി എന്തൊക്കെയോ കാരണങ്ങൾകൊണ്ട്  അന്നത് നടന്നില്ല. 

പിന്നെ എപ്പോഴോ സ്വരസ്വതി തൂങ്ങിച്ചത്തുവെന്നാണ് അവറാൻ ചേട്ടൻ കേട്ടത്   അന്നത്തെ കാലത്ത് നാട്ടുകാരിൽ ചിലർ പറഞ്ഞു നടന്നിരുന്നത് അവറാൻ ചേട്ടൻ കെട്ടാത്ത കാരണമാണ് സരസ്വതി തൂങ്ങിച്ചത്തതെന്നായിരുന്നു. 

സരസ്വതിയുടെ മരണശേഷം അവറാൻ ചേട്ടൻ ജീവിതത്തിലെ സുഖസൗകര്യങ്ങളെല്ലാം വെടിഞ്ഞ് പള്ളീലെ അച്ചനാവാൻ പോയതായിരുന്നു പക്ഷേ അതിന് പഠിപ്പു വേണമെന്ന് പറഞ്ഞതോടെ അവറാൻ ചേട്ടൻ   സന്യാസിയാകാനായി കാശിക്കു പോയി 

അന്നത്തെ കാലത്ത് കാശിക്ക് പോയിട്ടാണ് എല്ലാവരും  സന്യാസിമാരാകുന്നത് എന്താണ് അതിന്റെ കാരണമെന്ന് പറയുന്നവർക്കും സന്യാസിമാർ ആയവർക്കും അറിയത്തില്ല എന്തോ അവറാൻ ചേട്ടന് അതിനും പറ്റിയില്ല

അവസാനം ആരോടും പറയാതെ നാടുവിട്ടു പോയി കുറെക്കാലങ്ങൾക്ക് ശേഷമാ തിരിച്ചു വന്നത്  

അതിനു ശേഷമാണ്  ഒറോത ചേടത്തിയെ കെട്ടിയത്  .  

ഇത്രയും കാലത്തിനു ശേഷം ഇവളെന്തിനാ  ഇപ്പോ തന്നെ  കാണാൻ വന്നതെന്ന് എത്ര ആലോചിച്ചിട്ടും അവറാൻ ചേട്ടനൊരു എത്തും പിടിയും കിട്ടിയില്ല .

ഒറോത ചേടത്തീ എന്താ ഉണ്ടായേന്ന്  കുത്തി കുത്തി ചോദിച്ചപ്പോഴാ  അവറാൻ ചേട്ടൻ പറഞ്ഞത് സരസ്വതീ കാണാൻ വന്നിരുന്നൂന്ന് 

ആര് വടക്കേലെ സരസ്വതിയോ  ? അവളെന്തിനാ ഈ നട്ടപ്പാതിരാക്ക് നിങ്ങളെ കാണാൻ വന്നത് 

അല്ല തെക്കേലെ ചത്തുപോയ സരസ്വതി 

ആര് നിങ്ങളുടെ ആ പഴയ ചട്ടക്കാരിയോ?  

അവറാൻ ചേട്ടൻ നാണം കൊണ്ട്  മൂളീത്രേ  

അതോടെ  ചേടത്തി മറ്റൊരു യക്ഷിയായി  അവറാൻ ചേട്ടന്റെ കഴുത്തിനു കുത്തി പിടിച്ചൂ 

നിങ്ങള് ഇതുവരേക്കും അവളെ മറന്നിട്ടില്ലാല്ലേ? സത്യം പറ നിങ്ങള് പറഞ്ഞിട്ടല്ലേ അവള് വന്നത്?

എടീ മുപ്പതു വർഷം മുമ്പ് ചത്തുപോയ അവള് എങ്ങിനെയാടി ഞാൻ വിളിച്ചാ വരാ?

അപ്പൊ നിങ്ങള് വിളിച്ചിട്ടല്ലാ അവള് വന്നത് 

ചേടത്തിക്ക് സംശയം തീരുന്നില്ല 

ഇവള് എന്ത്  വിവരദോഷിയാണ്  

എടീ , ഞാൻ വിളിച്ചിട്ടൊന്നുമല്ല അവള് വന്നത്  പ്രേതമല്ലേ? ഞാൻ പറഞ്ഞാലെങ്ങനെ  കേൾക്കാനാ എന്റെ ഒറോതേ ?

കേട്ടാലും കൊള്ളാം കേട്ടില്ലേലും  കൊള്ളാം ഇനിയും അവളിങ്ങട് വന്നാ  ഞാനാവും നിങ്ങടെ രണ്ടെണ്ണത്തിന്റെയും ചോര  കുടിക്കാ.

ഒറോത പറഞ്ഞാ , പറഞ്ഞതുപോലെ  തന്നെ ചെയ്യുമെന്ന്  അവറാൻ ചേട്ടന് നന്നായറിയാം.

മുപ്പത് വർഷം മുമ്പ് തൂങ്ങി ചത്ത  ഇവളെന്തിനാണിപ്പോ തന്നെ കാണാൻ വന്നത് താൻ കെട്ടാത്തതിന് തന്നെ തട്ടാനാണോ?  

താൻ കാരണമാണ് അവൾ തൂങ്ങിച്ചത്തതെന്നും പറഞ്ഞ്  തന്റെ ചോര കുടിച്ച്  പ്രതികാരം ചെയ്യാനായിരിക്കും  ?

ആ തോന്നലോടെ അവറാൻ ചേട്ടന്റെ ചോര പേടി കൊണ്ട് തണുത്തുറഞ്ഞ്  ഐസ്  പോലെയായി  

ഇനി യക്ഷിയല്ല , മറുത വന്നാലും ചോര  കുടിക്കാൻ പറ്റത്തില്ല തല്ലിപ്പൊട്ടിച്ച് വല്ല  ബ്രാണ്ടീലുമിട്ട് കുടിക്കേണ്ടി വരും .

മറ്റൊരു ദിവസം,  പാതിരാക്ക് അവറാൻ ചേട്ടൻ കള്ള് കുടിച്ച്  ആകെ പിമ്പിരിയായി  വീടിന്റെ പടി കടന്നതും ഒരു ചോദ്യം .

ചുണ്ണാമ്പുണ്ടോ അവറാനേ ?

ആർക്കാടി  നട്ടപ്പാതിരക്ക് ചുണ്ണാമ്പ് വേണ്ടേന്നലറിക്കൊണ്ട് തിരിഞ്ഞു നോക്കിയ അവറാൻ ചേട്ടൻ ആ രൂപം കണ്ടതും അറ്റൻഷനിലായി .

വിറച്ചു കൊണ്ടാ അവറാൻ ചേട്ടൻ മറുപടി പറഞ്ഞത്‌ .

ഞാൻ മുറുക്കാറില്ല സരസ്വതിയെ  

അതെന്താ മുറുക്കാത്തേ? 

മുറുക്ക്യാ  എനിക്ക് തല ചുറ്റുന്ന് പറയലും അവറാൻ ചേട്ടൻ തല ചുറ്റി വീണതും ഒരുമിച്ചായിരുന്നു.  

ശബ്ദം കേട്ട്  ചേടത്തി ഓടി വന്ന് നോക്കുമ്പോ  അവറാൻ ചേട്ടൻ മുറ്റത്ത് ബോധമില്ലാതെ കിടപ്പുണ്ട് ചേടത്തീടെ കരുതിയത്  അവറാൻ ചേട്ടൻ കുടിച്ച് കോൺ തെറ്റി കിടക്കുന്നതാണെന്നാ 

ആ ദേഷ്യത്തില്  രണ്ട് ചവിട്ടും കൊടുത്തു  ബോധം കെട്ടു കിടക്കുന്ന  അവറാൻ ചേട്ടന് വിളിച്ചു പറയണന്നുണ്ട്

എടീ  ഞാൻ കുടിച്ചിട്ട് ബോധം കെട്ടതല്ല  പ്രേതമാണ്‌ എന്റെ ബോധം കെടുത്തിയതെന്ന്  .

അവസാനം ഒരു വിധത്തിലാ ഒറോത ചേടത്തി  ഉന്തിത്തള്ളി അവറാൻ ചേട്ടനെ  ഉമ്മറത്തേക്കിട്ടത് .

ഈയൊരു  സംഭവത്തോടെ  അവറാൻ ചേട്ടന് ആകെ പേടിയായി  ആരെക്കണ്ടാലും ഭയം, രാത്രീ പോയിട്ട് പകൽ പോലും പുറത്തേക്കിറങ്ങാൻ  പേടി , ഉറങ്ങാൻ പേടി ഏതുസമയത്തും സരസ്വതി തന്റെ ചുറ്റുപാടും ഉണ്ടെന്നൊരു തോന്നൽ 

ഏത് സ്ത്രീകളെ കണ്ടാലും ദേ സരസ്വതി വന്നൂന്നും പറഞ്ഞ് നിലവിളിക്കും 

ഉറങ്ങാൻ പോവുന്നതിനു മുന്നേ  കട്ടിലിന്റെ അടിയിലും  അലമാരിയുടെ പിറകിലും   ഒരു പത്തു പ്രാവശ്യമെങ്കിലും  നോക്കും  യക്ഷിയെങ്ങാനും  ഒളിച്ചിരിപ്പുണ്ടോയെന്ന് .

അവസാനം കർത്താവിന്റെ  ഒരു വല്യ  രൂപം കെട്ടിപ്പിടിച്ചു കിടന്നു നോക്കിയിട്ടും അവറാൻ ചേട്ടന്റെ പേടി മാറുന്നില്ല   

ഒരു ദിവസം കഞ്ഞി കുടിച്ചോണ്ടിരിക്കായിരുന്ന ഒറോത ചേടത്തിയുടെ അടുത്തേക്ക് പാഞ്ഞുവന്ന് എന്നെ  കൊല്ലല്ലേയെന്നും പറഞ്ഞ് കാലില് വീണ് കരഞ്ഞൂത്രേ 

അവറാൻ ചേട്ടന്റെയാ പാഞ്ഞുള്ള വരവ്  കണ്ടതോടെ  ചേടത്തീ പേടിച്ച്  
കർത്താവേ ന്നും നിലവിളിച്ചോണ്ട് പുറത്തേക്കോടിയതാ .

സരസ്വതി  തന്നെ കൊല്ലാൻ പാഞ്ഞു വരുന്നത് പോലെയാ ചേടത്തിക്ക് തോന്നിയത് 

ഒരു ദിവസം  അവറാൻ ചേട്ടൻ ഒരു ചാക്ക് നിറയെ ചുണ്ണാമ്പാ  വാങ്ങിക്കൊണ്ട് വന്ന് വെച്ചത്   

എന്തിനാണെന്ന് ചോദിച്ചപ്പോ  യക്ഷിക്ക് കൊടുക്കാനാന്നാ പറഞ്ഞത്  

യക്ഷി വന്ന് ചോദിക്കുമ്പോ ചുണ്ണാമ്പ് കൊടുത്തില്ലെങ്കീ ചോര കുടിച്ച് പാലമരത്തില് കെട്ടിത്തൂക്കൂത്രേ .

എന്റെ കർത്താവേ ഈ മനുഷ്യനേക്കൊണ്ട് ഞാൻ തോറ്റൂ ഇങ്ങേരുടെ ഓരോരോ  തോന്നലുകളേ ?

സത്യത്തിൽ അവറാൻ ചേട്ടൻ മാത്രമേ യക്ഷിയെ കാണാറുള്ളൂവന്നതാണ് ഇതിന്റെ മറുപുറം കാരണം  ഒറോത  ചേടത്തി  ഇത് വരെ യക്ഷിയെ കണ്ടിട്ടില്ല 

അവറാൻ ചേട്ടനെ മാത്രം കാണാൻ വരുന്ന സാരസ്വതി യക്ഷിയെ നോക്കി  ഒറോത ചേടത്തി കുറേ രാത്രികൾ ഉറക്കമുളച്ച് കാത്തിരുന്നു  പക്ഷേ യക്ഷി വന്നില്ല .

യക്ഷിക്ക് ഒറോത ചേടത്തിയെ പേടിയായിരിക്കും

അവറാൻ ചേട്ടന്റെ ഈ യക്ഷിപ്പേടി മാറ്റാൻ  വേണ്ടി നമ്മുടെ പ്രേക്ഷിതൻ സുകൂനെ വിളിച്ച് പ്രാർഥിപ്പിക്കാമെന്ന് ഞാനാ ചേടത്തിയോട് പറഞ്ഞത് 

അവനൊരു തരികിടയാ അവൻ പ്രാർത്ഥിച്ചാ യക്ഷി കേക്കോടാ മോനേ ?

യക്ഷി കേക്കത്തില്ല ചേടത്തി പക്ഷേ കർത്താവ് കേട്ട് യക്ഷിയെ അവറാൻ ചേട്ടന്റെ അടുത്തൂന്ന് ഓടിപ്പിച്ചോളും

എന്തോ ചേടത്തിക്ക് അതിലൊരു താല്പര്യമില്ലെങ്കിലും എന്റെ നിർബന്ധം കാരണാ അവസാനം സമ്മതിച്ചത് 

സുകൂനും തീരെ ഇഷ്ട്ടമില്ല ഒറോത ചേടത്തിയെ  

സുകുവും, ചേട്ടത്തിയും തമ്മില്  നല്ല ടേംസിലല്ല ഒറോത ചേടത്തിക്ക് അല്ലറ ചില്ലറ പൈസ പലിശക്ക് കൊടുക്കുന്ന പരിപാടിയുണ്ട് നല്ല വിശ്വാസമുള്ളവർക്ക് മാത്രേ ചേട്ടത്തി കൊടുക്കു ഒരു പ്രാവശ്യം സുകു കുറച്ച് പൈസ പലിശക്ക് ചോദിച്ചപ്പോ ചേടത്തി കൊടുത്തില്ല 

അതിന്റെ ദേഷ്യത്തിന് രണ്ടുപേരും ഒന്നും രണ്ടും പറഞ്ഞു തെറ്റിയതാ  

അവറാൻ ചേട്ടന്റെ കാര്യം ആയത് കൊണ്ട് കൂടിയാണ് സുകു ഒരു വിട്ടു വീഴ്ച്ചക്ക് തയ്യാറായി വന്നത് അതിലുപരി  ആദ്യായിട്ടാണ് സുകുവിൻ ഒരു യക്ഷീയെ പിടിക്കാനുളള അവസരവും വന്നത് 

സുകുവാണെങ്കിൽ ആ സമയത്ത് പ്രേഷിതനായി പേരെടുത്ത് വരുന്ന സമയവും ഒരു യക്ഷിയെ പിടിച്ചു കെട്ടി പേരെടുത്തിട്ട് വേണം അച്ചനായി പള്ളയിൽ പോയി കുർബ്ബാന ചെല്ലണമെന്നും പറഞ്ഞാ  സുകു നടക്കുന്നത്
  
യക്ഷിയെ പിടിക്കാനായി ഒരു കടമറ്റത്ത് കത്തനാര് സ്റ്റൈലിലാ സുകു വന്നത് 

സുകു അവറാൻ ചേട്ടനെ പിടിച്ചിരുത്തി ചോദിച്ചു .

എന്താ നിന്റെ പേര് ?

അവറാൻ 

യക്ഷിക്ക്  അവറാൻ ന്ന് പേരോ ?

എന്റെ സുകുവേട്ടാ ചിലപ്പോ അവറാൻന്ന് പേരുള്ള വല്ല പ്രേതങ്ങളും  ആളുമാറി നമ്മുടെ  ഈ അവറാൻ ചേട്ടന്റെ മേത്ത് കേറിയതായിരിക്കുമോ ?

ഞാനാ ആ സംശയം ചോദിച്ചത് 

ഏയ് അങ്ങനെ ആവാൻ വഴിയില്ല 

എന്താ താങ്കളുടെ പേര് ? 

സുകു കുറച്ച് ബഹുമാന പുരസ്സരാ വീണ്ടും പേര് ചോദിച്ചത് ഏതാണ്ട് മുതിർന്ന വല്ല പ്രേതങ്ങളും ആണെങ്കിൽ ബഹുമാനക്കുറവ് തോന്നണ്ടല്ലോ എന്നു കരുതിയിട്ടായിരിക്കുമെന്നാണ് എനിക്കു തോന്നിയത്  

നസീർ അതും പറഞ്ഞ് അവറാൻ ചേട്ടൻ സുകുവിനെ നോക്കി ചിരിച്ചു അടുത്ത നിമിഷം ആ ചിരി മാഞ്ഞു എന്റെ പേര് അവറാൻന്നാണെന്ന്   നിനക്കറിയത്തില്ലേടാ മരങ്ങോടാ ?

നസീറ് ആവാൻ പറ്റിയ കോലവും 

ചേടത്തിയാ അടുക്കളയിൽ നിന്നും  അത് വിളിച്ചു പറഞ്ഞത് 

ആ മരങ്ങോടൻ വിളി സുകുവിന് ഇഷ്ട്ടപ്പെട്ടില്ലാന്ന് സുകുവിന്റെ മുഖഭാവം കണ്ടാ അറിയാം പക്ഷേ അവറാൻ ചേട്ടനായതു കൊണ്ട് മാത്രാ സുകു മറുത്തൊന്നും പറയാഞ്ഞിരുന്നത്  

അവറാൻ ചേട്ടൻ പേര് പറയല്ലേ  യക്ഷി പറയട്ടെ 

സുകു വീണ്ടും ചോദിച്ചു 

എന്താ നിന്റെ പേര് ? 

അവറാൻ 

എന്റെ അവറാൻ ചേട്ടാ , ചേട്ടനൊന്ന് മിണ്ടാതിരിക്ക്  ഞാൻ യക്ഷീടെ പേരാ ചോദിക്കുന്നത്   

അവറാൻന്നല്ലല്ലോ യക്ഷിയുടെ  പേര്  അതുകൊണ്ട്  യക്ഷി പറയട്ടെ . 

നാട്ടുകാര് മുഴുവനും സുകു ഇപ്പോ യക്ഷിയേയും പിടിച്ചോണ്ട് പുറത്തേക്കിറങ്ങി വരുന്നതും കാത്ത് നിപ്പുണ്ട് .

സുകുവിനെക്കൊണ്ട് ഇതെല്ലാം കഴിയുമോന്നാ മീൻകാരൻ മമ്മദ് ചോദിച്ചത് 

അവര് പെരിയ ആള് അന്നേക്ക് അവരുടെ കൈയ്യിൽ  ഒരു കുപ്പിയില് ഞാൻ പാത്താച്ച് 

എന്ത്? 

യക്ഷി

അതുകേട്ട് മമ്മദ് ഞെട്ടി  

തമിഴൻ മുരുകൻ അതു പറഞ്ഞോണ്ട്  എന്തോ ഒരു വലിയ സംഭവത്തിന് ദൃക്സാക്ഷി ആയതുപോലെ ചുറ്റും  നോക്കി 

യക്ഷീന്ന് കേട്ടതും അയ്യോ എന്നെ കൊല്ലല്ലേന്നും അലറിവിളിച്ചോണ്ട്   അവറാൻ ചേട്ടൻ  ഓടാൻ നോക്കി . 

പെട്ടെന്നുള്ള ആ അലർച്ച കേട്ട് ഞാൻ  ഞെട്ടിപ്പോയി സുകു ഞെട്ടിയെങ്കിലും അത്  പുറത്തു കാട്ടിയില്ല അതോടെ യക്ഷിയെ പിന്നെ വന്ന് കണ്ടോളാമെന്നും  പറഞ്ഞ് മമ്മദ് വേഗം സൈക്കിളെടുത്ത് പോയി

സുകുവിന്റെ ഈ കത്തനാര് സ്റ്റെയില് കണ്ട് എനിക്ക് എന്തോ പോലെ   

ആകെ കുളമാക്കൂന്നാ തോന്നുന്നത് ഈ സിനിമയിലൊക്കെ കാണിക്കുന്നമാതിരി  

അവറാൻ ചേട്ടനെ വിളിച്ചിരുത്തി  പേര് ചോദിച്ചാ അവറാൻ ചേട്ടൻ,  അവറാൻ ചേട്ടന്റെ പേരല്ലേ പറയത്തുള്ളൂ  .

ഒരു പത്തിരുപത് പ്രാവശ്യത്തോളം പേരു  ചോദിച്ചട്ടും അവറാൻ ചേട്ടൻ അവറാൻ, അവറാൻന്ന്   മാത്രമേ  പറയുന്നുള്ളൂ 

ഇനി പേരില്ലാത്ത വല്ല യക്ഷിയെങ്ങാനുമാണാവോ അവറാൻ ചേട്ടന്റെ മേത്തു കയറിപ്പറ്റിയിരിക്കുന്നത്  ? അതോ മിണ്ടാൻ പറ്റാത്ത യക്ഷിയോ?

തൂങ്ങിച്ചത്ത സരസ്വതി വന്നൂന്നാണ് അവറാൻ ചേട്ടൻ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരിക്കുന്നത്    

ഇത് യക്ഷിയല്ലാട്ടാ 

ഒടുവിൽ പേരു പറയാതായപ്പോ സുകു അങ്ങിനെയാണ് പറഞ്ഞത് 

പിന്നെ നിന്റെ അപ്പനാണോടാ സുകൂ അങ്ങേരുടെ മേത്ത് ? 

ഇതെല്ലാം കണ്ട് കലിതുള്ളി നിക്കായിരുന്ന  ഒറോത ചേടത്തീടെ  ചോദ്യം കേട്ട് സുകു ഞെട്ടി അവറാൻ ചേട്ടൻ ഞെട്ടി , അവറാൻ ചേട്ടന്റെ ഉള്ളിലുള്ള  യക്ഷി ഞെട്ടി .

ഞാൻ പൂവ്വാ യക്ഷി ഇയാളുടെ ചോര കുടിച്ച് കൊല വിളിക്കുമ്പോഴാ കിഴവിക്ക് സമാധാനം  

ആദ്യം ഈ മറുതയേയാ ഓടിക്കേണ്ടേതെന്നാ സുകു ചേടത്തിയെ ചൂണ്ടിക്കാട്ടി പറഞ്ഞത് 

അതോടെ  ചേടത്തി സാക്ഷാൽ മറുതയായി .

നിന്നെ ഇന്ന് ശരിയാക്കിത്തരാടാ ഉടായിപ്പേ ന്നും അലറിക്കൊണ്ട് ചേട്ടത്തി സുകൂന്റെ നേർക്ക് ഒറ്റച്ചാട്ടാ. 

യക്ഷി വന്നു  

അവറാൻ ചേട്ടൻ അത് കണ്ട് വിക്കി .

എങ്ങിന്യാ പുറത്ത് എത്തിയതെന്ന് സുകൂന് മനസ്സിലായില്ല കൂട്ടത്തിൽ ഞാനും ചാടി 

എന്റെ സുകൂ പോട്ടെ  നമ്മുടെ അവറാൻ ചേട്ടനല്ലേ 

മെമ്പർ സുകേശൻ സുകുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുകു ഒരു പൊടിക്ക് അടങ്ങുന്നില്ല  

ആ ലൂസിഫറ് തള്ള അവിടെയുള്ളപ്പോ  ഒരു രക്ഷ്യീല്ലാട്ടോ 

അവസാനം ഒരു വിധത്തിലാ എല്ലാവരും ചേർന്ന്  രണ്ടുപേരേയും സമാധാനിപ്പിച്ചെടുത്തത്.

എന്റെ ചേടത്തി സുകുവൊന്ന്  നോക്കട്ടെ  ഇല്ലെങ്കി അവറാൻ ചേട്ടൻ വല്ല യക്ഷീടെ കടീം കൊണ്ട് ചാവും. 

എന്റെ സുകൂ നീ ഒന്ന് സമ്മതിക്ക്  അവറാൻ ചേട്ടനല്ലേ ?

ഞാൻ വരാം പക്ഷേ ഒരു കണ്ടീഷൻ ആ പിശാച് അവിടെയെങ്ങും ഉണ്ടാവരുത് 

അതിപ്പോ  ഞാനെങ്ങനെയാ പിശാചിനെ കാണാ ? അതിനെ ഒഴിപ്പിക്കാനല്ലേ നീ വന്നത് ? 

മെമ്പറുടെ  ആ വളിച്ച തമാശ സുകൂന് തീരെ ഇഷ്ട്ട്ടപ്പെട്ടില്ല .

നീയാ  തള്ളയോട് പോകാൻ പറ   എന്നാലാ ഞാൻ വന്ന് നോക്കൂ            

തള്ള നിന്റെ മറ്റവളാടാ മരമാക്രി  ഞാൻ അങ്ങോട്ട് വരണോ  ? 

ഒറോത ചേടത്തി  തുള്ളിക്കൊണ്ടാ ചോദിച്ചത് 

അത് കണ്ട് വെളിച്ചപ്പാട് കുമാരേട്ടൻ വരെ ഞെട്ടി തള്ള എന്നെക്കാളും നന്നായി തുള്ളുന്നുണ്ടല്ലോന്നായിരുന്നു കുമാരേട്ടൻ മനസ്സിൽ വിചാരിച്ചത്  

എന്റെ സുകൂ നീ ഒന്ന് മിണ്ടാതിരിക്ക്‌ .

അവസാനം സുകു അവറാൻ ചേട്ടന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു  തുടങ്ങി 

സാത്താനേ നീ ദൂരെ പോവുക  ഈ മനുഷ്യനെ വെറുതേ വിടുക  ഇല്ലെങ്കീ നിന്നെ ഞാൻ തളക്കും .

സുകൂന്റെ വർത്താനം കേട്ട് അവറാൻ ചേട്ടൻ ചിരിച്ചു 

എന്തൂട്ടാ  സുകൂ നീ ഈ പറയണേ ?ഇത് ഞാനല്ലേടാ അവറാൻ .

ഞാൻ അവറാൻ ചേട്ടനോടല്ല പറയുന്നത്,  യക്ഷിയോടാണ്  അതു പറഞ്ഞുകൊണ്ട്  സുകു കൈയ്യിലിരുന്ന കിണ്ടിയിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് അവറാൻ ചേട്ടന്റെ മേത്തേക്ക് ഒഴിച്ചു .

സിനിമയിലൊക്കെ കാണുന്ന  പോലെ  അവറാൻ ചേട്ടനിപ്പോ  ഞെരിപിരി കൊള്ളും അയ്യോ എന്നെ കൊല്ലല്ലേന്നലറിക്കൊണ്ട്  യക്ഷിയിപ്പോൾ   പുറത്തേക്ക് വരും എന്നൊക്കെ ഞങ്ങളും  സുകുവും പ്രതീക്ഷിച്ചു .

പക്ഷേ ,യക്ഷി പോയിട്ട് ഒരു ഈച്ച പോലും അവറാൻ ചേട്ടന്റെ ഉള്ളീന്ന് പുറത്തേക്ക് വരുന്ന  ലക്ഷണമില്ല.

ഒരു കിണ്ടി വെള്ളം കഴിഞ്ഞു  അവറാൻ ചേട്ടൻ വടി പോലെ അങ്ങനെത്തന്നെ നിൽപ്പുണ്ട്  സംഗതി ക്ലൈമാക്സ് ആവാറായിട്ടും യക്ഷി വരുന്നില്ല  എന്തിന് പേര് പോലും പറയുന്നില്ല സുകുവിനാണെങ്കിൽ  തോൽക്കാൻ  മടി  തോറ്റാ ആകെ നാണക്കേടാവും.

യക്ഷി പോയിട്ട് ഒരു താവളയെങ്കിലും അവിടെ ചാടിയാ മതിയായിരുന്നുവെന്നാ സുകു പ്രാർഥിച്ചത് അതിനെ കുപ്പീലാക്കി യക്ഷിയാണെന്നും പറഞ്ഞ് രക്ഷപ്പെടാമായിരുന്നു 

അവസാനം സുകു ഞങ്ങളെ  നോക്കി പറഞ്ഞൂ 

ഇത് ഭയങ്കര സാധനമാട്ടാ പ്രാർത്ഥനകൊണ്ടൊന്നും ഒഴിഞ്ഞ് പോകത്തില്ല  ഞാൻ പോയിട്ട്  ഒരു സാധനമെടുത്തോണ്ട് ടപ്പേ ന്നിങ്ങോട്ട് വരാം 

എന്ത് സാധാനമാന്ന്  ചോദിച്ചിട്ട് സുകു  അതിന്റെ പേര് പറയുന്നില്ല അങ്ങിനെ ഒരു സാധനം ഉണ്ടെങ്കിലല്ലേ  അവിടന്ന്  എങ്ങിനെയെങ്കിലും  രക്ഷപ്പെട്ടാ മതീന്നായിരുന്നു സുകുവിന്  .

എന്താടാ യക്ഷിയെ കിട്ടിയോ?

ഉണ്ട്  കിളവി എന്റെ പോക്കറ്റിലുണ്ട് എന്താ വേണോ ?

വേണ്ട നീ കൊണ്ട് പോയി പൊരിച്ചു തിന്നോ  കുറച്ച് അങ്ങെരുടെ അണ്ണാക്കിലോട്ടും തള്ളിക്കൊട് . 

തന്നെ കൊണ്ട് പോയി പൊരിച്ച് തിന്നോന്ന് ഓർത്തതോടെ  യക്ഷിയും ഒന്ന് ഞെട്ടി .

ഈ വടയക്ഷി ഇവിടെയുള്ളപ്പോ വേറെയേത്  യക്ഷിയാടാ ഇങ്ങോട്ട് കയറാ?    സുകുവത് വളരെ പതുക്കെയാ  എന്നോട് പറഞ്ഞത് .

അവറാൻ ചേട്ടന്റെ സ്ഥിതി പിന്നേയും മോശമായി എപ്പൊ നോക്കിയാലും യക്ഷി,  യക്ഷിന്ന് പുലമ്പിക്കൊണ്ട് നടപ്പായി  

ഒരു ദിവസം രാത്രി പന്ത്രണ്ടു മണിക്ക് ദേ യക്ഷീന്നും അലറിക്കൊണ്ട്‌ ചേടത്തീയെ  ഒറ്റച്ചവിട്ട്  ഭാഗ്യം കൊണ്ടാ ചേടത്തി  രക്ഷപ്പെട്ടത് അല്ലെങ്കി അവിടെ മറ്റൊരു യക്ഷി കൂടി ആയേനേ .

ആരോ പറഞ്ഞ്  വടക്കു നിന്നെങ്ങാണ്ട് ഒരു മന്ത്രവാദീനെ കൊണ്ടു വന്നു അയാള് ഒരു മുട്ടയില് എന്തൊക്കെയോ  ജപിച്ചോണ്ട്  വീടിന്റെ ഉമ്മറത്ത് കുഴിച്ചിട്ടു പിറ്റേ ദിവസം അവറാൻ ചേട്ടനതെടുത്ത് ഓംബ്ലെറ്റ് ഉണ്ടാക്കി തിന്നു .

എവിടെയോ  ബാധ ഒഴിപ്പിക്കുന്ന  സ്ഥലം ഉണ്ടെന്ന്  പറഞ്ഞൂ കേട്ടിട്ടാ അവറാൻ ചേട്ടനെ അങ്ങോട്ട് കൊണ്ട് പോയത്  

അവര് യക്ഷീയെ പ്പിടിച്ച് ആവാഹിച്ച് മരത്തില് ആണിയടിച്ച് തളക്കൂത്രേ . 

ചേടത്തി ഞങ്ങളുടെ കൂടെ വരാൻ കുറേ നോക്കിയെങ്കിലും ഞങ്ങള് സമ്മതിച്ചില്ല  ഒരു യക്ഷിയെ തളക്കാൻ പോകുന്നതിന്റെ ഇടയില് മറ്റൊരു   യക്ഷി കൂടി വേണോ ?

പക്ഷെ ചേടത്തിക്കും ആ യക്ഷിയെ കാണാമെന്നും പറഞ്ഞ് ഞങ്ങളുടെ കൂടെ വന്നു 

യക്ഷിയെ ഒഴിപ്പിക്കാനാണെന്നും  പറഞ്ഞ് നല്ല പെടക്കുന്ന ചൂരലോണ്ട് അവറാൻ ചേട്ടന്റെ ചന്തിക്കിട്ട് നാല് പെട  അത് കിട്ടിയ ഉടനെ അവറാൻ ചേട്ടൻ പറഞ്ഞൂ യക്ഷി പോയെന്ന് .

സംഗതി ഇനീം അടി കിട്ടാതിരിക്കാൻ  അവറാൻ ചേട്ടൻ പറഞ്ഞതായിരുന്നു .

ഇത് അവറാൻ ചേട്ടൻ പറയുന്ന പോലെ സരസ്വതി തന്നെയായിരിക്കും അവർക്ക് അവറാൻ ചേട്ടനെ വിട്ട് പോവാൻ മനസ്സില്ലാതെ മേത്തു  കൂടിയതായിരിക്കും 

ഇത് കേട്ടോടനേ  ചേടത്തി നെഞ്ചത്ത് രണ്ടിടിയാ   

എന്റെ കർത്താവേ,  വയസ്സു  കാലത്ത് ഈ മനുഷ്യനിതെന്തൊന്നിന്റെ   സൂക്കേടാ ? 

ഇങ്ങേര് ജയനല്ലേ കണ്ട യക്ഷികൾക്കൊക്കെ മോഹം തോന്നാൻ ? അവളെ ഞാൻ തന്നെ ഓടിക്കൂന്നും പറഞ്ഞ് അവറാൻ ചേട്ടന്റെ നെഞ്ചിനിട്ട് അന്നമ്മചേടത്തി രണ്ട് ഊക്കൻ ഇടി ഞങ്ങൾക്ക് പിടിക്കാൻ  പോലും സമയം കിട്ടിയില്ല.

ആ ഇടിയിൽ യക്ഷിയല്ല,   അവറാൻ ചേട്ടൻ തന്നെ പരലോകത്ത് എത്തണ്ടതായിരുന്നു 

എന്നെ കൊന്നേന്നുള്ള  ഒരു കുറുകല് മാത്രം ഞങ്ങള് കേട്ടു  .

അവസാനം ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ പറഞ്ഞിട്ടാ ഒരു   സൈക്ക്യാട്രിസ്റ്റിനെ കൊണ്ട് പോയി കാണിച്ചത് 

ഞങ്ങൾ ബാധ ഒഴിപ്പിക്കാൻ നോക്കിയതൊക്കെ ഡോക്ടറോട് വിശദമായി പറഞ്ഞു   

എന്നാ പിന്നെ നിങ്ങൾക്ക് ഇയാളെ കൊന്ന് കെട്ടിത്തൂക്കായിരുന്നില്ലേ  അതോടെ പിന്നേ എല്ലാം തീർന്നേനേലോ എന്നാ ഡോക്ടറ് പറഞ്ഞത് 

ഞങ്ങളത് ആലോചിച്ചതാ  

സുകു ആ മണ്ടത്തരം മുഴുവനാക്കുന്നതിനു മുമ്പേ  ഞാൻ വായ പൊത്തി .

രണ്ടാഴ്ച്ചത്തെ ചികിത്സകൊണ്ട് ,അവറാൻ ചേട്ടൻ ഉഷാറായി  യക്ഷി അവറാൻ ചേട്ടന്റെ മേത്തൂന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയി യക്ഷിയില്ലാത്ത അവറാൻ ചേട്ടൻ വീണ്ടും തിരിച്ചു വന്നു , നല്ല തക്കിടമുണ്ടൻ അവറാൻ ചേട്ടൻ .

സരസ്വതി താൻ കാരണമാണ് തൂങ്ങി ചത്തതെന്നുള്ള ഒരു ഇലൂഷ്യൻ അവറാൻ ചേട്ടന്റെ ഉപബോധമനസ്സിൽ കിടന്ന് വീർപ്പു മുട്ടിയിരുന്നു അതിന്റെ പ്രതിഫലനമാണ് ഇതെന്നാ ഡോക്ടറ് പറഞ്ഞത് 

ഞാനും ഇത് തന്ന്യാ പറഞ്ഞെന്നാ സുകു എല്ലാവരോടും വിളമ്പി നടന്നത്  

അവറാൻ ചേട്ടൻ ജയനാന്ന്  ചേടത്തി വെറുതെ പറഞ്ഞതല്ല  സത്യത്തിൽ അവറാൻ ചേട്ടൻ ആളൊരു ജയൻ തന്നെ ആയിരുന്നു  അത് പിന്നെ  പറയാം  .


           
               

0 അഭിപ്രായങ്ങള്‍